ശാന്ത പി നായർ

Shantha P Nair
Date of Birth: 
Wednesday, 6 February, 1929
Date of Death: 
Saturday, 26 July, 2008
സംഗീതം നല്കിയ ഗാനങ്ങൾ: 1
ആലപിച്ച ഗാനങ്ങൾ: 95

അമ്പാടി ആർ വാസുദേവ പൊതുവാളിന്റേയും ലക്ഷ്മികുട്ടിയുടേയും മകളായി തൃശ്ശൂരിൽ ജനിച്ചു. ചേർത്തല ഗോപാലൻ നായർ, രാമനാട്ട് കൃഷ്ണൻ എന്നിവരുടെ കീഴിൽ എട്ടാം വയസ്സിൽത്തന്നെ കർണ്ണാടക സംഗീതം പഠിക്കാനാരംഭിച്ച ശാന്ത തുടർന്ന് ചെന്നൈ ക്യൂൻ മേരീസ് കോളേജിൽ നിന്ന് സംഗീതത്തിൽ ബിരുദമെടുത്തു. അതിനുശേഷം ആകാശവാണി കോഴിക്കോട്‌ നിലയത്തില്‍ അനൗണ്‍സറായി ജോലിയില്‍ പ്രവേശിച്ചു. 

മലയാളികൾ ഇന്നും ഗൃഹാതുരത്വത്തോടെ ഓര്‍ക്കുന്ന നിരവധി ലളിതഗാനങ്ങള്‍ ആലപിച്ചുകൊണ്ടാണ് ശാന്ത പി നായർ എന്ന ഗായിക ശ്രദ്ധ നേടുന്നത്. ലളിതഗാനം എന്ന ഗാന ശാഖതന്നെ അവിടെ നിന്നാണ്‌ രൂപപ്പെടുന്നത്‌ എന്നും പറയാം. മലയാള റേഡിയോ പ്രക്ഷേപണത്തിന്റെ പിതാവ് എന്നറിയപ്പെടുന്ന കെ. പത്മനാഭൻ നായരെ വിവാഹം കഴിച്ചതോടെ അവർ ജോലി ഉപേക്ഷിച്ചു. 1953 -ൽ ഇറങ്ങിയ തിരമാല എന്ന ചിത്രത്തിലെ പാട്ടുകൾ പാടിക്കൊണ്ടാണ് ശാന്ത പി നായർ ചലച്ചിത്രഗാന രംഗത്തേയ്ക്ക് കടന്നുവരുന്നത്.  കൂടപ്പിറപ്പ് എന്ന ചിത്രത്തിനുവേണ്ടി പാടിയ "തുമ്പീ തുമ്പീ വാ വാ.. എന്ന ഗാനം ശാന്ത പി നായരെ പ്രശസ്തിയിലേക്കെത്തിച്ചു. നീലക്കുയിൽപാടാത്ത പൈങ്കിളിലൈലാ മജ്‌നുചെമ്മീൻമുറപ്പെണ്ണ്, രമണൻ എന്നിവയുൾപ്പെടെ മുപ്പതിലധികം സിനിമകളിൽ അവർ ഗാനങ്ങൾ ആലപിച്ചു. കാൽപ്പാടുകൾ എന്ന സിനിമയിൽ ശാന്താ പി നായരോടൊപ്പം യുഗ്മ ഗാനം പാടിക്കൊണ്ടാണ് പ്രശസ്ത ഗായകൻ യേശുദാസ് ചലച്ചിത്രഗാന രംഗത്ത് തുടക്കം കുറിയ്ക്കുന്നത്. 

1968 -ൽ ഏഴു രാത്രികൾ എന്ന സിനിമയിൽ "മക്കത്ത് പോയ് വരും... എന്ന ഗാനത്തിന് സംഗീതം നൽകിക്കൊണ്ട് ശാന്ത പി നായർ  സംഗീത സംവിധാന രംഗത്തും തന്റെ പ്രതിഭ തെളിയിച്ചു. ശാന്ത പി നായരുടെ മകൾ ലത രാജുവാണ് ആ ഗാനം ആലപിച്ചത്. 1987 -ലെ കേരള സംഗീതനാടക അക്കാദമി പുരസ്കാരം, സ്വരലയ പുരസ്കാരം എന്നിങ്ങനെയുള്ള പുരസ്‌കാരങ്ങൾ ശാന്ത പി നായർക്ക് ലഭിച്ചിട്ടുണ്ട്.

2008 ജൂലൈയിൽ ശാന്ത പി നായർ അന്തരിച്ചു.