ആർ കെ ശേഖർ

R K Sekhar
Date of Death: 
Thursday, 9 September, 1976
സംഗീതം നല്കിയ ഗാനങ്ങൾ: 122

മൈലാപ്പൂർ ക്ഷേത്രത്തിലെ ഭജന പാട്ടുകാരനായിരുന്ന ശേഖറിന്റെ മകനായി 1933 ജൂൺ 21 ആം തിയതി ചെന്നൈ കിഴാനൂരിൽ ജനിച്ചു. മലയാള നാടകങ്ങൾക്കു സംഗീതം നിർവ്വഹിച്ചു കൊണ്ടാണ് ശേഖർ കരിയർ ആരംഭിക്കുന്നത്. മ്യൂസിക് കണ്ടക്ടറും അറേയ്ഞ്ചറുമായി ചലച്ചിത്രരംഗത്തും സജീവമായ അദ്ദേഹം ഇന്ത്യയിലാകെ പ്രശസ്തനായിരുന്നു. 1964 ൽ കുഞ്ചാക്കോയുടെ ചരിത്രസിനിമയായ പഴശ്ശിരാജ എന്ന മലയാള ചിത്രത്തിലായിരുന്നു അദ്ദേഹം ആദ്യമായി ഈണമിട്ടത്. അതിലെ എല്ലാ ഗാനങ്ങളും സൂപ്പർ ഹിറ്റുകളായി. പിന്നീടങ്ങോട്ട് 22 സിനിമകൾ ചെയ്തു. ഇവയിൽ ആയിഷ/ടാക്സികാർ/യുദ്ധഭൂമി/തിരുവാഭരണം/ എന്നീ ചിത്രങ്ങളിലെ ഗാനങ്ങൾ ഏറെ ശ്രദ്ധിക്കപ്പെട്ടു. ഗാനങ്ങളെക്കാൾ ഹോളിവുഡ് നിലവാരം പുലർത്തിയ പശ്ചാത്തല സംഗീതമാണ് അദ്ദേഹത്തെ ശ്രദ്ധേയനാക്കിയത്. ചോറ്റാനിക്കര അമ്മ എന്ന സിനിമക്കായിരുന്നു അദ്ദേഹം അവസാനമായി സംഗീതം നൽകിയത്. ആ സിനിമ റിലീസായ ദിവസം തന്റെ നാൽപ്പത്തിമൂന്നാം വയസിൽ 1976 സെപ്റ്റംബർ 9 ആം തിയതി അദ്ദേഹം അന്തരിച്ചു. പ്രശസ്തിയുടെ കൊടുമുടിയിൽ നിൽക്കുമ്പോൾ ഉണ്ടായ അദ്ദേഹത്തിന്റെ മരണത്തെ ചുറ്റിപ്പറ്റി അനവധി കഥകളും പ്രചരിച്ചു. എതിരാളികൾ ദുർമന്ത്രവാദം നടത്തിയതുമൂലമാണ് അദ്ദേഹം മരിച്ചതെന്ന് പറയപ്പെടുന്നുണ്ട്. കസ്തൂരിയാണ് ഭാര്യ/ പ്രശസ്ത സംഗീത സംവിധായാകൻ റഹ്‌മാനുൾപ്പെടെ നാലു മക്കൾ/ മൂത്ത മകൾ എ. ആർ. റയിഹാനയും ഗായികയും സംഗീതസംവിധായികയുമാണ്. ഇദ്ദേഹത്തിന്റെ മരണത്തോടെ 1989 ൽ ഇദ്ദേഹത്തിന്റെ കുടുംബം ഹിന്ദുമതം ഉപേക്ഷിച്ച് ഇസ്ലാം മതം സ്വീകരിക്കുകയുണ്ടായി.