എസ് രമേശൻ നായർ
അറിയപ്പെടുന്ന മലയാള കവിയും ഗാനരചയിതാവുമാണ് എസ് രമേശൻ നായർ. കേരള ഭാഷാ ഇനിസ്റ്റിറ്റ്യൂട്ടിൽ സബ് എഡിറ്ററായും ആകാശവാണിയിൽ പ്രോഗ്രാം പ്രൊഡ്യൂസറായും അദ്ധേഹം ജോലിചെയ്തിരുന്നു.
ആയിരം പക്ഷികൾ പാടിപ്പറന്നാലും ആകാശം ഒന്നുതന്നെയാണെന്നും, വേഷങ്ങളായിരമുണ്ടെങ്കിലും കർമ്മ വേദാന്തമൊന്നുതന്നെയാണെന്നും പറഞ്ഞ് ഒടുവിൽ, മുപ്പത്തുമുക്കോടിയുണ്ടെങ്കിലും ദൈവം സത്യത്തിലൊന്നുതന്നെ എന്ന തത്ത്വമസീദർശനത്തിലെത്തുന്നവയാണ് ഇദ്ദേഹത്തിന്റെ കവിതകൾ.
ഗാനരചയിതാവായി ആദ്യം പ്രവർത്തിച്ചത് രംഗം എന്ന ചിത്രത്തിനു വേണ്ടിയായിരുന്നെങ്കിലും, ആദ്യം റിലീസ് ചെയ്ത ചിത്രം ഇടനിലങ്ങൾ ആയിരുന്നു.
ഹൃദയവീണ, പാമ്പാട്ടി, ഉർവ്വശീപൂജ, ദു:ഖത്തിന്റെ നിറം, കസ്തൂരിഗന്ധി, അഗ്രേപശ്യാമി, ജന്മപുരാണം, കളിപ്പാട്ടങ്ങൾ, ചരിത്രത്തിന്നു പറയാനുള്ളത് എന്നിവയാണ് പ്രധാന കൃതികൾ. തിരുക്കുറൽ, ചിലപ്പതികാരം എന്നീ കൃതികളുടെ മലയാള വിവർത്തനവും, സ്വാതിമേഘം, അളകനന്ദ, ശതാഭിഷേകം, വികടവൃത്തം തുടങ്ങിയ നാടകങ്ങളും രചിച്ചിട്ടുണ്ട്.
സിനിമയ്ക്കു പുറമേ ഒട്ടേറെ ഭക്തിഗാനങ്ങളും ലളിത ഗാനങ്ങളും എഴുതിയിട്ടുണ്ട്.
ഓടക്കുഴൽ അവാർഡ്, ഇടശ്ശേരി അവാർഡ്, വെണ്ണിക്കുളം അവാർഡ് എന്നിവയാണ് ഇദ്ദേഹത്തിനു ലഭിച്ച പ്രധാന പുരസ്കാരങ്ങൾ.
2021 ജൂൺ 18ന് അന്തരിച്ചു. മകൻ മനു രമേശനും ഗാനരചന രംഗത്ത് സജീവമാണ്.