Perumbavoor G Raveendranath
സംഗീത സംവിധായകൻ
സംഗീത പാരമ്പര്യമുള്ള കുടുംബത്തിലാണ് പെരുമ്പാവൂർ ജി രവീന്ദ്രനാഥ് ജനിച്ചത്. സഹോദരൻ രാമചന്ദ്രമേനോന്റെ പാട്ട് പഠിക്കുന്നത് സ്ഥിരമായി കേൾക്കുമായിരുന്നു. അങ്ങനെയാണ് സംഗീതം പഠിക്കാൻ തീരുമാനിച്ചത്. ശെമ്മാങ്കുടി ശ്രീനിവാസ അയ്യരുടെ ശിഷ്യനായിരുന്ന ഗാനഭൂഷണം വി കെ ശങ്കരപ്പിള്ളയായിരുന്നു ആദ്യ ഗുരു. അദ്ദേഹത്തിന്റെ കീഴിൽ രാഗങ്ങളും വർണ്ണങ്ങളും പഠിച്ചശേഷം, പെരുമ്പാവൂർ ബാലകൃഷ്ണ അയ്യരുടെ ശിഷ്യത്വം സ്വീകരിച്ച് 10 വർഷം പഠനം തുടർന്നു.
ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിൽ നിന്നും പ്രീ-യൂണിവേഴ്സിറ്റി പാസ്സായ ശേഷം പെരുമ്പാവൂർ ശങ്കരാ കോളേജിൽ നിന്നും രസതന്ത്രത്തിൽ ബിരുദം നേടി.
1976ൽ തരംഗണീശരി സംഗീതവിദ്യാലയത്തിൽ പ്രൊഫസറായി ചേർന്നു. ഒരു വർഷത്തിനു ശേഷം തിരുവനന്തപുരം ആകാശവാണിയിൽ സംഗീത സംവിധായകനായി ജോലി സമ്പാദിച്ചു. അക്കാലത്ത് ബി ശശികുമാർ, കെ എസ് ഗോപാലകൃഷ്ണൻ, ആർ വെങ്കിട്ടരാമൻ, മാവേലിക്കര കൃഷ്ണൻകുട്ടി നായർ, ആർ കൃഷ്ണസ്വാമി, ദൊരൈസ്വാമി, എം ജി രാധാകൃഷ്ണൻ, നെയ്യാറ്റിൻകര വാസുദേവൻ, കെ പി ഉദയഭാനു, എസ് ആർ രാജു, എസ് എ സ്വാമി തുടങ്ങി മുപ്പതോളം പ്രമുഖ കർണ്ണാടകസംഗീതജ്ഞർ അദ്ദേഹത്തോടൊപ്പം ആകാശവാണിയിലുണ്ടായിരുന്നു.
1987ൽ തൂവാനത്തുമ്പികളിലൂടെ പത്മരാജനാണ് പെരുമ്പാവൂർ ജി രവീന്ദ്രനാഥിനെ സംഗീത സംവിധായകനായി സിനിമയിൽ അവതരിപ്പിച്ചത്. ആ തീരുമാനത്തിൽ പ്രതിഷേധിച്ച് ആദ്യം വരികളെഴുതാൻ തീരുമാനിക്കപ്പെട്ടിരുന്ന ഓ എൻ വി ചിത്രത്തിൽ പ്രവർത്തിക്കാൻ വിസമ്മതിക്കുകയും പകരം ശ്രീകുമാരൻ തമ്പി ഗാനരചന നിർവ്വഹിക്കുകയും ചെയ്തു.
ഇന്നലെ, അക്ഷരം, അയലത്തെ അദ്ദേഹം, ചിത്രശലഭങ്ങൾ തുടങ്ങി പത്തോളം ചിത്രങ്ങളിൽ ഗാനങ്ങളൊരുക്കിയ അദ്ദേഹം ഇന്നലെയിലൂടെ 1990ലെ മികച്ച സംഗീത സംവിധായകനുള്ള സംസ്ഥാന അവാർഡ് നേടിയിട്ടുണ്ട്.
കൗതുകങ്ങൾ
- ഗായകൻ പി ജയചന്ദ്രൻ ക്രൈസ്റ്റ് കോളേജിൽ ഇദ്ദേഹത്തിന്റെ സഹപാഠിയായിരുന്നു.
ചിത്രം: രാകേഷ് കോന്നി
അവലംബം: ദ ഹിന്ദു