കാവാലം നാരായണപ്പണിക്കർ

Kavalam Narayana Panicker
എഴുതിയ ഗാനങ്ങൾ: 223
സംഗീതം നല്കിയ ഗാനങ്ങൾ: 11
ആലപിച്ച ഗാനങ്ങൾ: 5
കഥ: 4
തിരക്കഥ: 3

നാടകരംഗത്ത് സ്വന്തം പാത വെട്ടിത്തെളിച്ച ആചാര്യന്‍, മികവുറ്റ കവി, എണ്ണത്തില്‍ കുറച്ചെ എഴുതിയുട്ടുള്ളൂ എങ്കിലും മറ്റാര്‍ക്കും സാധിക്കാത്ത രൂപ കല്പ്പനകൊണ്ടും ബിംബവിതാനം കൊണ്ടും വേറിട്ട്‌ നിന്ന ചലച്ചിത്ര ഗാനങ്ങള്‍ രചിച്ച ഗാനരചയിതാവ് - അങ്ങനെ കൈവെച്ച കലാമേഖലകളില്‍ എല്ലാം തന്‍റെ മുദ്ര പതിപ്പിച്ച കലാകാരന്‍ ആണ് കാവാലം നാരായണ പണിക്കര്‍.

1928 മെയ് 1ന് ആലപ്പുഴ ജില്ലയില്‍ കുട്ടനാട് കാവാലം ഗ്രാമത്തില്‍ പ്രസിദ്ധമായ ചാലയില്‍ കുടുംബത്തില്‍ ആണ് നാരായണന്‍കുഞ്ഞ് എന്ന കാവാലം ജനിച്ചത്‌. അച്ഛന്‍ ഗോദവര്‍മ്മ. അമ്മ കുഞ്ഞുലക്ഷ്മി അമ്മ. ഇന്ത്യയിലെ അറിയപ്പെടുന്ന നയതന്ത്രജ്ഞനും ചരിത്രകാരനും സാഹിത്യകാരനുമോക്കെയായ സര്‍ദാര്‍ കെ എം പണിക്കര്‍ അമ്മാവനും കവി അയ്യപ്പപണിക്കര്‍ ബന്ധുവും ആണ്. കവിതയെഴുത്തിനോട് ആയിരുന്നു താല്പര്യം എങ്കിലും കുടുംബത്തിലെ സമ്മര്‍ദത്തെ തുടര്‍ന്ന് സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദവും ശേഷം നിയമപഠനവും ആണ് ചെയ്തത്. ആലപ്പുഴയില്‍ 6 വര്‍ഷത്തോളം അഭിഭാഷകവൃത്തിയില്‍ സേവനം അനുഷ്ഠിക്കുകയും കൂടെ ഏതാനും ബിസിനസ്സുകളിലേക്ക് ഇറങ്ങുകയും ചെയ്തിരുന്നു. ബിസിനസ്സുകള്‍ എല്ലാം പച്ചപിടിക്കാതെ വരികയും തന്‍റെ മേഖല കല തന്നെയാണ് എന്ന് തിരിച്ചറിയുകയും ചെയ്തശേഷം 1950കളുടെ ഒടുവില്‍ ആദ്യ നാടകം 'പഞ്ചായത്ത് ' എഴുതി അവതരിപ്പിച്ചു. 1961ല്‍ കേരള സംഗീത നാടക അക്കാദമിയുടെ സെക്രട്ടറി ആയി നിയമിതന്‍ ആയതോടെ അഭിഭാഷക ജോലി വിട്ട് തൃശൂരിലേക്ക് താമസം മാറ്റി. അക്കാദമി സെക്രട്ടറി എന്ന നിലയില്‍ വിവിധ പരമ്പരാഗത നാടന്‍ കലകളും ക്ഷേത്ര കലകളും കലാകാരന്മാരും ആയിട്ടുള്ള ഇടപഴകല്‍ കാവാലത്തെ വല്ലാതെ സ്വാധീനിച്ചു. കേരളീയ കലകളുടെ സവിശേഷവും സമ്പന്നവുമായ താളങ്ങള്‍ ആണ് കാവാലത്തെ ഏറെ ആകര്‍ഷിച്ചത്.

10 വര്‍ഷത്തെ അക്കാദമി സേവനത്തിന് ശേഷം അദ്ദേഹം തിരുവനന്തപുരത്തെയ്ക്ക് താമസം മാറ്റുകയും നാടകങ്ങളില്‍ പുതു പരീക്ഷണങ്ങളില്‍ മുഴുകുകയും ചെയ്തു. മലയാളത്തിലെ ആധുനിക നാടകവേദിയെ നവീകരിച്ച നാടകാചാര്യനാണ് കാവാലം നാരായണപ്പണിക്കര്‍. മലയാളത്തിലെ തനതുനാടകവേദിയുടെ ആചാര്യന്‍. ഉയര്‍ന്ന വേദിയോ തിരശീലയോ പിന്‍ ദൃശ്യങ്ങളോ ഉണ്ടായിരുന്നില്ല തനത് നാടകങ്ങള്‍ക്ക്. കാക്കാരിശ്ശിനാടകം പോലെയുള്ള നാടോടി നാടകരൂപങ്ങളുടേയും, കൂടിയാട്ടം, കഥകളി തുടങ്ങിയ രംഗകലകളുടേയും തിറ, തെയ്യം തുടങ്ങിയ അനുഷ്ഠാന കലാരൂപങ്ങളുടേയും സ്വാധീനത്തില്‍ സവിശേഷമായ ഒരു അഭിനയരീതിയും താളാത്മകമായ സംഭാഷണവും ഒക്കെയായിരുന്നു തനതുനാടകവേദിയുടെ പ്രത്യേകത. നാടോടി കഥകളും, കവിതകളും,കാളിദാസന്റെയും ഭാസന്റെയും സംസ്കൃതസൃഷ്ടികളും ഒക്കെ കാവാലം നാടകത്തിലേക്ക് ആവാഹിച്ചപ്പോള്‍ അത് മലയാളത്തിന് പുതിയൊരു അനുഭവമായി മാറി. സ്വന്തം സമിതിയായ 'തിരുവരങ്ങി'ന് പുറമേ കേരള കലാമണ്ഡലം, കാളിദാസ അക്കാദമി, നൃത്തലയ ഈസ്‌തെറ്റിക്‌ സൊസൈറ്റി, നാഷണൽ സ്‌കൂൾ ഒഫ്‌ ഡ്രാമ എന്നിങ്ങനെ മറ്റു സ്ഥാപനങ്ങൾക്കു വേണ്ടയുമായി 30ന് അടുത്ത് നാടകങ്ങള്‍ അദ്ദേഹം രചിച്ചിട്ടുണ്ട്. ഗ്രീക്ക് നാടകവേദിയുമായി ചേർന്നു് രാമായണവും ഗ്രീക്ക് ക്ലാസ്സിക്ക് ആയ ഇലിയാഡും തമ്മിൽ സംയോജിപ്പിച്ചു് അവതരിപ്പിച്ച ‘ഇലിയാണ’ വഴി രാജ്യാന്തര വേദികളിലും കാവാലം സാന്നിധ്യം അറിയിച്ചു. മലയാള സിനിമയില്‍ വലിയ പേരുകള്‍ ആയി മാറിയ ഭരത് ഗോപി, നെടുമുടി വേണു, സംവിധായകന്‍ ഫാസില്‍ തുടങ്ങിയവരുടെ പ്രതിഭ കാവാലത്തിന്റെ നാടകകളരിയില്‍ മൂര്‍ച്ച പ്രാപിച്ചവയാണ്‌.

കേരളത്തിന്റെ സ്വന്തം സംഗീതരൂപമായ സോപാന സംഗീതത്തിന്‍റെ അകമ്പടിയില്‍ ഡോ: കനക് റെലെ, ഭാരതി ശിവജി തുടങ്ങിയ മോഹിനിയാട്ടനർത്തകരുടെ പിന്തുണയോടെ മോഹിനിയാട്ടം അവതരിപ്പിക്കാന്‍ ശ്രമിച്ചത് മറ്റൊരു പരീക്ഷണം ആയിരുന്നു.

എഴുപതുകളുടെ ആദ്യം ആകാശവാണിയ്ക്ക് വേണ്ടി ലളിതഗാനങ്ങള്‍ ധാരാളം എഴുതിയിരുന്നു കാവാലം. പ്രത്യേകിച്ചും സംഗീത സംവിധായകന്‍ എം ജി രാധാകൃഷ്ണനുമായി ചേര്‍ന്ന് സൃഷ്ടിച്ച ഒരുപിടി ലളിതഗാനങ്ങള്‍ ചലച്ചിത്രഗാനങ്ങളോളം പ്രസിദ്ധമാവുകയും കലോത്സവ വേദികളില്‍ ഏറെ മുഴങ്ങികേള്‍ക്കുകയും ചെയ്തിരുന്നു.

വിവിധ കലാ - സംഗീത - നാടക വൈവിധ്യങ്ങളുമായി ഇടപഴകിയുള്ള തഴക്കവുമായാണ് കാവാലം 50 ആം വയസ്സില്‍ ചലച്ചിത്രഗാനരചനാ രംഗത്ത് പ്രവേശിക്കുന്നത്. 1978ല്‍ ഭരതന്‍ സംവിധാനം ചെയ്ത രതിനിര്‍വേദം ആണ് കാവാലം ഗാനങ്ങളുമായി ആദ്യം പുറത്ത് വന്ന ചിത്രം. അതേ വര്ഷം തന്നെ ജി അരവിന്ദന്‍റെ തമ്പ്, ഐ വി ശശിയുടെ വാടകയ്ക്കൊരു ഹൃദയം, ഭരതന്‍റെ തന്നെ ആരവം എന്നിവയിലെ ഗാനങ്ങള്‍ അവയിലെ നാടോടി പദങ്ങള്‍ കൊണ്ടും പ്രത്യേക താളഘടനകള്‍ കൊണ്ടും നവ്യാനുഭൂതിയാണ് ആസ്വാദകര്‍ക്ക് നല്‍കിയത്.  വാടകയ്ക്കൊരു ഹൃദയത്തിന് സംസ്ഥാന അവാര്‍ഡും ലഭിച്ചു. ജി ദേവരാജന്‍, എം ജി രാധാകൃഷ്ണന്‍, ശ്യാം, എം ബി ശ്രീനിവാസന്‍, രവീന്ദ്രന്‍, ജോണ്‍സണ്‍, ഇളയരാജ, രമേശ്‌ നാരായണന്‍ തുടങ്ങിയ പ്രഗല്‍ഭരായ സംഗീത സംവിധായകരുമായി ഒന്നിച്ച് മികവുറ്റ ഗാനങ്ങള്‍ സമ്മാനിച്ചിട്ടുണ്ട് കാവാലം. സ്വന്തം ഈണത്തില്‍ ' ആലായാല്‍ തറ വേണം..' പോലത്തെ ഗാനങ്ങളും കാവാലം സൃഷ്ടിച്ചിട്ടുണ്ട്. ഒറ്റ കേള്‍വിയില്‍ തന്നെ ഇത് കാവാലത്തിന്റെ രചനയാണ് എന്ന് ആസ്വാദകര്‍ക്ക് മനസിലാകുന്ന തരത്തില്‍ രചനയില്‍ തന്റെ മുദ്ര പതിപ്പിച്ചിരുന്നു കാവാലം. 1982ല്‍ മര്‍മ്മരത്തിലെ ഗാനങ്ങള്‍ക്ക് വീണ്ടും സംസ്ഥാന പുരസ്കാരം ലഭിച്ചു. തരംഗിണി അടക്കമുള്ള കമ്പനികള്‍ക്ക് വേണ്ടി ഒരുക്കിയ ലളിത - ഭക്തിഗാനങ്ങളും ധാരാളം എഴുതിയിട്ടുണ്ട് കാവാലം. കുറച്ചു ഗാനങ്ങള്‍ പാടിയിട്ടും ഉണ്ട്.

അരവിന്ദന്‍റെ മാറാട്ടം എന്ന ചിത്രത്തിന്‍റെ കഥ കാവാലത്തിന്‍റെ സംഭാവന ആണ്. കൂടിയാട്ട കലാകാരന്‍ ഗുരു മാണി മാധവ ചാക്യാരുടെ ജീവിതകഥ ചലച്ചിത്രം ആയി കേന്ദ്ര സംഗീത നാടക അക്കാദമി നിര്‍മ്മിച്ച Mani Madhava Chakyar: The Master at Work, കൂടിയാട്ടത്തിന്‍റെ ചലച്ചിത്ര രൂപം ' പാര്‍വതി വിരഹം ' എന്നിവ സംവിധാനം ചെയ്തതും കാവാലം ആയിരുന്നു.

മുന്‍നിര താരങ്ങള്‍ ആയ മോഹന്‍ലാലിനെ കർണഭാരം എന്ന നാടകത്തിലൂടെയും മഞ്ജു വാര്യരെ ശാകുന്തളം എന്ന നാടകത്തിലൂടെയും നാടകവേദിയില്‍ എത്തിയ്ക്കാനും കാവാലത്തിന് കഴിഞ്ഞിരുന്നു.

തിരുവനന്തപുരത്ത്  'ഭാസഭാരതി സെന്‍റര്‍ ഫോര്‍ പെര്‍ഫോമിംഗ് ആര്‍ട്ട് റിസര്‍ച്ച് ആന്‍റ് ട്രെയിനിംഗ്', അതിന്‍റെ നാടകവിഭാഗമായ 'സോപാനം' എന്നിവ കാവാലം സ്ഥാപിച്ചിരുന്നു.

പത്മഭൂഷന്‍, കേന്ദ്ര സംഗീത നാടക അക്കാദമി പുരസ്ക്കാരം, കേന്ദ്ര സംഗീത നാടക അക്കാദമി ഫെലോഷിപ്പ്, കേരള സാഹിത്യ അക്കാദമി പുരസ്കാരം, ഗാനരചനയ്ക്ക് കേരള സംസ്ഥാന പുരസ്കാരം, മധ്യപ്രദേശ് സംസ്ഥാന സര്‍ക്കാരിന്‍റെ കാളിദാസ് സമ്മാന്‍ എന്നിവയാണ് കാവാലത്തിന് ലഭിച്ച ചില പുരസ്കാരങ്ങള്‍.

ഭാര്യയുടെ പേര് ശാരദാമണി. രണ്ട് ആണ്മക്കള്‍. മൂത്ത മകന്‍ പരേദനായ കാവാലം ഹരികൃഷ്ണന്‍ ആയിരുന്നു അച്ഛന്റെ നാടകപാരമ്പര്യത്തിന്റെ വഴിയെ സഞ്ചരിച്ചത്. ഭാസഭാരതിയുടെ മുഖ്യ ചുമതലക്കാരനും ഹരികൃഷ്ണന്‍ ആയിരുന്നു. രണ്ടാമത്തെ മകന്‍ കാവാലം ശ്രീകുമാര്‍ ആവട്ടെ സംഗീതവഴിയില്‍ ആണ് പ്രസിദ്ധനായി തീര്‍ന്നത്.

2016 ജൂൺ 26ന് രാത്രി 10 മണിയോടെ തിരുവനന്തപുരം തൃക്കണ്ണാപുരത്തെ വീട്ടിൽ വെച്ച് കാവാലം അന്തരിച്ചു.