ജെറി അമൽദേവ്

Jerry Amaldev
Jerry Amal Dev-Music Composer
Date of Birth: 
Saturday, 15 April, 1939
ജെറി അമൽ ദേവ്
Jerry Amal Dev
സംഗീതം നല്കിയ ഗാനങ്ങൾ: 217

1939 ഏപ്രിൽ 15ന് വി.സി ജോസഫിന്റെയും എം.ഡി മേരിയുടേയും മകനായി ജെറോം തോമസ് എന്ന ജെറി അമൽദേവ് കൊച്ചിയിൽ ജനിച്ചു. സ്കൂൾ കാലത്ത് തന്നെ ഗാനങ്ങളുടെ നൊട്ടേഷൻ സ്വയമഭ്യസിച്ച് ആദ്യത്തെ ഗാനം സംഗീതം ചെയ്തു. കൊച്ചിൻ ആർട്സ് & കമ്യൂണിക്കേഷൻ എന്ന് നിലവിൽ അറിയപ്പെടുന്ന "ബോസ്കോ കലാസമിതി ഓർക്കസ്ട്ര" ലീഡ് ചെയ്യുകയും ഓർഗനൈസർ അയി മാറുകയും ചെയ്തു. സെന്റ് ആൽബർബട്സ് ഹൈസ്കൂളിൽ നിന്ന് സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷം വൈദിക പഠനത്തിനൊപ്പം ഇൻഡോറിൽ പ്രീഡിഗ്രി വിദ്യാഭ്യാസവും ചെയ്തു. ഇക്കാലയളവിൽ പിയാനോയും തബലയും അഭ്യസിച്ചിരുന്നു. തുടർന്ന് പൂനേ പാപ്പൽ അഥീനിയത്തിൽ നിന്ന് ഫിലോസഫിയിൽ ബിരുദം നേടി. പുനേയിലും ഇൻഡോറിലുമായി വൈദിക സെമിനാരിയിൽ വൈദികപഠനത്തിനൊപ്പം സംഗീതത്തിൽ കൂടുതൽ താല്പര്യം കാണിച്ച ജെറി ഒടുവിൽ സംഗീതമാണ് തന്റെ വഴിയെന്ന് തിരിച്ചറിഞ്ഞ് സെമിനാരിയിൽ നിന്ന് പുറത്തെത്തി. ബോംബെയിൽ ഒരു ഗുമസ്ഥനായി ജോലിയെടുക്കേ ഹിന്ദുസ്ഥാനി സംഗീതത്തിലെ വായ്പാട്ടിൽ പരിശീലനം നേടിയെടുത്തു. ഒരിക്കൽ യാദൃശ്ചികമായി പ്രശസ്തസംഗീത സംവിധായകൻ നൗഷാദിന്റെ വീട്ടിലെത്തിയ ജെറി അദ്ദേഹത്തെ ചില ഗാനങ്ങൾ പാടിക്കേൾപ്പിക്കുകയും ഒടുവിൽ അദ്ദേഹത്തിന്റെ സഹായിയായി മാറുകയുമായിരുന്നു.

1965 മുതൽ 1969 വരെയുള്ള കാലഘട്ടത്തിൽ നൗഷാദിന്റെ സംഗീത സംവിധാനത്തിന് കീഴിൽ നിരവധി ഹിറ്റ് ഗാനങ്ങളൊരുക്കാൻ പങ്കാളിയായി നിന്നു .തുടർന്ന് ജെറി തന്റെ സഹോദരനൊപ്പം അമേരിക്കയിലെത്തുകയും 1971ൽ അമേരിക്കയിലെ ന്യൂ ഓർലിയൻസിലെ സേവ്യർ യൂണിവേഴ്സിറ്റിയിൽ നിന്ന് സംഗീതത്തിൽ ബിരുദം നേടുകയും ചെയ്തു. തുടർന്ന് ബിരുദാനന്തര ബിരുദത്തിനായി ന്യൂയോർക്കിലെ ഇത്താക്കയിലുള്ള കോർണൽ യൂണിവേഴ്സിറ്റിയിൽ ചേർന്നു. 1975ൽ സംഗീത സംവിധാനത്തിൽ മാസ്റ്റർ ഓഫ് ഫൈൻ ആർട്സ് എന്ന ബിരുദാനന്തര ബിരുദം കരസ്ഥമാക്കി.തുടർന്ന്  ഏകദേശം നാലു വർഷക്കാലം ന്യൂയോർക്ക് സിറ്റിയിലും വെറ്റ്ചെസ്റ്റർ കൗണ്ടിയിലും  പിയാനോ പരിശീലകനായിരുന്നു. 1977ൽ ന്യൂയോർക്കിലെ ക്യൂൻസ് കോളേജിൽ സംഗീതം പഠിപ്പിച്ചു. 1979ൽ അമേരിക്കയിൽ വച്ച് യേശുദാസിന്റെ  "ആത്മ കി ആവാസ്" എന്ന ഹിന്ദി എൽ പി റിക്കോർഡ് സംഗീതവും ഓർക്കസ്ട്രയും നിർവ്വഹിച്ച് പുറത്തിറക്കി. 

നാട്ടിൽ തിരിച്ചെത്തിയ ജെറിയെ സംവിധായകൻ ഫാസിൽ ആണ് തന്റെ ആദ്യ ചിത്രമായ മഞ്ഞിൽ വിരിഞ്ഞ പൂക്കൾ എന്ന ചിത്രത്തിലേക്ക് സംഗീത സംവിധായകനായി ക്ഷണിക്കുന്നത്. 1980-ൽ മഞ്ഞിൽ വിരിഞ്ഞ പൂക്കളിലെ ഗാനങ്ങൾക്ക് മികച്ച സംഗീത സംവിധായകനുള്ള കേരള ഗവണ്മെന്റിന്റെ അവാർഡ് ലഭ്യമായിരുന്നു. ആദ്യ ചിത്രത്തിനു തന്നെ ഏറെ അവാർഡുകൾ നേടിയെടുത്ത മഞ്ഞിൽ വിരിഞ്ഞ പൂക്കളിൽത്തുടങ്ങി ഏകദേശം 40 വർഷക്കാലം ഏറെ സിനിമകൾക്കും ഹിറ്റായ ഗാനങ്ങൾക്കും ആൽബങ്ങൾക്കുമൊക്കെ സംഗീതമൊരുക്കി. 1986ൽ ഹരീന്ദ്രനാഥ് ചഥോപാധ്യായുടെ നഴ്സറി പാട്ടുകൾക്ക് തരംഗിണി ഓഡിയോ കാസറ്റിലെ സംഗീതമൊരുക്കിയത് ശ്രദ്ധേയമായിരുന്നു. ആ വർഷം മാർപ്പാപ്പ കേരളത്തിലെത്തിയപ്പോൾ ഏകദേശം അഞ്ഞൂറു ഗായകരും നാല്പതോളം ഓർക്കസ്ട്ര അംഗങ്ങളെയും ചേർത്ത് ക്വയർ അവതരിപ്പിച്ചത് ജെറിയായിരുന്നു. 

തൊണ്ണൂറുകളിൽ വീണ്ടും പല കോളേജുകളിലും സ്കൂളുകളിലുമായി ( ചെന്നൈ സ്റ്റെല്ലാ മേരീസ്, അമേരിക്കൻ ഇന്റർനാഷണൽ സ്കൂൾ ) സംഗീതാധ്യാപകനായി ജോലി നോക്കിയിരുന്നു. 1999 മുതൽ 2005 വരെ പല വിദേശ രാജ്യങ്ങളിലും ഓർക്കസ്ട്ര അവതരിപ്പിച്ചു. 2006-2008 കാലയളവിൽ ചോയിസ് ഗ്രൂപ്പിന്റെ മ്യൂസിക് കൺസൾട്ടന്റായി മാറി വെസ്റ്റേൺ മ്യൂസിക്കിനനുസൃതമായി കൊയർ ഗ്രൂപ്പ് രൂപപ്പെടുത്തി.ടെലിവിഷൻ സീരിയലുകൾക്കും സംഗീതം നിർവ്വഹിക്കുകയും വിവിധ സാമൂഹിക പ്രോഗ്രാമുകളിൽ മ്യൂസിക് കണ്ടക്റ്റും ചെയ്തു. ഫ്രാങ്കോ സിഫറെല്ലിയുടെ "ജീസസ് ഓഫ് നസറേത്ത്" എന്നതിന്റെ മലയാളം വേർഷനിൽ സംഗീതവും പശ്ചാത്തലസംഗീതവുമൊരുക്കി റെക്കോർഡ് ചെയ്തു. 2010ൽ " സിങ്ങ് ഇന്ത്യ വിത്ത് ജെറി അമൽദേവ്" എന്ന കോറൽ മ്യൂസിക് ഗ്രൂപ്പിന് തുടക്കം കുറിച്ച് വിവിധ സ്ഥലങ്ങളിൽ സംഗീതപരിപാടികൾ അവതരിപ്പിക്കുന്നു. 

1980 -ൽ മഞ്ഞിൽ വിരിഞ്ഞ പൂക്കൾ, 1990-ൽ അപരാഹ്നം എന്നീ സിനിമകൾക്ക് മികച്ച സംഗീത സംവിധായകനുള്ള സംസ്ഥാന ചലചിത്ര അവാർഡും, 1995-ൽ കഴകം എന്ന ചിത്രത്തിൽ പഞ്ചാത്തലസംഗിതം ഒരുക്കിയതിനുള്ള അവാർഡും  കരസ്ഥമാക്കി. 

മീര,സംഗീത,ഡാലിയ എന്ന് പേരുള്ള മൂന്ന് പെൺകുട്ടികളാണ് ജെറി അമൽദേവിനും ഭാര്യ ജോളിക്കും..ഭാര്യ 2008ൽ കാൻസർ രോഗബാധിതയായി മരണമടഞ്ഞു.

അവലംബം : www.jerryamaldev.com

ജെറി അമൽദേവിനേക്കുറിച്ചുള്ള ഇന്റർവ്യൂകൾ,ഗാനങ്ങൾ എന്നിവ അടങ്ങിയ ഇരുപതോളം വീഡിയോ അടങ്ങിയ പ്‌ളേലിസ്റ്റാണ് താഴെയുള്ളത്.