അടൂർ പങ്കജം

Adoor Pankajam-Actress

മലയാള ചലച്ചിത്രനടി. 1929 നവമ്പറിൽ പത്തനംതിട്ടയിലെ അടൂരിൽ പാറപ്പുറത്ത് കുഞ്ഞുരാമൻ പിള്ളയുടെയും, കുഞ്ഞുകുഞ്ഞമ്മയുടെയും എട്ടുമക്കളിൽ രണ്ടാമത്തെയാളായാണ് പങ്കജം ജനിച്ചത്. സാമ്പത്തിക ബുദ്ദിമുട്ടുകൾ കാരണം പങ്കജത്തിന് നാലാംക്ലാസ് വരെയേ വിദ്യാഭ്യാസം ലഭിച്ചുള്ളൂ.. എങ്കിലും തന്റെ പതിനൊന്നു വയസ്സുവരെ സംഗീതപഠനം തുടർന്നു. പന്തളം കൃഷ്ണപ്പിള്ള ഭാഗവതർ ആയിരുന്നു ഗുരു. പങ്കജം തന്റെ നാട്ടിലും, ചുറ്റുവട്ടത്തും ഉള്ള എല്ലാ ക്ഷേത്രങ്ങളിലും സംഗീത കച്ചേരി അവതരിപ്പിച്ചിട്ടുണ്ട്.

അടൂർ പങ്കജം തന്റെ പന്ത്രണ്ടാമത്തെവയസ്സിൽ  വീട്ടുകാരുടെ എതിർപ്പിനെ അവഗണിച്ചുകൊണ്ട് കണ്ണൂർ കേരള കലാനിലയത്തിന്റെ നാടക സമിതിയിൽ ചേരുകയും അവരുടെ മധുമാധുരീയം എന്ന നാടകത്തിൽ അഭിനയിക്കുകയും ചെയ്തു. മുന്നൂറിലധികം വേദികളിൽ ആ നാടകം കളിച്ചു. പിന്നീട് പല ട്രൂപ്പുകളിലായി ധാരാളം നാടകങ്ങളിൽ  അഭിനയിച്ചു. കൊല്ലം ഭരത കലാചന്ദ്രികയിലെ നാടകത്തിൽ അഭിനയിച്ചുകൊണ്ടിരിയ്ക്കുമ്പോൾ ആ ട്രൂപ്പിന്റെ ഉടമയായ ദേവരാജൻ പോറ്റിയുമായി സ്നേഹത്തിലാവുകയും താമസിയാതെ അവർ വിവാഹിതരാവുകയും ചെയ്തു. നാടകവേദികളിലെ അഭിനയപാടവം പങ്കജത്തിന് സിനിമയിലേയ്ക്കുള്ള അവസരം തുറന്നുകൊടുത്തു.

അടൂർ പങ്കജത്തിന്റെ ആദ്യ സിനിമ പ്രേമലേഖയായിരുന്നെങ്കിലും അവരുടെ ആദ്യം റിലീസ് ആയ ചിത്രം വിശപ്പിന്റെ വിളിയായിരുന്നു. 1952ൽ ആയിരുന്നു വിശപ്പിന്റെ വിളി റിലീസ് ആയത്.  ചെമ്മീനിലെ ചക്കിമരക്കാത്തി എന്ന വേഷമാണ്  അഭിനയ ജീവിതത്തിൽ വഴിത്തിരിവായത്.  നൂറ്റി അറുപതിൽ അധികം സിനിമകളിൽ അവർ അഭിനയിച്ചിട്ടുണ്ട്. കുഞ്ഞിക്കൂനൻ ആയിരുന്നു അവസാന ചിത്രം. ധാരാളം ടി വി സീരിയലുകളിലും അടൂർ പങ്കജം അഭിനയിച്ചിട്ടുണ്ട്. 2010 ജൂൺ 26ന് അടൂർ പങ്കജം അന്തരിച്ചു.

 പ്രശസ്ത നടി അടൂർ ഭവാനി സഹോദരിയാണ്. ശബരിമല അയ്യപ്പൻ എന്ന സിനിമയിലെ അഭിനയത്തിന് മികച്ച രണ്ടാമത്തെ നടിയ്ക്കുള്ള സംസ്ഥാന ചലച്ചിത്ര അവാർഡ് അടൂർ പങ്കജത്തിന് ലഭിച്ചിട്ടുണ്ട്. 2008ൽ സമഗ്ര സംഭാവനയ്ക്കുള്ള കേരള സംഗീത നാടക അക്കാദമിയുടെ അവാർഡും ലഭിച്ചിട്ടുണ്ട്. സിനിമ സീരിയൽ താരമായ അജയനാണ് അടൂർ പങ്കജത്തിന്റെ മകൻ.