ഉദയം
ചതിയിലൂടെയും, വഞ്ചനയിലൂടെയും, സ്വാർഥതയിലൂടെയുമല്ല ജീവിതം കെട്ടിപ്പൊക്കേണ്ടത്, മറിച്ച് സ്നേഹത്തിലൂടെയും, സന്മാർഗ്ഗത്തിലൂടെയും, ഭ്രാതൃത്വത്തിലൂടെയുമാണ് ജീവിതം കെട്ടിപ്പൊക്കേണ്ടത് എന്ന സന്ദേശം നൽകുന്ന ചിത്രം.
Actors & Characters
Actors | Character |
---|---|
രാജശേഖരൻ | |
ഗീത | |
ഡോ മോഹൻദാസ് | |
ഹേമ | |
റെഡി കൃഷ്ണപിള്ള | |
ഇട്ടിയവര | |
രാമൻ പിള്ള | |
വാസു പിള്ള | |
വനജ | |
ഭവാനി | |
ലക്ഷ്മിക്കുട്ടി | |
ഉണ്ണി | |
ഉതുപ്പ് | |
തോമസ് | |
നാരായണപിള്ള | |
ഗോപാലൻ | |
ചാക്കോച്ചൻ | |
സദാനന്ദൻ | |
പോസ്റ്റ് മാസ്റ്റർ | |
ഇക്കാവമ്മ | |
Jr ഗീത | |
നർത്തകി | |
Jr രാജശേഖരൻ |
Main Crew
കഥ സംഗ്രഹം
ഒരേ തപാലാഫീസിൽ പോസ്റ്റ്മാന്മാരായി ജോലി ചെയ്യുന്ന വാസുപിള്ളയും (മുത്തയ്യ), രാമൻപിള്ളയും (ശങ്കരാടി) ആത്മസുഹൃത്തുക്കളാണ്. വാസുപിള്ളയുടെ ഭാര്യ ഭവാനിയമ്മ (അടൂർ ഭവാനി). രാമൻപിള്ളയുടെ ഭാര്യ ലക്ഷ്മിക്കുട്ടിയമ്മ (ടി.ആർ.ഓമന). വാസുപിള്ളയ്ക്ക് രണ്ടു മക്കളാണ് - രാജശേഖരനും (മധു), ഗീതയും (ശാരദ). രാമൻപിള്ളയ്ക്ക് മൂന്നു മക്കൾ - മൂത്തവൻ മുകുന്ദൻ, രണ്ടാമത്തവൻ മോഹൻദാസ് (രാഘവൻ), ഏറ്റവും ഇളയത് ഹേമ (റാണിചന്ദ്ര). രണ്ടു പേരുടെ കുടുംബങ്ങളും സാമ്പത്തികമായി വളരെ പിന്നോക്കത്തിലാണ്. എങ്കിലും വാസുപിള്ളയുടേതിനേക്കാളും ദയനീയ സ്ഥിതിയാണ് രാമൻപിള്ളയുടേത്. പലപ്പോഴും ധനമായും, വസ്തുക്കളായും രാമൻപിള്ളയെ സഹായിക്കുന്നത് വാസുപിള്ളയാണ്. എന്നിട്ടും കുടുംബം നടത്താൻ രാമൻപിള്ള സ്ഥലത്തെ ഒരു ചട്ടമ്പിയിൽ നിന്നും പലപ്പോഴുമായി പണം കടം വാങ്ങുന്നു. കുടുംബത്തിലെ ദാരിദ്ര്യം കാരണം മുകുന്ദൻ ചെറുപ്പത്തിൽ തന്നെ ആരോടും പറയാതെ നാടുവിടുന്നു.
ഒരു ദിവസം പണം കടം നൽകിയ ചട്ടമ്പി പോസ്റ്റ് ഓഫീസിൽ എത്തി നൽകിയ പണം രാമൻപിള്ളയോടു തിരിച്ചു തരണം എന്ന് പറഞ്ഞു ബഹളം വെക്കുന്നു. എന്ത് ചെയ്യണമെന്നറിയാതെ രാമൻപിള്ള വിഷമിച്ചു നിൽക്കുമ്പോൾ വാസുപിള്ള ചെന്ന് രണ്ടു ദിവസം വരെ ക്ഷമിക്കണമെന്നും, അതിനുള്ളിൽ രാമൻപിള്ള പണം തിരിച്ചു നൽകുമെന്നും, അങ്ങിനെ നൽകാത്ത പക്ഷം താൻ ആ പണം തരാം എന്നു പറഞ്ഞു അയാളെ ഒരുവിധം അവിടെ നിന്ന് പറഞ്ഞു വിടുന്നു. അതു കഴിഞ്ഞു രണ്ടു പേരും അവരുടെ ജോലികൾ നിർവഹിക്കാനായി പുറത്തിറങ്ങുന്നു. അതിൽ വാസുപിള്ളയുടെ പക്കൽ സ്ഥലത്തെ ഒരു ധനിക സ്ത്രീ യായ ഇക്കാവമ്മയ്ക്ക് (ഫിലോമിന) വന്ന മണിഓർഡറും കൊടുക്കാനായുണ്ട്. രാമൻപിള്ള ജോലി കഴിഞ്ഞു തന്റെ വീട്ടിലേക്കു പോവുന്ന വഴിയിലാണ് ഇക്കാവമ്മയുടെ വീടുള്ളത് എന്നത് കൊണ്ട് വാസുപിള്ള ആ മണിയോർഡർ രാമൻപിള്ളയെ ഏൽപ്പിച്ചു അത് ഇക്കാവമ്മയെ ഏൽപ്പിക്കാൻ അപേക്ഷിക്കുന്നു. എന്നാൽ രാമൻപിള്ള ആ പണം അവർക്ക് നൽകാതെ കള്ള ഒപ്പിട്ട് ആ പണം കൈക്കലാക്കുന്നു. പണം ഇക്കാവമ്മയ്ക്ക് എത്തിയില്ല എന്ന കാര്യം അറിയുന്ന പോസ്റ്റ്മാസ്റ്റർ വാസുപിള്ളയെ ചോദ്യം ചെയ്യുന്നു. വാസുപിള്ള അത് രാമൻപിള്ളയെ ഏൽപ്പിച്ചതായി പറയുന്നു. എന്നാൽ രാമൻപിള്ള താൻ ഒന്നും അറിഞ്ഞില്ലേ എന്ന് കൈ മലർത്തുന്നു. കള്ള ഒപ്പിട്ട് പണം കൈക്കലാക്കി എന്ന ആരോപണത്തിൻ പേരിൽ വാസുപിള്ള ജയിലിൽ അടക്കപ്പെടുന്നു. പഠിക്കാൻ പണ്ടേ ഉഴപ്പനായ വാസുപിള്ളയുടെ മകൻ, കള്ളന്റെ മകൻ എന്ന് പരിഹസിക്കപ്പെടുന്നു എന്ന കാരണം ചൂണ്ടിക്കാട്ടി പഠിത്തം നിർത്തുന്നു.
കാലം ഉരുണ്ടോടുന്നു. ജയിൽ ശിക്ഷ അനുഭവിച്ചു രോഗിയായി വാസുപിള്ള തിരിച്ചെത്തുമ്പോൾ രാജശേഖരൻ സ്ഥലത്തെ അറിയപ്പെടുന്ന ഒരു ചട്ടമ്പിയായി മാറിക്കഴിഞ്ഞിരുന്നു. ഗീത അവിടുത്തെ സ്കൂളിൽ സംഗീതം പഠിപ്പിക്കുന്ന അധ്യാപികയും. മകളുടെ തുച്ഛ വരുമാനത്തിലാണ് ആ കുടുംബം ജീവിക്കുന്നത്. വാസുപിള്ളയുടെ കുടുംബത്തെ ദാരിദ്ര്യത്തിലേക്ക് തള്ളിവിട്ട രാമൻപിള്ളയോ ലക്ഷപ്രഭുവായി മാറിയിരിക്കുന്നു - നാടുവിട്ടു പോയ മുകുന്ദൻ കുവൈറ്റിൽ നിന്നും അയക്കുന്ന പണം കാരണം. മോഹൻദാസ് സ്ഥലത്തെ ആശുപത്രിയിലെ ഡോക്ടറാണ് - ഹൃദ്രോഗ വിദഗ്ദ്ധൻ. ഹേമ കോളേജ് വിദ്യാർത്ഥിനി.
സ്ഥലത്തെ പ്രമാണിമാരിൽ ഒരാളായ ഇട്ടിയവിരാ കോൺട്രാക്ടറും (ബഹദൂർ) മറ്റു ചില പ്രമാണിമാരും ചേർന്ന് രാമൻപിള്ളയെ മുനിസിപ്പൽ ഇലക്ഷന് നിർത്തുന്നു. രാമൻപിള്ളയ്ക്കെതിരായി രാജശേഖരൻ ചുമട്ടുതൊഴിലാളിയായ ഗോപാലനെ (സി.കെ.അരവിന്ദാക്ഷൻ) മത്സരത്തിന് നിർത്തുന്നു. പക്ഷേ, പണത്തിന്റെ ഫലം കൊണ്ട് രാമൻപിള്ള ജയിക്കുകയും, ചെയർമാനായി തിരഞ്ഞെടുക്കപ്പെടുകയും ചെയ്യുന്നു. രാമൻപിള്ള തന്റെ സ്വാധീനം കൊണ്ട് രാജശേഖരനെയും ഗോപാലനെയും ജയിലിലാക്കുന്നു.
കൈരാശിയുള്ള ഡോക്ടർ എന്നറിയപ്പെടുന്ന മോഹൻദാസ് മാതാപിതാക്കളെപ്പോലെയോ, സഹോദരങ്ങളെപ്പോലെയോ അല്ല, മിതഭാഷിയും, സൽസ്വഭാവിയുമാണ്. പലർക്കും തന്നാലായ സഹായങ്ങളും ചെയ്യുന്ന കൂട്ടത്തിലാണ്. രോഗിയായ വാസുപിള്ള, സ്ഥലത്തെ ആശുപത്രിയിലെ പ്രധാന ഡോക്ടർ തന്റെ ശത്രുവിന്റെ മകനാണെന്നറിഞ്ഞതും അവിടെ പോയി ചികിത്സിക്കാൻ താൽപ്പര്യമില്ലെന്ന് പറയുന്നു. അതിനാൽ മോഹൻദാസ് വീട്ടിൽ വന്നാണ് ചികിത്സിച്ചു പോവുന്നത്. വാസുപിള്ളയ്ക്ക് അതിഷ്ടമല്ലെങ്കിലും വീട്ടുകാരുടെ നിർബന്ധം കാരണം വഴങ്ങിക്കൊടുക്കുന്നു. മരുന്നു മേടിക്കാനുള്ള ധനസഹായം ചെയ്യാമെന്ന് മോഹൻദാസ് പലപ്പോഴും പറയുന്നുവെങ്കിലും ഗീത അതിനു സമ്മതിക്കുന്നില്ല. കൂടെക്കൂടെയുള്ള കൂടിക്കാഴ്ച മോഹൻദാസിനെയും, ഗീതയെയും മാനസീകമായി അടുപ്പിക്കുന്നു. എങ്കിലും രണ്ടുപേരും ഒരകൽച്ചയിൽ നിന്നുകൊണ്ട് തന്നെ അങ്ങോട്ടും ഇങ്ങോട്ടും ആരാധിക്കുന്നു.
മോഹൻദാസിന്റെ ഈ കൂടെക്കൂടെയുള്ള വരവ് അദ്ദേഹത്തെയും ഗീതയെയും ഉൾക്കൊള്ളിച്ചു നാട്ടുകാർ പലതും പറഞ്ഞു പരത്തുന്നതിന് വഴിതെളിക്കുന്നു. ഗീതയുടെ തുച്ഛമായ വരുമാനത്തിൽ കുടുംബം നടത്തിക്കൊണ്ടുപോവാനുള്ള ബുദ്ധിമുട്ട് മനസ്സിലാക്കിയ ഒരു അഭ്യുദയകാംഷി ഇക്കാവമ്മയുടെ മകൾ വനജയെ (രാധാമണി) പാട്ടുപാടിപ്പിക്കാനുള്ള ഏർപ്പാടാക്കിക്കൊടുക്കുന്നു.
മകന് തന്റെ ശത്രുവിന്റെ കുടുംബത്തോടുള്ള ഈ അടുപ്പം രാമൻപിള്ളയ്ക്ക് അത്ര രസിക്കുന്നില്ല. മോഹൻദാസിനെ അതിൽ നിന്നും വിലക്കാൻ ശ്രമിക്കുന്നെങ്കിലും അയാൾ അതിനു വഴങ്ങിക്കൊടുക്കുന്നില്ല. അതിൽ കുപിതനായ രാമൻപിള്ള, ഗീതയുടെ പഠനത്തിനായി തന്റെ സുഹൃത്തായ ചാക്കോച്ചന്റെ (പി. ആർ. മേനോൻ) പക്കൽ പണയം വച്ചിരുന്ന വാസുപിള്ളയുടെ വീട് ചാക്കോച്ചനെക്കൊണ്ട് ജപ്തി ചെയ്യിക്കുന്നു. വഴിയാധാരമായി നിൽക്കുന്ന വാസുപിള്ളയുടെ കുടുംബത്തെ തക്ക സമയത്ത് മോഹൻദാസ് എത്തി ഒരു വാടക വീട്ടിലേക്ക് താമസിപ്പിക്കുന്നു.
ഒരു ദിവസം ഇക്കാവമ്മയും, സഹോദരിയും ഇല്ലാത്ത തക്കം നോക്കി ഇക്കാവമ്മയുടെ മകൻ ഉണ്ണി (പ്രേംപ്രകാശ്) ഗീതയെ ബലം പ്രയോഗിച്ച് കീഴ്പ്പെടുത്താൻ ശ്രമിക്കുമ്പോൾ യാദൃശ്ചികമായി ഇക്കാവമ്മ കടന്നു വരുമ്പോൾ ഗീതയാണ് തന്നോട് അപമര്യാദയായി പെരുമാറിയത് എന്ന് ഉണ്ണി ഇക്കാവമ്മയെ തെറ്റിദ്ധരിപ്പിക്കുന്നു. അത് വിശ്വസിക്കുന്ന അവർ ഗീതയോട് ഇനിമുതൽ മകളെ പാട്ടു പഠിപ്പിക്കാൻ വരേണ്ട എന്ന് പറയുന്നു. അതോടെ ആ വരുമാനവും ഇല്ലാതാവുന്നു. ഈ വിവരം നാട്ടിൽ പാട്ടാവുന്നു. ഗീതയ്ക്ക് അപമാനം കൊണ്ട് ഇരിക്കപ്പൊറുതിയില്ലാതാവുന്നു. അപ്പോൾ അവളെ ആശ്വസിപ്പിക്കുന്നത് മോഹൻദാസാണ്. എന്ത് വന്നാലും താൻ അവളോടൊപ്പം ഉണ്ടാവുമെന്ന് അവൾക്കു ആത്മധൈര്യം പകരുന്നു എന്ന് മാത്രമല്ല, അവൾ തന്റെ എല്ലാമാണെന്നും അവളെ സ്വീകരിക്കാൻ താൻ എന്നും തയാറാണെന്നും പറയുന്നു. ജയിലിൽ കഴിയുന്ന രാജശേഖരന്റെ ചെവിയിലും തന്റെ അനുജത്തിയെക്കുറിച്ചുള്ള അപവാദങ്ങൾ എത്തുന്നു.