വീരൻ
പൂവക്കാട്ട് കെ ഗോവിന്ദക്കുറുപ്പിന്റെയും ലക്ഷ്മിക്കുട്ടിയമ്മയുടെയും ഏഴുമക്കളിൽ നാലാമനായി 1917 ജൂൺ 12 ആം തിയതി
ആലപ്പുഴ കുട്ടനാട് കോഴിമുക്കിലാണ്
പ്രശസ്ത നാടകകൃത്തും നാടക-ചലച്ചിത്ര നടനും പ്രക്ഷേപണ കലാകാരനും ആയിരുന്ന കെ വീരരാഘവൻ നായർ എന്ന വീരൻ ജനിച്ചത്.
എടത്വാ സെന്റ് അലോഷ്യസ് സ്കൂളിൽ നിന്നും എസ് എസ് എൽ സി പാസായ ശേഷം ബോംബെ സെന്റ് സേവിയേഴ്സ് ടെൿനിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽ സിനിമ, ഫോട്ടോഗ്രാഫി വിഷയങ്ങളിലെ പഠനശേഷം അവിടെത്തന്നെ വിവിധ സ്ഥാപനങ്ങളിൽ ജോലിനോക്കി. ജോലിക്കിടെ അസുഖബാധിതനായി ചികിത്സാർത്ഥം തിരുവനന്തപുരത്തേക്ക് വരുന്നത്തോടെയാണ് ഇദ്ദേഹത്തിന്റെ കലാജീവിതം ആരംഭിക്കുന്നത്.
തലസ്ഥാനത്തെ അമച്ച്വർ നാടകവേദിയിൽ ടി എൻ ഗോപിനാഥൻ നായർ, നാഗവള്ളി, ജഗതി എൻ കെ ആചാരി തുടങ്ങിയവർക്കൊപ്പം നിറസാന്നിദ്ധ്യം. ഈ കാലയളവിൽ തന്നെ 'മലയാളി',' പ്രഭാതം' എന്നീ ദിനപ്പത്രങ്ങളുടെ തലസ്ഥാന ലേഖകനായും പ്രവർത്തിച്ചു. 1950 ൽ തിരുവനന്തപുരം ആകാശവാണി നിലയത്തിൽ ജോലിക്കു ചേർന്ന അദ്ദേഹം ബാലലോകം, നാട്ടിൻപുറം, നാടക വിഭാഗം എന്നിവയുടെ പ്രൊഡ്യൂസർ ആയ അദ്ദേഹം കുട്ടികളുടെ പ്രിയപ്പെട്ട 'റേഡിയോ അമ്മാവൻ' ആയി.
ഇക്കാലത്ത് തന്നെ ആദ്യകാല സിനിമകളായ ആത്മസഖി, ന്യൂസ് പേപ്പർ ബോയ് തുടങ്ങി ഏതാനും ചിത്രങ്ങളിൽ വേഷമിട്ടു. 1968 ൽ ജോലി രാജിവെച്ച് മുഴുവൻ സമയ സിനിമാ അഭിനേതാവായി. കള്ളിച്ചെല്ലമ്മ, ശ്രീ ഗുരുവായൂരപ്പൻ, കന്യാകുമാരി, പണിതീരാത്ത വീട്, അഭയം, പ്രിയ, വീണ്ടും പ്രഭാതം, അമ്പലപ്രാവ് , തെറ്റ് , കാപാലിക, നഖങ്ങൾ, പുലിവാൽ തുടങ്ങി നൂറോളം ചലച്ചിത്രങ്ങളിൽ അഭിനയിച്ചു.
നാളെ കാണുന്നവന്റെ ഇന്നു കാണുന്നില്ല, തൂവലും തൂമ്പയും, നാലും നാല്, പൊറുതിയും പൊരുത്തവും, വീണമേസ്ത്രി, ഇണ്ടശ്രി, പുലിവാൽ എന്നിവയാണ് പ്രധാന കൃതികൾ. ഇതിൽ പുലിവാൽ ചലച്ചിത്രമായി. 1968 ലെ കേരള സാഹിത്യ അക്കാദമിയുടെ നാടക അവാർഡും ആകാശവാണി ദൽഹിയിൽ സംഘടിപ്പിച്ച നാടകമത്സരത്തിൽ 'തൂവലും തൂമ്പയും' എന്ന നാടകം ഒന്നാം നേടി. ഈ നാടകം ഇന്ത്യയിലെ എല്ലാ പ്രാദേശിക നിലങ്ങളും മൊഴിമാറ്റി സംപ്രേക്ഷണം ചെയ്തിട്ടുണ്ട്.
1980 ഫെബ്രുവരി 1 ആം തിയതി ഇദ്ദേഹം തന്റെ 63 ആം വയസ്സിൽ അന്തരിച്ചു. 1962 ൽ അന്തരിച്ച മഹേശ്വരി അമ്മയായിരുന്നു പത്നി. വീരകുമാർ, വീരേന്ദ്രകുമാർ, വീരശ്രീ, വീരേശ്വരി, വീരേഷ് എന്നിവരാണ് മക്കൾ.