രാജാമണി

Rajamani
Date of Birth: 
തിങ്കൾ, 21 May, 1956
Date of Death: 
Sunday, 14 February, 2016
സംഗീതം നല്കിയ ഗാനങ്ങൾ: 124
ആലപിച്ച ഗാനങ്ങൾ: 1

ജനനം 1956 മേയ് 21ന്. കന്യാകുമാരി ഭൂതപ്പാണ്ടി സ്വദേശിയാണെങ്കിലും ചെറുപ്പകാലത്ത് കോഴിക്കോട് നിന്നാണ് വളർന്നതും പഠിച്ചതും. അച്ഛൻ മലയാളത്തിലെ ആദ്യകാലസംഗീതജ്ഞനായിരുന്ന ബി എ ചിദംബരനാഥ്. അമ്മ തുളസി കോഴിക്കോട് ആകാശവാണിയിലെ ജീവനക്കാരി ആയിരുന്നു. കോഴിക്കോട് മാവൂർ റോഡിലെ അശോക ആസ്പത്രിക്ക് സമീപമുള്ള അമ്മയുടെ തറവാട്ട് വീട്ടിലായിരുന്നു കുട്ടിക്കാലം. ചിദംബരനാഥ്-തുളസി ദമ്പതികളുടെ ആറുമക്കളിൽ മൂത്തമകനായ രാജാമണി ചെറുപ്പകാലത്ത് തന്നെ മുത്തച്ഛനിൽ നിന്നും അച്ഛനിൽ നിന്നുമൊക്കെ കർണ്ണാടക സംഗീതം വയലിനും വായ്പട്ടുമൊക്കെ അഭ്യസിച്ചു. കൂടെ നിരവധി സംഗീത ഉപകരണങ്ങളും പഠിച്ചെടുത്തു. പതിമൂന്നാം വയസിൽ  ചെന്നെയിലേക്ക് താമസം മാറ്റിയ രാജാമണി അച്ഛന്റെ സംഗീതസംവിധാനത്തിൽ പുറത്തിറങ്ങിയ കുഞ്ഞിക്കൂനൻ എന്ന സിനിമയിലെ ഗാനങ്ങൾക്ക് കോംഗോ ഡ്രം വായിച്ച് കൊണ്ട് സിനിമയിൽ തുടക്കമിടുമ്പോൾ പഠിച്ചിരുന്നത് ഏഴാം ക്ലാസിലായിരുന്നു. അച്ഛനൊപ്പം സിനിമയുടെ സംഗീതസംവിധാന സെഷനുകളിൽ പങ്കെടുത്ത് ആ സെഷനുകളിൽ കണ്ടക്റ്ററായിരുന്ന ആർ കെ ശേഖറിന്റെ മ്യൂസിക് കണ്ടക്റ്റിംഗ് കണ്ട് അതിലേക്ക് ആകർഷിതനായി. സിനിമയിൽ വർക്ക് ചെയ്യണമെന്ന് ആഗ്രഹിച്ചെങ്കിലും സാമ്പത്തിക സ്ഥിരത പരിഗണിച്ച് ചെന്നൈ HIET കോളേജിൽ മെക്കാനിക്കൽ കോഴ്സിന് ജോയിൻ ചെയ്ത് പഠിക്കുവാൻ തുടങ്ങി. ഇതിനോടൊപ്പം തന്നെ ചെന്നയിലുള്ള ചില ഗാനമേള സുഹൃത്തുക്കളിൽ നിന്ന് ഗിറ്റാറും കീബോർഡും സ്വയത്തമാക്കുകയും വെസ്റ്റേൺ മ്യൂസിക്കും ഹിന്ദുസ്ഥാനി സംഗീതത്തിലുമൊക്കെ അറിവ് നേടുകയും ചെയ്തു. 

അച്ഛന് കർണ്ണാടക സംഗീതമായിരുന്നു താല്പര്യമെന്നത് കൊണ്ട് രഹസ്യമായാണ് മറ്റ് സംഗീത മേഖലകളും സ്വായത്തമാക്കിയതെങ്കിലും ഒരിക്കലൊരു സംഗീത പരിപാടിയിൽ അച്ഛൻ മുഖ്യാതിഥി ആയിരുന്നിടത്ത് രാജാമണിക്ക് ഗിറ്റാർ പെർഫോമൻസ് ചെയ്യേണ്ടി വന്നു. പിറ്റേന്ന് തന്നെ മകന്റെ താല്പര്യാർത്ഥം ചിദംബരനാഥ്  ദേവരാജൻ മാസ്റ്ററുടെ അടുക്കലേക്ക് രാജാമണിയെ അയക്കുകയും, 1975ൽ ദേവരാജൻ മാസ്റ്ററിന്റെ "ഇതാ ഇവിടെ വരെ" എന്ന സിനിമയിൽ ഗിത്താറിസ്റ്റായി വീണ്ടും സിനിമയിൽ തുടക്കമിടുകയും ചെയ്തു. തുടർന്ന് ‌ഗൾഫിലെത്തിയ രാജാമണി കുറച്ച് നാൾ ജോലി ചെയ്തു, അതിനിടയിലും ഗൾഫിലുമൊരു സംഗീതട്രൂപ്പ് ലീഡ് ചെയ്തിരുന്നു. മസ്കറ്റിലെ ജോലി അധികം താമസിയാതെ ഉപേക്ഷിച്ച രാജാമണി നാട്ടിൽ തിരിച്ചെത്തി പല പ്രശസ്ത സംഗീത സംവിധായകർക്കൊപ്പവും സഹകരിച്ചു. ദേവരാജൻ മാസ്റ്റർക്ക് പിന്നാലെ അർജ്ജുനൻ മാസ്റ്റർ, ദക്ഷിണാമൂർത്തി സ്വാമികൾ, സലിൽ ചൗധരി, ഒപി നയ്യാർ തുടങ്ങി എഴുപതോളം സംഗീതസംവിധായകരൊപ്പം മലയാളം, കന്നഡ, തെലുങ്ക് തുടങ്ങി പല ഭാഷകളിലും ഗിത്താറിസ്റ്റും വൈബ്രോഫോൺ പ്ലേയറുമായിരുന്നു രാജാമണി.

പി ജയചന്ദ്രന്റെയും ലതികയുടേയും ഒരു ഗാനമേളക്കിടെ സംഗീത സംവിധായകനായ ജോൺസനെ കണ്ട് മുട്ടിയതാണ് രാജാമണിയുടെ ജീവിതത്തിൽ വഴിത്തിരിവായതും ചിരകാല സ്വപ്നമായിരുന്ന മ്യൂസിക് കണ്ടക്റ്റിംഗ് പാതയിലേക്ക് വഴി തുറന്നതും. വിവിധ സംഗീതോപകരണങ്ങൾ കൈകാര്യം ചെയ്തിരുന്ന രാജാമണിയുടെ കഴിവ് തിരിച്ചറിഞ്ഞ ജോൺസനിൽ നിന്നും ഓർക്കസ്ട്രേഷനും മ്യൂസിക് കണ്ടക്റ്റിംഗുമൊക്കെ പെട്ടെന്ന് തന്നെ രാജാമണി പഠിച്ചെടുത്തു. പിന്നീട് ജോൺസന്റെ കണ്ടക്റ്ററായി പ്രവർത്തിച്ച് പോന്ന രാജാമണിയെ ആദ്യമായി സ്വതന്ത്ര സംഗീത സംവിധായകനാവാൻ നിർബന്ധിച്ചതും ജോൺസൻ തന്നെയായിരുന്നു. സ്വതന്ത്ര സംഗീത സംവിധായകനായി രാജാമണി തുടക്കമിടുന്നത് തമിഴിലാണ്. രാജാമണിയൂടെ തുടക്ക സിനിമകളായ ഗ്രാമത്തിൻ കിളികൾ, കല്ലൂരികനവ്  എന്നിവയിൽ1982ൽ ജോൺസൻ മാസ്റ്ററാണ് രാജാമണിയെ അസിസ്റ്റ് ചെയ്യുന്നത് എന്നതും കൗതുകമാണ്. രാജാമണിയുടെ ആ സിനിമയിലെ പാട്ടുകൾക്ക് ജോൺസനാണ് ഓർക്കസ്ട്രേഷനും ഹാർമണൈസേഷനും ചെയ്തത്. 

1985-ൽ നുള്ളി നോവിക്കാതെ എന്ന ചിത്രത്തിൽ 'ഈറൻ മേഘങ്ങൾ' എന്ന ഗാനത്തിന് സംഗീതം നൽകി മലയാള സംഗീത ലോകത്തെത്തിയ രാജാമണി പിന്നീട് നിരവധി മലയാള ചിത്രങ്ങൾക്ക് സംഗീതം നൽകിയെങ്കിലും പശ്ചാത്തല സംഗീതരംഗത്താണ് കൂടുതൽ സജീവമായത്.താളവട്ടം എന്ന ചിത്രത്തിലെ " കൂട്ടിൽ നിന്നും മേട്ടിൽ വന്ന  ", പടനായകനിലെ " കുളിരോളം നെഞ്ചില്‍ " സ്വാഗതം എന്ന ചിത്രത്തിലെ "മഞ്ഞിന്‍ ചിറകുള്ള വെള്ളരിപ്രാവേ തുടങ്ങി നിരവധി ഹിറ്റ്  ഗാനങ്ങള്‍ രാജാമണിയുടേതായി പിറന്നെങ്കിലും ഗാനങ്ങൾക്ക് സംഗീതം നിർവ്വഹിക്കുന്നതിനേക്കാൾ സിനിമകളിലെ പശ്ചാത്തല സംഗീതം നിർവ്വഹിക്കുന്നതിനാണ് രാജാമണിയെ പലരും ഉപയോഗപ്പെടുത്തിയത്.  800നടുത്ത് സിനിമകൾക്ക് 10 ഭാഷകളിലായി പശ്ചാത്തല സംഗീതം നടത്തി, നിരവധി അവാർഡുകളും ആ മേഖലയിൽ കരസ്ഥമാക്കി. നിരവധി ഭാഷകളിൽ പശ്ചാത്തല സംഗീതമൊരുക്കുന്നത് കൊണ്ട് തന്നെ തിരക്കിലകപ്പെട്ട രാജാമണിക്ക് ഗാനങ്ങൾക്ക് സംഗീതമൊരുക്കുക എന്നതിൽ സമയം ലഭ്യമായിരുന്നില്ല. എങ്കിലും പതിനൊന്നു ഭാഷകളിലായി നൂറ്റിയമ്പതോളം ചിത്രങ്ങള്‍ക്ക് അദ്ദേഹം സംഗീതം നൽകിയിരുന്നു.

1997-ൽ ആറാം തമ്പുരാൻ എന്ന ചിത്രത്തിന്റെ പശ്ചാത്തല സംഗീതത്തിന് കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം ലഭിച്ചു. ഇൻ ദ നെയിം ഓഫ് ബുദ്ധ എന്ന ഇംഗ്ലീഷ് ചലച്ചിത്രത്തിന്റെ പശ്ചാത്തല സംഗീതത്തിന് മൂന്ന് രാജ്യാന്തര പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്. സംവിധായകൻ ഷാജി കൈലാസിന്റെ മിക്ക ചിത്രങ്ങൾക്കും പശ്ചാത്തല സംഗീതം നിർവഹിച്ചത് രാജാമണിയാണ്. മലയാളത്തിൽ ഷിബുചക്രവർത്തിയൊത്ത് നിരവധി പാട്ടുകൾക്ക് സംഗീതമൊരുക്കി.

രാജാമണി എന്ന സംഗീത സംവിധായകന്‍ വില്ലന്റെ വേഷത്തില്‍ വെള്ളിത്തിരയിലുംഎത്തി. രഞ്ജിത്തിന്റെ "ഗുല്‍മോഹര്‍ " എന്ന സിനിമയിൽ ചാക്കോ മുതലാളി എന്ന കഥാപാത്രമായി രാജാമണി അഭിനയത്തിലും കൈവച്ചു. 

രാജാമണിയുടെ മകന്‍ അച്ചു രാജാമണിയും ചെറുപ്പകാലത്ത് തന്നെ സിനിമാമേഖലയിൽ സജീവമായി. തെലുങ്കിലാണ് അച്ചു സംഗീത സംവിധാനം പ്രധാനമായും നിർവ്വഹിക്കുന്നത്. മേജര്‍ രവിയുടെ "കുരുക്ഷേത്ര " യിലെ പശ്ചാത്തല സംഗീതം അച്ചുവാണ്." അലിഭായി " എന്നചിത്രത്തിലെ ടൈറ്റില്‍ സോങ്ങ് പാടിക്കൊണ്ട് ചലച്ചിത്ര രംഗത്തെത്തിയ അച്ചുവിന്റേതായി നിരവധി ഗാനങ്ങൾ മലയാളത്തിലുമുണ്ട്. അച്ഛന്റെ സംഗീതസംവിധാനത്തിൽ എൽസമ്മ എന്ന ആൺകുട്ടിയിലെ പാട്ട് അച്ചുവിന്റേതായി ശ്രദ്ധേയമായിരുന്നു. 

2012-ൽ പുറത്തിറങ്ങിയ ഹൈഡ് ആന്റ് സീക്കിലെ ഗാനങ്ങൾക്കാണ് രാജാമണി അവസാനമായി സംഗീതം ഒരുക്കിയത്. 2015-ൽ പുറത്തിറങ്ങിയ ലോഹം എന്ന ചിത്രത്തിന് പശ്ചാത്തല സംഗീതം ഒരുക്കിയതും രാജാമണിയായിരുന്നു. 2016 ഫെബ്രുവരി 14 -ന് രാത്രി 11 മണിയോടെ ചെന്നൈയിലെ മിയോട്ട് എന്ന ആശുപത്രിയിൽ വച്ച് അദ്ദേഹം അന്തരിച്ചു. 59 വയസ്സായിരുന്നു അപ്പോൾ അദ്ദേഹത്തിന്. 'ഹൈഡ് ആന്റ് സീക്ക്' എന്ന ചിത്രത്തിൽ അദ്ദേഹത്തിനൊപ്പം ഗാനങ്ങൾ സൃഷ്ടിച്ച ഒ എൻ വി കുറുപ്പ് അന്തരിച്ചതിന്റെ പിറ്റേ ദിവസമായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം, ആ ചിത്രത്തിന്റെ ഛായാഗ്രഹകൻ ആനന്ദക്കുട്ടൻ അന്തരിച്ച് ഏതാനും മണിക്കൂറുകൾക്കുശേഷവും എന്നത് സിനിമാ പ്രേമികൾക്ക് ഏറെ ദു:ഖകരമായ വാർത്തായിരുന്നു. മൃതദേഹം പൂർണ ഔദ്യോഗിക ബഹുമതികളോടെ ചെന്നൈയിലെ ബസന്ത് നഗർ ശ്മശാനത്തിൽ സംസ്കരിച്ചു.

മുൻ ബാസ്കറ്റ്ബോൾ താരം ബീനയാണ് ഭാര്യ. സംഗീതസംവിധായകനായ മകൻ അച്ചു രാജാമണി, അഭിഭാഷകനായ ആദിത്യ എന്നിവർ മക്കളാണ്.

കൗതുകങ്ങൾ :

  • സംഗീതസംവിധായകനാവുന്നതിനേക്കാൾ കണ്ടക്റ്റിംഗിലായിരുന്നു രാജാമണിക്ക് താല്പര്യവും. കാരണമുണ്ട്. 1969ൽ അച്ഛൻ ചിദംബരനാഥിന്റെ ഗംഗയാറു പിറക്കുന്നു എന്ന പാട്ടിന്റെ റെക്കോർഡിംഗിന് രാജാമണിയും ഒപ്പം പോയി. HMVയുടെ LP റെക്കോർഡിൽ പുറത്തിറങ്ങിയ ആ പാട്ടുകളുടെ ഓർക്കസ്ട്ര കണ്ടക്റ്റ് ചെയ്തത് ആർ കെ ശേഖറായിരുന്നു, കുറിയ ഒരു മനുഷ്യനൊരു വലിയ സംഗീത സംഘത്തെ നിയന്ത്രിക്കുന്നു എന്നത് കണ്ടതാണ്  ട്യൂണിടുന്ന സംഗീതസംവിധായകനേക്കാൾ മ്യൂസിക് കണ്ടക്റ്ററാവണമെന്ന് രാജാമണിയെ പ്രേരിപ്പിക്കുന്നത്. 
  • ലാൽജോസിന്റെ രാജാമണി - പാലക്കാട് നിന്നും എക്കണോമിക്സ് ബിരുദവുമായി ചെന്നെയിലെ ഒരു ഗാർമന്റ് ഫാക്റ്ററിയിലെ മാനേജ്മെന്റ് ട്രെയിനിയായി ജോലി ചെയ്തിരുന്ന സംവിധായകൻ ലാൽജോസിന്റെ ചെന്നെയിലെ തുടക്ക കാലത്ത് സഹായകമായത് രാജാമണിയായിരുന്നു. അസിസ്റ്റന്റ് സംവിധായകരും ക്യാമറാസംഘവുമൊക്കെ താമസിച്ചിരുന്ന ലോഡ്ജിൽ ഒപ്പം താമസിച്ചിരുന്ന ലാൽജോസിനെ ബേബിയെന്നുള്ള ക്യാമറാമാനാണ് രാജാമണിക്ക് പരിചയപ്പെടുത്തുന്നത്. പാട്ട് പാടുമെന്ന് പറഞ്ഞതിനാൽ രാജാമണിയൂടെ റെക്കോർഡിംഗ് സെഷനുകളിലെ കോറസ് ഗ്രൂപ്പിലൊരു ഗായകനായിട്ടാണ് സിനിമയിൽ ലാൽജോസിന്റെ തുടക്കം. രാജാമണി തന്നെയാണ് കമലിനോട് പെരുവണ്ണാപുരത്തെ വിശേഷങ്ങൾ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ ലാൽജോസിന്റെയും കാര്യം സൂചിപ്പിക്കുന്നതും. പിന്നീട് പ്രശസ്തനായ സംവിധായകനായപ്പോൾ ലാൽജോസ് എൽസമ്മയെന്ന ആൺകുട്ടിയെന്ന തന്റെ സിനിമയിലെ പാട്ടുകൾക്ക് സംഗീതമൊരുക്കാൻ രാജാമണിയെ സമീപിച്ചിരുന്നു. ചിത്രത്തിലെ ഹിറ്റായ പാട്ടുകളാണ് ലാൽജോസിന്റെ ആ കടപ്പാടിനു സമ്മാനമായി രാജാമണി തിരികെ കൊടുത്തത്.
  • കീരവാണിയൂടെ രാജാമണി - നിരവധി പേർക്ക് സഹായം ചെയ്തിരുന്ന രാജാമണിയുടെ മറ്റൊരു ശിഷ്യനാണ് പിന്നീട് ഇന്ത്യയൊട്ടാകെ പ്രശസ്തനായ കീരവാണിയെന്ന മരഗതമണി. ചെന്നയിലെ തുടക്കകാലത്ത് ‌കഷ്ടപ്പെട്ടിരുന്ന കീരവാണിയെ തന്റെയൊപ്പം കൂട്ടുകയായിരുന്നു രാജാമണി. പിന്നീട് പല ഭാഷകളിലും സംഗീതം നിർവ്വഹിക്കുകയും ബാഹുബലിയൂടെയും ഹിന്ദി സിനിമകളിലൂടെയുമൊക്കെ വളരെ തിരക്കും പ്രശസ്തിയുമാർജ്ജിച്ച സംഗീതസംവിധായകനായ കീരവാണി എന്ന ശിഷ്യനും പിന്നീട് സ്ഥിരമായി അസിസ്റ്റും കണ്ടക്റ്റും ചെയ്തിരുന്നതും രാജാമണി തന്നെയായിരുന്നു എന്നതും കൗതുകമാണ്. 
  • മിന്മിനിയുടെ രാജാമണി - സ്വാഗതം എന്ന സിനിമയ്ക്കു വേണ്ടി ട്രാക്കു പാടാൻ പോയ മിൻമിനിയുടെ പാട്ടുകേട്ട് ഇഷ്ടപ്പെട്ട സംഗീതസംവിധായകൻ രാജാമണി ആ പാട്ട് മിൻ മിനിയെ കൊണ്ടു പാടിച്ചു അങ്ങിനെയാണ് മിൻമിനി ഒരു ചലച്ചിത്ര ഗായികയായത്. പിന്നീട് ഗായകൻ ജയചന്ദ്രന്റെ ശുപാർശയോടെ ഇളയരാജയെ കാണാൻ ചെന്ന മിൻമിനിയുടെ ശബ്ദം ഇളയരാജയ്ക്ക് ഇഷ്ടപ്പെട്ടതോടെ മീര എന്ന സിനിമയിൽ മിൻമിനിയ്ക്കൊരു അവസരം നൽകി. മിനി ജോസഫ് എന്ന ഗായികയെ ആദ്യമായി മിൻമിനി എന്ന പേരു വിളിയ്ക്കുന്നതും ഇളയരാജയാണ്