എ പി ഗോപാലൻ

AP Gopalan
എഴുതിയ ഗാനങ്ങൾ: 28

പ്രൊഫൈൽ ചിത്രം : പ്രദീപ് മലയിൽകടയുടെ  ഫേസ്ബുക്ക് പോസ്റ്റ്

കായംകുളത്ത്ഒക്കാരനായ ഒരദ്ധ്യാപകനായിരുന്നു ഇദ്ദേഹം. ഒരു കാലത്ത് ആനുകാലിക പ്രസിദ്ധീകരണങ്ങളിലൊക്കെ എ. പി.ഗോപാലന്റെ കവിതകൾ പ്രസിദ്ധീകരിച്ചിരുന്നു. അദ്ധ്യാപന ജീവിതത്തിന്റെ ഇടവേളകളിൽ അദ്ദേഹം ഒരുപാട് കവിതകൾ രചിച്ചു.

1972ൽ മലയാളമനോരമ ആഴ്ചപ്പതിപ്പിൽ എ.പി.ഗോപാലൻ എഴുതിയ ഒരുകവിത സംവിധായകൻ കുഞ്ചാക്കോ കാണുവാനിടയായി. കവിത വളരെയിഷ്ടപ്പെട്ട കുഞ്ചാക്കോ "പൊന്നാപുരംകോട്ട"എന്ന പടുകൂറ്റൻസിനിമയുടെ തിരക്കിലായിരുന്നെങ്കിലും എ. പി.ഗോപാലനെയൊന്ന് നേരിൽ കാണാൻ മോഹിച്ചു. ഉടനെ അദ്ദേഹം കായംകുളത്തേയ്ക്ക് ആളയച്ചു. സമയം പോലെ ചെല്ലാമെന്നറിയിച്ച് വന്നയാളെ അദ്ദേഹം തിരികെ അയച്ചു. ആഴ്ചകൾ പോകെ ഒരു ദിവസം അദ്ദേഹം ഉദയാ സ്റ്റുഡിയോയിലെത്തി. പക്ഷേ, അപ്പോഴേക്കും സിനിമയുടെ പാട്ടുകളെല്ലാം വയലാർ എഴുതി കഴിഞ്ഞിരുന്നു. പക്ഷേ, കുഞ്ചാക്കോ അദ്ദേഹത്തെ വെറുതേ വിടാൻ തയ്യാറായില്ല. സ്റ്റുഡിയോയിൽ ഇരുത്തി തന്നെ അദ്ദേഹത്തെ കൊണ്ട് ഒരു പാട്ട് എഴുതിപ്പിച്ചു. "വയനാടൻ കേളൂന്റെ...."എന്ന് തുടങ്ങുന്ന ആ ഗാനം സംഗീതം ചെയ്തത് ജി ദേവരാജനായിരുന്നു.

പിന്നീട് 5 വർഷങ്ങൾക്ക് ശേഷം 1978ലാണ് എ.പി.ഗോപാലൻ "പാദസരം"സിനിമയ്ക്കുവേണ്ടി.. "ഉഷസ്സേ നീയെന്നെ.." എന്ന ഗാനമെഴുതുന്നത്. ചിത്രം പരാജയപ്പെട്ടുവെങ്കിലും ആ ഗാനം സൂപ്പർഹിറ്റ്ചാർട്ടിൽ ഇടംപിടിച്ചു. പിന്നീട് മലയാളിത്തം തുളുമ്പുന്ന ഒരുപാട് പാട്ടുകൾ അദ്ദേഹമൊരുക്കി. "അച്ഛൻ സുന്ദരൻ സൂര്യൻ" (സ്വരങ്ങൾസ്വപ്നങ്ങൾ), "ഗ്രാമ്പൂമണം തൂകും കാറ്റേ" (കാട്ടരുവി) "പാർവ്വതി സ്വയംവരം കഴിഞ്ഞ രാവിൽ", "അത്തപ്പൂചിത്തിരപ്പൂ..." "കണ്ണുണ്ടെങ്കിലും കാണാതെ പോകും" (രാഗം താനം പല്ലവി) "മുത്തു കിലുങ്ങും ചെപ്പാണെടാ" "താളിക്കുരുവീ തേൻകുരുവീ" (മുത്തുച്ചിപ്പികൾ) "പൊന്നുരുക്കീ തട്ടണ് മുട്ടണ്" (തീക്കടൽ) "ഉദയശോഭയിൽ" (മദ്രാസിലെ മോൻ), "സുഗന്ധ ഭസ്മകുറി തൊട്ടു" (നിത്യവസന്തം) തുടങ്ങിയ അനേകം ഹിറ്റുകൾ  ആ തൂലികയിൽ വിരിഞ്ഞു. കൂടാതെ ഒട്ടനവധി അമച്വർ നാടകങ്ങൾക്കും, പ്രൊഫഷണൽ നാടകങ്ങൾക്കും ഗാനങ്ങളെഴുതിയ അദ്ദേഹം ആകാശവാണിക്ക് വേണ്ടി ലളിതഗാനങ്ങളും എഴുതിയിട്ടുണ്ട്.