പി ആർ നായർ

P R Nair
Date of Death: 
Friday, 10 September, 1999
സംവിധാനം: 1
തിരക്കഥ: 1

മലയാളം സിനിമാ ലോകത്തിന് സംഭാവന ചെയ്ത അതുല്യപ്രതിഭകളിലൊരാളായ ഫിലിം എഡിറ്റർ പി രാമൻ നായർ എന്ന പി ആർ നായർ തിരുവനന്തപുരത്താണ് ജനിച്ചത്.

പൂനാ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ ടൈപ്പിസ്റ്റായി ജോലിയിൽ പ്രവേശിച്ച രാമൻനായർ ദീർഘനാളത്തെ ഓദ്യോഗിക ജീവിത ത്തിനിടയിൽ സിനിമയുടെ സാങ്കേതിക വശങ്ങൾ കൂടി അവിടെവച്ച് പഠിക്കുകയുണ്ടായി.  1978 ൽ മികച്ച ചിത്രസം‌യോജനത്തിന് സംസ്ഥാന ചലച്ചിത്ര അവാർഡ് നേടിയ ഉത്രാടരാത്രിയുടെ എഡിറ്റ് നിർവഹിച്ചു ചലച്ചിത്ര ലോകത്തെത്തിയ ഇദ്ദേഹം അതേ വർഷം തന്നെ യാരോ ഒരാൾ എന്ന ചലച്ചിത്രത്തിന്റെ എഡിറ്റിങ്ങും നിർവഹിച്ചു. തുടർന്ന് അശ്വത്ഥാമാവ്, സ്വം, ഉണ്ണിക്കുട്ടന് ജോലികിട്ടി, ഏകാ കിനി, പൂത്തിരുവാതിരരാവിൽ, ബഷീർ ദി മാൻ, ദി ട്രാപ്‌ഡ് തുടങ്ങി 25 ലേറെ ചിത്രങ്ങളുടെ എഡിറ്ററായി പ്രവർത്തിച്ചു. 

ചിത്രലേഖാ ഫിലിം സൊസൈറ്റി രൂപം കൊണ്ടപ്പോൾ അതിൻറെ സജീവ പ്രവർത്തകനായി പ്രവർത്തിച്ചിട്ടുള്ള ഇദ്ദേഹം
എം.ടി. വാസുദേവൻനായരുടെ കഥയ്ക്ക് തിരക്കഥയെഴുതിയിട്ടുള്ള അപൂർവം വ്യക്തികളിൽ ഒരാളാണ്.

1981 ൽ സ്വർണ്ണപ്പക്ഷികൾ എന്ന ചിത്രം സംവിധാനം ചെയ്തിട്ടുള്ള ഇദ്ദേഹം 1998 സംസ്ഥാന അവാർഡ് നേടിയ പി.ആർ. ഗോപിനാഥിന്റെ പൂത്തിരുവാതിരരാവിൽ എന്ന ചിത്രത്തിനായിരുന്നു അവസാനമായി എഡിറ്റിങ് നിർവഹിച്ചത്.

ചലച്ചിത്രരംഗത്തെ പുതിയ നാമ്പുകൾക്ക് എന്നും മാർഗ്ഗദർശിയായും അദ്ധ്യാപകനായും പ്രവർത്തിച്ച ഇദ്ദേഹം 1999 സെപ്റ്റംബർ 10 ആം തിയതി അന്തരിച്ചു.