എ പി കോമള

A P Komala
A P Komala
ആലപിച്ച ഗാനങ്ങൾ: 60

 

എം.എം.രാജ,പി.ബി.ശ്രീനിവാസ്,എസ്.ജാനകി,പി.സുശീല ഇവരെപ്പോലെ ആന്ധ്രയില്‍നിന്നും തമിഴ്‌നാട്ടില്‍ എത്തി സിനിമാരംഗത്ത് വ്യക്തിമുദ്രപതിപ്പിച്ച ഗായികയാണ് എ.പി.കോമള. തമിഴ്‌സിനിമയില്‍ പിന്നണിഗാനശാഖ ആരംഭിക്കുന്ന കാലംമുതലേ ആര്‍ക്കാട് പാര്‍ത്ഥസാരഥി കോമള എന്ന എ.പി.കോമളയുണ്ട്. തമിഴിനൊപ്പം തെലുങ്ക്, കന്നട, മലയാളം സിനിമകളില്‍ ആയിരത്തിലേറെ ഗാനങ്ങള്‍ അവര്‍ പാടി. മാതൃഭാഷ തെലുങ്ക്. തമിഴ്‌നാട്-ആന്ധ്ര അതിര്‍ത്തിയിലുള്ള ആര്‍ക്കാട് പൂര്‍വകുടുംബം. എട്ടുമക്കളില്‍ ആറാമത്തേതായ കോമള സംഗീതഅദ്ധ്യാപകനായ അച്ഛന്റെ കീഴില്‍തന്നെ കുട്ടിക്കാലം മുതലേ സംഗീതം അഭ്യസിച്ചു. പാഠംപഠിച്ചിട്ടു പാടുന്നവരേക്കാള്‍ പാട്ടുകേട്ടാല്‍ തന്നെ അതു പാടാനുള്ള കഴിവ് കുട്ടിക്കാലം മുതലേ കോമളക്കുണ്ടായിരുന്നു.

പാര്‍ത്ഥസാരഥിയുടെ സ്നേഹിതനായിരുന്നു സംഗീതജ്ഞനായ ജി.ഭൈടിസ്വാമി.അദ്ദേഹം കൂടെ കൂടെ സംഗീതപരിപാടികള്‍ അവതരിപ്പിക്കാന്‍ രാജമുന്തിരിയില്‍നിന്ന് ചെന്നൈ ആകാശവാണിയില്‍ വരുമ്പോള്‍ പാര്‍ത്ഥസാരഥിയുടെ വീട്ടിലാണ് താമസിച്ചിരുന്നത്. ഈ പ്രഗത്ഭസംഗീതത്തിന്റെ കീഴില്‍ മകളെ പാട്ടുപഠിപ്പിക്കണമെന്ന് ആഗ്രഹിച്ച് പാര്‍ത്ഥസാരഥി സ്‌കൂളില്‍ പഠിച്ചിരുന്ന ഏഴുവയസ്സുകാരിയായ കോമളയെ ഗുരുകുല പഠനത്തിനായി രാജമുന്തിരിക്കയച്ചു. എസ്.ജാനകി ഉള്‍പ്പെടെ പലരുടേയും വായ്പാട്ടില്‍ ഗുരുവായ അദ്ദേഹത്തിനുകീഴില്‍ ഒന്നരവര്‍ഷത്തെ പഠനത്തിനുശേഷം തിരിച്ചെത്തിയ കോമളയെ വീണ്ടും സംഗീതം പഠിപ്പിക്കാനായി അച്ഛന്‍ നരസിംഹലു എന്ന മറ്റൊരു ഗുരുവിനെ കണ്ടെത്തി. അക്കാലത്ത് ബാലസരസ്വതി എന്ന പ്രശസ്ത നടനകലാകാരിക്കുവേണ്ടി പാടിവന്നിരുന്ന നരസംഹലുവിനൊപ്പം നൃത്തത്തിനായി പാടാന്‍ കോമളക്കും അവസരം കിട്ടി. ഇതിനിടെ ആകാശവാണിയില്‍ കോമള അവതരിപ്പിച്ചിരുന്ന സംഗീത പരിപാടികള്‍ വളരെ ശ്രദ്ധിക്കപ്പെട്ടു. ആ മനോഹരമായ ശബ്ദവും സംഗീതപാഠവവും എളുപ്പം പാട്ടു പഠിക്കാനുള്ള കോമളയുടെ കഴിവും കണ്ടറിഞ്ഞ് ആകാശവാണിക്കാര്‍ കോമളയെ അവിടത്തെ സ്ഥിരം പാട്ടുകാരിയായി തിരഞ്ഞെടുത്തു.

കണ്ണാ താമരകണ്ണാ.. എന്ന താരാട്ടുമായി 'ഭക്തകുചേല'യിലൂടെ മലയാളത്തില്‍ എത്തിയ എ.പി.കോമള ആരംഭകാലം മുതലേ മലയാള സിനിമയിലെ സജീവസാന്നിധ്യമായി. കുട്ടിക്കുപ്പായത്തിലെ 'വെളുക്കുമ്പോള്‍ കുളിക്കുവാന്‍ പോകുന്ന വഴിവയ്ക്കില്‍....' എന്ന ഗാനം കേരളത്തില്‍ ആ ശബ്ദം പുതിയ അലകളുയര്‍ത്തി. ആദ്യകിരണങ്ങളിലെ 'കിഴക്കു ദിക്കിലെ ചെന്തെങ്ങില്‍ കരിക്കുപൊന്തിയ നേരത്ത്....'സാധാരണക്കാരെപ്പോലും എളുപ്പത്തില്‍ ആകര്‍ഷിച്ചു. 'ശര്‍ക്കര പന്തലില്‍ തേന്‍മഴ ചൊരിയും ചക്രവര്‍ത്തി കുമാര.....'എന്ന കെ.പി.എ.സി യുടെ നാടകഗാനം കോമളയുടെ ശബ്ദത്തെ മലയാളികള്‍ക്കു മറ്റൊരു തേന്‍മഴയാക്കി. എസ്.ജാനകിയും പി.സുശീലയുടെയും ഗാനങ്ങള്‍ പ്രചാരം നേടുന്നതിനുമുമ്പുതന്നെ മലയാളസിനിമയില്‍ നിരവധി ഹിറ്റു ഗാനങ്ങള്‍ ഒരുക്കാന്‍ കഴിഞ്ഞ ഈ ഗായികയെ മലയാളികൾക്ക് മറക്കാനാവില്ല. ദൈവമേ കൈതൊഴാം..(അമ്മയെ കാണാന്‍) ,അപ്പോഴേ ഞാന്‍ പറഞ്ഞല്ലേ പ്രേമം കയ്പാണ്..(ക്രിസ്തുമസ്‌രാത്രി),സിന്ധുഭൈരവി രാഗരസം...(പാടുന്നപുഴ) ഇങ്ങനെ നിരവധി ഗാനങ്ങള്‍.

.

 ഇന്നും സംഗീതോപാസനയുമായി ചെന്നൈയില്‍ അവര്‍ സ്വസ്തമായി കഴിയുന്നു. കല്യാണം വീട് മക്കള്‍ ഈ പ്രാരാബ്ദങ്ങളൊന്നുമില്ലാത്ത എ.പി. കോമള ഇപ്പോള്‍ സഹോദരി ഗംഗ,സഹോദരന്‍ ഗജപതി എന്നിവരോടൊപ്പം ചെന്നൈയില്‍ കഴിയുന്നു.