ഫിലോമിന

philomina
Date of Death: 
തിങ്കൾ, 2 January, 2006
ആലപിച്ച ഗാനങ്ങൾ: 2

തൃശ്ശൂർ ജില്ലയിലെ മുള്ളൂർക്കരയിൽ പുതിയവീട്ടിൽ ദേവസിയുടേയും മറിയയുടേയും അഞ്ചു മക്കളിൽ ഒരാളായി 1926ൽ ജനിച്ചു.
പി ജെ ആന്റണിയുടെ നാടകങ്ങളിലൂടെ അഭിനയം തുടങ്ങി. നൂറിലേറെ നാടകങ്ങളിൽ അഭിനയിച്ചു. എട്ടുവർഷത്തോളം പ്രൊഫഷണൽ നാടകവേദിയിൽ സജീവമായിരുന്നു. 1956ൽ നാടകനടൻ ആന്റണിയെ വിവാഹം കഴിച്ചു. മകൻ ജോസഫിനു 3 വയസു പ്രായമുള്ളപ്പോൾ ആന്റണി മരിച്ചു. 1964ൽ ആദ്യ സിനിമ, എം കൃഷ്ണൻനായരുടെ കുട്ടി കുപ്പായം. അതിൽ പ്രേം നസീറിന്റെ അമ്മയുടേ റോൾ ആയിരുന്നു. 1970 ൽ തുറക്കാത്ത വാതിൽ, ഓളവും തീരവും എന്നീ ചിത്രങ്ങളുടെ ഫിലോമിന സഹ നടിയ്ക്കുള്ള സംസ്ഥാൻ അവാർഡ് നേടി. 1987 ൽ ഇതേ കാറ്റഗറിൽ വീണ്ടും അവാർഡ് നേടി, തനിയാവർത്തനം എന്ന സിനിമയിലെ അഭിനയത്തിന്. തുടക്ക കാലത്ത് അമ്മ, അമ്മായിയമ്മ റോളുകൾ ആയിരുന്നു അധികവും. പിൽ‌കാലത്ത് സത്യൻ അന്തിക്കാടിന്റെ സിനിമകളിലൂടെ നർമ്മം തുളുമ്പുന്ന കഥാപാത്രങ്ങളുടെ വേഷ പകർച്ചയിലൂടെ ഫിലോമിന പ്രേക്ഷക മനസിൽ സ്ഥിരപ്രതിഷ്ഠ നേടി. മണ്ടന്മാർ ലണ്ടനിൽ എന്ന സിനിമയാണു ഇതിനു വഴി മരുന്നിട്ടത്. കിരീടത്തിലെ മുത്തശ്ശിയും, വെങ്കലത്തിലെ അഛമ്മയും, തനിയാവർത്തനം, മഴവിൽ കാവടി എന്നിവയിലെ വേഷവും സർവ്വോപരി ഗോഡ്ഫാദർ എന്ന സിനിമയിലെ ആനപ്പാറ അച്ചമ്മ എന്ന ശക്തമായ കഥാപാത്രവും ഫിലോമിനയുടെ സ്വതസിദ്ധമായ ശൈലിയിൽ മലയാളി മനസിൽ ഇടം കൊണ്ടവയാണ്. നാട്ടിൻ പുറങ്ങളിൽ നമ്മൾ കാണാറുള്ള കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നതിൽ ഫിലോമിനയുടെ രീതി ഏവരേയും അതിശയിപ്പിക്കുന്നവയാണ്. അത് തിരിച്ചറിഞ്ഞിട്ടുതന്നെയാവണം ഭരതൻ, പത്മരാജൻ, സത്യൻ അന്തിക്കാട് എന്നിവർ തങ്ങളുടെ ചിത്രത്തിൽ ഒരു റോൾ പതിവായി ഫിലോമിനയ്ക്കായി സൂക്ഷിക്കാറുണ്ടായിരുന്നു.

ആനയെ കൊണ്ടു പനിനീരു തളിപ്പിക്കുന്ന ആനപ്പാറ അച്ചമ്മ, മലയാളസിനിമയുടെ നാലുകെട്ടിൽ എന്നും സജീവമായി നിൽക്കുന്ന കാഴ്ചയാണ്. പൂക്കാലം വരവായി, അടുക്കള രഹസ്യം അങ്ങാടി പാട്ട് എന്നീ ചിത്രങ്ങളിൽ ഫിലോമിന ഓരോ ഗാനവും ആലപിച്ചിട്ടുണ്ട്.

750ൽ ഏറേ സിനിമകളിൽ അഭിനയിച്ചു.
മീരയുടെ ദുഖവും മുത്തുവിന്റെ സ്വപ്നവും ആണ് അവസാന ചിത്രം. എൺപതാമത്തെ വയസ്സിൽ, 2006 ജനുവരി 2 തിങ്കളാഴ്ച ചെന്നെയിൽ മകൻ ജോസഫിന്റെ വസതിയിൽ വച്ച് ഫിലോമിന നിര്യാതയായി.