സുനന്ദ

Sunanda
ആലപിച്ച ഗാനങ്ങൾ: 29

ആദ്യചിത്രങ്ങളുടെ ഗംഭീരവിജയത്തോടെ എ ആർ റഹ്മാൻ ഈണങ്ങൾ രാജ്യം മുഴുവനും കത്തിപ്പടരുന്ന കാലം. ദേശീയ അവാർഡ് നേടിയ "എന്നവളേ" തുടങ്ങി അത്യധികം ജനപ്രിയമായ ഗാനങ്ങളുടെ കരുത്തൊന്നുകൊണ്ട് മാത്രം വൻഹിറ്റായി മാറിയ "കാതലൻ" എന്ന ചിത്രത്തിൽ മിന്മിനിയും സുനന്ദയും ചേർന്നു പാടിയ "ഇന്ദിരയോ ഇവൾ സുന്ദരിയോ..."  എന്ന ഈണം മൂളാത്തവരില്ല. സുനന്ദയുടെ ഹിറ്റ്ഗാനങ്ങളുടെ പട്ടികയിൽ ഒന്നുമാത്രമാണിത്. 1984ൽ ചലച്ചിത്രപിന്നണിഗാനരംഗത്തേയ്ക്ക് ചുവടുവെച്ച പിന്നീടുള്ള ഒരു അഞ്ചാറു വർഷം സുനന്ദ തമിഴ് ചലച്ചിത്രവേദിയിലെ അനിഷേധസാന്നിധ്യമാവുകയായിരുന്നു. പെട്ടെന്നാണ് സുനന്ദ ഗാനവേദികളിൽ നിന്നും അപ്രത്യക്ഷയാകുന്നത്. സുനന്ദ അമേരിക്കയിലേയ്ക്ക് താമസം മാറ്റി എന്ന വാർത്ത ഇൻഡസ്ട്രിയിൽ പരക്കുമ്പോൾ സുനന്ദ ഇതൊന്നുമറിയാതെ ചെന്നൈയിലെ തന്റെ വീട്ടിൽ അടുത്ത പാട്ടുപാടാനുള്ള വിളി വരുന്നതും കാത്തിരിക്കുകയായിരുന്നു. ഇതിനിടയിൽ വിവാഹിതയായ സുനന്ദ ഭർത്താവിന്റെ ജോലിസ്ഥലമായ കൊൽക്കത്തയിലേയ്ക്ക് ഇടക്കിടെ പോയി വരുമായിരുന്നു. അദ്ദേഹത്തിനു പിന്നീട് ലിബിയയിലേയ്ക്ക് ഡെപ്യൂട്ടേഷനിൽ പോകേണ്ടി വന്നപ്പോൾ മുന്നാഴ്ചത്തേയ്ക്ക് സുനന്ദ അങ്ങോട്ടും പോയിരുന്നു. ഇതല്ലാത്ത കാലം മുഴുവൻ തന്റെ മാതാപിതാക്കളോടൊപ്പം ചെന്നൈയിൽത്തന്നെയുൻടായിരുന്നെങ്കിലും ചില ആൽബങ്ങളുടെ റെക്കോർഡീംഗല്ലാതെ താൻ ഇത്രയും കാലം സജീവമായിരുന്ന സിനിമാരംഗത്തു നിന്നും സുനന്ദയെത്തേടി ഒരു വിളി പോലും വന്നില്ല. ഒരിക്കൽ ഒരു ബ്രേക്ക് വന്നാൽ പിന്നീടൊരു തിരിച്ചു വരവ് അത്ര സുഗമമല്ലായെന്ന് പറയുന്ന സുനന്ദ പിന്നീട് പൂർണ്ണമായും കർണ്ണാടകസംഗീതലോകത്തേയ്ക്ക് തന്റെ ശ്രദ്ധ തിരിച്ചു.

1978ൽ തൃപ്പൂണിത്തുറ ശ്രീ പൂർണത്രയീശ ക്ഷേത്രത്തിലായിരുന്നു സുനന്ദയുടെ അരങ്ങേറ്റം. ആർ എൽ വി സംഗീത അക്കാദമിയിലെ രാജാ റാവു, തുളസി എന്നിവരായിരുന്നു ആദ്യകാല ഗുരുക്കന്മാർ. ആദ്യമായി സിനിമാരംഗത്തെത്തുന്നത് ഭാരതിരാജാ ചിത്രമായ പുതുമൈ പെൺ നു വേണ്ടി ഇളയരാജ സംഗീതം നൽകിയ "കാതൽ മയക്കം" എന്ന ഗാനം പി ജയചന്ദ്രനോടൊപ്പം ആലപിച്ചുകൊണ്ടാണ്. സുനന്ദയ്ക്ക് പിന്നീട് കരിയറിലുടനീളം പ്രോത്സാഹനങ്ങൾ നൽകിയതും ജയചന്ദ്രൻ തന്നെ. കാതൽ മയക്കം ഹിറ്റായതോടെ കൂടുതൽ ഇളയരാജാ ഗാനങ്ങളിലൂടെ സുനന്ദ തമിഴ് ഗാനരഗത്ത് തന്റേതായ ഒരിടം കണ്ടെത്തുകയായിരുന്നു. ഇളയരാജായെ തുടന്ന്ൻ എസ് എ രാജ്കുമാർ, ഏ ആർ റഹ്മാൻ എന്നിവർക്കു വേണ്ടിയും സുനന്ദ നല്ല പാട്ടുകൾ പാടി. റഹ്മാൻ ദിലീപ് ആയിരുന്ന കാലത്തുതന്നെ അദ്ദേഹത്തിനുവ്വേണ്ടി പരസ്യജിംഗിളുകൾ പാടിയിട്ടുള്ള സുനന്ദ  റഹ്മാൻ ഗാനങ്ങൾ പാടുമ്പോൾ ഗായകർക്ക് ഇമ്പ്രൊവൈസ് ചെയ്യാനുള്ള സ്വാതന്ത്ര്യം വളരെയധികമാണ് എന്ന് അഭിപ്രായപ്പെടുന്നു.

എന്നാൽ ഇതിനെല്ലാം എത്രയോ മുൻപാണ് സുനന്ദയുടെ മലയാള പിന്നണിഗാനബന്ധം. എം ഗോവിന്ദൻ സംവിധാനം ചെയ്ത "നോക്കുകുത്തി" എന്ന ദേശീയ അവാർഡ് നേടിയ ചിത്രത്തിനു വേണ്ടി ഡോക്ടർ എസ് പി രമേഷ് ഈണം നൽകിയ ഗാനമായിരുന്നു തുടക്കം. എന്നാൽ മലയാള സിനിമാലോകത്ത് എത്തുന്നത് "അധ്യായം ഒന്നുമുതൽ" എന്ന ചിത്രത്തിനു വേണ്ടി ജെറി അമൽദേവ് ഈണം നൽകിയ "അക്കുത്തിക്കുത്താന വരമ്പത്ത്" എന്ന ഗാനത്തിലൂടെയാണ്. മലയാളത്തിനും തമിഴിനും പുറമേ നദീം ശ്രാവൺ സംഗീതസംവിധാനം നിർവ്വഹിച്ച 'രംഗ്', 'സംബന്ധ്', 'ഗിരഫ്താർ' എന്നീ ഹിന്ദി ചിത്രങ്ങളിലും പാടുകയുണ്ടായി. എന്നിട്ടും അവസരങ്ങൾ ഇല്ലാതായതിനെക്കുറിച്ച് സുനന്ദ പറയുന്നതിങ്ങനെ"
"ഇതെങ്ങനെ കൈകാര്യം ചെയ്യണമെന്നെനിക്കറിയില്ലായിരുന്നു. എന്റെ രണ്ടു മക്കളുടെ കാര്യങ്ങൾ നോക്കുന്നതിനിടയിൽ സിനിമാബന്ധങ്ങൾ അറ്റുപോകാതിരിക്കാൻ എന്റെ ഭാഗത്തു നിന്നും പ്രത്യേകിച്ച് ശ്രമങ്ങളൊന്നും ഇല്ലാതായിപ്പോയതുമാകാം. ഇപ്പോൾ അല്പാല്പമായി സംഗീതലോകത്തേക്ക് തിരിച്ചു വരാനുള്ള തയ്യാറെടുപ്പിലാണു ഞാൻ". സംഗീത കലാനിധി ടി എം ത്യാഗരാജൻ, കെ ആർ ബ്കേദാർനാഥ് എന്നിവരുടെ കീഴിൽ ശുദ്ധമായ ശെമ്മാങ്കുടി ബാണിയിൽ സംഗീതാഭ്യസനം നടത്തുന്ന സുനന്ദ ശാസ്ത്രീയ സംഗീത വേദിയിലേക്കു വരാൻ തയ്യാറെടുപ്പുകൾ നടത്തുന്നതോടൊപ്പം വ്യത്യസ്തമായ ചില ആൽബങ്ങളും ചെയ്തിട്ടുണ്ട്.ഇതുകൂടാതെ പ്രശസ്ത നാദസ്വരവിദ്വാൻ തിരുവിഴ .ജയശങ്കർ, തകിൽ വാദകൻ വളയപ്പട്ടി എന്നിവരോടൊപ്പം ചില നൂതന പരീക്ഷണ സംരംഭങ്ങളിലും ഇവർ പങ്കാളിയായിട്ടുണ്ട്.