മങ്കൊമ്പ് ഗോപാലകൃഷ്ണൻ
ഗോവിന്ദൻ നായരുടേയും ദേവകിയമ്മയുടേയും മകനായി ആലപ്പുഴ ജില്ലയിലെ കുട്ടനാട് ദേശത്തെ മങ്കൊമ്പ് എന്ന ഗ്രാമത്തിലാണ് ഗോപാലകൃഷ്ണൻ ജനിച്ചത്. നാട്ടിലെ സികെപി സ്മാരക ഗ്രന്ഥശാലയുടെ സെക്രട്ടറിയായിരുന്നു അച്ഛന്‍. അതിനാൽ തന്നെ തീരെ ചെറുപ്പം മുതൽക്കേ ഗോപാലകൃഷ്ണൻ നിരവധി പുസ്തകൾ വായിച്ചിരുന്നു. സാഹിത്യത്തിന്‍റെ സുഗന്ധമനുഭവിച്ച ഏതൊരാളെയും പോലെ ഗോപാലകൃഷ്ണന്റേയും ആദ്യ എഴുത്തിന്‍റെ ശ്രമങ്ങള്‍ കവിതകളിലൂടെയായിരുന്നു. വിദ്യാഭ്യാസത്തിന് ശേഷം ഗോപാലകൃഷ്ണൻ തിരുവനന്തപുരത്തെ ഗ്രന്ഥലോകം മാഗസിനിൽ ജോലിയിൽ പ്രവേശിച്ചു.
സിനിമാ മോഹവുമായി കഴിഞ്ഞിരുന്ന അദ്ദേഹം താമസിയാതെ ഗ്രന്ഥലോകം മാഗസിനിലെ ജോലി ഉപേക്ഷിച്ച് മദ്രാസിലെ അന്വേഷണം എന്ന മാസികയിൽ ചേർന്നു. വയലാർ രാമവർമ്മ ചീഫ് എഡിറ്ററായിരുന്ന മങ്കൊമ്പ് സിറ്റിംഗ് എഡിറ്ററായി പ്രവർത്തിച്ചു. അതിനു മുന്‍പേ വയലാറിനെ പരിചയമുണ്ടായിരുന്നു. വയലാറിന്‍റെ നിരീശ്വരവാദ കവിതകളെക്കുറിച്ച് ഗോപാലകൃഷ്ണന്‍ എഴുതിയ പഠനം കൗമുദി വാരികയില്‍ പ്രസിദ്ധീകരിക്കുന്നതറിഞ്ഞ്, വയലാര്‍ ഒരു കവിതയെഴുതിക്കൊടുത്തു, ജ്വാലാവിഭ്രാന്തി. വയലാറിന്‍റെ കവിത മുന്‍പിലും, മങ്കൊമ്പിന്‍റെ പഠനം ഉള്‍ പേജുകളിലുമായാണ് അത്തവണത്തെ കൗമുദി പുറത്തിറങ്ങിയത്. താമസിയാതെ അന്വേഷണത്തില്‍ നിന്നു ഫിലിം നാദം, ചിത്രപൗര്‍ണമി എന്നീ മാഗസിനുകളുടെ മദ്രാസിലെ ചുമതല ഗോപാലകൃഷ്ണൻ ഏറ്റെടുത്തു.
1971 -ൽ വിമോചനസമരം എന്ന സിനിമയിൽ പ്രപഞ്ചഹൃദയ വിപഞ്ചിയിലുണരും എന്ന ഗാനമെഴുതിക്കൊണ്ടാണ് ഗോപാലകൃഷ്ണൻ ചലച്ചിത്ര ഗാന രചനാ രംഗത്ത് തുടക്കം കുറിയ്ക്കുന്നത്. തുടർന്ന് ചില സിനിമകളിലൊക്കെ പാട്ടുകളെഴുതിയെങ്കിലും 1974 -ൽ ഇറങ്ങിയ പ്രേംനസീർ - ഹരിഹരൻ സിനിമയായ അയലത്തെ സുന്ദരി -യിലെ ഗാനങ്ങളിലൂടെയാണ് മങ്കൊമ്പ് ഗോപാലകൃഷ്ണൻ എന്ന ഗാനരചയിതാവ് പ്രശസ്തിയിലേക്കുയരുന്നത്. തുടർന്ന് നിരവധി സിനിമകളിൽ അദ്ദേഹം ഗാനങ്ങൾ രചിച്ചു. ബാബുമോൻ എന്ന സിനിമയിലെ "നാടൻ പാട്ടിന്റെ മടിശ്ശീല കിലുങ്ങുമീ.. യുദ്ധഭൂമി എന്ന ചിത്രത്തിലെ "ആഷാഡമാസം ആത്മാവിൽ മോഹം.. എന്ന ഗാനം, നിന്നിഷ്ടം എന്നിഷ്ടം എന്ന സിനിമയിലെ " ഇളം മഞ്ഞിൻ കുളിരുമായൊരു കുയിൽ... എന്നീ നിത്യഹരിത ഗാനങ്ങളുൾപ്പെടെ നിരവധി മനോഹര ഗാനങ്ങൾ അദ്ദേഹം എഴുതിയിട്ടുണ്ട്.
1974 -ൽ സ്വർണ്ണവിഗ്രഹം എന്ന സിനിമയ്ക്ക് കഥ,തിരക്കഥ, സംഭാഷണം എഴുതിക്കൊണ്ട് ചലച്ചിത്ര രചനാരംഗത്തും ഗോപാലകൃഷ്ണൻ തുടക്കം കുറിച്ചു. തുടർന്ന് അഞ്ച് സിനിമകൾക്ക് കഥ എഴുതുകയും നാല് സിനിമകൾക്ക് തിരക്കഥ എഴുതുകയും ചെയ്തു. കുറ്റവും ശിക്ഷയും, റൂബി മൈ ഡാര്‍ലിംഗ്, ഇവള്‍ ഈ വഴി ഇതുവരെ എന്നിവയുൾപ്പെടെ പത്തിലധികം സിനിമകൾക്ക് അദ്ദേഹം സംഭാഷണവും രചിച്ചിട്ടുണ്ട്. പൂമഠത്തെ പെണ്ണ് എന്ന സിനിമയിലൂടെ നിർമ്മാതാവുമായി. മൂട് പനി എന്ന തമിഴ് ചിത്രം മഞ്ഞ് മൂടൽമഞ്ഞ് എന്ന പേരിൽ മലയാളത്തിലേക്ക് മൊഴിമാറ്റിക്കൊണ്ടാണ് മങ്കൊമ്പ് ഗോപാലകൃഷ്ണൻ അന്യാഭാഷാ ചിത്രങ്ങളുടെ മൊഴിമാറ്റ മേഖലയിലേക്ക് കടക്കുന്നത്. അതിന് ശേഷം തെലുങ്കിലെ കൊണ്ടവീട് സിംഹം എന്ന ചിത്രം മലയാളത്തിലേക്ക് അഗ്നിയാണു ഞാന്‍ അഗ്നി എന്ന പേരില്‍ മൊഴിമാറ്റിക്കൊണ്ട് തെലുഗു സിനിമാ ഡബ്ബിംഗ് രംഗത്ത് സജീവമായി. ബാഹുബലി - The Beginning - ഡബ്ബിംഗ്, ബാഹുബലി 2 - The Conclusion ഡബ്ബിങ്ങ് എന്നീ വലിയ ചിത്രങ്ങളുൾപ്പെടെ നിരവധി സിനിമകൾ അദ്ദേഹം മലയാളത്തിലേക്ക് മൊഴിമാറ്റം ചെയ്തു. ഈ മൊഴിമാറ്റ ചിത്രങ്ങളിലെല്ലാം ഗാനരചന നിർവ്വഹിച്ചതും മങ്കൊമ്പ് തന്നെയായിരുന്നു. മലയാള സിനിമകളിലും അന്യഭാഷകളിൽ നിന്നും മൊഴിമാറ്റിയ സിനിമകളിലുമായി ഏതാണ്ട് അഞ്ഞൂറോളം ഗാനങ്ങൾ അദ്ദേഹം രചിച്ചിട്ടുണ്ട്.
2025 മാർച്ച് മാസത്തിൽ മങ്കൊമ്പ് ഗോപാലകൃഷ്ണൻ അന്തരിച്ചു. അദ്ദേഹത്തിന്റെ ഭാര്യ കനകമ്മ. മക്കൾ രാഖി, ദിവ്യ, യദു കൃഷ്ണൻ.