കുമാരനാശാൻ

Kumaranashan
Date of Death: 
ചൊവ്വ, 16 January, 2024
എഴുതിയ ഗാനങ്ങൾ: 11
കഥ: 2

1971 ഏപ്രിൽ 12 -ന്  നാരായണൻ പെരുങ്ങാടിയുടേയും കൊച്ചുപെണ്ണിന്റേയും മകനായി തിരുവനന്തപുരത്തെ ചിറയിൻ‌കീഴ് കടയ്ക്കാവൂരിൽ ജനിച്ചു. ഏഴുവയസ്സായപ്പോൾ കുമാരനെ ഒരു കുടിപ്പള്ളിക്കൂടത്തിൽ ചേർത്തു. തുണ്ടത്തിൽ പെരുമാളാശാനായിരുന്നൂ കുമാരൻ്റെ ആദ്യ ഗുരു. എട്ടുവയസ്സായപ്പോൾ സംസ്കൃതപഠനവുമാരംഭിച്ചു. ഇതിനിടയിൽ കുമാരുവിന്റെ അച്ഛന്റെയും മറ്റും പ്രയത്നത്താൽ അവിടെയൊരു പ്രൈമറി സ്കൂൾ സ്ഥാപിച്ചു. ചക്കൻവിളാകം പ്രൈമറി സ്‌കൂൾ - കോയിൽത്തോട്ടം സ്കൂളെന്നുമറിയപ്പെട്ടിരുന്നു. ഇപ്പോളത്, ആശാൻ മെമ്മോറിയൽ ഗവണ്മെൻ്റ് എൽ.പി സ്കൂൾ കായിക്കര എന്നു പുനർനാമകരണം ചെയ്യപ്പെട്ടിരിക്കുന്നു. പതിനൊന്നാമത്തെ വയസ്സിൽ, കുമാരൻ ആ സ്കൂളിൽ രണ്ടാംതരത്തിൽ ചേർന്നു. പതിനാലാമത്തെ വയസ്സിൽ, പ്രശസ്തമായ രീതിയിൽത്തന്നെ സ്കൂൾപരീക്ഷയിൽ വിജയിച്ചു.

പഠനത്തിന് ശേഷം സ്വന്തം സ്കൂളിൽ അദ്ധ്യാപകനായി കുറച്ചുകാലം ജോലി നോക്കിയെങ്കിലും അത്ര ചെറുപ്രായത്തിലുള്ളവരെ അദ്ധ്യാപകരായി നിയമിക്കാൻ വകുപ്പില്ലായിരുന്നതിനാൽ ആ ജോലി കുമാരന് നഷ്ടപ്പെട്ടു. അതിനുശേഷം അദ്ദേഹം ഒരു കടയിൽ കണക്കെഴുത്ത് ജോലിയ്ക്ക് കയറി. അതിനോടൊപ്പം ചില സ്നേഹിതന്മാരോട് കൂടി ചേർന്ന്  ഇംഗ്ലീഷ് പഠിക്കുവാനും തുടങ്ങി. കണക്കെഴുത്ത് ജോലിയിൽ ഏർപ്പെട്ടിരുന്ന കാലത്ത് തന്നെ കുമാരനാശാൻ കവിതകൾ എഴുതിയിരുന്നു. സുജനാനന്ദിനി എന്ന മാസികയിൽ കുമാരന്റെ രചനകൾ കുമാരു, എൻ. കുമാരൻ, കായിക്കര എൻ. കുമാരൻ എന്നീ പേരുകളിലൊക്കെ പ്രസിദ്ധീകരിക്കപ്പെട്ടുതുടങ്ങി. പിന്നീട് മണമ്പൂർ ഗോവിന്ദനാശാൻ എന്ന പ്രമുഖപണ്ഡിതന്റെ “വിജ്ഞാനസന്ദായിനി” എന്ന പാഠശാലയിൽ കുമാരനാശാൻ ചേർന്ന് പഠിച്ചു. അവിടെ പഠിച്ചിരുന്നകാലത്തു രചിച്ച കൃതികളാണ്‌ “വള്ളീ വിവാഹം”, “അമ്മാനപ്പാട്ട്“, “ഉഷാകല്യാണം“ എന്നിവ. “സുബ്രഹ്മണ്യശതകം സ്തോത്രം” എന്നൊരു കൃതിയും ഇക്കാലത്തു കുമാരനാശാൻ രചിച്ചു. അദ്ദേഹത്തിന്റെ അച്ചടിക്കപ്പെട്ട ആദ്യത്തെ കൃതി അതാണെന്നു പറയപ്പെടുന്നു.

ശ്രീനാരായണ ഗുരുവുമായി ബന്ധപ്പെട്ടത് കുമാരനാശാന്റെ ജീവിതത്തിൽ വഴിത്തിരിവായി. ആദ്യകാഴ്ചയിൽത്തന്നെ ആ മഹായോഗിയും കുമാരനാശാനും പരസ്പരം വ്യാഖ്യാനിക്കാൻ കഴിയാത്ത ഒരാത്മീയബന്ധത്താൽ ആകൃഷ്ടരായി. ആശാന്റെ സ്തോത്രകവിതകൾ ശ്രീനാരായണ ഗുരുവിനെ അത്യധികമാകർഷിച്ചു. ശൃംഗാരകവിതകളുടെ രചനകളിൽ ഇനി മുഴുകരുതെന്ന് ഗുരു കുമാരനാശാനെ ഉപദേശിച്ചു. ജീവിതകാലംമുഴുവൻ നീണ്ടുനിന്ന, സുദൃഢമായൊരു ബന്ധമായിരുന്നു അവിടെ ആരംഭിച്ചത്. ഇരുപതുവയസ്സു പ്രായമായപ്പോൾ, കുമാരൻ വക്കം സുബ്രമണ്യക്ഷേത്രത്തിൽ ചെന്നുകൂടി അന്തേവാസിയായി, മതഗ്രന്ഥപാരായണത്തിലും യോഗാസനത്തിലും ധ്യാനത്തിലും മുഴുകി. അക്കാലത്ത്, അദ്ദേഹം ക്ഷേത്രപരിസരത്ത് ഒരു സംസ്കൃതപാഠശാല ആരംഭിച്ചു. സംസ്കൃതം പഠിപ്പിച്ചു തുടങ്ങിയതോടെ നാട്ടുകാർ അദ്ദേഹത്തെ “കുമാരനാശാൻ“ എന്നു വിളിച്ചുതുടങ്ങി. അല്പകാലം അവിടെക്കഴിഞ്ഞശേഷം കുമാരനാശാൻ നാടുവിട്ട്, ഏകനായി പലസ്ഥലങ്ങളിലും സഞ്ചരിച്ച് അരുവിപ്പുറത്തെത്തി. ഇക്കാലത്ത് ആശ്രമവാസികൾക്കുവേണ്ടി കുമാരനാശാൻ രചിച്ച കീർത്തനമാണ് “ശാങ്കരശതകം”. ശ്രീനാരായണഗുരുദേവൻതന്നെ ശിഷ്യനെ ഉപരിപഠനത്തിനയക്കാൻ തീരുമാനിച്ചു. അതിനായി ബംഗ്ലൂരുവിൽ ജോലിനോക്കിയിരുന്ന ഡോ.പല്പുവിനെ ചുമതലപ്പെടുത്തി. ഇരുപത്തിനാലാമത്തെ വയസ്സിൽ ഉന്നതവിദ്യാഭ്യാസത്തിനായി, കുമാരനാശാൻ ബംഗ്ളുരുവിലേക്ക് പോയി. ശ്രീ ചാമരാജേന്ദ്ര സംസ്കൃത കോളേജിൽ ചേർന്നു. ന്യായശാസ്ത്രമായിരുന്നു ഐച്ഛികവിഷയം. ന്യായവിദ്വാൻ എന്ന തർക്കശാസ്ത്രപരീക്ഷയിൽ ഉന്നതവിജയം കൈവരിച്ച്, കുമാരൻ സ്കോളർഷിപ്പിനർഹനായി. മൂന്നുവർഷത്തോളം അദ്ദേഹം ബെംഗളൂരുവിൽ പഠിച്ചു.

തുടർന്ന് ഡോ.പല്പുവിന്റെ പരിശ്രമഫലമായി, 1898 -ൽ ആശാന്, കൊൽക്കത്തയിലെ സംസ്കൃതകോളേജിൽ പ്രവേശനം ലഭിച്ചു. ഇരുപത്തിയഞ്ച് വയസ്സുമുതൽ ഇരുപത്തിയേഴ് വയസ്സുവരെ കൊൽക്കത്തയിൽ അദ്ദേഹം പഠിച്ചു. ന്യായശാസ്ത്രം, ദർശനം, വ്യാകരണം, കാവ്യം എന്നിവയും അതിനുപുറമേ ഇംഗ്ലീഷും ഇക്കാലത്ത് അദ്ദേഹമഭ്യസിച്ചു. ശ്രീനാരായണഗുരുദേവന്റെ ആജ്ഞാനുസാരം, കൊൽക്കത്തയിലെ വിദ്യാഭ്യാസമവസാനിപ്പിച്ച്, കുമാരനാശാൻ അരുവിപ്പുറത്തു മടങ്ങിയെത്തി. അരുവിപ്പുറത്തെ താമസത്തിനിടയ്ക്ക്, അദ്ദേഹം “മൃത്യുഞ്ജയം”, “വിചിത്രവിജയം”തുടങ്ങിയ നാടകങ്ങളും, “ശിവസ്തോത്രമാല”തുടങ്ങിയ കവിതകളും രചിച്ചു. നന്നായില്ലെന്നകാരണത്താൽ “വിചിത്രവിജയം” പ്രസിദ്ധീകരിച്ചില്ല. 1903 -ൽ കുമാരനാശാൻ എസ് എൻ ഡി പി യോഗം സെക്രട്ടറിയായി. ഏതാണ്ടു പതിനാറുവർഷക്കാലം അദ്ദേഹം ആ ചുമതല വഹിച്ചു. 1904 -ൽ അദ്ദേഹം എസ്.എൻ.ഡി.പി യോഗത്തിന്റെ മുഖപത്രമായി, “വിവേകോദയം” മാസികയാരംഭിച്ചു. 1907 ഡിസംബറിലാണ്, കുമാരനാശാൻ വീണപൂവ്, മിതവാദി പത്രത്തിൽ പ്രസിദ്ധീകരിച്ചത്. മലയാള കാവ്യാന്തരീക്ഷത്തിൽ തികച്ചും നൂതനമായൊരനുഭവമായിരുന്നു വീണപൂവ് എന്ന ഖണ്ഡകാവ്യം. തുടർന്ന് നളിനി, ലീല, ചണ്ഡാല ഭിക്ഷുകി, കരുണ, ദുരവസ്ഥ, പ്രരോദനം എന്നിവയുൾപ്പെടെ നിരവധി കൃതികൾ അദ്ദേഹം രചിച്ചു.
കുമാരനാശാന്റെ കരുണമിഴി തുറക്കൂ(ദുരവസ്ഥ) എന്നീ കൃതികൾ സിനിമകളാക്കിയിട്ടുണ്ട്. കൂടാതെ ആശാന്റെ പല കവിതകളും ജി ദേവരാജൻ, വി ദക്ഷിണാമൂർത്തി, എം ബി ശ്രീനിവാസൻ, എം ജി രാധാകൃഷ്ണൻ, എൽ പി ആർ വർമ്മ, ശ്യാം, ഔസേപ്പച്ചൻ, മോഹൻ സിത്താര എന്നീ സംഗീത സംവിധായകർ സംഗീതം നൽകി സിനിമ ഗാനങ്ങൾ, ലളിത ഗാനങ്ങൾ എന്നിവയായി ഇറങ്ങിയിട്ടുണ്ട്.
 

1921 -ൽ നാലു പങ്കാളികളോടുകൂടെ ആലുവയ്ക്കടുത്തു പെരിയാരിന്റെ കൈവഴിയോരത്ത്, ചെങ്ങമനാട് എന്ന സ്ഥലത്ത് കുമാരനാശാൻ ‘’യൂണിയൻ ടൈൽ വർക്സ്‘’ എന്ന കമ്പനി തുടങ്ങി. 2003 വരെ ഈ വ്യവസായ ശാല പ്രവർത്തിച്ചിരുന്നു.‘’ശാരദ ബുക്ക് ഡിപ്പോ’‘ എന്ന പുസ്തക പ്രസിദ്ധീകരണ സ്ഥാപനവും കുമാരനാശാൻ നടത്തിയിരുന്നു. നാല്പത്തിനാലാം വയസ്സിലായിരുന്നു കുമാരനാശാൻ്റെ വിവാഹം. ഭാര്യയുടെ പേര് ഭാനുമതിയമ്മ.  
1924 ജനുവരി 16 -ന് പല്ലനയാറ്റിൽ വെച്ചുണ്ടായ ഒരു ബോട്ടപകടത്തെ തുടർന്ന് കുമാരനാശാൻ അന്തരിച്ചു.