ബി എ ചിദംബരനാഥ്

B A Chithambaranath
ബി എ ചിദംബരനാഥ്-സംഗീതം
സംഗീതം നല്കിയ ഗാനങ്ങൾ: 177
ആലപിച്ച ഗാനങ്ങൾ: 6

ബി എ ചിദംബരനാഥ് ഈണമിട്ട ഗാനങ്ങള്‍ മലയാളി  ഉള്ളിടത്തോളം കാലം മറക്കാന്‍ കഴിയുമോ ? മലയാളചലച്ചിത്ര സംഗീതത്തെ സ്വതസിദ്ധമായ ശൈലിയിലൂടെ  ചിട്ടപ്പെടുത്തിയ മലയാളത്തിന്റെ ആദ്യ സ്വതന്ത്ര സംഗീത സംവിധായകന്‍ കാല യവനികക്കുള്ളില്‍ മറഞ്ഞെങ്കിലും അദ്ദേഹം സൃഷ്ടിച്ച അനശ്വര ഗാനങ്ങള്‍ക്ക് മരണമില്ല.

 1926 ല്‍ കന്യാകുമാരി ജില്ലയിലെ പൂതപ്പള്ളിയില്‍ ജനനം. സംഗീത സാഹിത്യകാരന്‍ ബി കെ അരുണാചലം അണ്ണവി അച്ഛനും ചെമ്പകവല്ലി അമ്മയുമാണ്. അച്ഛനില്‍നിന്ന് പാട്ടും മൃദംഗവും പഠിച്ചു. പിന്നീട് തിരുവിതാംകൂര്‍ മുത്തയ്യാ ഭാഗവതരുടെ ശിഷ്യ കുനിയൂര്‍ സീതമ്മയുടെ മൃദംഗിസ്റ്റായി. നാഗമണി മാര്‍ത്താണ്ഡനായിരുന്നു വയലിന്‍ പഠിപ്പിച്ചത്. കുംഭകോണം രാജമാണിക്യം പിള്ളയൂര്‍ സംഗീതം പഠിപ്പിച്ചു.

 ഉദയായുടെ ആദ്യ ചിത്രമായ വെള്ളിനക്ഷത്രം 1949 ല്‍ പുറത്തിറങ്ങുന്നു.ഇതിലെ ഗാനങ്ങള്‍ ചിട്ടപ്പെടുത്താനുള്ള ഉത്തരവാദിത്വം സ്റ്റുഡിയോയുടെ ഓർക്കെസ്ട്ര ടീമംഗമായിരുന്ന ചിദംബര നാഥിനും പരമുദാസിനും ആയിരുന്നു.പരമുദാസ്  കുറെ ഹിന്ദി ഗാനങ്ങളുടെ ട്യൂണുകള്‍ അനുകരിച്ച് പാട്ടുകള്‍ ചിട്ടപ്പെടുത്തിയപ്പോള്‍ അനുകരണസംഗീതത്തില്‍ ഏറേ അതൃപ്തി തോന്നിയ ചിദംബരദാസ് മലയാള തനിമയുള്ള ട്യൂണില്‍ ചിട്ടപ്പെടുത്തിയ  " ആശാ മോഹനമേ " എന്ന ഗാനം മലയാള സിനിമയിലെ ആദ്യ സ്വതന്ത്ര ഗാനം എന്നു പറയാം.ചെറായി അംബുജം ആലപിച്ച ഈ ഗാനം കൂടാതെ  " പ്രേമ മനോഹരമേ " (പീതാംബരവും ചെറായി അമ്മുവും )  രാഗ രമ്യമേ മധുകാലേ (സാവിത്രി ആലപ്പുഴ) എന്നീ ഗാനങ്ങളും വെള്ളി നക്ഷത്രത്തിനു വേണ്ടി ചിട്ടപ്പെടുത്തി.

തിക്കുറിശ്ശി സുകുമാരന്‍ നായരുടെ ആദ്യ ചിത്രമായ " സ്ത്രീ "യില്‍ " കവിയായ്
കഴിയുവാന്‍ " എന്ന ഗാനത്തിലും വേണു നാഗവള്ളിയുടെ " അയിത്തം " എന്ന ചിത്രത്തിലെ
ഗാനത്തിലും ചിദംബര നാഥ് എന്ന ഗായകനെയും ശ്രോതാക്കള്‍ അറിഞ്ഞു.

കന്യാകുമാരിയിലെ പൂതപ്പാണ്ടിയില്‍ ജനിച്ച ചിദംബര നാഥ് ചെറുപ്പത്തില്‍ തന്നെ വയലിനില്‍ കഴിവ് തെളിയിച്ചിരുന്നു.പല പ്രമുഖ സംഗീതഞ്ജരുടെ കച്ചേരികളില്‍ വയലിനില്‍ പിന്നണിയേകിയ ചിദംബര നാഥ് തമിഴിലൂടെയാണ് ചലച്ചിത്ര രംഗത്തെത്തുന്നത്.

അഭയദേവ്,തിക്കുറിശ്ശി,വയലാര്‍,ഒ എന്‍ വി,ശ്രീകുമാരന്‍ തമ്പി എന്നിവരുടെ
ഗാനങ്ങള്‍ക്ക് സംഗീതം  നല്‍കിയ  ചിദംബരനാഥിന്റെ ഏറെ ഗാനങ്ങളും പി
ഭാസ്കരന്റേതായിരുന്നു.സുഗതകുമാരിയുടെ ഗാനങ്ങളും അദ്ദേഹം
ചിട്ടപ്പെടുത്തിയിട്ടുണ്ട്.ഹിറ്റ് ഗാനങ്ങളില്‍ മികച്ചു നില്‍ക്കുന്നവ ഏറെയും
ആലപിച്ചതാകട്ടെ ഗാന ഗന്ധര്‍വ്വനും എസ് ജാനകിയും.

ജയചന്ദ്രന്‍ എന്ന ഗായകനെ മലയാളികള്‍ക്ക് പരിചയപ്പെടുത്തിയതും ചിദംബരനാഥ് തന്നെ
ആയിരുന്നു.കുഞ്ഞാലി മരയ്ക്കാര്‍ എന്ന ചിത്രത്തിലൂടെ. " ഒരു മുല്ലപ്പൂ മാലയുമായി
" എന്ന ഗാനം മലയാളത്തിന്റെ ഭാവ ഗായകനോടൊപ്പം  പാടിയത് കോഴിക്കോട്ടുകാരി
പ്രേമ.എന്നാല്‍ "കളിത്തോഴനില്‍ " ദേവരാജന്‍ ഈണമിട്ട  " മഞ്ഞലയില്‍
മുങ്ങിത്തോര്‍ത്തി " എന്ന ഗാനമാണു ജയചന്ദ്രന്റേതായി ആദ്യം പുറത്തിറങ്ങിയത്.
പകല്‍കിനാവിലെ കേശാദിപാദം തൊഴുന്നേന്‍,നിദ്ര തന്‍ നീരാഴി
നീന്തിക്കടന്നപ്പോള്‍,ഗുരുവായൂരുള്ളൊരു കണ്ണനന്നൊരു ദിനം,പകല്‍ കിനാവിന്‍
സുന്ദരമാകുംകായം കുളം കൊച്ചുണ്ണിയിലെ സുറുമ നല്ല സുറുമ,കുങ്കുമപ്പൂവുകള്‍ പൂത്തു,ആറ്റുവഞ്ചിക്കടവില്‍ വെച്ച്,പോസ്റ്റ്മാന്‍ എന്ന ചിത്രത്തിലെ നര്‍ത്തകി നര്‍ത്തകി കാവ്യ നര്‍ത്തകി,കാണാത്ത വേഷങ്ങളിലെ പാല്‍ക്കടല്‍ നടുവില്‍,സ്വര്‍ഗ്ഗ വാതില്‍ തുറന്നു തന്നൊരു,
ചെകുത്താന്റെ കോട്ടയിലെ മന്ദം മന്ദം നിദ്ര വന്നെന്‍,ഒരു മലയുടെ താഴ്വരയില്‍,
വിദ്യാര്‍ഥിയിലെ തപസ്വിനി തപസ്വിനി പ്രേമ തപസ്വിനി, വിരുതന്‍ ശങ്കുവിലെ പുഷ്പങ്ങള്‍ ചൂടിയ പൂങ്കാവേ,വരുന്നു പോകുന്നു വഴിപോക്കര്‍,കളിപ്പാവയിലെ നീല നീല വാനമതാ
തുടങ്ങിയ ചിദംബര നാഥ് ചിട്ടപ്പെടുത്തിയ ഈ ഹിറ്റു ഗാനങ്ങള്‍ മുപ്പതു നാല്പതു
വര്‍ഷങ്ങള്‍ക്കു ശേഷവും മലയാളി മനസ്സില്‍ താലോലിക്കുന്ന  മധുര ഗാനങ്ങള്‍ തന്നെ.

2007 ആഗസ്റ്റ് 31 നാണു ഈ മികച്ച സംഗീത സംവിധായകന്‍ ഇഹലോകവാസം വെടിഞ്ഞത്.
ഭാര്യ : തുളസി .മക്കളില്‍ മൂത്തവനായ രാജാമണി അച്ഛന്റെ പാത പിന്‍ തുടരുന്നു