എം എസ് വിശ്വനാഥൻ

M S Viswanathan
Date of Birth: 
Saturday, 23 June, 1928
സംഗീതം നല്കിയ ഗാനങ്ങൾ: 314
ആലപിച്ച ഗാനങ്ങൾ: 17

ദക്ഷിണേന്ത്യൻ ചലച്ചിത്രഗാന ശാഖയിൽ മുൻ നിരയിലാണ് പാലക്കാട്ടെ എലപ്പുള്ളി മനയങ്കത്ത് സുബ്രഹ്മണ്യം വിശ്വനാഥന്‍ എന്ന എം എസ് വിശ്വനാഥന്റെ സ്ഥാനം. 1928 ജൂൺ 24-നു സുബ്രമണ്യൻ-നാരായണിക്കുട്ടി (നാണിക്കുട്ടി) ദമ്പതികളുടെ മകനായി വിശ്വനാഥൻ എന്ന വിശു ജനിച്ചു. നാലുവയസ്സുള്ളപ്പോൾ അച്ചന്റെ മരണത്തോടെ വിശ്വനാഥന്റെ കഷ്ടപ്പാടുകളുടെ തുടക്കമായി. ദാരിദ്ര്യം താങ്ങാനാവാതെ മകനേയും മകളേയും കൊണ്ട് നിരാലംബയായ അമ്മ ആത്മഹത്യയ്ക്കു മുതിർന്നുവെങ്കിലും സംഗീതലോകത്തിന്റെ ഭാഗ്യമെന്നോണം അവസാന നിമിഷത്തിൽ മുത്തച്ഛൻ രക്ഷകനായി മാറി. കണ്ണൂർ സെൻട്രൽ ജയിൽ വാർഡനായിരുന്ന മുത്തച്ഛനോടൊപ്പം വിശ്വനാഥൻ പിന്നീടു വളർന്നത് കണ്ണൂരിലാണ്. ബാലനായ വിശു പാട്ടുകൾ കേൾക്കാനുള്ള ആവേശം മൂത്ത് സിനിമാ തിയെറ്ററിൽ ഭക്ഷണസാമഗ്രികൾ വിൽക്കുന്ന ജോലി മറ്റു പ്രതിഫലങ്ങളൊന്നുമില്ലാതെ തന്നെ ചെയ്തിരുന്നു. കണ്ണൂർ പള്ളിക്കുന്നിലുള്ള തന്റെ വീട്ടിൽ നിന്നും സ്കൂളിലേയ്ക്കു പുറപ്പെട്ട വിശ്വനാഥൻ പലപ്പോഴും ക്ലാസ്സിൽ കയറാതെ നീലകണ്ഠശർമ എന്ന ഭാഗവതരുടെ വീടിനു പുറത്ത് അദ്ദേഹം തന്റെ വിദ്യാർത്ഥികളെ സംഗീതം അഭ്യസിപ്പിക്കുന്നതും ശ്രദ്ധിച്ച് മണിക്കൂറുകളോളം നിന്നിരുന്നു. ഇതു ശ്രദ്ധിച്ച ഭാഗവതർ ആ കുട്ടിയെ തന്റെ ശിഷ്യനാക്കി. ഒരു വിദ്യാരംഭ ദിവസം ഹാർമോണിയം വായിച്ച് പാടുന്ന വിശ്വനാഥനെ കണ്ട് അദ്ദേഹത്തിന്റെ പ്രതിഭ  തിരിച്ചറിഞ്ഞ ഭാഗവതർ കണ്ണൂർ ടൗൺ ഹാളിൽ വിശുവിന്റെ ഒരു കച്ചേരി തന്നെ നടത്തുകയും ചെയ്തു. തന്റെ പതിമൂന്നാം വയസ്സിൽ തിരുവനന്തപുരത്ത് വിശ്വനാഥൻ തന്റെ ആദ്യത്തെ പൊതുപരിപാടി അവതരിപ്പിച്ചു. 

സംഗീതത്തിൽ വളരെ ചെറുപ്പത്തില്‍തന്നെ നേടിയെടുത്ത അറിവുമായിട്ടായിരുന്നു അഭിനയമോഹിയായ വിശ്വനാഥൻ സിനിമയിൽ പാടി അഭിനയിക്കാനായി മദ്രാസ്സിലേയ്ക്ക് നാടുവിട്ടത്‌. തുടക്കത്തില്‍ അദ്ദേഹത്തിനു വളരെയധികം ക്ളേശിക്കേണ്ടി വന്നിരുന്നു. ജൂപിറ്റർ ഫിലിംസിന്റെ കണ്ണകി എന്ന ചിത്രത്തിൽ കോവലന്റെ ബാല്യം അവതരിപ്പിച്ചത് വിശു ആയിരുന്നു എങ്കിലും ആ രംഗങ്ങൾ സിനിമ പുറത്തിറങ്ങിയപ്പോൾ അതിൽ ഉണ്ടായിരുന്നില്ല. തമിഴ്‌ സംഗീതസംവിധായകന്‍ എസ്‌.എം.സുബ്ബയ്യാനായിഡുവിന്‍റേയും തമിഴ്‌, തെലുങ്കു ചലച്ചിത്രസംഗീതസംവിധായകരില്‍ വളരെ പ്രമുഖനായിരുന്ന സി .ആര്‍.സുബ്ബുരാമന്‍റെയും സഹായിയായി പ്രവർത്തിച്ചിരുന്നു അദ്ദേഹം. 1940'കളിൽ തിരുപ്പൂരിലെ ജൂപ്പിറ്റർ സ്റ്റുഡിയോയിൽ ഓഫിസ് ബോയ് എന്ന നിലയിൽ ജോലി തുടങ്ങിയ എംഎസ്‌വിയ്ക്ക് ആദ്യകാലങ്ങളിൽ എസ്.എം.സുബ്ബയ്യനായിഡുവിന്റെ ഹാർമോണിയം തുടച്ചുവയ്ക്കുന്ന, അദ്ദേഹത്തിന്റെ സഹായിയുടെ ജോലിയായിരുന്നു. ഇവിടെ വെച്ചാണ് അദ്ദേഹം പിന്നീട് തന്റെ സംഗീത ജീവിതത്തിലെ നിർണായക ഭാഗമായി മാറിയ വയലിനിസ്റ്റ് ടി കെ രാമമൂർത്തിയെ പരിചയപ്പെടുന്നത്. 

അക്കാലത്ത് ഹിന്ദിയിൽ പുതിയ തരംഗം സൃഷ്ടിച്ചു തുടങ്ങിയിരുന്ന ശങ്കർ-ജയകിഷൻ ഇരട്ടകളെപ്പോലെ നമുക്കും ഒരു ടീമായാലോ എന്ന എം എസ് വിയുടെ നിർദേശത്തിലാണ് വിശ്വനാഥൻ - രാമമൂർത്തി എന്ന, തമിഴ് ചലച്ചിത്ര സംഗീതത്തിന്റെ ഗതിതന്നെ മാറ്റിയെഴുതിയ കൂട്ടായ്മ പിറക്കുന്നത്. 1952ൽ സി ആർ സുബ്ബുരാമൻ അന്തരിച്ചപ്പോൾ അദ്ദേഹത്തിന്റെ അപൂർണമായിരുന്ന ദേവദാസ് അടക്കമുള്ള ചിത്രങ്ങൾക്ക് പശ്ചാത്തലസംഗീതം നിർവ്വഹിക്കാനുള്ള അവസരം ഇവർക്കാണു ലഭിച്ചത്. 

തമിഴ്‌നാട്‌ മുഖ്യമന്ത്രിയായിത്തീര്‍ന്ന എം ജി ആറിന്റെ ഏക മലയാളചിത്രമായ 'ജനോവ'യില്‍ (മലയാളത്തിലും തമിഴിലും ഒരേ സമയം എടുത്ത ചിത്രം) അദ്ദേഹം റ്റീ.ഏ.കല്യാണം, ജ്ഞാനമണി എന്നിവരോടൊപ്പം സംഗീതസംവിധാനത്തില്‍ പങ്കാളിയായി. 1952 ൽ ശിവാജി ഗണേശൻ അഭിനയിച്ച, പണം എന്ന ചിത്രത്തിലൂടെയായിരുന്നു സംഗീതസംവിധാനത്തിൽ അരങ്ങേറ്റം. 1952 മുതൽ 1965 വരെയുള്ള കാലഘട്ടത്തിൽ ഈ ഇരുവർസംഘം നൂറോളം സിനിമകൾക്ക് സംഗീതം പകർന്നു. കണ്ണദാസനാണ് ഇവരുടെ ഗാനങ്ങള്‍ അധികവും എഴുതിയത്. 1963 ജൂൺ 16ന് മദ്രാസിൽ ട്രിപ്ലിക്കേൻ കൾച്ചറൽ അക്കാദമിയിൽ നടന്ന ഒരു വിശിഷ്ട ചടങ്ങിൽ മെല്ലിശൈ മന്നർകൾ എന്ന പട്ടം ഇവർക്ക് നൽകുകയുണ്ടായി. ശിവാജി ഗണേശനായിരുന്നു ഈ അംഗീകാരം അവർക്ക് സമ്മാനിച്ചത് .

എന്നാല്‍ 1965ല്‍ ആയിരത്തിൽ ഒരുവൻ എന്ന ചിത്രത്തിനു ശേഷം ആ കൂട്ടുകെട്ട് പിരിഞ്ഞു. 29 വർഷങ്ങൾക്കു ശേഷം 1995ൽ എങ്കിരുന്തോ വന്താൻ എന്ന ചിത്രത്തിനു വേണ്ടി ഇവർ ഒരിക്കൽക്കൂടി ഒന്നിച്ചു.  സ്വതന്ത്രസംവിധായകനായി ഒരുപാട് ചിത്രങ്ങള്‍ക്ക് എം.എസ്.വി. ഈണം പകര്‍ന്നു.

തമിഴ്നാട്ടിലെ മൂന്ന് മുഖ്യമന്ത്രിമാരുടെ ചിത്രങ്ങൾക്ക് ഹിറ്റ് ഗാനങ്ങൾ ഒരുക്കുകയെന്ന അപൂർവ ബഹുമതി ലഭിച്ചയാളാണ് എംഎസ്‌വി. എം ജി ആർ, കരുണാനിധി, ജയലളിത എന്നിവരുടെ പ്രിയപ്പെട്ടവനായിരുന്നു ഇദ്ദേഹം.മണിപ്പയൽ(1973) എന്ന ചിത്രത്തിലെ തങ്ക ചിമിഴ് പോൽ  എന്ന ഗാനത്തിലൂടെ മലയാളികളുടെ സ്വന്തം ഗായകൻ ജയചന്ദ്രനെ തമിഴിൽ ആദ്യമായി അവതരിപ്പിക്കുന്നത് എം എസ് വിയാണ് . 

ശൈലീവൈവിധ്യമുള്ള ഗാനങ്ങളും, അതുവരെ ശ്രോതാക്കൾ കേട്ടു പരിചയിച്ചിട്ടില്ലാത്ത പിന്നണിവാദ്യങ്ങൾ കൊണ്ട് പുതുമയുള്ള ഓർക്കസ്റ്റ്രേഷൻ സംവിധാനങ്ങളും ഇന്ത്യൻ സംഗീതത്തിനു പരിചയപ്പെടുത്തുന്നതിൽ ഇദ്ദേഹം ഒരു സുപ്രധാന പങ്കു വഹിച്ചു. തമിഴ്‌നാടിന്റെ ഔദ്യോഗികഗാനമായ നീരാറും കടലുടുത്ത എന്ന തമിഴ് തായ് വാഴ്‌ത്ത് സം‌ഗീത സം‌വിധാനം നിർ‌വഹിച്ചത് ഇദ്ദേഹമാണ്‌. 14ആം വയസ്സിലാണ് സ്വർണലത എന്ന ഗായിക ഇദ്ദേഹത്തിന് വേണ്ടി ആദ്യമായി പിന്നണി ഗാനരംഗത്തേക്ക് പ്രവേശിക്കുന്നത് 

നീണ്ട ഇടവേളകള്‍ക്കു ശേഷമാണെങ്കിലും തമിഴിലെ തിരക്കിനിടയിലും അദ്ദേഹം 'ലില്ലി', 'ലങ്കാദഹനം'എന്നീ മലയാള ചിത്രങ്ങൾക്ക് സംഗീതം നല്‍കി. ഏകദേശം എഴുപതിൽ അധികം മലയാള ചിത്രങ്ങള്‍ക്ക്‌ അദ്ദേഹം സംഗീതം പകര്‍ന്നിട്ടുണ്ട്‌. 'ഈശ്വരനൊരിക്കല്‍', 'സുപ്രഭാതം', 'നാടന്‍പാട്ടിന്‍റെ മടിശ്ശീല', 'സ്വർഗ്ഗനന്ദിനി', 'വീണപൂവേ', ആ നിമിഷത്തിന്റെ, 'കണ്ണുനീര്‍തുള്ളിയെ' തുടങ്ങിയ ഗാനങ്ങള്‍അദ്ദേഹത്തിന്‍റെ അനശ്വര സംഭാവനകളാണ്‌. അനിതരമായ ആലാപനശൈലിയുള്ള ഒരു ഗായകൻ കൂടിയായിരുന്നു അദ്ദേഹം. കണ്ണുനീർത്തുള്ളിയെ സ്ത്രീയോടുപമിച്ച, ഹൃദയവാഹിനീ ഒഴുകുന്നു നീ എന്നീ ഗാനങ്ങൾ അതുവരെ കേട്ട ശബ്ദ - ലാവണ്യ സങ്കൽപ്പങ്ങളിൽ നിന്നും കുതറിമാറിയ ഒരു ശബ്ദവും ശൈലിയും നമുക്കു പരിചയപ്പെടുത്തിത്തന്നു. മലയാളത്തിൽ എഴുപത്തിനാലോളം സിനിമകൾ അദ്ദേഹം ചെയ്തിരുന്നു.

അന്‍പത് വര്‍ഷത്തിലേറെ നീണ്ട സംഗീതസപര്യയില്‍ തമിഴ്, തെലുങ്ക്, മലയാളം എന്നീ ഭാഷകളിലായി ആയിരത്തിലധികം സിനിമകള്‍ക്ക് സംഗീതസംവിധാനം ചെയ്തിട്ടുണ്ട്. തനിക്കു പിറകേ വന്ന ഇളയരാജാ, എ ആർ റഹ്മാൻഎന്നീ പ്രതിഭകൾക്കൊപ്പം ചിത്രങ്ങൾ ചെയ്ത ഒരേയൊരു സംഗീതസംവിധായകൻ ഒരുപക്ഷേ എം എസ് വി മാത്രമായിരിക്കും. കേരള സംസ്ഥാന സർക്കാരിന്റെ മികച്ച സംഗീതസംവിധായകനുള്ള പുരസ്കാരം 1974ൽ നേടിയ എം എസ് വിക്ക്, തമിഴ് നാട് സർക്കാരിന്റെ മികച്ച സംഗീതസംവിധായകനുള്ള അവാർഡ് 1968ൽ ലഭ്യമായി. കലൈമാമണി പുരസ്കാരം ഉൾപ്പടെ സിനിമാരംഗത്തെ  നിരവധി ലൈഫ്‌ടൈം അച്ചീവ്മെന്റ് അവാർഡുകളും തമിഴ്നാട് സർക്കാരിന്റെ ഫിലിം ഓണററി അവാർഡും ലഭിച്ചിരുന്നു 

എഴുവത്ത് ജാനകിയാണ് ഭാര്യ. ഏഴു മക്കളാണ് എംഎസ്‌വിക്ക്.  2015 ജൂലൈ 14ന് തന്റെ 87-ആം വയസ്സിൽ അദ്ദേഹം മരണമടഞ്ഞു.