പി ശ്രീകുമാർ

P Sreekumar

മലയാള ചലച്ചിത്ര നടൻ, സംവിധായകൻ. 1946 മാർച്ച് 9- ന് പരമേശ്വരൻ നായരുടെയും പാറുക്കുട്ടിയമ്മയുടെയും മകനായി തിരുവനന്തപുരത്ത് ജനിച്ചു. 1968- ൽ കണ്ണൂർ ഡീലക്‌സ് എന്ന ചിത്രത്തിൽ ആയിരുന്നു ആദ്യമായി അഭിനയിച്ചത്. അതിനു ശേഷം കുറേ ചിത്രങ്ങളിൽ ചെറിയ വേഷങ്ങൾ ചെയ്തു. 1985- ലാണ് പി. ശ്രീകുമാർ സംവിധാനത്തിലേയ്ക്ക് കടക്കുന്നത്. തോപ്പിൽ ഭാസിയുടെ കയ്യും തലയും പുറത്തിടരുത് എന്ന നാടകം സിനിമയാക്കിക്കൊണ്ടായിരുന്നു അദ്ദേഹം സംവിധായകനാകുന്നത്. അതിനുശേഷം പി.ശ്രീകുമാർ 1987- ൽ അടൂർ ഗോപാലകൃഷ്ണന്റെ സിനിമയായ അനന്തരം -ത്തിന്റെ സഹസംവിധായകനായി പ്രവർത്തിച്ചു.

 പി.ശ്രീകുമാർ കഥ, തിരക്കഥ,സംഭാഷണം എന്നിവ എഴുതി സംവിധാനം ചെയ്ത സിനിമയാണ് അസ്ഥികൾ പൂക്കുന്നു 1989- ലാണ് ഈ സിനിമ റിലീസ് ചെയ്തത്. 1994- ൽ മമ്മൂട്ടിയെ നായകനാക്കി വിഷ്ണു എന്ന സിനിമയും അദ്ദേഹം സംവിധാനം ചെയ്തു. 1993- ൽ റിലീസ് ചെയ്ത മോഹൻലാൽ ചിത്രമായ കളിപ്പാട്ടം - ത്തിന്റെ കഥ ശ്രീകുമാറിന്റേതായിരുന്നു. എം മുകുന്ദന്റെ സീത എന്ന നോവൽ അതേ പേരിൽ സിനിമയാക്കി പി. ശ്രീകുമാർ സിനിമ നിര്‍മാതാവായി. പിന്നീട് നിർമിച്ച ചിത്രമായിരുന്നു സ്വർണ്ണപക്ഷികൾ അദ്ദേഹം നിർമ്മാതാവായി ഈ സിനിമയിൽ ഭാര്യ വസന്തയുടെ പേരാണ് കൊടുത്തിരിക്കുന്നത്. എൺപതോളം സിനിമകളിൽ അദ്ദേഹം അഭിനയിച്ചിടുണ്ട്. സിനിമകൾ കൂടാതെ ടെലിവിഷൻ സീരിയലുകളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.

പി. ശ്രീകുമാറിന്റെ ഭാര്യ വസന്ത. രണ്ടു മക്കൾ ചിന്തു, ദേവി.