നാഗവള്ളി ആർ എസ് കുറുപ്പ്
| Attachment | Size |
|---|---|
| 1.18 MB | |
| 1.25 MB |
അഭിഭാഷകനായ ആർ.എസ്. രാമക്കുറുപ്പിന്റെയും കുട്ടിയമ്മയുടെയും മകനായി ആലപ്പുഴയിലെ കുട്ടനാട്ടിലാണ് നാഗവള്ളി ആർ. ശ്രീധരക്കുറുപ്പ് ജനിച്ചത്. 1937 -ൽ ബി.എ.ബിരുദം നേടി. ആദ്യം ഇന്ത്യൻ ബാങ്കിൽ ഉദ്യോഗസ്ഥനായി ജോലിയിൽ പ്രവേശിച്ചു. ചെറുപ്പത്തിൽ തന്നെ സാഹിത്യാഭിരുചിയുണ്ടായിരുന്ന അദ്ദേഹം കൊല്ലത്ത് മലയാളരാജ്യം വാരികയിലാണ് ലേഖനങ്ങൾ ആദ്യം എഴുതി തുടങ്ങിയത്. പിന്നീട് ആലപ്പുഴ എസ്.ഡി. വിദ്യാലയത്തിൽ അധ്യാപകനും/ എസ്.ഡി.കോളേജിൽ മനഃശാസ്‌ത്ര വിഭാഗം ലക്‌ചററും ആയി ജോലി നോക്കിയശേഷം 1957 മുതൽ 1977 വരെ ആകാശവാണിയിൽ ഉദ്യോഗസ്ഥനായി ജോലി ചെയ്തു.
1950 -ൽ കൈലാസ് പിക്ച്ചേഴ്സിന്റെ ബാനറിൽ എൻ സി ചെല്ലപ്പൻനായരുടെ തിരക്കഥയിൽ സ്വാമി നാരായണൻ നിർമ്മിച്ച് ജാനകി റാം സംവിധാനം ചെയ്ത 'ശശിധരൻ' എന്ന ചിത്രത്തിന്റെ തിരക്കഥയിൽ സഹായിയായി എത്തി ആ ചിത്രത്തിൽ അഭിനയിക്കുകയും ചെയ്തുകൊണ്ടാണ് ശ്രീധരക്കുറുപ്പ് മലയാള ചലച്ചിത്ര രംഗത്തേക്ക് പ്രവേശിക്കുന്നത്. അതിനുശേഷം ഭക്തകുചേല, ഹോട്ടൽ ഹൈറേഞ്ച്, കറുത്ത രാത്രികൾ, കുമാരസംഭവം, ഹൃദയം ഒരു ക്ഷേത്രം, ജഗദ് ഗുരു ആദിശങ്കരൻ.. എന്നിവയുൾപ്പെടെ ഇരുപത്തിയഞ്ചിലധികം സിനിമകൾക്ക് തിരക്കഥ, സംഭാഷണം രചിച്ചു. മലയാളത്തിലെ ആദ്യ റിയലിസ്റ്റിക് ചിത്രമായ ന്യൂസ് പേപ്പർ ബോയ് -യ്ക്ക് സംഭാഷണം രചിച്ചത് നാഗവള്ളി ആർ എസ് കുറുപ്പായിരുന്നു. സാക്ഷരതാ ക്യാമ്പിനുവേണ്ടിയുള്ള പി എൻ പണിക്കരുടെ 'വെളിച്ചമേ നയിച്ചാലും' എന്ന ഡോക്യുമെന്ററി സംവിധാനം ചെയ്ത നാഗവള്ളി ആർ എസ് കുറുപ്പ്, അദ്ദേഹത്തിന്റെ തന്നെ ആണും പെണ്ണും എന്ന നോവൽ രണ്ടു ജന്മം എന്ന പേരിൽ തിരക്കഥ എഴുതി സംവിധാനം ചെയ്യുകയുമുണ്ടായി. 1980 -ൽ ഉറങ്ങിയ ഭക്തഹനുമാൻ എന്ന ചിത്രത്തിനാണ് അവസാനമായി അദ്ദേഹം തിരക്കഥ എഴുതിയത്.
രണ്ടുലോകം, ചുമടുതാങ്ങി, നാഴികമണി, ദലമർമ്മരം, പമ്പവിളക്ക്, മിണ്ടാപ്രാണികൾ, കല്യാണം കളിയല്ല, പൊലിഞ്ഞ ദീപം, ആഭിജാത്യം, ശവപ്പെട്ടി, ഇന്ത്യയുടെ മറുപടി, ആരുടെ വിജയം, ചലച്ചിത്രകല, സോഷ്യലിസത്തിലേക്ക് ഒരെത്തിനോട്ടം, ഡകാമറൺ (ഇറ്റാലിയൻ ചെറുകഥാ സമാഹാരത്തിന്റെ തർജ്ജമ), വ്യാസൻ, വാല്‌മീകി, തോട്ടി എന്നിവ ഇദ്ദേഹത്തിന്റെ പ്രശസ്ത സാഹിത്യ രചനകളാണ്. 1997 -ൽ സമഗ്രസംഭാവനയ്ക്കുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം നാഗവള്ളി ആർ എസ് കുറുപ്പിന് ലഭിച്ചു.
2003 ഡിസംബറിൽ നാഗവള്ളി ആർ എസ് കുറുപ്പ് അന്തരിച്ചു. എൻ രാജമ്മയാണ് അദ്ദേഹത്തിന്റെ ഭാര്യ. പ്രശസ്ത അഭിനേതാവും സംവിധായകനുമായ പരേതനായ വേണു നാഗവള്ളി ഉൾപ്പെടെ നാല് മക്കളുണ്ട്.

