കാവാലം ശ്രീകുമാർ

Kavalam Srikumar
കാവാലം ശ്രീകുമാർ
സംഗീതം നല്കിയ ഗാനങ്ങൾ: 1
ആലപിച്ച ഗാനങ്ങൾ: 36

കാവാലം ശ്രീകുമാർ, പ്രശസ്ത നാടക സംവിധായകനും ഗാനരചയിതാവുമായ കാവാലം നാരായണ പണിക്കരുടേയും ജെ ശാരധാമണിയുടേയും മകനായി ആലപ്പുഴയിൽ ജനനം. അഞ്ചാം വയസ്സിൽ തന്നെ ശാസ്ത്രീയ സംഗീതം അഭ്യസിക്കുവാൻ ആരംഭിച്ച അദ്ദേഹം അമ്പലപ്പുഴ ശിവശങ്കര പണിക്കർ, ട്രിച്ചൂർ വൈദ്യനാഥൻ, മാവേലിക്കര പ്രഭാകര വർമ്മ, അമ്പലപ്പുഴ തുളസി തുടങ്ങിയ ഗുരുനാഥന്മാർക്ക് കീഴിൽ സംഗീതം അഭ്യസിച്ചു. പിന്നീട് ആകാശവാണിയിൽ പ്രശസ്തനായ വയലിനിസ്റ്റ് ശ്രീ.ബി ശശികുമാറിന്റെ കീഴിൽ സംഗീതം അഭ്യസിച്ചിട്ടുണ്ട്. 

കൊമേഴ്സ് ഐച്ഛിക വിഷയമായി പഠിച്ച അദ്ദേഹം, തിരുവനന്തപുരം എം ജി കോളേജിൽ നിന്നും എം കോം കരസ്ഥമാക്കി. അതിനിടയിൽ  യൂണിവേഴ്സിറ്റി കലോത്സവ വേദികളിലെ തിളങ്ങുന്ന താരമായി മാറിയിരുന്നു അദ്ദേഹം. അഞ്ചു തവണ ശാസ്ത്രീയ സംഗീത വിഭാഗത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയിട്ടുണ്ട്. കേരളത്തിന് അകത്തും പുറത്തുമായി ഒട്ടേറെ വേദികളിൽ അദ്ദേഹം സംഗീതസന്ധ്യകൾ നടത്തിയിട്ടുണ്ട്. യൂറോപ്പിലും അമേരിക്കയിലും ഗൾഫ് രാജ്യങ്ങളിലും വിവിധ ഏഷ്യൻ രാജ്യങ്ങളിലും സംഗീത പരിപാടികൾ നടത്തിയിട്ടുള്ള അദ്ദേഹം, സൂര്യ ഫെസ്റ്റിവലിന്റേയും ഭാഗമായിരുന്നു. 

ശബ്ദത്തിനും, ഭാവത്തിനും, വരികൾക്കും പ്രാധാന്യം നൽകുന്ന വ്യത്യസ്തമായ ആലാപന ശൈലിക്കുടമയാണ് അദ്ദേഹം. നിരവധി കീർത്തങ്ങൾക്കും ലളിത ഗാനങ്ങൾക്കുമൊപ്പം രാമായാണം, ഭാഗവതം, ലളിതാ സഹസ്രനാമം, വിഷ്ണു സഹസ്രനാമം തുടങ്ങി നിരവധി സ്തോത്രങ്ങളും അദ്ദേഹത്തിന്റെ ആലാപനത്തിൽ പുറത്തിറങ്ങിയിട്ടുണ്ട്. നിരവധി സിനിമാ ഗാനങ്ങളും അദ്ദേഹം പാടിയിട്ടുണ്ട്. നമുക്കിന്ന് അന്യം നിന്ന് പോകുന്ന നാടൻപാട്ടുകളുടെ വക്താവായും അദ്ദേഹത്തെ വിവിധ വേദികളിൽ നമുക്ക് കാണാം. 

ആകാശവാണിയിലെ സജീവ സാന്നിധ്യമായിരുന്ന ശ്രീകുമാർ, 1985 മുതൽ ആകാശവാണിയിൽ പ്രവർത്തനം അനുഷ്ഠിച്ചിരുന്നു. 2007ൽ വോളണ്ടറി റിട്ടയർമെന്റ് നേടിയാണ്‌ ആകാശവാണിയിലെ ഔദ്യോഗിക ജീവിതത്തോടു അദ്ദേഹം വിട പറഞ്ഞത്. മലയാളത്തിലെ പല പ്രമുഖ ചാനലുകളിലേയും സംഗീത സംബന്ധമായ റിയാലിറ്റി ഷോകളിൽ വിധികർത്താവായും വിവിധ സംഗീത പരിപാടികൾ അവതരിപ്പിച്ചും മിനി സ്ക്രീനിൽ ഇന്നും സജീവമാണ് കാവാലം ശ്രീകുമാർ.

ഭാര്യ ശ്രീമതി ലക്ഷ്മി, മക്കൾ കൃഷ്ണ നാരായണൻ, ഗൌരി ശ്രീകുമാർ

പുരസ്‌കാരങ്ങൾ

  • രാമായണ പാരായണത്തിനു നൽകിയ സംഭാവനകൾക്ക് ഭാഗവതഹംസം മള്ളിയൂർ തിരുമേനി 'രാമകഥാശുകൻ' എന്നാ പേര് നൽകി ആദരിച്ചു.
  • മികച്ച ശാസ്ത്രീയ സംഗീതജ്ഞനുള്ള കേരള സംഗീത നാടക അക്കാദമി അവാർഡ് 2012
  • ചെട്ടിക്കുളങ്ങര ക്ഷേത്രത്തിൽ നിന്നും ഗാനപൂർണ്ണശ്രീ പുരസ്കാരം 2011
  • ആകാശവാണിയുടെ മികച്ച മ്യൂസിക്കൽ ഫീച്ചറിനുള്ള പുരസ്‌കാരം - 1989 ലും 1990ലും കരസ്ഥമാക്കി.