കെ ജയകുമാർ

K Jayakumar
K Jayakumar
എഴുതിയ ഗാനങ്ങൾ: 130

എണ്ണത്തിൽ കുറച്ചു ഗാനങ്ങളെ എഴുതിയിട്ടുള്ളൂ എങ്കിലും മലയാളത്തിലെ മികച്ച ഗാനരചയിതാക്കളിൾ ഒരാളായി അംഗീകരിക്കപ്പെടുന്ന ആളാണ് കെ ജയകുമാർ എന്ന ഐഎഎസ്സുകാരൻ.

പ്രശസ്ത ചലച്ചിത്രസംവിധായകനായ എം.കൃഷ്ണന്‍നായരുടെ പുത്രനായി 1952 ഒക്ടോബർ 6ന് തിരുവനന്തപുരം മണ്ണന്തലയില്‍ ആണ് ജയകുമാര്‍ ജനിക്കുന്നത്. 1978 ബാച്ചിലെ ഐ എ എസ്സുകാരനായ  അദ്ദേഹം കോഴിക്കോട്ട്‌ കളക്റ്ററായും മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി രജിസ്ട്രാര്‍ ആയും ടൂറിസം ഡയറക്റ്ററായും അഡീഷണൽ ചീഫ് സെക്രട്ടറിയായും സേവനമനുഷ്ഠിക്കുകയും ഏറ്റവും ഉന്നതപദവിയായ കേരളത്തിന്റെ  സെക്രട്ടറിയായി വിരമിക്കുകയും തുടർന്ന് മലയാള സർവകാലാശാലയുടെ  വൈസ് ചാൻസലർ  പ്രവർത്തിച്ചു വരികയും ചെയ്യുന്നു.

വിദ്യാഭ്യാസകാലം മുതൽക്കേ ആനുകാലിക പ്രസിദ്ധീകരണങ്ങളില്‍ കവിതകളും ചലച്ചിത്രഗാനങ്ങളും എഴുതിയിട്ടുള്ള അദ്ദേഹം, 1973ൽ  പ്രസിദ്ധനടി ഉര്‍വ്വശി ശാരദ നിര്‍മ്മിച്ച്‌ എംകൃഷ്ണന്‍നായര്‍ സംവിധാനം ചെയ്ത 'ഭദ്രദീപം' എന്ന ചിത്രത്തില്‍ 'മന്ദാരമണമുള്ള കാറ്റേ' എന്ന ഗാനം രചിച്ചുകൊണ്ട്‌ ചലച്ചിത്ര ഗാന രചനാരംഗത്തേയ്ക്ക്‌ കടന്നുവന്നു. 12 വർഷത്തിന് ശേഷം 1985ലാണ്  അടുത്ത ചിത്രം. പിന്നീട് ഔദ്യോഗിക തിരക്കുകൾക്കിടയിൽ വീണുകിട്ടുന്ന ഇടവേളകളിൽ അദ്ദേഹം എണ്ണത്തിൽ കുറവെങ്കിലും ഗുണത്തിൽ മുന്നിട്ടുനിന്ന പാട്ടുകൾക്ക് തൂലിക ചലിപ്പിച്ചു. രവീന്ദ്രൻ, ജോൺസൺ എന്നീ സംഗീതസംവിധായകരുടെ  കൂടെയാണ് അദ്ദേഹം കൂടുതൽ ഗാനങ്ങൾക്കുവേണ്ടി ഒന്നിച്ചത്. 

കുടജാദ്രിയിൽ കുടികൊള്ളും.., നീലക്കുറിഞ്ഞികൾ പൂക്കുന്ന.., സൗപർണ്ണികാമൃത  വീചികൾ.., ഹേ ഘനശ്യാമമോഹന കൃഷ്ണാ.., പാൽനിലാവിലെ.., ആഷാഢം .പാടുമ്പോൾ., മഞ്ഞിന്റെ മറയിട്ട.., ഇത്രമേൽ മണമുള്ള.. ( രവീന്ദ്രൻ), സായന്തനം നിഴൽ.., ചൂളം കുത്തും.., സൂര്യാംശുവോരോ.., മൂവന്തിയായ്.., സാരംഗി മാറിലണിയും.. (ജോൺസൺ), ചന്ദനലേപ സുഗന്ധം.., കളരിവിളക്ക് തെളിഞ്ഞതാണോ.. (ബോംബെ രവി) എന്നിവയാണ് അദ്ദേഹത്തിന്റെ ശ്രദ്ധേയ ഗാനങ്ങൾ.