മിൻമിനി

Minmini
Minmini-Singer
Date of Birth: 
Wednesday, 12 August, 1970
ആലപിച്ച ഗാനങ്ങൾ: 54

എറണാകുളം  ജില്ലയിലെ ആലുവയ്ക്കടുത്ത്  കീഴ്മാട് എന്ന സ്ഥലത്ത് 1970 ല്‍ പി എ
ജോസഫിന്റെയും  ട്രീസയുടെയും നാലാമത്തെ കുട്ടി ആയി  പിറന്ന മിനി ജോസഫ് ,മിന്മിനി
എന്ന പേരില്‍ മലയാളികള്‍ക്ക് സുപരിചിത ആയി.കലാപാരമ്പര്യമുള്ള
കുടുംബത്തിലായിരുന്നു കുഞ്ഞു മിനിയുടെ ജനനം. അച്ഛന്‍ നാടകകൃത്തും സംവിധായകനും
ആയിരുന്നു.അമ്മ നല്ലൊരു പാട്ടുകാരി ആയിരുന്നു.
പള്ളിയിലെ ഗായക സംഘത്തിലെ സ്ഥിരം പാട്ടുകാരായിരുന്നു മിനിയുടെ
ചേച്ചിമാര്‍.കലാഭവന്റെ ഗാനമേള ട്രൂപ്പിലെ ഗായിക ആയിരുന്നു മിനിയുടെ ചേച്ചി
ജാന്‍സി.

പത്താം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ സംസ്ഥാന തല സ്കൂള്‍ യുവജനോത്സവത്തില്‍ ലളിത
ഗാന മത്സരത്തില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കി.ഇതോടെ കൊച്ചിന്‍ ആറ്ട്ട്സ് ആന്‍ഡ്
കമ്മ്യൂണിക്കെഷന്‍സിന്റെ ഗാനമേള ട്രൂപ്പിലെ ഗായികയായി മിനി മാറി.പിന്നീട് ഈ
ട്രൂപ്പ് തന്നെ മിനിയുടെ ഗാനങ്ങള്‍ കാസെറ്റിലാക്കി.കൃസ്തീയ ഭക്തിഗാനങ്ങള്‍ ഏറെ
മിനിയുടേതായി ഇറങ്ങുകയുണ്ടായി.

പ്രീ ഡിഗ്രീക്കു ശേഷം മിനി സംഗീതം പഠിക്കാന്‍ തീരുമാനിച്ചു.തൃപ്പൂണിത്തുറ ആര്‍
എല്‍ വി  മ്യൂസിക്ക് അക്കാദമിയില്‍  അഡ്മിഷന്‍ കിട്ടി എങ്കിലും സ്റ്റേജ്
പ്രോഗ്രാമുകളുടെയും റെക്കോഡിംഗിന്റെയും തിരക്കുകള്‍ക്കിടയില്‍ പഠനത്തില്‍
കൂടുതല്‍ ശ്രദ്ധ പതിപ്പിക്കാന്‍ മിനിക്കായില്ല.

ആയിടയ്ക്ക് നിരവധി സംഗീത സംവിധായകര്‍  സി എ സി സ്റ്റുഡിയോ
സന്ദര്‍ശിക്കാറുണ്ടായിരുന്നു..അങ്ങനെയിരിക്കെയാണു സംഗീത സംവിധായകന്‍ രാജാമണി "
സ്വാഗതം എന്ന സിനിമയിലെ ഗാനങ്ങളുടെ ട്രാക്ക് പാടാന്‍ ഒരു ഗായികയെ തേടി സി എ സി
യില്‍ എത്തിയത്.മിനിക്കാണ് ആ പാട്ടു പാടാനുള്ള ഭാഗ്യം ലഭിച്ചത്.മിനിയുടെ
ആലാപനം കേട്ട രാജാമണി ആ പാട്ട് മിനിക്കു തന്നെ കൊടുത്തു.ഇതാണു മിനിയുടെ മലയാള
സിനിമയിലെ ആദ്യ ഗാനം.ആ സിനിമയില്‍ 3 ഗാനങ്ങള്‍ മിനിക്കു ലഭിച്ചു.

മിനി പ്രശസ്ത ഗായകരായ ഉണ്ണി മേനോന്‍,ജയചന്ദ്രന്‍,കൃഷ്ണ ചന്ദ്രന്‍
എന്നിവര്‍ക്കൊപ്പം നിരവധി ഗാനമേളകളില്‍ പാടാറുണ്ടായിരുന്നു.ഈ പരിചയം വെച്ച്
ഗായകന്‍ ജയചന്ദ്രന്‍ മിനിയുടെ പേര് ഇളയരാജയോടു ശുപാര്‍ശ ചെയ്തു.ഇളയ രാജ
മിനിയോടു ഉടനെ ചെന്നൈയില്‍ എത്താന്‍ ആവശ്യപ്പെട്ടു.
അങ്ങനെ 1991 ഇല്‍ മിനി അച്ഛനുമൊത്ത് ഇളയരാജയെ കാണാനെത്തി.അവിടെ വെച്ച് അദ്ദേഹം
മിനിയോട് ഒരു കിര്‍ത്തനം ചൊല്ലാന്‍ ആവശ്യപ്പെട്ടു.കീര്‍ത്തനം പാടാനറിയില്ല
എന്ന് പറഞ്ഞപ്പോല്‍ ഇഷ്ടമുള്ള ഏതെങ്കിലും പാട്ടു പാടാന്‍ പറഞ്ഞു.മിനി ഒരു ലളിത
ഗാനം പാടി. അതു കേട്ടു കഴിഞ്ഞപ്പോള്‍ ഒരു പാട്ടു കൂടി പാടാന്‍
ആവശ്യപ്പെട്ടു.അതു കൂടി കേട്ടു കഴിഞ്ഞപ്പോള്‍ അദ്ദേഹം നിശ്ശബ്ദനായി അല്പ സമയം
ഇരുന്നു പോയി.മിനിയുടെ സ്വരമാധുര്യം അദ്ദെഹത്തെ ഹഠാദാകര്‍ഷിച്ചു.അതേ ദിവസം
തന്നെ ഇളയരാജ മിനിയെ കൊണ്ട് " മീര " എന്ന തമിഴ് ചിത്രത്തിലെ പാട്ടു
പാടിച്ചു.മിനി ജോസഫ് എന്ന പേര് മാറ്റി തമിഴ് ചുവ ഉള്ള " മിന്മിനി " എന്ന പേര്
സമ്മാനിച്ചത് ഇളയ രാജ ആണു.

ഗായകന്‍ സി ഒ ആന്റോയുടെ വീട്ടില്‍ പേയിംഗ് ഗസ്റ്റായി താമസിച്ച മിനിക്ക്
സംഗീതത്തില്‍ കൂടുതല്വസരങ്ങള്‍ ലഭിച്ചു.സംഗീത സംവിധായകര്‍ ആയ
കീരവാണി,വിദ്യാസാഗര്‍,എസ് പി വെങ്കിടേഷ് എന്നിവരുടെ ഗാനങ്ങള്‍ പാടാനായി.
റോജ എന്ന സിനിമയ്ക്കു വേണ്ടി മിന്മിനി പാടിയ  ചിന്ന ചിന്ന ആശൈ തമിഴ്നാട്
സര്‍ക്കാരിന്റെ ആ വര്‍ഷത്തെ മികച്ച പിന്നണിഗായികക്കുള്ള പുരസ്കാരം മിനിയ്ക്ക്
നേടിക്കൊടുത്തു.

മലയാളത്തില്‍ മിന്മിനിയുടെ മികച്ച ഗാനങ്ങളാണു കിഴക്കുണരും പക്ഷിയിലെ "

 

സൌപര്‍ണ്ണികാമൃത വീചികള്‍ "  , കുടുംബ സമേതത്തിലെ " നീലരാവിലിന്നു നിന്റെ" ,

 

"ഊഞ്ഞാലുറങ്ങി" , വിയറ്റ്നാം കോളനിയിലെ " പാതിരാവായി നേരം"  , മേലെപ്പറമ്പില്‍

 

ആണ്‍ വീടിലെ "വെള്ളിത്തിങ്കള്‍"  തുടങ്ങിയവ.