പൂവച്ചൽ ഖാദർ
എഴുപതുകളുടെ തുടക്കത്തില്‍ രംഗത്ത് വന്നു മലയാള ചലച്ചിത്ര - ലളിത ഗാന ലോകത്തെ തന്‍റെ രചനകള്‍ കൊണ്ട് സമ്പന്നമാക്കിയ പാട്ടെഴുത്തുകാരനാണ് പൂവച്ചല്‍ ഖാദര്‍.
1948 ഡിസംബര്‍ 25നാണ് തിരുവനന്തപുരം ജില്ലയിലെ പൂവച്ചല്‍ എന്ന ഗ്രാമത്തില്‍ അബൂബക്കര്‍ പിള്ളയുടെയും റാബിയത്തുല്‍ അദബിയാ ബീവിയുടെയും മകനായി മുഹമ്മദ് അബ്ദുള്‍ ഖാദര്‍ എന്ന പൂവച്ചല്‍ ഖാദര്‍ ജനിച്ചത്. ഹൈസ്കൂള്‍ പഠനകാലത്ത് വിശ്വേശ്വരന്‍ നായരെന്ന ട്യൂഷന്‍ മാസ്റ്റര്‍ ആണ് ഖാദറിനെ വായനയുടെ ലോകത്തേയ്ക്ക് കൈപിടിച്ച് കയറ്റിയത്. അതേ അധ്യാപകന്‍റെ പ്രോത്സാഹനത്തില്‍ ഒരു കൈയ്യെഴുത്ത് മാസികയിലേക്ക് 'ഉണരൂ' എന്ന പേരിൽ കവിത എഴുതിക്കൊണ്ട് രചനയുടെ ലോകത്തേയ്ക്കും പ്രവേശിച്ചു. കവിതയ്ക്ക് കിട്ടിയ പ്രോത്സാഹനം കൂടുതല്‍ വായനയ്ക്കും എഴുത്തിനും പ്രചോദനമായി.
ൈഹസ്കൂൾ പഠനം കഴിഞ്ഞ് തൃശൂർ വലപ്പാടുള്ള ഗവ. പോളിടെക്നിക് കോളജിൽ ചേര്‍ന്ന് പഠിച്ചപ്പോഴും എഴുത്തിന് നല്ല പ്രോത്സാഹനം ആണ് ലഭിച്ചത്. കവിതകള്‍ക്കൊപ്പം കോളജിലെ നാടകത്തിൽ പാട്ടുകൾ എഴുതുവാനും അവസരം കിട്ടി. തുടര്‍ പഠനത്തിനായില്‍ തിരുവനന്തപുരം ഗവണ്മെന്റ് എന്ജിനീയറിംഗ് കോളേജില്‍ ചേര്‍ന്നപ്പോഴും കവിതയെഴുത്ത് തുടര്‍ന്നു.
എഎംഐഇ പാസായ ഉടനെ പി.ഡബ്ല്യൂ.ഡിയിൽ ഓവർസിയർ ആയി കോഴിക്കോട് ജോലി ലഭിച്ചത് നിര്‍ണ്ണായകമായി. ചന്ദ്രിക ആഴ്ചപതിപ്പില്‍ സ്ഥിരമായി കവിതകള്‍ എഴുതുന്നതിനോപ്പം ആകാശവാണി കോഴിക്കോട് നിലയവുമായി ബന്ധപെടാനും ലളിത ഗാനങ്ങള്‍ എഴുതാനും അവസരം കിട്ടി. അധികം വൈകാതെ സിനിമയിലേക്കുള്ള അവസരവും തുറന്നു. ചന്ദ്രികയില്‍ എഡിറ്റര്‍ ആയിരുന്ന കാനേഷ് പൂനൂരിന് അന്ന് സിനിമയില്‍ അസോസിയേറ്റ് ഡയറക്ടറായും ആര്‍ട്ട് ഡയറക്ടറായും പ്രവര്‍ത്തിച്ചു പോന്നിരുന്ന, പില്‍കാലത്ത് മുന്‍നിര സംവിധായകന്‍ ആയി മാറിയ ഐ വി ശശിയുമായി ഉണ്ടായിരുന്ന സൗഹൃദം ആണ് ഖാദറിന് തുണയായത്. ഐ വി ശശി അസോസിയേറ്റ് ഡയറക്ടര്‍ ആയ 'കവിത' എന്ന ചിത്രത്തിന് വേണ്ടി ഏതാനും കവിതകള്‍ എഴുതിക്കൊണ്ടാണ് 1972ല്‍ ഖാദറിന്റെ സിനിമാ പ്രവേശനം. കെ രാഘവന്‍ മാസ്റ്റര്‍ ആയിരുന്നു ഈണം നല്‍കിയത്. ചുഴി, കാറ്റ് വിതച്ചവന്‍ എന്നീ ചിത്രങ്ങള്‍ക്ക് വേണ്ടിയാണ് പാട്ടുകള്‍ എഴുതി തുടങ്ങിയത്. സിനിമയില്‍ വന്ന സമയത്ത് തന്നെ കെ രാഘവന്‍, എം.എസ്. ബാബുരാജ്, ജി ദേവരാജന്‍ എന്നീ മഹാന്മാര്‍ക്ക് വേണ്ടി പാട്ടെഴുതാന്‍ കഴിഞ്ഞത് ഖാദറിന് ഗുണം ചെയ്തു. 1975ല്‍ ഐവി ശശിയുടെ കന്നി സംവിധാന സംരംഭം ആയ ഉത്സവത്തിന് പാട്ടെഴുതുമ്പോഴേക്കും പൂവച്ചില്‍ ഖാദര്‍ മുന്‍നിരയിലേക്ക് വന്നിരുന്നു.
എഴുപതുകളുടെ രണ്ടാം പകുതിയിലും എണ്‍പതുകളിലും പൂവച്ചില്‍ ഖാദറിന്റെ ജൈത്രയാത്ര ആണ് മലയാളികള്‍ കണ്ടത്. രവീന്ദ്രന്‍, എം ജി രാധാകൃഷ്ണന്‍, എം കെ അര്‍ജുനന്‍, എ ടി ഉമ്മര്‍, ശ്യാം, ജോണ്‍സണ്‍, കെ ജെ ജോയ്, എം എസ് വിശ്വനാഥന്‍ തുടങ്ങി പൂവച്ചലിന്റെ വരികളില്‍ സംഗീതം രചിക്കാത്ത മുന്‍നിര സംഗീത സംവിധായകര്‍ ഇല്ലായിരുന്നു അക്കാലത്ത് മലയാളത്തില്‍. തന്‍റെ മുന്‍ഗാമികളില്‍ നിന്നും വിഭിന്നമായി ആദ്യം ഈണം ഒരുക്കിയ ശേഷം വരികള്‍ എഴുതുന്ന രീതിയിലേക്ക് സംഗീതലോകം മാറിയ സമയത്തായിരുന്നു പൂവച്ചലിന്റെ രംഗപ്രവേശം. ഈ രീതി തുടരാന്‍ സംഗീത ലോകത്തിന് ആത്മവിശ്വാസം നല്‍കുന്ന വിധത്തില്‍ ഈണത്തിന് അനുസരിച്ച് കാവ്യഭംഗി ചോരാത്ത ഗാനങ്ങള്‍ എഴുതുന്നതില്‍ വിജയിച്ചവര്‍ എന്ന നിലയിലാണ് പൂവച്ചല്‍ ഖാദറിനും ബിച്ചു തിരുമലയ്ക്കും മലയാള സംഗീത ചരിത്രത്തില്‍ ഉള്ള സ്ഥാനം. 350ല്‍ അധികം സിനിമകള്‍ക്ക് വേണ്ടി ഗാനങ്ങള്‍ എഴുതിയ അദ്ദേഹം ആകാശവാണി ലളിതഗാനങ്ങള്‍, നാടകങ്ങള്‍, മാപ്പിളപാട്ടുകള്‍ തുടങ്ങിയവയ്ക്കും തൂലിക ചലിപ്പിച്ചിട്ടുണ്ട്.
ഗാനരചനയ്ക്ക് ഫിലിം ക്രിട്ടിക്സ് അവാര്‍ഡ്,കേരള സംഗീത നാടക അക്കാദമി അവാര്‍ഡ് എന്നിവ ലഭിച്ചിട്ടുണ്ട്. " കളീവീണ ", പാട്ടു പാടാന്‍ പഠിക്കുവാന്‍ " എന്നീ കവിതാ സമാഹാരങ്ങള്‍ പ്രസിദ്ധീകരിച്ചുകൊണ്ട് സാഹിത്യലോകത്തും സാന്നിധ്യമറിയിച്ചു അദ്ദേഹം.
2021 ജൂണ്‍ 22ന് രാത്രി 12.15ന് കോവിഡ് ബാധയെത്തുടർന്നു തിരുവനന്തപുരം മെഡിക്കൽ കോളജിലെ തീവ്ര പരിചരണ വിഭാഗത്തിൽ വെച്ച് അദ്ദേഹം അന്തരിച്ചു.
ഭാര്യ : അമീന
മക്കള്‍ : തുഷാര,പ്രസൂന