ന്യൂസ് പേപ്പർ ബോയ്
മലയാള സിനിമയിൽ നിയോ റിയലിസം പരീക്ഷണമായ ചിത്രം.ഒരു പക്ഷേ കാലത്തിനു മുമ്പേ നടന്ന ചിത്രമെന്നും വിശേഷിപ്പിക്കാവുന്ന ഈ ചിത്രം ഒരു സംഘം യുവാക്കളും വിദ്യാർത്ഥികളുമാണ് അണിയിച്ചൊരുക്കിയത്. 1955 മെയ് പതിമൂന്നിനാണ് ഈ ചിത്രം സാക്ഷാത്ക്കരിക്കപ്പെട്ടത്. സംവിധായകൻ പി രാംദാസ്.ആദ്യം "കമ്പോസിറ്റർ" എന്നൊരു ചെറുകഥയെഴുതി മാഗസിനിൽ പബ്ലീഷ് ചെയ്തത് പിന്നീട് സിനിമയാക്കാൻ തീരുമാനിക്കുകയായിരുന്നു. തുടർന്ന് മദ്രാസിൽ നിന്നും ഒരു 8m.m ക്യാമറ വാങ്ങുകയും ഏറെ സിനിമാ പുസ്തകങ്ങൾ ഒക്കെ പഠിച്ച് സിനിമ പൂർത്തിയാക്കുകയും ചെയ്തു. രാംദാസ്, സഹോദരൻ ബാലകൃഷ്ണൻ,പരമേശ്വരൻ,കന്തസ്വാമി തുടങ്ങി സിനിമയുടെ പിന്നിൽ അണിനിരന്നവരൊക്കെ അന്ന് വിദ്യാർത്ഥികളായിരുന്നു.
"ആദർശ് കലാമന്ദിർ" എന്ന ബാനറിൽ കേണൽ ഗോദരാജവർമ്മയാണ് 1954 മെയ് അഞ്ചിന് തിരുവനന്തപുരം മെറീലാന്റ് സ്റ്റുഡിയോയിൽ വച്ച് ഷൂട്ടിംഗ് സ്വിച്ചോൺ കർമ്മം നിർവ്വഹിച്ചത്. അത്രനാളും നിലനിന്നിരുന്ന സിനിമാ സങ്കൽപ്പങ്ങൾക്കും കച്ചവടസാധ്യതകൾക്കും വിരുദ്ധമായിരുന്നതിനാൽ വിതരണക്കാരെ ലഭ്യമായില്ല. പ്രേക്ഷകരുടെ അഭിരുചികൾക്കനുസരിച്ച് സിനിമയിൽ മാറ്റം വരുത്തണമെന്ന് ശഠിച്ച വിതരണക്കാർക്ക് രാംദാസ് വഴങ്ങിയുമില്ല. അവസാനം മലബാർ-കൊച്ചി വിതരണവകാശം ആർ എസ് പിക്ചേഴ്സിനും തിരുവനന്തപുരം വിതരണം വെറൈറ്റി പിക്ചേഴ്സും ഏറ്റെടുത്തു. സിനിമയുടെ അന്ത്യം സ്വാഭാവികമായി എഴുതിക്കാണിച്ചിരുന്ന "ശുഭം" എന്നത് മാറ്റി "ആരംഭം" എന്നതൊക്കെ എഴുതിക്കാണിച്ചത് കൂക്ക് വിളികളോടെയാണ് കാണികൾ സ്വീകരിച്ചത്.അക്കാലത്തെ കാണികളുടെ അഭിരുചികൾക്കപ്പുറമായിരുന്നു ഒരു റിയലിസ്റ്റിക് ചിത്രം എന്നതിനാൽത്തന്നെ "ന്യൂസ് പേപ്പർ ബോയ്" ബോക്സോഫീസിൽ പരാജയമായി. രാംദാസ് തുടർന്നും രണ്ട് ചിത്രങ്ങൾ സംവിധാനം ചെയ്തു "വാടക വീട്ടിലെ അഥിതി","നിറമാല" എന്നിവയായിരുന്നു അത്. നിറമാല നിർമ്മിച്ചതും രാംദാസ് ആയിരുന്നു.
ബോക്സ് ഓഫീസിൽ പരാജയമായിരുന്നെങ്കിലും മലയാള സിനിമയുടെ ചരിത്രം മാറ്റിയെഴുതിയ "ന്യൂസ് പേപ്പർ ബോയി" ഗവണ്മമെന്റിന്റെ അംഗീകാരം നേടീ പല സ്ഥലങ്ങളിലും പ്രദർശിപ്പിച്ചിരുന്നു.