പട്ടം സദൻ
ചലച്ചിത്രനടനും ഗായകനുമായിരുന്ന പട്ടം സദൻ എന്ന സദാശിവൻ 1927 ൽ തിരുവനന്തപുരം പട്ടത്താണ് ജനിച്ചത്.
പട്ടം ഗവ. സ്ക്കൂളിലായിരുന്നു പഠനം. മിക്കദിവസവും ക്ലാസ്സിൽ ചെല്ലുമായിരുന്നില്ല. ക്ലാസ്സിൽ വരുന്ന ദിവസമാകട്ടെ ഒന്നോ രണ്ടോ പീരിയഡ് കഴിയുമ്പോഴേക്കും ടീച്ചർമാർ ഇറക്കിവിട്ടിരിക്കും. ക്ലാസിലിരുന്ന് പക്ഷികൾ കൂവുന്നതും മൃഗങ്ങൾ കരയുന്നതു മൊക്കെയായിരുന്നു കലാപരിപാടികൾ. അങ്ങനെ തട്ടിയും മുട്ടിയും എട്ടാം ക്ലാസ്സുവരെ പോയി.
പിന്നീട്, സിനിമാക്കമ്പം തലയ്ക്കു പിടിച്ച് മദ്രാസിലേക്ക് ട്രെയിൻകയറിയ സദൻ അങ്ങനെ കോടമ്പാക്കത്തെത്തി. കെ. സുബ്രഹ്മണ്യത്തിൻറെ 'പ്രഹ്ലാദ' എന്ന ചലച്ചിത്രത്തിലൂടെ ബാലനടനായി ഇദ്ദേഹം ആദ്യമായി തിരിശ്ശീലയിൽ എത്തി. തുടർന്ന് 'രാജമാണിക്യം' നാടകക്കമ്പനിയിൽ എത്തിയ സദൻ അവിടെ ഗായകനും മിമിക്രി കലാകാരനുമായി. അക്കാലത്ത് പക്ഷികളുടെയും മൃഗങ്ങളുടെയുമൊക്കെ ശബ്ദം അനുകരിക്കുന്നവർ മറ്റാരും ഇല്ലാതിരുന്നത് സദന് അനുകൂല ഘടകമായി.
അങ്ങനെ നാടക കലാകാരനായിരിക്കേ, അദ്ദേഹം തമിഴ് സിനിമയിലേക്ക് കടന്നു. നായകനും നായികയ്ക്കും ചുറ്റും ചുറ്റിക്കളിക്കുന്ന കോമഡി കഥാപാത്രങ്ങളായി, എം.ജി.ആർ., ശിവാജി ഗണേശൻ, ജെമിനി ഗണേശൻ തുടങ്ങിയവരോടൊപ്പം സദൻ അഭിനയിച്ചു.
1959 ൽ പുറത്തിറങ്ങിയ 'ചതുരംഗം' എന്ന ചലച്ചിത്രത്തിലൂടെ സദൻ ആദ്യമായി മലയാളത്തിലുമെത്തി. ഇതിൽ അദ്ദേഹം പാടുന്നുമുണ്ട്. പിന്നീട് മലയാള സിനിമയിലെ അറിയപ്പെടുന്ന ഹാസ്യ നടനായി മാറി. താൻ അവതരിപ്പിച്ച കഥാപാത്രങ്ങൾക്ക് അദ്ദേഹം തന്നെ ആയിരുന്നു മിക്കപ്പോഴും പിന്നണി പാടിയിരുന്നത്. ചുരുങ്ങിയകാലത്തിനുള്ളിൽ തമിഴ്-മലയാളം സിനിമയുടെ ഭാഗമായിത്തീരാൻ പട്ടംസദനു കഴിഞ്ഞു.
അഭിനയിക്കുകയും പാടുകയും ചെയ്തതോടെ കൈയിൽ കാശ്
ആവശ്യം പോലെയായ അദ്ദേഹം വിവാഹവും കഴിച്ചു. ഒരുവീട് വാടകയ്ക്കെടുത്തു. ഇതിനിടെ
രണ്ട്കുട്ടികളുമായി. ഇങ്ങനെ നല്ല നിലയിൽ തുടരവേ അദ്ദേഹം മദ്യലഹരിക്ക് അടിമയായി. ദാരിദ്രത്തിനു കീഴടങ്ങുകയും ചെയ്തു. ഭാര്യയ്ക്ക് ചെറിയൊരു
ജോലിയുണ്ടായിരുന്നതുകൊണ്ട്
അവരും കുട്ടികളും പട്ടിണിയറിഞ്ഞില്ല.
മക്കളോ കുടുംബകാര്യങ്ങളോ
സദനെ സംബന്ധിച്ച് പ്രശ്‌നമായിരുന്നില്ല. കുടിച്ചുലക്കില്ലാതെയാണ് പലരാത്രികളിലും
സദന്റെ വരവ്. വീട്ടിൽ കൊണ്ടുവരാൻ
ഒരുരൂപപോലും ഇല്ലാത്ത അവസ്ഥ.
രാവിലെ പോകുന്നതുപോലെയല്ല സദന്റെ മടങ്ങിവരവ്. വടപളനി മുരുകൻ കോവിലിനുപിന്നിലെ കുമരൻ കോളനിയിൽ ആയിരുന്നു സദന്റെ വീട്.
അമ്പത് വർഷക്കാലം സിനിമയുടെ തണലിൽ ജീവിച്ച അദ്ദേഹം 1959 നും 87 നും ഇടയിലായി 40 തിലധികം ഗാനങ്ങൾ ആലപിച്ച അഇദ്ദേഹം 117 മലയാള ചിത്രങ്ങളിലും അഭിനയിച്ചു.
1992 ഒക്ടോബർ 16 ആം തിയതി വടപളനിയിലെ ഒരു ആശുപത്രിയിൽ വച്ച് അദ്ദേഹം അന്തരിച്ചു. ആശുപത്രിയിൽവച്ച്
സദൻ മരിയ്ക്കുമ്പോൾ ചികിത്സക്ക്
ചിലവിട്ട ബില്ലുകൾ കൊടുക്കാൻപോലും വകയില്ലായിരുന്നു. സഹപ്രവർത്തകർ പിരിച്ചെടുത്ത പണംകൊണ്ടായിരുന്നു ആശുപത്രിയിൽനിന്ന് മൃതശരീരം പുറത്തെടുക്കാനായത്. നടൻ
കെ.പി.ഉമ്മറായിരുന്നു അദ്ദേഹത്തിന്റെ
സംസ്ക്കാരചിലവുകൾ നടത്തിയത്.
എ.വി.എം.ശ്മശാനത്തിൽ സദൻ എരിഞ്ഞടങ്ങുമ്പോൾ ദുഃഖിക്കാനും ആരുമുണ്ടായില്ല. ജീവിതത്തെനിസ്സാരമായി തട്ടിക്കളിച്ച ആ ബഹുമുഖ പ്രതിഭയുടെ ചിരിയലകൾ ആ അന്തരീക്ഷത്തിൽ മൗനമായി പ്രതിഫലിക്കുന്നുണ്ടായിരുന്നു.