പെരുമ്പാവൂർ ജി രവീന്ദ്രനാഥ്

Perumbavoor G Raveendranath-Music Director
Date of Birth: 
Wednesday, 5 January, 1944
സംഗീതം നല്കിയ ഗാനങ്ങൾ: 68
ആലപിച്ച ഗാനങ്ങൾ: 1

കർണാടക സംഗീതജ്ഞനും മലയാള ചലച്ചിത്ര സംഗീത സം‌വിധായകനും ഗായകനുമായ പെരുമ്പാവൂർ ജി. രവീന്ദ്രനാഥ് 1944 ജനുവരി 5 ആം തിയതി  അഭിഭാഷകനായിരുന്ന വി.ആർ. ഗോപാലപ്പിള്ളയുടെയും എം.കെ. ഭാർഗവിയമ്മയുടെയും ഇളയ മകനായി എറണാകുളം ജില്ലയിലെ പെരുമ്പാവൂരിൽ ജനിച്ചു.

വി.കെ.ശങ്കരപ്പിള്ള/പെരുമ്പാവൂർ ബാലകൃഷണയ്യർ എന്നിവരിൽ നിന്ന്  സംഗീതത്തിന്റെ ആദ്യ പാഠങ്ങൾ ശീലീച്ച ഇദ്ദേഹം ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിൽ  പ്രീ-യൂണിവേഴ്സിറ്റിക്ക് പഠിക്കുമ്പോൾ 
ഗായകൻ പി ജയചന്ദ്രൻ ഇദ്ദേഹത്തിന്റെ സഹപാഠിയായിരുന്നു.

തുടർന്ന് പെരുമ്പാവൂർ ശങ്കരാ കോളേജിൽ നിന്നും രസതന്ത്രത്തിൽ ബിരുദം നേടിയ ഇദ്ദേഹം 1976 ൽ തരംഗനിസരി സ്കൂളിൽ സംഗീതാദ്ധ്യാപകനായി ചേർന്നു. തുടർന്ന് 1977 ൽ തിരുവനന്തപുരം ആകാശവാണിയിൽ സംഗീത സംവിധായകനായി.

ആകാശവാണിയിലെ എ ഗ്രേഡ്  കലാകാരൻ കൂടിയായ ഇദ്ദേഹം അവരുടെ ദേശീയ സംഗീത പരിപാടിയിൽ പാടിയിട്ടുണ്ട്. 

ബി. ശശികുമാർ/ കെ. എസ്. ഗോപാലകൃഷ്ണൻ/ആർ. വെങ്കിട്ടരാമൻ/മാവേലിക്കര കൃഷ്ണൻകുട്ടി നായർ/ ആർ.കൃഷ്ണസ്വാമി/ദൊരൈസ്വാമി/ എം. ജി. രാധാകൃഷ്ണൻ/ നെയ്യാറ്റിൻകര വാസുദേവൻ/ എസ്. എ. സ്വാമി/കെ. പി. ഉദയഭാനു/ എസ്. ആർ. രാജു തുടങ്ങിയ സംഗീതജ്ഞർ അദ്ദേഹത്തിന്റെ സഹപ്രവർത്തകരായിരുന്നു.

തിരുവനന്തപുരത്തെ നവരാത്രി മണ്ഡപത്തിലും സരസ്വതി മണ്ഡപത്തിലും സ്വാതി സംഗീതോത്സവത്തിലുമടക്കം ഇന്ത്യയിലെമ്പാടും അദ്ദേഹം കർണ്ണാടക സംഗീതക്കച്ചേരികൾ നടത്തിയീട്ടുള്ള ഇദ്ദേഹത്തിന് ചെമ്പൈ മെമ്മോറിയൽ ട്രസ്റ്റിന്റെ ആദരവും ആറ്റുകാൽ ദേവി പുരസ്കാരവും ഉദിയന്നൂർ ദേവി പുരസ്കാരവും ലഭിച്ചിട്ടുണ്ട്.

ലളിത ഗാന  സംവിധായകനെന്ന നിലക്ക് ആകാശവാണിയുടെ ദേശീയപുരസ്കാരം 1984,1987,1994 എന്നീ വർഷങ്ങളിൽ അദ്ദേഹത്തെ തേടിയെത്തി. 1991 ൽ ടി.വി. പരിപാടികളിലെ മികച്ച സംഗീത സംവിധായകൻ എന്ന സമ്മാനം/1996 ൽ കേരള സംഗീതനാടക അക്കാദമി അവാർഡ്/2013 ൽ ഇന്ത്യാ സർക്കാറിന്റെ സാംസ്കാരിക മന്ത്രാലയത്തിൽ നിന്ന് കർണ്ണാടക സംഗീതത്തിൽ സീനിയർ റിസർച്ച് ഫെല്ലോഷിപ്പ് എന്നിവയും  അദ്ദേഹത്തിന്ന് കിട്ടിയിട്ടുണ്ട്.

ഇന്നലെ/സ്നേഹം/തൂവനത്തുമ്പികൾ/അക്ഷരം/ അയലത്തെ അദ്ദേഹം/ ചിത്രശലഭങ്ങൾ തുടങ്ങി നിരവധി ചലച്ചിത്രങ്ങൾക്ക് സംഗീതം നൽകിയീട്ടുള്ള അദ്ദേഹത്തിന്ന് ഇന്നലെ എന്ന ചിത്രത്തിന്റെ സംഗീത സംവിധാനത്തിന്ന് കേരള സംസ്ഥാന അവാർഡ് കിട്ടിയിട്ടുണ്ട്.

കെ.ജെ.യേശുദാസിന്റെ തരംഗിണി സ്റ്റൂഡിയോയുമായി സഹകരിച്ചുകൊണ്ട് അദ്ദേഹം പ്രശസ്തമായ നിരവധി ഭക്തിഗാനങ്ങൾ സംവിധാനം ചെയ്തിട്ടുണ്ട്.