ഇരയിമ്മൻ തമ്പി

Irayimman Thampy
Date of Birth: 
Saturday, 12 October, 1782
Date of Death: 
ചൊവ്വ, 29 July, 1856
എഴുതിയ ഗാനങ്ങൾ: 18
സംഗീതം നല്കിയ ഗാനങ്ങൾ: 1

ചേർത്തല രാജവംശത്തിലെ കേരളവർമ്മ തമ്പുരാന്റേയും പാർവതിപ്പിള്ള തങ്കച്ചിയുടേയും മകനായി ഇന്നത്തെ തിരുവനന്തപുര ജില്ലയിലെ കോതമംഗലം ‌/കരമനയിൽ ജനിച്ചു. അച്ചൻ തന്നെയായിരുന്നു ഇരയിമ്മൻ തമ്പിയുടെ ആദ്യ ഗുരു. അതിനുശേഷം ശങ്കരൻ ഇളയത് എന്ന പണ്ഡിതനായിരുന്നു ഗുരു. പതിനാലാം വയസ്സിൽ ഇരയിമ്മൻ തമ്പി എഴുതിയ ശ്ലോകം മഹാരാജാവിന് സമർപ്പിച്ചു; ശ്ലോകം ഇഷ്ടപ്പെട്ട രാജാവ് അദ്ദേഹത്തെ തന്റെ സദസ്സിൽ അംഗമാക്കി. ധർമ്മരാജ, ബാലരമവർമ്മ, സ്വാതി തിരുനാൾ, ഉദയം തിരുനാൾ എന്നിവരുടെ കാലങ്ങളിൽ സേവനമനുഷ്ഠിച്ചു.

കവി, സംഗീതജ്ഞ്യൻ, ആട്ടക്കഥാകാരൻ എന്നിങ്ങനെ എല്ലാ മേഖലകളിലും അദ്ദേഹം ശോഭിച്ചു. കീചകവധം, ഉത്തരാ സ്വയംവരം, ദക്ഷയാഗം, സുഭദ്രാപഹരണം കൈകൊട്ടിക്കളിപ്പാട്ട്, മുറജപപാന, നവരാത്രി പ്രബന്ധം, രാസക്രീഡ, രാജാസേവാക്രമം (മണിപ്രവാളം), വസിഷ്ഠം കിളിപ്പാട്ട് തുടങ്ങിയ ആട്ടക്കഥകളും -: “ഒമനത്തിങ്കൾ കിടാവോ, “കരുണചെയ്‌വാനെന്തു താമസം,  “പ്രാണനാഥനെനിക്കു നൽകിയ പരമാനന്ദരസത്തെ…” തുടങ്ങിയവ, വർണ്ണങ്ങൾ:- “അംബാഗൗരി.., “മനസീ പരിതാപം.. “ആരോടു ചോൽവേൻ അഴലുള്ളതെല്ലാം” എന്നീ പ്രശസ്തങ്ങളായ കീർത്തനങ്ങളും, പദങ്ങളും, വർണ്ണങ്ങളും അദ്ദേഹം രചിച്ചവയാണ്. ഇരയിമ്മൻ തമ്പിയുടെ സംഭാവനകൾ മലയാള സംഗീതസാഹിത്യത്തിന് ഒരു സുവർണ്ണ പൈതൃകം തന്നെയാണ്.. “ഓമനത്തിങ്കൾ കിടാവോ” എന്ന താരാട്ട് പാട്ട് ഇന്നും മലയാളികളുടെ ഹൃദയത്തിൽ തിളങ്ങി നിൽക്കുന്നു. 

ഇരയിമ്മൻ തമ്പിയുടെ നിരവധി കൃതികൾ മലയാള സിനിമകളിൽ ഗാനങ്ങളായി ഉപയോഗിച്ചിട്ടുണ്ട്. 1950 -ൽ സ്ത്രീ എന്ന സിനിമയിൽ ബി എ ചിദംബരനാഥിന്റെ സംഗീതത്തിൽ പി ലീല ആലപിച്ച "ഓമന തിങ്കൾ കിടാവോ.. എന്ന ഗാനമാണ് ഇരയിമ്മൻ തമ്പിയുടേതായി ആദ്യമായി ഇറങ്ങിയത്. അതിനുശേഷം  "ഓമനതിങ്കൾ കിടാവോ.. പല സംഗീത സംവിധായകരുടെ ഈണത്തിൽ നിരവധി സിനിമകളിൽ ഉപയോഗിച്ചിട്ടുണ്ട്. ഏണിപ്പടികൾ എന്ന ചിത്രത്തിൽ ദേവരാജ സംഗീതത്തിൽ മാധുരിയുടെ ശബ്ദത്തിൽ "പ്രാണനാഥനെനിക്ക് നൽകിയ.. എന്ന ഗാനവും ഭാഗ്യജാതകം എന്ന ചിത്രത്തിൽ എം എസ് ബാബുരാജിന്റെ സംഗീതത്തിൽ "കരുണചെയ്‌വാനെന്തു താമസം കൃഷ്ണാ.. എന്ന ഗാനവും ഉൾപ്പെടെ ഇരയിമ്മൻ തമ്പിയുടെ നിരവധി കൃതികൾക്ക് ചലച്ചിത്ര ഗാനരൂപം കൈവന്നിട്ടുണ്ട്.

1856 -ൽ ഇരയിമ്മൻ തമ്പി അന്തരിച്ചു. അദ്ദേഹത്തിന്റെ ഭാര്യ കാളിപ്പിള്ള തങ്കച്ചി. രണ്ടു പെൺ മക്കളായിരുന്നു അവർക്ക് ഉണ്ടായിരുന്നത്. അവരിൽ ഒരു മകൾ കുട്ടിക്കുഞ്ഞു തങ്കച്ചി പ്രശസ്ത കവയിത്രിയായിരുന്നു.