എൻ ഗോപാലകൃഷ്ണൻ
തുളു ബ്രാഹ്മണ കുടുംബത്തിലാണ് ഗോപാലകൃഷ്ണൻ ജനിച്ചത്. അച്ഛന്റെ പേര് നരസിംഹൻ പോറ്റി. പൂജയും ഹോട്ടൽ ബിസിനസ്സുമൊക്കെയായിട്ടായിരുന്നു ഗോപാലകൃഷ്ണന്റെ ചെറുപ്പക്കാലം. അച്ഛന്റെ സുഹൃത്തായിരുന്ന കൃഷ്ണശർമ്മ വഴിയാണ് അദ്ദേഹം സിനിമയിലേയ്ക്കെത്തുന്നത്. മെരിലാൻഡ് സിനിമാ കമ്പനിയിലെ ഏഡിറ്ററായ ജോർജ്ജിന് കൃഷ്ണശർമ്മ ഗോപാലകൃഷ്ണനെ പരിചയപ്പെടുത്തുകയും ശർമ്മയുടെ ശിപാർശ പ്രകാരം ജോർജ്ജിന്റെ സഹായിയായി ഗോപാലകൃഷ്ണൻ സിനിമയിൽ തുടക്കം കുറിയ്ക്കുകയും ചെയ്തു.
കുറച്ചുകാലം ജോർജ്ജിന്റെ അസിസ്റ്റന്റായി പ്രവർത്തിച്ചതിനുശേഷം 1962 ൽ മെറിലാൻഡിന്റെ പ്രേംനസീർ ചിത്രം ശ്രീരാമപട്ടാഭിഷേകം മുതൽ ഗോപാലകൃഷ്ണൻ സ്വതന്ത്ര ചിത്രസംയോജകനായി. അന്നുമുതല്‍ മെരിലാന്‍ഡിന്റെ സ്ഥിരം എഡിറ്ററായി. കാട്ടുമൈന, പട്ടുതൂവാല, കൃഷ്ണാ ഗുരുവായൂരപ്പാ, സ്വാമി അയ്യപ്പൻ, കുമാരസംഭവം എന്നിവയുൾപ്പെടെ നീല പ്രൊഡക്ഷൻസിന്റെ ബാനറില്‍ പി.സുബ്രഹ്മണ്യം നിര്‍മിച്ച നാല്‍പതോളം ചിത്രങ്ങളുടെ എഡിറ്റിങ് നിര്‍വഹിച്ചു..പി.ആര്‍.എസ്. പിള്ള വഴിയാണ് ഗോപാലകൃഷ്ണന്‍ ആരംഭകാലത്തു തന്നെ ചിത്രാഞ്ജലിയിലെത്തുന്നത്. അരവിന്ദന്റെ പോക്കുവെയിലൊക്കെ എഡിറ്റ് ചെയ്യുന്നത് അവിടെവച്ചാണ്.
നിർമ്മാതാവ് ജി സുരേഷ് കുമാറുമായുള്ള സൗഹൃദമാണ് എൻ ഗോപാലകൃഷ്ണന്റെ ജീവിതത്തിൽ വഴിത്തിരിവായത്. സുരേഷ് കുമാർ വഴിയാണ് പ്രിയദർശൻ, മോഹൻലാൽ തുടങ്ങിയവരുമായി ഗോപാലകൃഷ്ണൻ പരിചയപ്പെടുന്നത്. അവരുടെ തിരനോട്ടം എന്ന പരീക്ഷണ ചിത്രത്തിൽ ഗോപാലകൃഷ്ണനും പങ്കാളിയായി. അ സൗഹൃദം കാരണം പൂച്ചക്കൊരു മൂക്കുത്തി മുതൽ കിളിച്ചുണ്ടൻ മാമ്പഴം വരെ മുപ്പത്തിരണ്ട് മോഹൻലാൽ ചിത്രങ്ങളൂടെ എഡിറ്ററായി ഗോപാലകൃഷ്ണൻ പ്രവർത്തിച്ചു. കിലുക്കത്തിലെയും തേന്മാവിന്‍ കൊമ്പത്തിലെയും കാലാപാനിയിലെയുമെല്ലാം കൊതിപ്പിക്കുന്ന രംഗങ്ങള്‍ അമ്പതുകളില്‍ എഡിറ്റിങ് തുടങ്ങിയ ഒരാള്‍ വെട്ടിയൊട്ടിച്ച് വിരിയിച്ചെടുത്തതാണെന്ന വസ്തുത പുതിയ തലമുറയ്ക്ക് വിശ്വസിക്കാന്‍ പ്രയാസമാവും. ഈ ദൃശ്യങ്ങള്‍ക്കും അതിന്റെ ലയത്തിനും കാരണം അവരുടെ സാങ്കേതികജ്ഞാനം മാത്രമല്ല, മനസ്സുകളുടെ ഐക്യം കൂടിയായിരുന്നു എന്നതിന് ഓടരുതമ്മാവാ ആളറിയാം മുതല്‍ വെട്ടം വരെയുള്ള ചിത്രങ്ങൾ സാക്ഷ്യം
സുഹൃത്തുക്കളായ മോഹൻലാലിന്റെയും പ്രിയദർശന്റെയും പ്രോത്സാഹനത്തോടെയാണ് എൻ ഗോപാലകൃഷ്ണൻ സിനിമാ നിർമ്മതാവായത്. പ്രിയദർശൻ സംവിധാനം ചെയ്ത് മോഹൻലാൽ നായകനായ തേന്മാവിൻ കൊമ്പത്ത് ആയിരുന്നു ഗോപാലകൃഷ്ണൻ നിർമ്മിച്ച ചിത്രം. വലിയ വിജയമായ ചിത്രം മലയാളികളൂടെ എന്നത്തേയും പ്രിയപ്പെട്ട ചിത്രമാണ്. മാതൃഭാഷയായ ലിപിയില്ലാത്ത തുളുവില്‍ നിന്ന് ഗോപാലകൃഷ്ണന്‍ സംഭാവന ചെയ്ത "മുദ്ദു ഗവു" എന്ന വാക്ക് തേന്മാവിൻ കൊമ്പത്തിലൂടെ മലയാളികൾക്കിടയിലും പ്രശസ്തമായി. 2008 -ൽ പ്രിയദർശന്റെ കാഞ്ചീപുരം എന്ന ചിത്രത്തിന്റെ എഡിറ്റിംഗിനുവേണ്ടിയുള്ള തെയ്യാറെടുപ്പുകൾ നടത്തുന്നതിനിടെയായിരുന്നു ഗോപാലകൃഷ്ണന്റെ മരണം.
ഭാര്യയും നാാലുമക്കളുമാണ് ഗോപാലകൃഷ്ണനുള്ളത്.
.
.