പോലീസ് അറിയരുത്
തന്നെക്കാൾ പ്രായമുള്ള കോടീശ്വരന്റെ രണ്ടാം ഭാര്യയാവുന്ന ഒരു സ്ത്രീ, ഭർത്താവിന്റെ ആദ്യ ഭാര്യയിലുണ്ടായ മകളെ കൊലപ്പെടുത്തി, ഭർത്താവിന്റെ സ്വത്തു മുഴുവൻ കൈക്കലാക്കാൻ പ്ലാനിടുന്നു. അതിനായി അവൾ കൂട്ടുപിടിക്കുന്നത് ചെയ്യാത്ത കുറ്റത്തിന് ശിക്ഷയനുഭവിച്ച് തൊഴിൽരഹിതനായി കഴിയുന്ന ഒരു യുവാവിനെയാണ്. അവരുടെ പ്ലാൻ വിജയിക്കുമോ?
Actors & Characters
Actors | Character |
---|
Actors | Character |
---|---|
ജെയിംസ് | |
ചെറിയാൻ | |
ജോണി | |
ലിസി | |
ആലിസ് അഗസ്റ്റിൻ | |
റൂബി | |
തോമസ് അഗസ്റ്റിൻ | |
അലക്സ് | |
Main Crew
കഥ സംഗ്രഹം
ഈ ചിത്രം പിന്നീട് തമിഴിൽ "പണത്തുക്കാക" എന്ന പേരിൽ റീമേക് ചെയ്യപ്പെട്ടു. വെട്രിവേൽ പ്രൊഡക്ഷൻസിന്റെ ബാനറിൽ എം.എസ്.സെന്തിൽകുമാർ തന്നെയായിരുന്നു തമിഴ് ചിത്രവും സംവിധാനം ചെയ്തത്.
ജെയിംസ് (മധു) സത്യസന്ധനായ ഒരു പത്രപ്രവർത്തകനാണ്. വാർത്തകൾ സത്യസന്ധമായി കൊടുക്കണം എന്നതിൽ ഉറച്ചു നിൽക്കുന്ന വ്യക്തിയാണ്. നീതിക്ക് നിരക്കാത്തതൊന്നും ചെയ്യില്ല, കൈക്കൂലി വാങ്ങില്ല. ഒരിക്കൽ തനിക്കെതിരെയുള്ള ഒരു വാർത്ത അച്ചടിച്ചു വരരുതെന്ന് കള്ളക്കടത്തുകാരൻ സേട്ട് (അബ്ബാസ്) ജെയിംസിന് കൈക്കൂലി നൽകുന്നു. ജെയിംസ് അത് സ്വീകരിക്കുന്നില്ലെന്ന് മാത്രമല്ല, തീർച്ചയായും ആ വാർത്ത അച്ചടിക്കുമെന്നും സേട്ടിനോട് തീർത്തു പറയുന്നു. എന്നാൽ, നേതാവ് പത്രാധിപനെ സ്വാധീനിക്കുന്നു. പത്രാധിപൻ വാർത്ത പ്രസിദ്ധീകരിക്കാൻ സാധ്യമല്ലെന്നും ജെയിംസിനോട് പറയുന്നു. ഇവിടെയില്ലെങ്കിൽ ഇവിടുന്ന് പോയി മറ്റെവിടെയെങ്കിലും താൻ ഈ വാർത്ത പ്രസിദ്ധീകരിക്കുമെന്ന് ജെയിംസ് പറയുമ്പോൾ സേട്ടിന്റെ ഗുണ്ടകൾ ജെയിംസിനെ ഭീഷണിപ്പെടുത്തുന്നു. അവരുമായി ഏറ്റുമുട്ടുന്നതിനിടയിൽ പത്രാധിപന് ഗുണ്ടയുടെ കത്തിക്കുത്തേൽക്കുന്നു. കുറ്റം ജെയിംസിന്റെ മേൽ ചുമത്തപ്പെട്ട് ജയിംസ് ജയിൽ ശിക്ഷ അനുഭവിക്കുന്നു. ജെയിംസിനെ അറസ്റ്റ് ചെയ്യുന്നത് സുഹൃത്തായ സിഐഡി ഇൻസ്പെക്ടർ ചെറിയാനാണ് (കെ.പി.ഉമ്മർ). എന്നാൽ, ജെയിംസ് നിരപരാധിയാണെന്ന് കണ്ടെത്തി ജെയിംസിന് ക്ഷമാപൂർവ്വ വിമോചനം നേടിക്കൊടുക്കുന്നതും ചെറിയാനാണ്. ജയിൽ മോചിതനായി പുറത്തു വരുന്ന ജെയിംസിനെ ചെറിയാൻ കാറിൽ വീട്ടിൽക്കൊണ്ടാക്കുന്നു. ജെയിംസ് വീട്ടിലെത്തുമ്പോൾ ഭാര്യ ലിസി (ഉഷാനന്ദിനി) ജെയിംസ് തിരിച്ചു വരാനായി പ്രാർത്ഥനയിൽ മുഴുകിയിരിക്കുകയായിരുന്നു.
താൻ ജയിലിലായിരിക്കുമ്പോൾ ഉപജീവനത്തിനായി ലിസി തുന്നൽപ്പണി ചെയ്തതും, കുടുംബ സുഹൃത്ത് എല്ലാ സഹായങ്ങളും ചെയ്തതും ഒക്കെ താൻ അറിഞ്ഞുവെന്ന് ജെയിംസ് ലിസിയോട് പറയുന്നു. അതുകേട്ട്, ചെറിയാൻ നിങ്ങൾക്കുവേണ്ടി ശ്രമിച്ചുകൊണ്ടിരിക്കുന്ന ജോലി തരപ്പെടുകയാണെങ്കിൽ അതുപേക്ഷിക്കരുതെന്നും, വാശി പിടിക്കരുതെന്നും ലിസി പറയുമ്പോൾ, ചെയ്തുപോയ തെറ്റിന് പ്രായശ്ചിത്തമായിട്ടാണ് ചെറിയാൻ അതു ചെയ്യുന്നതെന്നും, അതും പോലീസ് ഡിപ്പാർട്മെന്റിൽ സിഐഡി വിഭാഗത്തിലെ സ്വകാര്യ കാറ്റഗറിയിൽ, അവിടെ എന്തൊക്കെ കൊള്ളരുതായ്മകൾക്ക് കൂട്ടുനിൽക്കേണ്ടി വരുമോ എന്ന് ജെയിംസ് പറയുന്നു. അപ്പോൾ, ഇഷ്ടമില്ലെങ്കിൽ വേണ്ടെന്നും, തത്കാലം നിങ്ങൾക്ക് വിശ്രമമാണ് വേണ്ടതെന്നും ലിസി പറയുന്നു. അതുകേട്ട്, നീ കഷ്ടപ്പെട്ട് ജോലി ചെയ്ത് എന്നെപ്പോറ്റാമെന്നാണോ പറയുന്നതെന്ന് ജെയിംസ് ചോദിക്കുമ്പോൾ, നമുക്ക് രണ്ടാൾക്കും കഷ്ടിച്ച് കഴിയാനുള്ള വക തനിക്കുണ്ടാക്കാൻ കഴിയുമെന്ന് ലിസി പറയുന്നു. അന്നേരം, നമ്മുടെ പഴയ കാർ വിൽക്കാമെന്ന് ജെയിംസ് പറയുമ്പോൾ, വേണ്ടെന്നും പിന്നീടൊരുപക്ഷേ വാങ്ങാൻ സാധിച്ചെന്ന് വരില്ലെന്നും ലിസി പറയുന്നു. തുടർന്ന്, പത്രമാപ്പീസ് വരെയൊന്ന് പോയ്വരാം എന്ന് ജെയിംസ് പറയുമ്പോൾ, യാത്രാക്കൂലിക്കുള്ള പണം നൽകി ലിസി ജെയിംസിനെ യാത്രയാക്കുന്നു.
രാത്രിയിൽ വിഷണ്ണനായാണ് ജെയിംസ് തിരിച്ചെത്തുന്നത്. ലിസി ആഹാരം കഴിക്കാൻ പറയുന്നുണ്ടെങ്കിലും ജെയിംസ് വേണ്ടെന്ന് പറയുന്നു. പിന്നീട് ഒരു ജേർണലിസ്റ്റ് സുഹൃത്തായ സുകുമാരനെ കാണാനാണെന്നും പറഞ്ഞ് പുറത്തേക്ക് പോവുന്നു. ജെയിംസ് പോവുന്നത് ഒരു ബാറിലേക്കാണ്. സുകുമാരനോട് ജോലിക്കാര്യത്തെക്കുറിച്ച് ജെയിംസ് ചോദിക്കുമ്പോൾ എന്നേക്ക് തരപ്പെടുമെന്ന് പറയാൻ സാധിക്കില്ലെന്ന് സുകുമാരൻ പറയുന്നു. അപ്പോൾ അവിടേക്ക് റൂബി (സുകുമാരി) എന്നൊരു സ്ത്രീ കയറി വരുമ്പോൾ, അത് തോമസ് അഗസ്റ്റിന്റെ (എൻ.ഗോവിന്ദൻകുട്ടി) രണ്ടാം ഭാര്യയാണെന്ന് ജെയിംസിനോട് സുകുമാരൻ പറയുന്നു. തുടർന്ന്, തോമസ് അഗസ്റ്റിൻ ആ പ്രദേശത്ത് പുതുതായി വന്ന കോടീശ്വരനാണെന്നും, അദ്ദേഹത്തിന് ആദ്യ ഭാര്യയിൽ സുന്ദരിയായ ഒരു മകളുണ്ടെന്നും സുകുമാരൻ പറയുന്നു. തനിക്ക് നൂറു രൂപാ ആവശ്യമുണ്ടെന്ന് ജെയിംസ് പറയുമ്പോൾ, തന്റെ കൈയ്യിൽ പണമില്ലെന്ന് സുകുമാരൻ പറയുന്നു. തുടർന്ന്, തനിക്ക് ഒരാളെ അത്യാവശ്യമായി കാണാനുണ്ടെന്നും, കണ്ടിട്ട് അധികം വൈകാതെ തിരിച്ചു വരാമെന്നും, അതുവരെ ഇവിടെത്തന്നെ കാത്തിരിക്കണമെന്നും, ഒത്താൽ നീ ചോദിച്ച പണവുമായി വരാമെന്നും പറഞ്ഞ് സുകുമാരൻ പുറത്തേക്ക് പോവുന്നു.
ഈ നേരത്ത്, റൂബി ഹാൻഡ്ബാഗിൽ നിന്നും കൊച്ചു കണ്ണാടി എടുത്ത് ലിപ്സ്റ്റിക് പുരട്ടുമ്പോൾ ജെയിംസിന്റ ശ്രദ്ധ റൂബിയിലേക്കും, തുറന്ന് കിടക്കുന്ന ഹാൻഡ്ബാഗിലെ പണക്കെട്ടുകളിലേക്കും പതിക്കുന്നു. പിന്നീട്, കൂൾഡ്രിങ്ക്സ് കുടിച്ച ശേഷം റൂബി ഹാൻഡ്ബാഗുമെടുത്ത് ടെലിഫോൺ മുറിയിലേക്ക് പോയി ആർക്കോ ഫോൺ ചെയ്ത ശേഷം ഹാൻഡ്ബാഗ് അവിടെത്തന്നെ മറന്നുവെച്ച് ബാറിൽ നിന്നും പോവുന്നു. ഇതൊക്കെ ശ്രദ്ധിച്ചുകൊണ്ടിരിക്കുന്ന ജെയിംസ് ടെലിഫോൺ മുറിയിൽ കയറി ആരുമറിയാതെ ആ ബാഗിൽ നിന്നും നൂറു രൂപാ എടുത്ത് ബാഗ് അവിടെത്തന്നെ വെച്ച് മുറിക്ക് പുറത്തേക്ക് വരുമ്പോൾ പുറത്ത് പോയ റൂബി തിരിച്ചു വരുന്നതാണ് കാണുന്നത്. ജെയിംസ് ബില്ലടച്ച് പതുക്കെ പുറത്തേക്ക് പോകാനൊരുങ്ങുമ്പോൾ വെയിറ്റർ വന്ന് റൂബി വിളിക്കുന്നതായി പറയുന്നു, ജെയിംസ് റൂബിയുടെയടുത്തെത്തിയതും തിരിച്ചു വിളിച്ചതിൽ ക്ഷമിക്കണമെന്ന് റൂബി പറയുന്നു. എന്താണ് നിങ്ങൾക്ക് പറയാനുള്ളതെന്ന് ജെയിംസ് ചോദിക്കുമ്പോൾ, താൻ കാണിച്ച വിഡ്ഢിത്തത്തെക്കുറിച്ചാണെന്ന് റൂബി പറയുന്നു. മനസ്സിലായില്ലെന്ന് ജെയിംസ് പറയുമ്പോൾ, മറന്നുവെച്ച് പോയ ബാഗ് മറ്റാരെങ്കിലും കണ്ടിരുന്നെങ്കിൽ തനിക്ക് തിരിച്ചു കിട്ടില്ലായിരുന്നുവെന്നും, ജെയിംസ് കണ്ടതുകൊണ്ട് രക്ഷപ്പെട്ടുവെന്നും, അതിന് നന്ദി പറയാനാണ് വിളിച്ചതെന്നും റൂബി പറയുന്നു. അപ്പോൾ, ബാഗിൽ വിലപിടിപ്പുള്ള വല്ലതും ഉണ്ടായിരുന്നോ, ഒന്നും നഷ്ടപ്പെട്ടില്ലല്ലോ എന്ന് ജെയിംസ് ചോദിക്കുമ്പോൾ, ഇല്ലെന്ന് റൂബി പറയുന്നു. ഇനിയെങ്കിലും സൂക്ഷിക്കണമെന്ന് ജെയിംസ് പറയുമ്പോൾ, ഉപദേശം മറക്കില്ലെന്ന് പറഞ്ഞ്, ജയിൽ ജീവിതം എങ്ങിനെയുണ്ടായിരുന്നുവെന്ന് റൂബി ചോദിക്കുമ്പോൾ ജെയിംസ് സ്തംഭിച്ചു നിൽക്കുന്നു.
തുടർന്ന് നിങ്ങൾക്കെന്നെ അറിയാമോ എന്ന് ജെയിംസ് ചോദിക്കുമ്പോൾ, താങ്കൾക്ക് ജോലിയില്ലെന്നും, വളരെ ബുദ്ധിമുട്ടിലാണെന്നുള്ള കാര്യവും അറിയാമെന്ന് റൂബി പറയുന്നു. എന്നിട്ട്, വിരോധമില്ലെങ്കിൽ താനൊരു ജോലി തരാമെന്ന് റൂബി പറയുന്നു. നിങ്ങൾ കാര്യമായിട്ടാണോ പറയുന്നതെന്ന് ജെയിംസ് ചോദിക്കുമ്പോൾ, നിങ്ങൾ എന്നെ സംശയിക്കുന്നോ എന്ന മറു ചോദ്യമാണ് റൂബി ചോദിക്കുന്നത്. ഇല്ല മിസ്സിസ് തോമസ് അഗസ്റ്റിൻ എന്ന് ജെയിംസ് പറയുമ്പോൾ, എന്നെ അറിയുമോ എന്ന് ഞെട്ടലോടെ റൂബി ചോദിക്കുന്നു. ജെയിംസ് അവരെക്കുറിച്ച് പറയുമ്പോൾ, നിങ്ങൾ സമർത്ഥനാണെന്നും, കള്ളക്കടത്തുകാരൻ സേട്ട് വെച്ചുനീട്ടിയ പണം നിഷേധിച്ചവനാണെന്നും താൻ ഇവിടെ വന്ന ചില ദിവസങ്ങൾക്കുള്ളിൽ തന്നെ മനസ്സിലാക്കിയെന്ന് റൂബി പറയുന്നു. അപ്പോൾ, ജോലിക്കാര്യത്തിനെക്കുറിച്ച് ജെയിംസ് ചോദിക്കുമ്പോൾ, എല്ലാം രഹസ്യമായി സൂക്ഷിക്കുകയും, ഒരു ഭാഗ്യപരീക്ഷണത്തിന് തയാറാവുകയും ചെയ്താൽ, അധികം വൈകാതെ ഒരു വലിയ സമ്പാദിക്കാൻ കഴിയുമെന്ന് റൂബി പറയുന്നു. അതുകേട്ട്, താനെന്താണ് ചെയ്യേണ്ടതെന്ന് ജെയിംസ് ചോദിക്കാൻ വരുമ്പോൾ, പേടിക്കാനൊന്നുമില്ലെന്നും, നാളെ വൈകുന്നേരം കടപ്പുറത്തിലുള്ള ഇൻസ്പെക്ഷൻ ബംഗ്ലാവിൽ ഒരു മുറി വാടകയ്ക്കെടുത്ത് തനിക്കുവേണ്ടി കാത്തിരിക്കണമെന്നും, അവിടെയിരുന്ന് ഒരു നോവൽ എഴുതണമെന്നും റൂബി പറയുന്നു. തുടർന്ന് അഡ്വാൻസ് ആയിട്ട് കുറച്ചു രൂപ കൊടുത്ത ശേഷം, ബാഗിൽ നിന്നും എടുത്ത നൂറു രൂപാ സ്വന്തം ആവശ്യങ്ങൾക്ക് വെച്ചോളൂ എന്ന് പറഞ്ഞ് റൂബി പുറത്തേക്ക് പോവുമ്പോൾ, ജെയിംസ് സ്തംഭിച്ചു നിൽക്കുന്നു.
റൂബി പറഞ്ഞത് പോലെ ജെയിംസ് കടപ്പുറത്തിലുള്ള ഇൻസ്പെക്ഷൻ ബംഗ്ലാവിൽ മുറിയെടുത്ത് കാത്തിരിക്കുന്നു. റൂബിയും പറഞ്ഞത് പോലെ കൃത്യ സമയത്ത് അവിടെ എത്തുകയും, താൻ പറയുന്നത് കേൾക്കാൻ തയാറാണെങ്കിൽ കാര്യം പറയാമെന്ന് പറയുകയും ചെയ്യുമ്പോൾ, ജെയിംസ് ശരിയെന്ന് പറയുന്നു. അപ്പോൾ, തനിക്കും തന്റെ ഭർത്താവിന്റെ ആദ്യഭാര്യയിലെ മകൾ ആലീസിനും (റാണിചന്ദ്ര) പത്തു ലക്ഷം രൂപാ അത്യാവശ്യമായിരിക്കുന്നു എന്ന് പറയുന്നു. അതുകേട്ട്, മിസ്റ്റർ തോമസിനോട് നിങ്ങൾക്ക് ചോദിച്ചു വാങ്ങാമല്ലോ, അതിന് എന്റെ ആവശ്യമെന്തെന്ന് ജെയിംസ് ചോദിക്കുന്നു. അതിന്, ഞങ്ങൾ ചോദിച്ചാൽ അദ്ദേഹം തരില്ലെന്ന് റൂബി പറയുമ്പോൾ, അത്രയും രൂപയുടെ ആവശ്യമെന്തെന്ന് ജെയിംസ് ചോദിക്കുന്നു. അത് നിങ്ങൾ അറിയേണ്ട കാര്യമില്ലെന്ന് റൂബി മറുപടി നൽകുന്നു. അതുകേട്ട്, മിസ്റ്റർ തോമസും അത് അറിയേണ്ട ആവശ്യമില്ലായിരിക്കും എന്ന് ജെയിംസ് പറയുമ്പോൾ, അതെയെന്നും, അദ്ദേഹത്തിൽ നിന്നും ആ സംഖ്യ എങ്ങിനെയെങ്കിലും വാങ്ങിയേ പറ്റു എന്നും, അതിന് ജെയിംസിന്റെ സഹായം ആവശ്യമുണ്ടെന്നും റൂബി പറയുന്നു. തുടർന്ന്, ഒരു ലക്ഷം രൂപാ ജെയിംസിനുള്ളതാണെന്നും റൂബി പറയുന്നു. അതിന് ജെയിംസ് സന്തോഷമെന്ന് മാത്രം പറയുന്നു. തുടർന്ന്, ഹൃദയം തുറന്ന് സംസാരിക്കുന്നതായിരിക്കും നല്ലതെന്നും, ആരെയെങ്കിലും ഭീഷണിപ്പെടുത്തിയാണോ ഈ തുക വാങ്ങിക്കേണ്ടതെന്ന് ജെയിംസ് ചോദിക്കുമ്പോൾ, അല്ലെന്ന് റൂബി പറയുന്നു. അതുകേട്ട്, പിന്നെയെന്ന് ജെയിംസ് ചോദിക്കുമ്പോൾ, ചോദ്യങ്ങളൊക്കെ പിന്നീടാവാമെന്ന് റൂബി പറയുന്നു. തുടർന്ന്, പണക്കാരുടെ മക്കളെ തട്ടിക്കൊണ്ടുപോയി, ഒളിവിൽ വെച്ച്, ആവശ്യമുള്ള പണം തരണമെന്നും, അല്ലെങ്കിൽ എന്തിനും മടിക്കില്ലെന്നും ഭീഷണിപ്പെടുത്തി, വല്യ വല്യ തുകകൾ ചില ഗൂഢസംഘങ്ങൾ വാങ്ങാറുണ്ടെന്ന് പറഞ്ഞ് നിർത്തുന്നു. അതുകേട്ട്, അങ്ങിനെ വല്ലതിനുമാണ് നിൽക്കേണ്ടതെങ്കിൽ, ചിലവായ പണമൊഴിച്ച്, ബാക്കി മടക്കിത്തന്ന് ഇപ്പോഴേ താൻ ഒഴിഞ്ഞോളാമെന്ന് ജെയിംസ് പറയുന്നു. അതിന്, എന്റെ ബാഗിൽ നിന്നും നൂറു രൂപാ മോഷ്ടിച്ച നിങ്ങൾ എന്നിൽ നിന്നും അത്ര പെട്ടെന്ന് രക്ഷപ്പെടാൻ കഴിയുമോ എന്ന് റൂബി ചോദിക്കുന്നു.
തുടർന്ന്, നമുക്കത്രയ്ക്കൊന്നും പോകേണ്ടെന്നും, ആലീസ് സ്വന്തം മനസ്സാലെ ഒളിവിൽ നിൽക്കുമെന്നും, എങ്ങിനെയെന്നും എവിടെയെന്നുമുള്ള കാര്യങ്ങൾ നമുക്ക് പിന്നീട് സംസാരിക്കണമെന്നും റൂബി പറയുന്നു. പിന്നീട്, ആലീസിന്റെ അച്ഛനിൽ നിന്നും പത്തു ലക്ഷം രൂപാ വാങ്ങി ഒമ്പത് ലക്ഷം ഞങ്ങൾക്ക് തരണമെന്നും, അതുകഴിഞ്ഞ് ആലീസ് വീട്ടിലെത്തുമെന്നും റൂബി പറയുന്നു. അതുകേട്ട്, പറയാൻ എളുമാണെന്നും, വ്യവസ്ഥയിൽ കൊണ്ടുവരാൻ പറ്റിയെന്ന് വരില്ലെന്നും ജെയിംസ് പറയുമ്പോൾ, ഭീരുവാണെന്നും, നിങ്ങളുടെ സത്യസന്ധതകൊണ്ട് എന്തു നേടാൻ കഴിഞ്ഞുവെന്നും, ഇവിടെ പണമാണ് വലുതെന്നും റൂബി പറയുമ്പോൾ, ജെയിംസ് പരിഭ്രാന്തനായിരിക്കുന്നു. എന്നിട്ട്, കാര്യമെല്ലാം ശരിയെന്നു പറഞ്ഞിട്ട്, പക്ഷേ .... എന്ന് നീട്ടുമ്പോൾ, ഒരുപക്ഷെയുമില്ലെന്ന് റൂബി പറയുന്നു. അതുകേട്ട്, മകളെ കാണാനില്ലെന്ന് പറഞ്ഞ് മിസ്റ്റർ തോമസ് പോലീസിൽ പരാതിപ്പെടുകയും, അതുവഴി പോലീസ് അറിയുകയും, താൻ വീണ്ടും ജയിലിലാവുകയും ചെയ്താലോ എന്ന് ജെയിംസ് ചോദിക്കുമ്പോൾ, അങ്ങിനെയൊന്നും സംഭവിക്കില്ലെന്നും, പോലീസ് അറിയുമെന്നായാൽ ഭർത്താവിനോട് സത്യാവസ്ഥ തുറന്നു പറഞ്ഞ് ജെയിംസിനെ രക്ഷിക്കുമെന്നും , അല്ലെങ്കിൽത്തന്നെയും ജെയിംസ് ഞങ്ങളുടെ പണം വാങ്ങി ഞങ്ങൾക്ക് തന്നെ തരാൻ പോവുന്നതെന്നും, ജെയിംസ് ഒരു ലക്ഷം രൂപയാണ് ലാഭിക്കാൻ പോവുന്നതെന്നും റൂബി പറയുന്നു. അതുകേട്ട്, താൻ ഒന്നുകൂടി ആലോചിച്ചിട്ട് പറയാമെന്ന് ജെയിംസ് പറയുമ്പോൾ, തന്റെ വിസിറ്റിംഗ് കാർഡ് കൊടുത്ത്, മറ്റെന്നാൾ രാവിലെ തീരുമാനമെന്തെന്ന് അറിയിക്കണമെന്നും റൂബി പറയുന്നു. പിന്നീട്, കുറച്ചു പണമെടുത്ത് ജെയിംസിന് നൽകി ശുഭരാത്രി നേർന്നുകൊണ്ട് റൂബി ഇറങ്ങുന്നു.
ആലീസ്, ജോണിയെന്ന (സുധീർ) യുവാവുമായി പ്രണയത്തിലാണ്. ആലീസിന് അവളുടെ ഇഷ്ടംപോലെ ജീവിക്കാനുള്ള സ്വാതന്ത്ര്യവും, അവളിഷ്ടപ്പെടുന്ന ഭർത്താവിനെ സ്വീകരിക്കാനുള്ള സ്വാതന്ത്ര്യവും അവളുടെ അച്ഛൻ നൽകിയിട്ടുണ്ടെങ്കിലും, തന്നെപ്പോലെ ഒരു ദരിദ്രനെയാവരുതെന്ന നിർബന്ധമുള്ളത് കൊണ്ട് ആലീസിനെ വിവാഹം കഴിക്കാൻ പറ്റുമോ എന്ന് ജോണി വിഷമിക്കുന്നു. നമ്മൾ തമ്മിലുള്ള വിവാഹം തീർച്ചയായും നടക്കുമെന്നും, തനിക്ക് ജോണിയും, ജോണിക്ക് താനുമല്ലാതെ വേറൊരു ജീവിതമില്ലെന്നും പറഞ്ഞ് ആലീസ് ജോണിയെ സമാധാനിപ്പിക്കുന്നു. ഇതൊക്കെ എല്ലാ കാമുകിമാരും പറയുന്നതാണെന്ന് ജോണി പറയുന്നു. അതിന്, ജോണി നല്ലപോലെ പഠിച്ച് ഡോക്ടർ ആകുവെന്നും, അന്നേരം ഈ എതിർപ്പുകളെല്ലാം തീർന്നുകിട്ടുമെന്നും പറഞ്ഞ്, ഇനിയും കാത്തിരിക്കണമല്ലോ എന്നും ആലീസ് പറയുന്നു. അതുകേട്ട്, പഠനം പൂർത്തിയാക്കാൻ കഴിയുമോ എന്നത് തന്നെ സംശയമാണെന്നും, തനിക്ക് വേണ്ടി എത്രനാൾ വേണമെങ്കിലും ആലീസ് കാത്തിരിക്കില്ലേയെന്നും ജോണി ചോദിക്കുന്നു. അപ്പോൾ, ജോണിയെ അരിശം പിടിപ്പിക്കാൻ വേണ്ടി കാത്തിരിക്കാൻ പറ്റില്ലെന്നും, ഇപ്പോൾ തന്നെ വിവാഹാലോചനകൾ വന്നു തുടങ്ങിയെന്നും നുണ പറഞ്ഞ് ആലീസ് ജോണിയെ കളിയാക്കുന്നു. അതുകേട്ട്, ആലീസിനെല്ലാം കളിയാണെന്ന് ജോണി പറയുമ്പോൾ, അടുത്തു തന്നെ നമ്മൾ രണ്ടുപേരും സ്ഥലം വിടുമെന്നും, വിവാഹം കഴിക്കുമെന്നും, ജോണി തുടർന്ന് പടിക്കുമെന്നും, അതിനിടയിൽ നമുക്ക് കുഞ്ഞുങ്ങൾ പിറക്കുമെന്നും ആലീസ് പറയുന്നു. തുടർന്ന്, ഒരു വല്യ സംഖ്യ തനിക്കുടനെ കിട്ടുമെന്നും, അതിന് വേണ്ടി ഏതാനും ദിവസങ്ങൾ തനിക്ക് അകന്ന് നിൽക്കേണ്ടി വരുമെന്നും ആലീസ് പറയുമ്പോൾ, എങ്ങിനെയെന്ന് ജോണി ചോദിക്കുന്നു. അതൊന്നും ഇപ്പോൾ പറയാൻ പറ്റില്ലെന്നും, പിന്നീട് കാണാമെന്നും പറഞ്ഞിട്ട് ഇരുവരും പിരിഞ്ഞു പോവുന്നു.
പാൽക്കാരിയും മറ്റും പണം ചോദിച്ച് ലിസിയുമായി ശണ്ഠകൂടുന്നത് കേൾക്കാനിടവരുന്ന ജെയിംസ് റൂബിയെ വിളിച്ച് നിങ്ങൾ പറഞ്ഞ കാര്യം ചെയ്യാൻ താൻ തയാറാണെന്നും, അതിനുമുൻപ് തനിക്ക് ആലീസിനെക്കണ്ട് ഒന്നു സംസാരിക്കേണ്ടതുണ്ടെന്നും പറയുമ്പോൾ, അതിന്റെ ആവശ്യമില്ലെന്നും, പേടിക്കാനൊന്നുമില്ലെന്നും, താൻ പറയുന്നതേ ആലീസ് കേൾക്കു എന്നും റൂബി പറയുന്നു. എന്നാൽ, രാത്രി പത്തു മണിക്ക് നിങ്ങൾ രണ്ടുപേരും റൂമിൽ വരണമെന്ന് പറഞ്ഞ് ജെയിംസ് ഫോൺ കട്ട് ചെയ്യുന്നു.
രോഗിയായ തോമസ് അഗസ്റ്റിൻ വിശ്രമത്തിലാണ്. റൂബി അദ്ദേഹത്തെ പരിചരിക്കുകയും, അധികം ബുദ്ധിമുട്ടരുതെന്നും, ജോലിക്കാര്യങ്ങളെല്ലാം സെക്രട്ടറി നോക്കിക്കൊള്ളുമെന്ന് പറഞ്ഞുകൊണ്ടിരിക്കുമ്പോൾ, അവിടേക്ക് ആലീസ് ഓടിവന്ന് താൻ കൂട്ടുകാരുമൊത്ത് പുറത്തു പോവുകയാണെന്നും പറഞ്ഞ് പുറത്തേക്ക് പോവുന്നു. അവൾ പോയ ശേഷം തോമസിനോട് മകൾക്ക് കൂടുതൽ സ്വാതന്ത്യം കൊടുക്കരുതെന്ന് റൂബി പറയുന്നു. അതുകേട്ട്, അവൾ തന്റെ ജീവനാണെന്നും, അവളുടെ സന്തോഷമാണ് തനിക്ക് വലുതെന്നും, അമ്മയില്ലാത്ത അവൾക്ക് അമ്മയും അച്ഛനും താനെന്നും, നല്ലൊരു പയ്യനെ നോക്കി അവളുടെ വിവാഹം കഴിച്ചയക്കുന്നത് വരെ തനിക്ക് സമാധാനമില്ലെന്നും തോമസ് പറയുന്നു. അപ്പോൾ, എവിടെ നിന്നോ ഇവിടെ പഠിക്കാൻ വന്ന, ദരിദ്രനായ ജോൺസൺ എന്ന ജോണിയുമായിട്ടാണ് അവൾ കറങ്ങുന്നതെന്ന് അല്പം നീരസത്തോടെ റൂബി പറയുമ്പോൾ, ആ ഒരു കാര്യത്തിൽ മാത്രമേ തനിക്ക് മകളെ താക്കീത് ചെയ്യേണ്ടി വന്നിട്ടുള്ളുവെന്നും, കുറച്ചു കഴിയുമ്പോൾ താനേ മനസ്സ് മാറിക്കൊള്ളുമെന്നും തോമസ് പറയുന്നു.
തനിക്കൊരു ജോലി തരപ്പെട്ടിട്ടുണ്ടെന്നും പറഞ്ഞ് ജെയിംസ് തനിക്ക് വേണ്ട സാധനങ്ങളെല്ലാം പാക്ക് ചെയ്ത് ലിസിയോട് യാത്ര പറഞ്ഞിറങ്ങുമ്പോൾ ചെറിയാൻ അവിടേക്ക് കയറി വരുന്നു. ചെറിയാനെക്കണ്ട് ജെയിംസ് ഒന്ന് പരുങ്ങുന്നു. എവിടെയാണ് പോവുന്നത്, താൻ ഡ്രോപ്പ് ചെയ്യാമെന്ന് ചെറിയാൻ പറയുമ്പോൾ, ഒരു സുഹൃത്ത് സഹായിച്ച് തന്റെ കാർ നേരാക്കിയെന്നും താൻ അതിൽ തന്നെ പോയേക്കാമെന്നും, അല്പം ധൃതിയുണ്ടെന്നും പറഞ്ഞ് ജെയിംസ് ഇറങ്ങുന്നു. അപ്പോൾ, എപ്പോഴാണ് തിരിച്ചുവരിക എന്ന് ഇപ്പോൾ പറയാൻ കഴിയില്ലായിരിക്കുമല്ലേ എന്ന് തമാശ രൂപേണ ചെറിയാൻ ചോദിക്കുമ്പോൾ, ഒരു ജോലിക്ക് വേണ്ടി പോവുകയല്ലേയെന്ന് ഉത്തരം പറയുന്നത് ലിസിയാണ്. തുടർന്ന്, ഡിപ്പാർട്മെന്റിൽ ഒരു ജോലി തരപ്പെടുത്തിത്തരാമെന്ന് പറഞ്ഞത് എന്തായി എന്ന് ലിസി ചോദിക്കുമ്പോൾ, ഉടൻ തന്നെ കിട്ടിയേക്കുമെങ്കിലും ജെയിംസിന് അതിൽ താല്പര്യമില്ലല്ലോ എന്ന് ചെറിയാൻ പറയുന്നു. എന്നിട്ട്, ജെയിംസിന് എന്ത് ജോലിയാണ് കിട്ടിയിട്ടുള്ളത്, എവിടെയാണ് ജോലി എന്നൊക്കെ ചെറിയാൻ ചോദിക്കുമ്പോൾ, അറിയില്ലെന്നും, താത്കാലിക ഒഴിവാണെന്ന് മാത്രമാണ് ജെയിംസ് പറഞ്ഞതെന്ന് ലിസി പറയുന്നു.
റൂബിയും ആലീസും കാറിൽ യാത്ര ചെയ്യുമ്പോൾ, തനിക്ക് പേടിയാവുന്നുവെന്ന് ആലീസ് പറയുമ്പോൾ, ജോൺസൺ പാവപ്പെട്ടവനല്ലേ, നിന്നെ അവനെ കല്യാണം കഴിക്കണമെങ്കിൽ അവനും വേണ്ടേ അന്തസ്സ് എന്ന് റൂബി പറഞ്ഞുകൊടിരിക്കുമ്പോൾ തന്നെ, ആലീസ് ഇടയ്ക്ക് കേറി അച്ഛനെ നമ്മൾ വഞ്ചിക്കുകയാണല്ലോ എന്ന് പറയുന്നു. അതുകേട്ട്, നിന്റെ സന്തോഷമാണ് തന്റെയും സന്തോഷമെന്നും, അതിന് വേണ്ടിയാണ് താനിതൊക്കെ ചെയ്യുന്നതെന്നും, പത്തു ലക്ഷം രൂപാ കൊടുത്ത് ജോൺസണെ വല്യ പണക്കാരനാക്കണമെന്നും, അപ്പോൾ അച്ഛൻ അവനുമായുള്ള കല്യാണത്തിന് സമ്മതിക്കുമെന്നും റൂബി പറയുമ്പോൾ, ആലീസ് സന്തോഷവതിയാവുന്നു.
റൂബിയും ആലീസും കടപ്പുറത്തിലുള്ള ഇൻസ്പെക്ഷൻ ബംഗ്ലാവിൽ എത്തിയതും, ജെയിംസ് ആലീസിനെ പരിചയപ്പെട്ട ശേഷം പറഞ്ഞു തുടങ്ങുന്നു - നിങ്ങൾ രണ്ടുപേരും ചേർന്ന് രൂപപ്പെടുത്തിയ പരിപാടി താൻ നടപ്പിലാക്കാനിരിക്കുകയാണെന്നും, ഈ പരിപാടി പുറത്താവുകയോ, പോലീസ് അറിയുകയോ ചെയ്താലുള്ള ഭവിഷ്യത്തുകളെക്കുറിച്ച് നിങ്ങൾക്കറിയുകയും ചെയ്യാമെന്നും, താൻ ഇതിലേക്ക് പൂർണ്ണമായും ഇറങ്ങിത്തിരിക്കുന്നതിന് മുൻപ് തനിക്ക് ഒരു കാര്യം അറിയണമെന്നും പറഞ്ഞ്, ഒരു ലക്ഷം രൂപാ തനിക്ക് പ്രതിഫലമായി തന്ന ശേഷം ബാക്കിയുള്ള ഒമ്പത് ലക്ഷം രൂപയുടെ അത്യാവശ്യമെന്താണെന്ന് ചോദിക്കുന്നു. അല്പം ഒന്നാലോചിച്ച ശേഷം, താൻ ചെയ്യുന്ന കാര്യത്തിനെക്കുറിച്ച് തനിക്ക് നല്ല ബോധമുണ്ടെന്നും, ഒമ്പത് ലക്ഷത്തിന്റെ ആവശ്യത്തിനെക്കുറിച്ച് തൽക്കാലം താങ്കൾ അറിയേണ്ടെന്നും ആലീസ് പറയുമ്പോൾ, തോമസ് നമ്മളെ വെറുതെ വിടുമെന്ന് കരുതുന്നുണ്ടോ എന്ന് ജെയിംസ് ചോദിക്കുന്നു. അതിന്, ആ കാര്യത്തിനെക്കുറിച്ച് ജെയിംസ് വിഷമിക്കേണ്ടെന്നും, ഞങ്ങൾ രണ്ടാളും ഉറപ്പു തരുന്നുവെന്നും റൂബി പറയുന്നു. അതുകേട്ട് മന്ദഹസിക്കുന്ന ജെയിംസിനോട്, പണം എത്രയും വേഗം കിട്ടണമെന്നും, ഞങ്ങളുടെ പണം മറ്റൊരാൾ വഴി അല്പം നഷ്ടത്തോടെ ഞങ്ങൾക്ക് തന്നെ തിരിച്ചു തരുന്നതിനെ ഓർത്തിട്ടാവും ജെയിംസ് ചിരിക്കുന്നതല്ലേ എന്ന് ആലീസ് പറയുന്നു.
തുടർന്ന്, എങ്ങനെയൊക്കെ വേണമെന്നാണ് നിങ്ങൾ പറയുന്നതെന്ന് റൂബി ചോദിക്കുമ്പോൾ, പരിപാടിക്ക് അവസാന രൂപം താൻ കൊടുത്തിട്ടില്ലെന്നും, ഇതിലെ പ്രധാന കഥാപാത്രം ആലീസ് ആണെന്നോർക്കണമെന്നും, നാളെ ഇവിടെ എത്തുമ്പോൾ എല്ലാം വിശദമായി പറയാൻ കഴിയുമെന്നും ജെയിംസ് പറയുന്നു. അതുകേട്ട്, ഞങ്ങൾ ഒപ്പമുണ്ടെന്ന് ആലീസും, ജെയിംസ് ഞങ്ങൾക്ക് വേണ്ടി പ്രവർത്തിച്ചാൽ മാത്രം മതിയെന്ന് റൂബിയും പറയുന്നു. തുടർന്ന്, ജെയിംസ് അവരെ യാത്രയാക്കുന്നു. അവർ ഇറങ്ങുമ്പോൾ, നിങ്ങളുടെ ഡ്രൈവറിൽ നിന്നും വിവരം ചോർന്നു പോയാലോ എന്ന് ജെയിംസ് സംശയത്തോടെ ചോദിക്കുമ്പോൾ, അത് തന്റെ കസിൻ അലക്സ് (ജോസ് പ്രകാശ്) ആണെന്നും, അവനെ സംശയിക്കേണ്ട കാര്യമില്ലെന്നും, വേണ്ടിവന്നാൽ അവന്റെ സഹായം വരെ തേടാവുന്നതാണെന്നും റൂബി പറയുകയും, ശുഭരാത്രി നേർന്ന് ഇറങ്ങിപ്പോവുകയും ചെയ്യുന്നു.
ആലീസ് ജോണിയെക്കണ്ട് ചില ദിവസങ്ങൾ താൻ ഒളിവിലായിരിക്കുമെന്നും, വീട്ടുകാർക്കും ഇതേക്കുറിച്ച് അറിയില്ലെന്നും പറയുമ്പോൾ, അതിന്റെ ആവശ്യമെന്തെന്ന് ജോണി ചോദിക്കുന്നു. അതിന്, നമുക്ക് ഒന്നിച്ചു ജീവിക്കാനുള്ള പണം തന്റെ ഒരു സ്നേഹിതയിൽ നിന്നും വാങ്ങിക്കാനാണെന്ന് ആലീസ് പറയുന്നു, ആ സ്നേഹിത ആരാണെന്ന് ജോണി ചോദിക്കുമ്പോൾ, അതറിയാൻ പാടില്ലെന്നും, നമ്മൾ തമ്മിൽ ഇപ്പോൾ കണ്ടത് പോലും ആരും അറിയരുതെന്നും ആലീസ് പറയുന്നു. അപ്പോൾ, നിന്നെ കാണാതായാൽ തന്നെയാവും എല്ലാവരും ചോദ്യം ചെയ്യുക എന്ന് ജോണി പറയുമ്പോൾ, ജോണി പതറരുതെന്ന് ആലീസ് പറയുന്നു. അതുകേട്ട്, താൻ കുഴഞ്ഞു പോവുമെന്ന് ജോണി പറയുമ്പോൾ, കുഴഞ്ഞു പോവരുതെന്നും, നാം ഒന്നിച്ച് ജീവിക്കേണ്ടവരാണെന്നും പറഞ്ഞ് ജോണിയെ ആശ്വസിപ്പിച്ച് ആലീസ് യാത്ര ചോദിച്ചു പിരിഞ്ഞു പോവുന്നു.
അതുവരെ മോഡേൺ ഉടുപ്പുകളിൽ ഉലാത്തിയിരുന്ന ആലീസ് ജെയിംസിന്റെ നിർദ്ദേശപ്രകാരം വേഷവിധാനത്തിൽ മാറ്റം വരുത്തി സാരിയുടുത്ത്, ഒരു നാടൻ പെൺകുട്ടിയായി മാറുന്നു. വേഷം മാത്രമല്ല, അവളുടെ പേര് ഗീതാ മാധവൻ എന്ന പുതിയ നാമവും ജെയിംസ് അവൾക്ക് നൽകുന്നു. തുടർന്ന്, അടുത്ത ദിവസം മുതൽക്ക് ആലീസ് പാലിക്കേണ്ട നിർദ്ദേശങ്ങൾ എഴുതിയ കുറിപ്പ് അവൾക്ക് നൽകുകയും, അത് കാണാപ്പാഠമാക്കണമെന്നും, നാളെ പുറപ്പെടുന്നതിന് മുൻപ് ആ കുറിപ്പ് തിരിച്ചു തരികയും വേണമെന്ന് ജെയിംസ് പറയുന്നു. തുടർന്ന്, ഇനിയുള്ള നീക്കങ്ങൾ വളരെ ഗൗരവത്തോടുകൂടിയായിരിക്കണമെന്നും, ഒരാൾക്കും സംശയം തോന്നാത്ത രീതിയിലായിരിക്കണം എല്ലാ പെരുമാറ്റങ്ങളെന്നും, ഏതെല്ലാം ഘട്ടത്തിൽ എങ്ങിനെയൊക്കെ വേണമെന്നുള്ളത് കുറിപ്പിൽ വിശദമായി എഴുതിയിട്ടുണ്ടെന്ന് ജെയിംസ് പറയുമ്പോൾ, അങ്ങിനെയുള്ള പക്ഷം കുറിപ്പ് കൈയ്യിൽ സൂക്ഷിക്കുന്നതല്ലേ നല്ലതെന്ന് ആലീസ് ചോദിക്കുമ്പോൾ, അതാപത്താണെന്ന് ജെയിംസ് പറയുന്നു. അപ്പോൾ, താൻ എല്ലാം ഭംഗിയായി ചെയ്യുമെന്നും, നിങ്ങൾക്ക് കിട്ടുന്ന പണത്തിൽ നിന്നും തനിക്ക് നല്ലൊരു സമ്മാനം വാങ്ങിത്തരണമെന്നും ആലീസ് പറയുമ്പോൾ, തീർച്ചയായും തരാമെന്ന് ജെയിംസ് പറയുന്നു. തുടർന്ന് ജെയിംസ്, വീണ്ടും എല്ലാം ഭംഗിയായി ചെയ്യണമെന്ന് ആലീസിനെ ഉപദേശിക്കുന്നു.
ജെയിംസ് തോമസിന്റെ വീട്ടിലേക്ക് ഫോൺ ചെയ്ത് ജോണി സംസാരിക്കുന്നത് പോലെ സംസാരിക്കുന്നു. ഫോൺ അറ്റൻഡ് ചെയ്യുന്നത് വീട്ടിലെ വേലക്കാരിയാണ്. ജോണിയാണെന്ന് കേട്ടതും, നിങ്ങളോട് ആലീസുമായി സംസാരിക്കരുതെന്ന് നിങ്ങളോട് പറഞ്ഞിട്ടുള്ളതല്ല എന്ന് അവർ പറയുന്നു. അതിന്, ആലീസിനെ ഒരു കൂട്ടുകാരിയുടെ പിറന്നാളാണെന്നും, അവിടേക്ക് ആലീസ് ചെല്ലാമെന്ന് പറഞ്ഞിട്ടുള്ളത് ഓർമ്മിപ്പിക്കാനെന്നും ജെയിംസ് പറയുമ്പോൾ, അതാണ് കാര്യമെങ്കിൽ താൻ പറയാമെന്ന് വേലക്കാരി പറയുകയും, ആലീസിനെ വിളിക്കുകയും ചെയ്യുന്നു.
ആലീസ് കാറോടിച്ച് പോവുമ്പോൾ, ജെയിംസ് പറഞ്ഞ കാര്യങ്ങൾ അവൾ ഓർത്തെടുക്കുന്നു – “വീട്ടിൽ നിന്നും പുറപ്പെട്ട് കഴിഞ്ഞാൽ സ്വന്തം കാറിൽ ഹോട്ടലിലെത്തണം. അവിടെ എല്ലാവരും കാൺകെ വെറുതെ ഒരു ഫോൺ ചെയ്ത് ഇറങ്ങിപ്പോരണം. നാം കാറുകൾ മാറും. ആലീസ് കൊണ്ടുവരുന്ന പെട്ടി എന്റെ കാറിലേക്ക് മാറ്റും, പുറപ്പെടും. വഴിയിൽ ഒരിടത്തു വെച്ചായിരിക്കും വേഷം മാറുക. പിന്നീടെന്തുവേണമെന്ന് യാത്രയിൽ ഞാൻ പറയാം”. പറഞ്ഞത് പോലെ ആലീസ് ഹോട്ടലിന് മുൻപ് കാർ നിർത്തി ഫോൺ ചെയ്യാൻ വേണ്ടി അകത്തേക്ക് പോകുന്നു. ആ നേരത്ത് ജെയിംസ് അവളുടെ കാറിൽ നിന്നും പെട്ടിയെടുത്ത് തന്റെ കാറിലേക്ക് മാറ്റുന്നു. ആലീസ് ഫോൺ ചെയ്യാൻ പോകുമ്പോൾ ഒരാൾ അവളെത്തന്നെ ശ്രദ്ധിച്ചുകൊണ്ടിരിക്കുന്നു. ആലീസ് ഹോട്ടലിൽ നിന്നും പുറത്തേക്ക് വരുമ്പോൾ ആയാളും അവളുടെ പുറകെ കൂടി അവളെ ബലമായി കീഴടക്കാൻ ശ്രമിക്കുന്നു. അപ്പോൾ ജെയിംസ് അയാളുടെ തലയ്ക്ക് ടോർച്ച് കൊണ്ടടിച്ച് വീഴ്ത്തുന്നു. പിന്നീട് ആലീസ് ജെയിംസ് ഓടിച്ചു വന്ന കാറിൽ കയറി ഓടിച്ചു പോവുന്നു. ജെയിംസ് ആലീസ് ഓടിച്ചു വന്ന കാറിൽ കയറി ഓടിച്ചു പോവുകയും ചെയ്യുന്നു.
താൻ ഓടിച്ചുവന്ന ആലീസിന്റെ കാർ ഒരു വിജനമായ സ്ഥലത്ത് ഉപേക്ഷിച്ച് ജെയിംസ് തന്റെ കാർ ഓടിച്ചു വന്ന ആലീസിന്റെയടുത്തേക്കെത്തുന്നു. അപ്പോഴേക്കും ആലീസ് വേഷം മാറി റെഡിയായിക്കഴിഞ്ഞിരുന്നു. തന്റെ കാർ എന്ത് ചെയ്തുവെന്ന് ആലീസ് ചോദിക്കുമ്പോൾ, വിജനമായ സ്ഥലത്ത് ഉപേക്ഷിച്ചിട്ടുണ്ടെന്നും, രാവിലെ പോലീസുകാർ കണ്ടെത്തി വീട്ടിലെത്തിക്കുമെന്നും, ആലീസിന് എന്തെങ്കിലും അപകടം സംഭവിച്ചുകാണും എന്ന നിഗമത്തിലെത്തുമെന്നും ജെയിംസ് പറയുന്നു. തുടർന്ന്, നമ്മൾ എയർപ്പോർട്ടിലേക്കല്ലേ പോവുന്നതെന്ന് ആലീസ് ചോദിക്കുമ്പോൾ, അതെയെന്നും, താൻ പറയുന്ന സ്ഥലത്ത് ഒളിവിൽ താമസിക്കണമെന്നും, മറ്റപകടങ്ങളൊന്നും സംഭവിക്കാത്ത പക്ഷം ഏഴാം തിയ്യതി മടങ്ങി വരണമെന്നും, അപ്പോഴെക്കപ്പോൾ വിവരങ്ങൾ അറിയിച്ചു കൊണ്ടിരിക്കണമെന്നും ജെയിംസ് പറയുന്നു. ആലീസിനെ വിമാനത്തിൽ യാത്രയാക്കി ജെയിംസ് തിരികെ പോരുന്നു. തന്റെ കാറിന് കുറുക്കെ ഒരു കാർ പാർക്ക് ചെയ്തിരിക്കുന്നത് കണ്ട്, കാറിന്റെ ഉടമസ്ഥയായ സ്ത്രീയെ (ഫിലോമിന) വിളിച്ച് അത് മാറ്റിയിടാൻ വേണ്ടി അവരോട് അല്പം നീരസത്തോടെ ജെയിംസ് പറയുന്നു.
ആലീസിനെ കാണാതായതിൽ തോമസും മറ്റുള്ളവരും വിഷമിച്ചിരിക്കുന്നു. ആ നേരത്ത് ജെയിംസ് ഫോൺ ചെയ്ത് തോമസിനോട് സംസാരിക്കണമെന്ന് പറയുന്നു. തോമസ് ലൈനിൽ വരുമ്പോൾ, ആലീസ് തങ്ങളുടെ പക്കലുണ്ടെന്നും, അവളെ തിരികെ വിടണമെങ്കിൽ പത്തു ലക്ഷം രൂപാ തരണമെന്നും, പോലീസിൽ വിവരം അറിയിച്ചാൽ ആലീസിനെ ജീവനോടെയായിരിക്കില്ല കാണുന്നതെന്നും, പണം തരാൻ സമ്മതമാണെങ്കിൽ ബാക്കി വിവരങ്ങൾ വഴിയേ അറിയിക്കാമെന്നും പറഞ്ഞ് ജെയിംസ് ഫോൺ വെക്കുന്നു. ആലീസ് ആരുടെയോ പിടിയിലാണെന്നറിഞ്ഞതും തോമസിന്റെ ആരോഗ്യം വീണ്ടും മോശമാവുന്നു. വിവരം പോലിസിനെ അറിയിക്കാമെന്ന് തോമസ് പറയുമ്പോൾ, വേണ്ടെന്നും, അവർക്ക് ആവശ്യമുള്ള പണം കൊടുത്തേക്കാമെന്നും റൂബി പറയുന്നു. തോമസ് ജെയിംസിന്റെ അടുത്ത വിളിക്കായി കാത്തിരിക്കുന്നു.
ജെയിംസ് അസ്വസ്ഥനായി വീട്ടിൽ ഉലാത്തിക്കൊണ്ടിരിക്കുമ്പോൾ അവിടേക്ക് ചെറിയാൻ കടന്നു വരുന്നു. ജെയിംസിനെ ശ്രദ്ധിക്കുന്ന അദ്ദേഹം, എപ്പോഴെത്തിയെന്നും, എന്താ ഇത്ര ചിന്തിക്കുന്നതെന്നും, കൊണ്ടുപോയ പെട്ടി നിറയെ പണവുമായിട്ടായിരിക്കും തിരികെ വന്നതെന്നും ഹാസ്യ രൂപേണ ചോദിക്കുന്നു. തുടർന്ന്, എവിടെയാണ് ഉദ്യോഗം എന്ന് ചെറിയാൻ വീണ്ടും ചോദിക്കുമ്പോൾ, ഒന്നും കിട്ടിയില്ലെന്ന് ജെയിംസ് പറയുന്നു. അതുകേട്ട്, ഒള്ളത് തുറന്നു പറയണമെന്നും, നമ്മൾ ശത്രുക്കളൊന്നുമല്ലല്ലോ, മിത്രങ്ങളല്ലേയെന്നും ചെറിയാൻ പറയുമ്പോൾ, ഒരു സ്നേഹിതൻ കുറച്ചു പണം തരാമെന്ന് പറഞ്ഞിരുന്നുവെന്നും, അതുംകൊണ്ട് എവിടെയെങ്കിലും പോയി സ്വസ്ഥമായി ജീവിക്കാമെന്നും വിചാരിച്ചുവെന്നും, പക്ഷേ ഒന്നും നടന്നില്ലെന്ന് ജെയിംസ് പറയുന്നു. അപ്പോഴേക്കും ലിസിയും ആ മുറിയിലേക്ക് വരുന്നു. അവളെ നോക്കി, സന്തോഷകരമായ ഒരു വാർത്തയുമായാണ് താൻ വന്നിരിക്കുന്നതെന്ന് ചെറിയാൻ പറയുമ്പോൾ, എന്താണെന്ന് തനിക്ക് മനസ്സിലായെന്നും, തന്റെ പ്രാർത്ഥന കർത്താവ് കൈക്കൊണ്ടുവെന്നും ലിസി പറയുന്നു. അപ്പോൾ, ജെയിംസിനെ സ്പെഷ്യൽ സി ഐ ഡി ഇൻസ്പെക്ടർ ആയിട്ട് നിയമിക്കാൻ ഉത്തരവായിരിക്കുന്നുവെന്നും, അതോടൊപ്പം തന്നെ പ്രമാദമായ ഒരു കേസിന്റെ ഉള്ളുകളിൽ കണ്ടുപിടിക്കാനുള്ള അധികാരവും ഏൽപ്പിക്കാൻ പോവുന്നുവെന്നും ചെറിയാൻ പറയുന്നു. അതുകേട്ട്, ജെയിംസ് ഞെരിപിരി കൊള്ളുന്നു. എന്തു കേസെന്ന് ലിസി ചോദിക്കുമ്പോൾ, സ്ഥലത്തെ ധനാഢ്യനായ തോമസ് അഗസ്റ്റിന്റെ മകൾ ആലീസ്, തന്റെ കൂട്ടുകാരിയുടെ പിറന്നാൾ ആഘോഷത്തിന് പോയിട്ട് തിരിച്ചു വന്നിട്ടില്ലാത്രേയെന്ന് ചെറിയാൻ പറയുമ്പോൾ, അന്വേഷണം നടത്തിയോ എന്ന് ലിസി ചോദിക്കുന്നു. അതിന്, ഞങ്ങൾ കേട്ടതാണെന്നും, തോമസ് പെട്ടെന്ന് ബാങ്കിൽ നിന്നും പത്തു ലക്ഷം രൂപാ എടുത്തിട്ടുണ്ടെന്നും, അദ്ദേഹത്തിന് അടിയന്തരമായി അങ്ങിനൊരാവശ്യം നേരിട്ടതിന്റെ കാരണം എന്താണെന്ന് ആലോചിക്കുമ്പോൾ പല സംശയങ്ങളും തോന്നുന്നുവെന്നും ചെറിയാൻ പറയുന്നു. അതുകേട്ട്, ആലീസിനെ കാണാതായതിനും, തോമസ് പത്തു ലക്ഷം രൂപാ വിഡ്രോ ചെയ്തതിനും തമ്മിൽ എന്താ ബന്ധമെന്ന് ജെയിംസ് ചോദിക്കുമ്പോൾ, വെറും ഊഹം മാത്രമാണെന്ന് ചെറിയാൻ മറുപടി നൽകുന്നു.
തുടർന്ന്, തോമസ് പണം വിഡ്രോ ചെയ്തതെന്നത് വെറും കേട്ടുകേൾവി മാത്രമാണോയെന്ന് ജെയിംസ് ചോദിക്കുമ്പോൾ, അല്ലെന്നും, വലിയ തുകകൾ അടയ്ക്കുകയോ എടുക്കുകയോ ചെയ്യുമ്പോൾ ഞങ്ങളെ അറിയിക്കണമെന്ന് എല്ലാ ബാങ്കുകൾക്കും നിർദ്ദേശമുണ്ടെന്നും, അതുവഴി അന്വേഷണം നടത്തിയപ്പോഴാണ് രാത്രി വീട്ടിൽ നിന്നും പോയ ആലീസ് തിരിച്ചു വന്നിട്ടില്ലെന്നറിയുന്നതും, തന്റെ കണക്കുകൂട്ടൽ ശരിയാണെങ്കിൽ ആലീസിനെ ആരോ തട്ടിക്കൊണ്ടുപോയതാവണമെന്നും ചെറിയാൻ പറയുന്നു. അപ്പോൾ, മകളെ കാണാതായ വിവരം തോമസ് പോലീസിനെ അറിയിച്ചോ എന്ന് ജെയിംസ് ചോദിക്കുന്നു. അതിന്, ഇല്ലെന്നും, അതുകൊണ്ടാണ് ഞങ്ങൾ ഔദ്യോദികമായി ഇടപെടാത്തതെന്നും ചെറിയാൻ പറയുന്നു. പിന്നീട്, ജെയിംസ് ഇന്ന് തന്നെ ഓഫീസറെ കാണണമെന്നും, എല്ലാ ഏർപ്പാടുകളും ചെയ്തുകഴിഞ്ഞിട്ടുണ്ടെന്നും പറഞ്ഞ് ചെറിയാൻ വിടപറഞ്ഞു പോവുന്നു.
ചെറിയാന്റെ നിർദ്ദേശപ്രകാരം ജെയിംസ് പോലീസ് ഓഫീസറെച്ചെന്ന് കാണുന്നു. ഉടനെ ഈക്കൂട്ടർ പോലീസിനെ അറിയിക്കില്ലെന്നും, ചോദിച്ച പണം കൊടുത്ത് പിന്നെയും ആളെത്തിയില്ലെന്ന് വരുമ്പോൾ സഹായം തേടിയെത്തുമെന്നും, അപ്പോഴേക്കും ഒരു തുമ്പു കണ്ടെത്താനുള്ള സകല മാർഗ്ഗങ്ങളും അടഞ്ഞു കഴിഞ്ഞിട്ടുണ്ടാവുമെന്നും അദ്ദേഹം ജെയിംസിനോട് പറയുമ്പോൾ, ശരിയാണെന്ന് ജെയിംസ് പറയുന്നു. അപ്പോൾ, ഈ കേസിൽ തോമസിന്റെ മകളെ ആരെങ്കിലും തട്ടിക്കൊണ്ടുപോയതാണോ, അവർക്ക് കൊടുക്കാനായി ബാങ്കിൽ നിന്നും പണം എടുത്തതാണോ എന്നും തീർത്തു പറയാനായിട്ടില്ലെന്നും ഓഫീസർ പറയുന്നു. എന്നാൽ, ആലീസ് കൊണ്ടുപോയ കാർ കണ്ടുകിട്ടിയതായി റിപ്പോർട്ട് കിട്ടിയിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു. അതുകേട്ട്, എന്തായാലും, തോമസ് പോലീസിൽ പരാതിപ്പെട്ട്, വിശദ വിവരങ്ങൾ അറിഞ്ഞ ശേഷമല്ലേ വല്ലതും ചെയ്യാൻ പറ്റുള്ളു എന്ന് ജെയിംസ് ചോദിക്കുമ്പോൾ, അതേ എന്ന് ഓഫീസർ പറയുന്നു. തുടർന്ന്, ഇന്ന് മുതൽ തന്നെ ജെയിംസ് ഓഫീസിൽ അറ്റൻഡ് ചെയ്യണമെന്ന് പറഞ്ഞ് ഓഫീസർ ജെയിംസിന് ആശംസകൾ നേരുന്നു.
തുന്നൽ മെഷീൻ റിപ്പയർ ചെയ്തു തരാനായിട്ട് എത്ര നാളായി പറഞ്ഞുകൊണ്ടിരിക്കുന്നു, ഇന്നെങ്കിലും റിപ്പയർ ചെയ്യാനായി കൊണ്ടുപൊയ്ക്കൂടേയെന്ന് ലിസി പരിഭവത്തോടെ ചോദിക്കുമ്പോൾ, ഇന്നുറപ്പാണെന്നും, ഉച്ചയ്ക്ക് ശേഷം ഒന്നൂടെ ഓർമ്മിപ്പിക്കു എന്നും ജെയിംസ് പറഞ്ഞ് പുറത്തേക്ക് പോവുന്നു. ജെയിംസ് നേരെ പോവുന്നത് റൂബിയെക്കാണാനാണ്. എന്തു വന്നാലും ഒന്നിച്ചു നിൽക്കാമെന്ന് പറഞ്ഞ് നിങ്ങൾ ഞങ്ങളെ വഞ്ചിക്കുകയാണെന്ന് റൂബി ദേഷ്യത്തോടെ പറയുന്നു. അതുകേട്ട്, ആലീസിനെ ഒളിവിൽ നിന്നും ഇപ്പോൾ തന്നെ തിരിച്ചു വിളിക്കണമെന്നും, എന്നിട്ട് തോമസിനോട് എല്ലാ കാര്യങ്ങളും തുറന്നു പറഞ്ഞ് മാപ്പു ചോദിച്ചാൽ മതിയെന്നും ജെയിംസ് പറയുമ്പോൾ, നിങ്ങളുടെ ഉപദേശം എനിക്കാവശ്യമില്ലെന്ന് റൂബി അരിശത്തോടെ പറയുന്നു. അതുകേട്ട്, നാം അറിയാതെ തന്നെ പോലീസ് എല്ലാം കാര്യങ്ങളും ശ്രദ്ധിക്കുന്നുണ്ടെന്ന് ജെയിംസ് പറയുമ്പോൾ, ഒരു ഉദ്യോഗസ്ഥന്റെ അപ്പക്കഷണകാശിൽ അവർ നിങ്ങളെ മെരുക്കിയിരിക്കുന്നെന്നും, നിങ്ങൾ പട്ടിയെപ്പോലെ വാലാട്ടി നിൽക്കുകയാണെന്നും റൂബി പുച്ഛത്തോടെ പറയുന്നു. അപ്പോൾ, ഞാനാ ഉദ്യോഗം ഏറ്റെടുത്തത് തന്നെ ഉപകാരമായെന്ന് പറയു എന്നും, അതുകൊണ്ട് പോലീസിന്റെ നീക്കങ്ങൾ മനസ്സിലാക്കാൻ പറ്റുന്നുവെന്നും ജെയിംസ് പറയുന്നു. അതുകേട്ട്, ഇക്കാര്യത്തിൽ ഒരു ഭീരുവിനെ തിരഞ്ഞെടുത്ത എന്നെവേണം കുറ്റപ്പെടുത്താനെന്നും, നമ്മുടെ പരിപാടി തുടർന്ന് ലക്ഷ്യത്തിലെത്തിക്കാൻ നിങ്ങൾ തയ്യാറാണോ, അതാണ് തനിക്കറിയേണ്ടതെന്നും, നാളെയാണ് ഏഴാം തിയ്യതിയെന്നുള്ളത് ഓർമ്മ വേണമെന്നും റൂബി പറയുന്നു. അപ്പോൾ ജെയിംസ് , എന്തായാലും അരയോളം മുങ്ങി, ഇനി കുളിച്ചു കയറുക തന്നെയെന്ന് പറഞ്ഞ് ഒരു കത്തെടുത്ത് റൂബിക്ക് കൊടുത്ത്, ഇത് തോമസിനുള്ളതാണെന്നും, നിങ്ങളുടെ വീടിന്റെ എതിർവശത്തുള്ള വീട്ടിൽ കൊണ്ടിടണമെന്നും പറയുന്നു. അതു വാങ്ങിച്ച്, ഇതിൽ എന്താണ് എഴുതിയിട്ടുള്ളതെന്ന് റൂബി ചോദിക്കുമ്പോൾ, വായിച്ചു നോക്കു എന്ന് ജെയിംസ് പറയുന്നു.
ആ കത്ത് ആലീസ് അച്ഛനെഴുതിയത് പോലുള്ളതാണ് - താൻ ചില ഭീകരരുടെ തടവിലാണെന്നും, അവർ ആവശ്യപ്പെട്ട തുക നൽകി തന്നെ വീണ്ടെടുക്കണമെന്നും, പണം എപ്പോൾ, എവിടെ കൈമാറണം എന്നതിനെക്കുറിച്ചുള്ള അവരുടെ നിർദ്ദേശങ്ങൾ കത്തിന്റെ കൂടെ ചേർത്തിട്ടുള്ള മറ്റൊരു കടലാസിലുണ്ടെന്നും കാണിച്ചുകൊണ്ടുള്ളതാണ്. എല്ലാം വായിച്ച ശേഷം, വഴുതി മാറാനാണ് ഉദ്ദേശമെങ്കിൽ അത് നിങ്ങൾക്കും ആപത്താണല്ലോ എന്ന് റൂബി പറയുന്നു. അതിന്, താനുറച്ചു കഴിഞ്ഞുവെന്ന് ജെയിംസ് പറയുമ്പോൾ, ഇനി നമ്മൾ തമ്മിൽ കാണുന്നത് നാളെ രാത്രിയാന്നെന്ന് പറഞ്ഞ് റൂബി പോകാനൊരുങ്ങുമ്പോൾ, ഈ കാര്യം നിങ്ങളുടെ ഭർത്താവ് പോലീസിനെ അറിയിക്കരുതെന്ന് ജെയിംസ് പറയുന്നു. ശരിയെന്ന് പറഞ്ഞ് റൂബി വിടവാങ്ങുന്നു.
നിശ്ചയിച്ച തിയ്യതിയിൽ ആലീസ് ഒളിവിൽ നിന്നും തിരികെയെത്തുന്നു. എയർപ്പോർട്ടിന് പുറത്ത് അവൾക്ക് വേണ്ടി കാത്തുനിൽക്കുന്ന ജെയിംസ് അവളെയും കൊണ്ട് ഇൻസ്പെക്ഷൻ ബംഗ്ലാവിലേക്ക് പോവുന്നു. മുറിയിലെത്തിയതും, തനിക്ക് ജോണിയെക്കാണാൻ ധൃതിയാവുന്നെന്ന് ആലീസ് പറയുന്നു. അപ്പോൾ, ഇങ്ങിനെ ധൃതി കൂട്ടിയാൽ എങ്ങിനെ, നമ്മുടെ പരിപാടി അവസാന ഘട്ടത്തിലെത്തിയിരിക്കുകയാണെന്നും, അവസാന രംഗവും കൂടി കണ്ടുകഴിഞ്ഞിട്ട് പോയാൽ മതിയെന്ന് ജെയിംസ് പറയുന്നു. അതുകേട്ട്, ഒന്ന് വേഗം പറയു, ഏതു ഭാഗവും പുല്ലുപോലെ ചെയ്തു തരാമെന്ന് ആലീസ് പറയുന്നു. അതുകേട്ട്, അടുത്ത പരിപാടി എന്താണെന്ന് ജെയിംസ് പറയുന്നു - താൻ ആലീസിനെ മുറിയിലിട്ടടച്ച് പുറത്തു പോവുമെന്നും, സെമിത്തേരിയിലെത്തി കല്ലറകളുടെ പുറകിൽ ഒളിഞ്ഞിരിക്കുമെന്നും, രണ്ടു മണിയാവുമ്പോൾ തോമസ് അവിടെ വണ്ടിയിൽ എത്തുമെന്നും പറഞ്ഞുകൊണ്ടിരിക്കുമ്പോൾ, ആലീസ് ഇടയ്ക്ക് കയറി, ഡാഡിക്ക് സുഖമില്ലെന്ന് അറിയില്ലെന്ന് ചോദിക്കുന്നു. ജെയിംസ് അത് വകവെക്കാതെ തുടരുന്നു - താൻ ടോർച്ച് അടിച്ച് സിഗ്നൽ കൊടുക്കുമെന്നും, അതു കാണുമ്പോൾ പണമടങ്ങിയ പെട്ടി തോമസ് വലിച്ചെറിയുമെന്നും, വണ്ടി മടങ്ങിയതും താൻ പെട്ടിയുമെടുത്ത് നേരെ ഇങ്ങോട്ടെത്തുമെന്നും, ആ നേരത്ത് നീയിവിടെക്കിടന്ന് ഉറക്കമായിരിക്കുമെന്നും ജെയിംസ് പറയുന്നു. അതുകേട്ട്, താൻ ഉറങ്ങുകയൊന്നുമില്ലെന്ന് ആലീസ് പറയുമ്പോൾ, നിന്റെ ആന്റി എത്തുന്നു, താൻ ബ്രീഫ്കേസ് അവരുടെ കൈയ്യിൽ കൊടുക്കുന്നു, അവർ എനിക്ക് ഒരു ലക്ഷം രൂപാ തരുന്നു, നിങ്ങൾക്ക് സന്തോഷം എന്ന് പറഞ്ഞുകൊണ്ടിരിക്കുമ്പോൾ, ആലീസ് ഇടയ്ക്ക് കയറി, ഒരു ലക്ഷം രൂപാ കിട്ടുമ്പോൾ തനിക്ക് തരാമെന്ന് പറഞ്ഞ സമ്മാനം തന്നില്ലെങ്കിൽ താൻ വിനോദമായ ഒരു ജോലി കൽപ്പിക്കുമെന്ന് പറയുന്നു. അതുകേട്ട്, അയ്യോ വേണ്ടേ, സമ്മാനം തരാമോയെന്ന് പറഞ്ഞ് ജെയിംസ് പുറത്തേക്ക് പോവുന്നു. ഉദ്ദേശിച്ചത് പോലെ തോമസ് പണപ്പെട്ടി ഉപേഷിച്ച് പോവുകയും, ജെയിംസ് അതുമായി തിരികെ ബംഗ്ലാവിലേക്ക് വരികയും ചെയ്യുന്നു.
മുറിയിലെത്തിയ ജെയിംസ് കാണുന്നത് കിടക്കയിൽ ചിതറിക്കിടക്കുന്ന ആലീസിനെ വസ്ത്രങ്ങളാണ്. അതിൽ നിന്നും ശ്രദ്ധ തിരിച്ചു തിരിഞ്ഞു നോക്കുമ്പോൾ ജെയിംസ് ഞെട്ടി വിറച്ചു പോവുന്നു - കാരണം, ജെയിംസ് കാണുന്നത് മരിച്ചു കിടക്കുന്ന ആലീസിനെയാണ്. പരിഭ്രാന്തനായ ജെയിംസ് ആലീസിന്റെ ശവം ഡിക്കിയിൽ കിടത്തി ഉടൻ തന്നെ അവിടുന്നും ഇറങ്ങുന്നു. ചെക്ക്പോസ്റ്റിൽ വണ്ടി നിർത്തി പരിശോധന കഴിഞ്ഞ ശേഷം വണ്ടി സ്റ്റാർട്ട് ആവാതെ വരുമ്പോൾ, പോലീസുകാരന്റെ സഹായത്തോടെ വണ്ടി സ്റ്റാർട്ട് ആക്കി മുന്നോട്ട് നീങ്ങുന്നു.
വിജനമായ ഒരിടത്ത് കാർ നിർത്തിയ ശേഷം, അടുത്തെവിടെയെങ്കിലും മൃതശരീരത്തിനെ കൊണ്ടിടാൻ കഴിയുമോ എന്ന് ജെയിംസ് പരാതിക്കൊണ്ടിരിക്കുമ്പോൾ നിറഗർഭിണിയായ ഒരു സ്ത്രീയും അവളുടെ ഭർത്താവും കുറച്ചകലെയുള്ള ഒരു ഡോക്ടറുടെ വീട് വരെ അവരെ കൊണ്ടുവിടണം എന്നഭ്യർത്ഥിക്കുന്നു. ജെയിംസ് പറ്റില്ലെന്ന് പറഞ്ഞു നോക്കുന്നുവെങ്കിലും, പിന്നീട് അവരെ ഡോക്ടറുടെ വീടുവരെ കൊണ്ടാക്കുന്നു. അടുത്ത ദിവസം പ്രഭാതത്തോടെയാണ് ജെയിംസ് വീടിനടുത്തെത്തുന്നത്. വീടിനടുത്തെത്തുന്നതും കാർ വീണ്ടും നിന്നു പോവുന്നു. അതുകൊണ്ട്, തള്ളിക്കൊണ്ടു പോയി കാർ ഷെഡ്ഡിനകത്താക്കി ഷെഡ് പൂട്ടി വീട്ടിൽ കയറുന്നു. കുടിക്കാൻ വല്ലതും വേണോ എന്ന് ചോദിക്കുന്ന ലിസിയോട്, ഒന്നും വേണ്ടെന്നും, തനിക്ക് ഉറങ്ങണമെന്നും ജെയിംസ് പറയുന്നു. അന്നേരം ചെറിയാൻ കയറി വരുന്നു. പരിഭ്രാന്തനായി നോക്കുന്ന ജെയിംസിനോട്, താനെന്താ പിശാശിനെക്കണ്ടപോലെ നോക്കുന്നതെന്ന് ചെറിയാൻ ചോദിക്കുന്നു. ഏയ് ഒന്നുമില്ലെന്ന് പറഞ്ഞ് ജെയിംസ് ചെറിയാനെ സ്വീകരിച്ചിരുത്തുകയും, രാവിലെ തന്നെ വന്നതിന്റെ ഉദ്ധേശമെന്തെന്നും ചോദിക്കുന്നു. അപ്പോൾ, കാര്യങ്ങൾ നമ്മൾ പ്രതീക്ഷിച്ചത് പോലെയാണെന്നും, ആലീസിനെ ആരോ തട്ടിക്കൊണ്ടു പോയിട്ടുണ്ടെന്ന് തോമസ് പരാതിപ്പെട്ടിട്ടുണ്ടെന്നും, ഉടനെ നമുക്ക് പോലീസ് സ്റ്റേഷനിലേക്ക് പോകാമെന്നും ചെറിയാൻ പറയുന്നു. അതുകേട്ട്, താൻ കുളിച്ചിട്ട് വരാമെന്ന് പറഞ്ഞ് ജെയിംസ് അകത്തേക്ക് പോകുന്നു.
ജെയിംസ് കുളിക്കാൻ പോയതും, ആ കുട്ടിക്ക് വല്ല ആപത്തും സംഭവിച്ചിരിക്കുമോ എന്ന് ലിസി ചോദിക്കുന്നു. അതിന്, ഗൂഢസംഘങ്ങളുടെ കൈയ്യിലകപ്പെട്ടാൽ, അവരുടെ രഹസ്യങ്ങൾ പുറത്തറിയാതിരിക്കാൻ വേണ്ടി ചിലപ്പോൾ കൊല ചെയ്തെന്നിരിക്കും എന്ന് പറയുന്ന ചെറിയാനോട്, ഇങ്ങിനെയുള്ള കേസുകൾ കണ്ടുപിടിക്കാൻ വല്യ പ്രയാസമല്ലേ എന്ന് ലിസി ചോദിക്കുന്നു. അതിന്, നേരത്തെ പോലീസിനെ അറിയിച്ചാൽ ഒരു പ്രയാസവുമില്ലെന്നും, അല്ലാത്ത പക്ഷം പോലീസിന് കൂടുതൽ ബുദ്ധിമുട്ടേണ്ടതായി വരുമെന്നും, ഇതുപോലുള്ള കേസുകളിൽ ആളുകളെ തിരിച്ചറിയാൻ കഴിയാത്ത എത്രയോ മൃതദേഹങ്ങൾ മാന്യന്മാരായ ആളുകളുടെ കാർ ഡിക്കിയിൽ നിന്നും കണ്ടെത്തിയിട്ടുണ്ടെന്നും ചെറിയാൻ പറയുന്നു. അതുകേട്ട്, കാർ ഡിക്കിയിൽ നിന്നോ, അങ്ങിനെയാണെങ്കിൽ എല്ലാ കാറുകളും പരിശോധിക്കാല്ലോ ന്ന് ലിസി തമാശ രൂപേണ പറയുമ്പോൾ, അതൊന്നും നടക്കില്ലെന്ന് ചിരിച്ചോണ്ടു തന്നെ ചെറിയാൻ പറയുന്നു. ചായ കുടിച്ച ശേഷം ചെറിയാനും ജെയിംസും പോലീസ് സ്റ്റേഷനിലെത്തുന്നു.
സ്റ്റേഷനിൽ തോമസ് ഇരിപ്പുണ്ടായിരുന്നു. മകളുടെ ഫോട്ടോയും മറ്റു വിവരങ്ങളുമെല്ലാം അദ്ദേഹം ഓഫീസർക്ക് കൈമാറുന്നു. അദ്ദേഹത്തോട്, ഇനിയെന്തെങ്കിലും പറയാനുണ്ടോയെന്ന് ഓഫീസർ ചോദിക്കുമ്പോൾ, ഒന്നും പറയാനില്ലെന്നും, കഴിവതും വേഗം മകളെ കണ്ടുപിടിച്ചു തന്നാൽ മതിയെന്നും തോമസ് പറയുന്നു. അതുകേട്ട്, ഞങ്ങളുടെ ഭാഗത്തു നിന്നും എല്ലാ ശ്രമങ്ങളുമുണ്ടായിരിക്കുമെന്ന് ഓഫീസർ പറയുന്നു. തുടർന്ന്, കാണാതായ അന്ന് തന്നെ പോലീസിനെ വിവരം അറിയിച്ചിരുന്നെങ്കിൽ, പ്രയാസമില്ലാതെ കണ്ടുപിടിക്കാൻ സാധിക്കുമായിരുന്നു എന്ന് ചെറിയാൻ പറയുന്നു. അതേത്തുടർന്ന്, ഓഫീസർ തോമസിനെ പറഞ്ഞയക്കുന്നു. പിന്നീട് ജെയിംസിനോട്, നിങ്ങൾ സർവീസിൽ വന്ന ശേഷമുള്ള ആദ്യത്തെ കേസ് അന്വേഷണമാണിതെന്നും, എല്ലാ നീക്കങ്ങളും വളരെ ശ്രദ്ധയോടെ വേണമെന്നും, പത്തു ലക്ഷം അടക്കം ചെയ്ത ബ്രീഫ്കേസ് ഇതുപോലുള്ള ഒന്നായിരുന്നല്ലോ എന്നാണല്ലോ പറഞ്ഞതെന്നും പറഞ്ഞ ശേഷം, ആലീസിനെയും കാറിന്റെയും ഫോട്ടോ എല്ലാ പത്രങ്ങളിലും പ്രസിദ്ധീകരിക്കാനുള്ള എല്ലാ ഏർപ്പാടുകളും ചെയ്യൂ എന്ന് പറഞ്ഞ് ഓഫീസർ ആ ഫോട്ടോകൾ ജെയിംസിനെ ഏൽപ്പിക്കുന്നു. ജെയിംസ് അതും വാങ്ങി പുറത്തേക്ക് പോകുന്നു.
ലിസി പൂ പറിച്ചുകൊണ്ടിരിക്കുമ്പോഴാണ് അത് സംഭവിക്കുന്നത് - ഹാൻഡ് ബ്രേക്ക് ലോക്ക് ചെയ്യാതെ വിട്ടത് കാരണം കാർ തന്നത്താൻ ചലിച്ച് ഷെഡ്ഡിന്റെ വാതിൽ തള്ളിത്തുറന്ന് പുറത്തേക്ക് നീങ്ങി വന്നുകൊണ്ടിരിക്കുന്നു. അപ്പോഴേക്കും ജെയിംസും വീട്ടിലെത്തുന്നു. ജെയിംസും ലിസിയും ചേർന്ന് കാർ ഷെഡിലാക്കി പൂട്ടുന്നു. വീട്ടിനകത്ത് വന്ന ശേഷം, തയ്യൽ മെഷീൻ റിപ്പയർ ചെയ്ത് വാങ്ങിച്ചില്ലേന്ന് ലിസി ചോദിക്കുമ്പോൾ, വാങ്ങിച്ചു, ഡിക്കിയിലുണ്ടെന്നും, ഡിക്കിയുടെ താക്കോൽ നഷ്ടപ്പെട്ടു പോയത് കാരണം ഇപ്പോൾ തുറക്കാൻ പറ്റില്ലെന്നും ജെയിംസ് പറയുന്നു. മെക്കാനിക്കിനെ വിളിച്ച് തുറന്നുകൂടേയെന്ന് ലിസി ചോദിക്കുമ്പോൾ, പറ്റില്ല, ഡ്യൂപ്ലിക്കേറ്റ് താക്കോൽ വാങ്ങിയ ശേഷം തുറക്കാമെന്ന് അല്പം അരിശത്തോടെ ജെയിംസ് പറയുന്നു.
അല്പ സമയത്തിനു ശേഷം സിഗരറ്റ് കത്തിക്കാൻ ലിസിയോട് തീപ്പെട്ടി ചോദിക്കുമ്പോൾ, ജെയിംസിന്റെ ഷർട്ട് പോക്കറ്റിൽ നിന്നും കാറിന്റെ താക്കോൽ കണ്ടെത്തുന്ന ലിസി, എന്തിനാണ് എന്നോട് കള്ളം പറഞ്ഞതെന്നും, ഇതിൽ ഏതോ കള്ളക്കളിയുണ്ടെന്നും, കാറിന്റെ ഡിക്കി താൻ ഇപ്പോൾ തന്നെ തുറക്കുമെന്നും ലിസി പറയുമ്പോൾ അവർ തമ്മിൽ മല്പിടിത്തം നടക്കുന്നു. അവസാനം പൊറുതി മുട്ടുന്ന ജെയിംസ് ലിസിയുടെ കരണത്തടിക്കുന്നു. അപ്പോൾ, കാർ ഡിക്കികളിൽ നിന്നും പലരുടെയും മൃതദേഹങ്ങൾ കണ്ടെത്തുന്ന കാര്യം ചെറിയാൻ പറഞ്ഞത് ലിസി ഓർക്കുകയും, ഒന്നും ഉരിയാടാതെ താക്കോൽ ജെയിംസിനെ ഏൽപ്പിക്കുകയും ചെയ്യുന്നു. ജെയിംസ് അവളെ മാറോടണയ്ക്കുന്നു. അപ്പോൾ ജെയിംസിനോട്, എന്താണ് കാര്യം, എല്ലാം എന്നോട് തുറന്നു പറയു എന്ന് ലിസി പറയുന്നു. ജെയിംസ് ലിസിയോട് എല്ലാം തുറന്നു പറയുന്നു. എല്ലാം കേട്ട ശേഷം, വരേണ്ടതൊക്കെ വന്നു, ഇനിയുള്ളത് എന്താണെങ്കിലും നമുക്ക് ഒന്നിച്ചനുഭവിക്കാം എന്ന് ലിസി പറയുന്നു. പെട്ടിയിൽ നോട്ടുകൾക്ക് പകരം കടലാസ്സ് വെച്ച് തന്നെ കേസിൽ കുടുക്കി വഞ്ചിച്ചവരെ താൻ വെറുതെ വിടില്ലെന്നും, അവരോട് പ്രതികാരം ചെയ്യുമെന്നും ജെയിംസ് ആവേശത്തോടെ പറയുന്നു. അതുകേട്ട്, ജെയിംസിനെ സമാധാനപ്പെടുത്തി, ആലീസിന്റെ മൃതദേഹം ഉടൻ തന്നെ എടുത്തു മാറ്റേണ്ടതാണെന്നും, അല്ലെങ്കിൽ എല്ലാ ശിക്ഷയും താൻ ഏറ്റുവാങ്ങാമെന്നും ലിസി പറയുന്നു. അപ്പോഴേക്കും ആലീസ് കാണാതായ വാർത്ത പത്രത്തിൽ അടിച്ചു വരുന്നു.
രാത്രിയിൽ പണമടങ്ങിയ ബ്രീഫ്കേസ് ഡിക്കിയിൽ ആക്കിയ ശേഷം ജെയിംസും ലിസിയും ആലീസിന്റെ മൃതദേഹം അപ്പുറപ്പെടുത്താനായി കാറിൽ യാത്ര ചെയ്യുന്നു. പെട്രോൾ പമ്പിൽ പെട്രോൾ നിറയ്ക്കുമ്പോൾ ആലീസിനെക്കുറിച്ചുള്ള വാർത്ത അച്ചടിച്ചു വന്ന പത്രം അവർ വാങ്ങിക്കുന്നു. ആലീസിന്റെ മൃതദേഹവും, ബ്രീഫ്കേസും ഒരു കുറ്റിക്കാട്ടിൽ ഉപേക്ഷിച്ച ശേഷം ഇരുവരും വീട്ടിലേക്ക് തിരിച്ചു പോകുന്നു. ആലീസിനെ മൃതദേഹവും, പണപ്പെട്ടിയും പോലീസ് കണ്ടെത്തുന്നു.
ചെറിയാൻ ജോണിയെക്കണ്ട് ചോദ്യം ചെയ്യുന്നു - താൻ ആലീസിന് ഫോൺ ചെയ്തിട്ടില്ലെന്നും, സ്നേഹിതയിൽ നിന്നും ഒരു വലിയ തുക വാങ്ങാൻ പോവുന്നതായി ആലീസ് പറഞ്ഞതാണെന്നും ജോണി പറയുന്നു. വീണ്ടും കാണേണ്ടി വരുമെന്ന് പറഞ്ഞ് ചെറിയാൻ പോവുന്നു. എയർപ്പോർട്ടിൽ ജെയിംസിന്റ കാറിന് കുറുക്കെ കാർ പാർക്ക് ചെയ്തിരുന്ന ആ സ്ത്രീ പോലീസ് സ്റ്റേഷനിൽ ഒരു പരാതി കൊടുക്കാനായി വരുമ്പോൾ, അവിടെ അവർ ജെയിംസിനെക്കണ്ട് പരിചയം പുതുക്കുന്നു - അന്ന് എയർപ്പോർട്ടിൽ കാർ മാറ്റിയിടാൻ പറഞ്ഞ ആളല്ലെയെന്ന് എന്ന് ചോദിച്ചുകൊണ്ട്. അങ്ങിനെയൊരു സംഭവം നടന്നിട്ടില്ലെന്നും, നമ്മൾ തമ്മിൽ കണ്ടിട്ടില്ലെന്നും, നിങ്ങൾക്ക് ആൾ മാറിപ്പോയതായിരിക്കും എന്നും പറഞ്ഞ് ജെയിംസ് ധൃതിയിൽ പുറത്തേക്ക് പോകുന്നു. ആ സ്ത്രീ പരാതി കൊടുക്കാനായി ചെറിയാന്റെ അടുത്തേക്ക് പോകുമ്പോൾ, എയർപ്പോർട്ടിൽ നിങ്ങൾ കണ്ടെന്ന് പറഞ്ഞ ആ വ്യക്തി ജെയിംസ് തന്നെയാണോ, ഉറപ്പാണോ എന്ന് ചോദിക്കുമ്പോൾ, ഉറപ്പായിട്ടും അത് ജെയിംസ് തന്നെയാണെന്ന് അവർ പറയുന്നു. പിന്നീട് ചെറിയാൻ അവരെ പരാതി കൊടുക്കാനായി കോൺസ്റ്റബിളിന്റെ കൂടെ പറഞ്ഞയക്കുന്നു.
ഇതിനിടയ്ക്ക്, ഫോൺ ബൂത്തിൽ നിന്നും ഇറങ്ങുന്ന ആലീസിനെ പിന്തുടർന്ന് ശല്യപ്പെടുത്തി ജെയിംസിൽ നിന്നും അടി വാങ്ങിച്ചിരുന്ന വ്യക്തിയും ആലീസ് കാണാതായ വാർത്ത വായിക്കുന്നു. ആലീസ് കാണാതാവുന്നതിന് മുൻപ് ആലീസിനെയും, ജെയിംസിനെയും ഒന്നിച്ച് കണ്ട പലരും പോലീസിൽ വിളിച്ച് വിവരം അറിയിച്ചുകൊണ്ടിരിക്കുന്നു. ഈ വിവരങ്ങളും, ജെയിംസിന്റെ വ്യത്യസ്തമായ പെരുമാറ്റങ്ങളും, ചെറിയാനെ ജെയിംസ് ആയിരിക്കുമോ കുറ്റവാളി എന്ന സംശയത്തിലെത്തിക്കുന്നു. ചെറിയാനും സംഘവും ജെയിംസ് താമസിച്ചിരുന്നുവെന്ന് പറഞ്ഞ കോട്ടേജിലേക്ക് പോയി പരിശോധന നടത്തുന്നു. അവിടുന്നവർക്ക് ഒരു തുമ്പും കിട്ടുന്നില്ല.
വിഷണ്ണനായിരിക്കുന്ന ജെയിംസിനോട്, ചെറിയാനെക്കണ്ട് എല്ലാം തുറന്നു പറയുന്നതാവും നല്ലതെന്ന് ലിസി പറയുന്നു. അതിന്, തന്നെ ഈ കൃത്യത്തിന് പ്രേരിപ്പിച്ച റൂബിയെപ്പിന്നെ കാണാനേ സാധിച്ചിട്ടില്ലെന്നും, അവരെക്കണ്ട് പണത്തിന് പകരം കടലാസ് തന്ന് പറ്റിച്ചതെന്തിനാണെന്ന് ചോദിക്കണമെന്നും ജെയിംസ് പറയുന്നു. കൂടാതെ, ആലീസിനെ കൊന്നത് ആരാണെന്നും അറിയേണ്ടതുണ്ടെന്നും പറയുന്നു. അപ്പോഴും ലിസി പറയുന്നു, ചെറിയാനെപ്പോയി കാണു എന്ന്. അതിന്, റൂബിയെക്കണ്ട ശേഷം പോരേയെന്ന് ജെയിംസ് ചോദിക്കുന്നു. അതുകേട്ട്, എന്താ ചെയ്യേണ്ടതെന്നതിന് ഒരു നിശ്ചയവുമില്ലെന്ന് ലിസി പറയുന്നു. ജെയിംസ് ഒന്നും പറയാതെ പുറത്തേക്ക് പോകുന്നു.
Audio & Recording
ചമയം
Video & Shooting
സംഗീത വിഭാഗം
നൃത്തം
Technical Crew
ഈ ചിത്രത്തിലെ ഗാനങ്ങൾ
നം. | ഗാനം | ഗാനരചയിതാവു് | സംഗീതം | ആലാപനം |
---|---|---|---|---|
നം. 1 |
ഗാനം
ആരോടും മിണ്ടാത്ത ഭാവം |
ഗാനരചയിതാവു് മങ്കൊമ്പ് ഗോപാലകൃഷ്ണൻ | സംഗീതം വി ദക്ഷിണാമൂർത്തി | ആലാപനം എസ് ജാനകി |
നം. 2 |
ഗാനം
കാരിരുമ്പാണി പഴുതുള്ള |
ഗാനരചയിതാവു് മങ്കൊമ്പ് ഗോപാലകൃഷ്ണൻ | സംഗീതം വി ദക്ഷിണാമൂർത്തി | ആലാപനം എസ് ജാനകി |