ടി കെ രാമമൂർത്തി

T K Ramamoorthy
Date of Birth: 
തിങ്കൾ, 15 May, 1922
Date of Death: 
Wednesday, 17 April, 2013
സംഗീതം നല്കിയ ഗാനങ്ങൾ: 8

പ്രഗത്ഭ വയലിന്‍ വിദ്വാന്മാരായിരുന്ന കൃഷ്ണസ്വാമി അയ്യരുടെയും നാഗലക്ഷ്മിയുടെയും മകനായി തമിഴ് നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ ജനിച്ചു. മുത്തച്ഛൻ മലൈക്കോട്ടൈ ഗോവിന്ദസ്വാമി പിള്ളയും തിരുച്ചിറപ്പള്ളിയിലെ അറിയപ്പെടുന്ന വയലിനിസ്റ്റായിരുന്നു. കുട്ടിക്കാലത്ത് ഇവരുടെ ചുവടു പിടിച്ചാണ് രാമ മൂർത്തി സംഗീതം പഠിച്ചത്. പതിന്നാലാം വയസ്സിൽ രാമമൂർത്തി പ്രമുഖ കസറ്റ് കമ്പനിയായ എച്ച് എം വിയിൽ വയലിനിസ്റ്റായി ജോലിയിൽ പ്രവേശിച്ചു. 

ഇതിനിടെ എ.വി.എം. പ്രൊഡക്ഷന്‍സ് നിര്‍മിച്ച ചില ചിത്രങ്ങളില്‍ വയലിന്‍ വാദനത്തിന് അദ്ദേഹത്തിന് അവസരം ലഭിച്ചു. ഇവിടെവെച്ച് പരിചയപ്പെട്ട സംഗീത സംവിധായകന്‍ സി.ആര്‍. സുബ്രഹ്മണ്യമാണ് രാമമൂർത്തിയുടെ ഉയര്‍ച്ചയില്‍ പ്രധാന പങ്ക് വഹിച്ചത്. ദേവദാസ്, ചാന്ദിറാണി, മരുമകള്‍ എന്നീ ചിത്രങ്ങള്‍ക്ക് വേണ്ടി പശ്ചാത്തല സംഗീതമൊരുക്കുന്നതിനിടെ സി.ആര്‍. സുബ്രഹ്മണ്യം മരിച്ചു. തുടര്‍ന്ന് ചിത്രം പൂര്‍ത്തിയാക്കേണ്ട ചുമതല രാമമൂര്‍ത്തിക്കും എം.എസ് വിശ്വനാഥനും ഏറ്റെടുക്കേണ്ടിവന്നു. വിശ്വനാഥൻ - രാമമൂർത്തി കൂട്ടുകെട്ടിന്റെ തുടക്കം ഇവിടെ നിന്നുമായിരുന്നു. 

അക്കാലത്ത് മെല്ലിസൈ മന്നര്‍ (ലളിത സംഗീതത്തിന്റെ രാജാക്കന്മാര്‍) എന്നാണ് ഇരുവരും അറിയപ്പെട്ടിരുന്നത്. നടന്‍ ശിവാജിഗണേശനാണ് ഇവര്‍ക്ക് ഈ വിശേഷണം നല്‍കിയിരുന്നത്. 1953 -ല്‍ എന്‍.എസ്. കൃഷ്ണന്‍ സംവിധാനം ചെയ്ത പണം എന്ന തമിഴ് ചിത്രത്തിനു വേണ്ടിയാണ് ഇരുവരും ആദ്യമായി ഒന്നിച്ചത്. അതിനുശേഷം നിരവധി ചിത്രങ്ങൾക്ക് സംഗീതം നൽകിക്കൊണ്ട് ഇരുവരും തമിഴ് സിനിമയില്‍ ഏറ്റവുമധികം പ്രതിഫലം പറ്റുന്ന സംഗീതസംവിധായകരായി മാറി..പോര്‍ട്ടര്‍ കന്ദന്‍, പാശവലൈ, തെന്നാലി രാമന്‍, സുഖം എങ്കെ, സ്വര്‍ഗ വാസല്‍ എന്നീ ചിത്രങ്ങളില്‍ ഇവര്‍ ഒരുക്കിയ മെലഡികള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടു. കര്‍ണന്‍, പുതയല്‍, നിശ്ചയ താംബൂലം, പതിഭക്തി തുടങ്ങി നിരവധി ചിത്രങ്ങള്‍ ഇവരുടെ ഗാനങ്ങള്‍കൊണ്ടും പ്രശസ്തിയാര്‍ജിച്ചു. മലയാളത്തില്‍ ലില്ലി എന്ന ചിത്രത്തിന് എം.എസ്.വി.യോടൊപ്പം രാമമൂർത്തി സംഗീതം നിര്‍വഹിച്ചു. ടി.എം. സൗന്ദര്‍രാജന്‍, പി.ബി. ശ്രീനിവാസ്, എല്‍.ആര്‍. ഈശ്വരി തുടങ്ങിയ ഗായകരെ വാര്‍ത്തെടുക്കുന്നതില്‍ ഇവര്‍ പങ്ക് വഹിച്ചു. പി. സുശീല, എസ്. ജാനകി, ജിക്കി തുടങ്ങി പില്‍ക്കാലത്ത് പ്രശസ്തരായ പല ഗായികമാരും എം.എസ്.വി. - രാമമൂര്‍ത്തി കൂട്ടുകെട്ടിലെ ഗാനങ്ങളിലൂടെ പ്രശസ്തരായവരാണ്.

എഴുന്നൂറോളം ചിത്രങ്ങള്‍ക്ക് വേണ്ടി സംഗീതം നിര്‍വഹിച്ച ഈ കൂട്ടകെട്ട് 1965 -ല്‍ ആയിരത്തില്‍ ഒരുവന്‍ എന്ന ചിത്രത്തോടെ പിണക്കമേതുമില്ലാതെ വഴിപിരിഞ്ഞു. തുടർന്ന് 1966 - 1986 ഇടയില്‍ സാധു മിറണ്ടാല്‍, തേന്‍മഴൈ, മദ്രാസ് ടു പോണ്ടിച്ചേരി, മറക്ക മുടിയുമാ, ആലയം പട്ടത്തു റാണി എന്നിവയുള്‍പ്പെടെ പത്തൊൻപത് ചിത്രങ്ങള്‍ക്കുവേണ്ടി മാത്രമാണ് രാമമൂർത്തി സംഗീതം നിര്‍വഹിച്ചത്. മഹാകവി കണ്ണദാസന്‍റെ കാവ്യങ്ങള്‍ക്ക്  ‌സംഗീതം പകര്‍ന്നവരില്‍ മുന്‍പന്തിയിലാണ് ടി കെ ‌രാമമൂര്‍ത്തി. ഇരുപത്തിയൊൻപത് വർഷങ്ങൾക്കുശേഷം 1995 -ല്‍ എങ്കിരുന്തോ വന്താള്‍ എന്ന ചിത്രത്തിനു വേണ്ടി ഇരുവരും ഒരിക്കല്‍ക്കൂടി ഒരുമിച്ചു.

തമിഴ്‌നാട് സര്‍ക്കാറിന്റെ കലൈമാമണി അവാര്‍ഡ് ലഭിച്ചിട്ടുള്ള ടി കെ രാമമൂർത്തി 2013 ഏപ്രിലിൽ വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് അന്തരിച്ചു. രാമമൂർത്തിയുടെ ഭാര്യ തരുമാംബാൾ. അവർക്ക് ഏഴുപെണ്‍മക്കളും നാല് ആണ്‍മക്കളുമുണ്ട്.