കെ വി തിക്കുറിശ്ശി

K V Thikkurissi
എഴുതിയ ഗാനങ്ങൾ: 1

പ്രശസ്തസാഹിത്യകാരനും അധ്യാപകനുമായിരുന്ന കെ.വി. തിക്കുറിശ്ശി

മാർത്താണ്ഡം തിക്കുറിശ്ശി പട്ടത്തോട്ടത്തും വീട്ടിൽ ജനിച്ച വി.വി. കൃഷ്ണവർമൻനായർ എന്ന കെ.വി. തിക്കുറിശ്ശി കന്യാകുമാരി ജില്ലാ വിഭജനത്തിന്റെ കാലത്താണ് തിരുവനന്തപുരം തന്റെ കർമമേഖലയായി തിരഞ്ഞെടുത്തത്. തിരുവനന്തപുരത്തായിരുന്നു അദ്ദേഹത്തിന്റെ സാഹിത്യജീവിതം ആരംഭിച്ചത്.. 1957ൽ കാട്ടാക്കട ഹൈസ്കൂളിൽ അധ്യാപകനായിരുന്ന അദ്ദേഹം പിന്നീട് സാൽവേഷൻ ആർമി സ്കൂളിലും ജോലിചെയ്തു. 1988-ൽ വിരമിച്ചു. ഭക്രാനംഗൽ എന്ന ഖണ്ഡകാവ്യത്തിന് കേന്ദ്രസാഹിത്യ അക്കാദമി അവാർഡ് ലഭിച്ചിട്ടുണ്ട്. കവിതാസമാഹാരം, ബാലസാഹിത്യം, ജീവചരിത്രം, യാത്രാവിവരണം എന്നിവയിൽ നിരവധി കനമുള്ള ഗ്രന്ഥങ്ങളുടെ രചയിതാവാണ് കെ.വി തിക്കുറിശ്ശി.ആർ.നാരായണപ്പണിക്കരുടെ ജീവചരിത്രം, ചട്ടമ്പിസ്വാമികളുടെ ജീവചരിത്രം കുട്ടികൾക്കുവേണ്ടി വിക്രമാദിത്യകഥകൾ തുടങ്ങി ധാരാളം പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്. ശ്രീമഹാഭാഗവതത്തിന്റെ പദാനുപദ ഗദ്യവിവർത്തനമാണ് ഒടുവിൽ പ്രസിദ്ധീകരിച്ച ഗ്രന്ഥം.കേരള സാഹിത്യഅക്കാദമി, കലാമണ്ഡലം, കേരള സംഗീതഅക്കാദമി എന്നിവയിൽ അംഗമായിരുന്നു. അഞ്ച് കൊല്ലം മുൻപ് ദേവീഭാഗവതത്തിന്റെ ഗദ്യവിവർത്തനം അദ്ദേഹം പൂർത്തിയാക്കി. തുടർന്നാണ് മഹാഭാഗവതത്തിന്റെ പദാനുപദ വിവർത്തനം നടത്തിയത്.
ഇക്കണോമിക്സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ് വകുപ്പിലെ റിട്ട. ഡെപ്യൂട്ടി ഡയറക്ടർ ശ്യാമളാദേവിയാണ് ഭാര്യ. ഡൽഹിയിൽ അധ്യാപികയായ ഹരിപ്രിയ, കാനഡയിൽ ബാങ്ക് ഉദ്യോഗസ്ഥനായ ശ്യാമകൃഷ്ണൻ എന്നിവർ മക്കളാണ്.