ഭാവന രാധാകൃഷ്ണൻ
1961 ജൂലൈ 28 -ന് തൃക്കലേരി മനയിലെ ജാതവേദൻ നമ്പൂതിരിയുടേയും സരസ്വതി അന്തർജ്ജനത്തിന്റേയും മകളായി പാലക്കാട് ജില്ലയിലെ ചെർപ്പുള്ളശ്ശേരി, കാറൽമണ്ണയിൽ ജനിച്ചു അച്ഛൻ ജാതവേദൻ നമ്പൂതിരി അദ്ധ്യാപകനും ചിത്രകാരനുമായിരുന്നു.(പ്രമുഖ ചിത്രകാരനായിരുന്ന കെ സി എസ് പണിക്കരുടെ ശിഷ്യനായ അദ്ദേഹം പെയിന്റിങ്ങ് എക്സിബിഷനുകൾ നടത്തിയിട്ടുണ്ട്) അലനല്ലൂര്‍ മോഡല്‍ ഗേള്‍സ് ഹൈസ്കൂള്‍, പാലക്കാട് മോയൻസ് ഗേൾസ് ഹൈസ്ക്കൂൾ, മണ്ണാര്‍ക്കാട് എംഇഎസ്, ചിറ്റൂർ ഗവ.കോളേജ്, തിരുവനന്തപുരം വിമൻസ് കോളേജ് എന്നിവിടങ്ങളിൽ വിദ്യാഭ്യാസം.
ഏഴാം വയസ്സുമുതലേ സംഗീത പഠനം തുടങ്ങിയ ഭാവനയുടെ ആദ്യ ഗുരു കേശവൻ നമ്പൂതിരി. പിന്നീട് ചെമ്പൈയുടെ ശിഷ്യൻ കുഞ്ഞിരാമൻ ഭാഗവതരുടേ കീഴിൽ 15 വയസ്സുവരെ സംഗീത പഠനം. പതിനഞ്ചാം വയസ്സിൽ ഗുരുവായൂരിൽ വെച്ച് അരങ്ങേറ്റം നടത്തി. പതിനാറ് വയസ്സുള്ളപ്പോൾ കോഴിക്കോട് ആകാശവാണി നിലയത്തിൽ ബി ഹൈ ആർട്ടിസ്റ്റായി തെരഞ്ഞെടുക്കപ്പെട്ടു. സ്ക്കൂൾ കോളേജ് പഠന കാലത്ത് സംഗീതത്തിൽ നിരവധി സമ്മാനങ്ങൾ കരസ്ഥമാക്കിയിരുന്നു. പ്രീഡിഗ്രിയ്ക്കു പഠിയ്ക്കുമ്പോൾത്തന്നെ ഭാവന സംഗീതക്കച്ചേരികൾക്ക് പോകാൻ തുടങ്ങിയിരുന്നു. ചിറ്റൂർ ഗവ. കോളേജിൽ പഠിക്കുമ്പോൾ യൂണിവേഴ്സിറ്റി യുവജനോത്സവത്തിൽ ശാസ്ത്രീയ സംഗീതത്തിന് രണ്ടാം സ്ഥാനം കരസ്ഥമാക്കി. ഒന്നാം റാങ്കിൽ ബി. എ (മ്യൂസിക്) പാസായ ശേഷം തിരുവനന്തപുരം വിമൻസ് കോളേജിൽ എം എ (മ്യൂസിക്) ന് ചേർന്നു. എം എ പഠനത്തിനിടക്ക് നിരവധി ഗുരുക്കന്മാരെ കിട്ടാനും സംഗീത കച്ചേരികൾ നടത്താനും നിരവധി പ്രമുഖ ഗായകരുടെയൊപ്പം പാടാനും സാധിച്ചു. (എം എ പഠനത്തിനിടയിലാണ് ഹൈദരാബാദിൽ വെച്ച് ആദ്യമായി യേശുദാസിനൊപ്പം ഗാനമേളക്ക് ഒരുമിച്ച് പാടിയത്) പെരുമ്പാവൂർ ജി രവീന്ദ്രനാഥിന്റെ കീഴിൽ ഏകദേശം പത്തു വർഷത്തോളം സംഗീതം അഭ്യസിക്കാനും നെയ്യാറ്റിൻകര മോഹനചന്ദ്രൻ, പ്രഭാകരവർമ്മ, സീതാലക്ഷ്മി എന്നിവരെ ഗുരുക്കന്മാരായി ലഭിക്കാനും സാധിച്ചു. എം എ (മ്യൂസിക്) പാസായ ഉടനെത്തന്നെ കൊല്ലം എസ്. എൻ കോളേജിൽ ലക്ചറർ ജോലി ലഭിച്ചു.
“ആറ്റുകാൽ ഭഗവതിക്ക് പൊങ്കാല..” എന്ന ഭക്തിഗാനമാണ് റെക്കോർഡ് ചെയ്യപ്പെട്ട ആദ്യ ഗാനം. തങ്കൻ തിരുവട്ടാർ ഗാനരചന നടത്തിയ “കൌസ്തുഭം” എന്ന ആ ഭക്തിഗാന കാസറ്റിൽ ഉണ്ണിമേനോനായിരുന്നു പ്രധാന ഗായകൻ. തുടർന്ന് അമ്പതിൽപ്പരം ഭക്തിഗാന കാസറ്റുകളിൽ പാടാൻ കഴിഞ്ഞു. 1995 -ൽ കേണൽ പങ്കുണ്ണിനായർ എന്ന ചിത്രത്തിനു വേണ്ടി എം ജി ശ്രീകുമാറിനോടൊപ്പം പാടിയ “തങ്കവിളക്കാണമ്മ...” എന്ന ഗാനമാണ് ഭാവനയുടെ ആദ്യ ചലച്ചിത്ര ഗാനം. കൈതപ്രം ദാമോദരൻ നമ്പൂതിരിയായിരുന്നു അതിന്റെ ഗാനരചന. നിർഭാഗ്യവശാൽ സിനിമ റിലീസായില്ല. ഭാവനയുടെ അമ്മാവനായ ഉണ്ണികൃഷ്ണൻ നമ്പൂതിരിയുടെ മകളെയാണ് കൈതപ്രം വിവാഹം ചെയ്തിരിക്കുന്നത്. കൈതപ്രവുമായുള്ള ആ ബന്ധം ചലച്ചിത്രരംഗത്തേക്ക് വരാൻ ഭാവനക്ക് വഴിയൊരുക്കി. 1997-ൽ കളിയാട്ടം എന്ന ജയരാജ് സിനിമക്ക് വേണ്ടി “എന്നോടെന്തിനീ പിണക്കം..” എന്ന ഗാനം പാടി ആ വർഷത്തെ ഏറ്റവും നല്ല ഗായികക്കുള്ള സംസ്ഥാന അവാർഡ് കരസ്ഥമാക്കി. പിന്നീട് ചിത്രശലഭം എന്ന സിനിമയിൽ പെരുമ്പാവൂർ ജി രവീന്ദ്രനാഥിന്റെ സംഗീതത്തിൽ “നന്ദകുമാരന് നൈവേദ്യമായൊരു..” എന്ന ഗാനം, കാറ്റത്തൊരു പെൺപൂവ് എന്ന സിനിമയിൽ 'മനസ്സിലെന്തേ മയിൽപ്പീലി...എന്ന ഗാനമുൾപ്പെടെ ഏഴ് സിനിമകളിൽ ഭാവന രാധാകൃഷ്ണൻ ഗാനങ്ങൾ ആലപിച്ചു.
സൂര്യ ഫെസ്റ്റിവൽ 2006, 2008 എന്നീ വർഷങ്ങളിൽ നടന്ന ഭാവനയുടേ സംഗീത കച്ചേരികൾ ശ്രദ്ധിക്കപ്പെട്ടു. കമുകറ, ഉദയഭാനു എന്നിവരുടെ നേതൃത്വത്തിലുള്ള “ഓൾഡ് ഈസ് ഗോൾഡ്” എന്ന സംഗീത ട്രൂപ്പിലും ഭാവന പാടിയിരുന്നു. തോന്നയ്ക്കൽ ആശാൻ സ്മാരകം തയ്യാറാക്കിയ മൂലൂർ കൃതികളടങ്ങിയ സംഗീത ആൽബത്തിലെ ഗാനങ്ങൾ ഭാവനയാണ് ചിട്ടപ്പെടുത്തിയത്. കൊല്ലം എസ് എൻ കോളേജ് ലക്ചറർ ഗിരിജാകുമാരിയമ്മ രചിച്ച ഗാനങ്ങൾക്ക് ഭാവന സംഗീതം നൽകി “ സൂര്യഗീതം” എന്ന സംഗീത ആൽബം 2008 -ൽ പുറത്തിറക്കി. മലയാളത്തിൽ സംഗീത സംവിധാനം നിർവ്വഹിക്കുന്ന ആദ്യത്തെ പിന്നണി ഗായികയായ ഭാവന സംഗീതം നൽകിയ ആറിലധികം ആൽബങ്ങൾ ഇറങ്ങിയിട്ടുണ്ട്. ഭാവന രാധാകൃഷ്ണൻ സംഗീതം നൽകിയ ഗുരുദേവ കൃതികളിൽ രണ്ടു പാട്ടുകൾ പാടിയത് പ്രശസ്ത നടൻ സുരേഷ് ഗോപിയാണ്. 2002 -ൽ കേരള യൂണിവേഴ്സിറ്റിയിൽ നിന്ന് സംഗീതത്തിൽ ഡോക്ടറേറ്റ് നേടിയ ഭാവന ശാസ്ത്രീയ സംഗീത കച്ചേരികളിലും സംഗീതപഠനത്തിലും ശ്രദ്ധകേന്ദ്രീകരിച്ചു. ഔദ്യോഗിക ജീവിതത്തിൽ നിന്നും വിരമിച്ചതിനുശേഷം കുട്ടികൾക്ക് സംഗീതക്ലാസ് നടത്തിയും, കച്ചേരികൾ നടത്തിയും ഭാവന രാധാകൃഷ്ണൻ സംഗീതമേഖലയിൽ സജീവമാണ്.
തിരുവനന്തപുരം മഹാത്മാഗാന്ധികോളേജിൽ നിന്നും അദ്ധ്യാപകനായി വിരമിച്ച രാധാകൃഷ്ണനാണ് ഭാവനയുടെ ഭർത്താവ്. മകൻ അരുൺ കൃഷ്ണൻ എഞ്ചിനീയറും ഗായകനും, മകൾ അനഘ എഞ്ചിനീയറിങ്ങ് വിദ്യാർത്ഥിനിയും വയലിനിസ്റ്റുമാണ്.