എസ് കൊന്നനാട്ട്

S Konnanatt
Date of Birth: 
Saturday, 7 November, 1925
Date of Death: 
Sunday, 16 June, 2013
സംവിധാനം: 1

കോഴിക്കോട് വെസ്റ്റ് ഹിൽ സ്വദേശിയായ കൊന്നനാട്ട് എന്ന സ്വാമിക്കുട്ടി ചെന്നൈ മുഗളിവാക്കത്തായിരുന്നു താമസം. ആദ്യകാല മലയാളസിനിമാ ചരിത്രത്തിലെ മികച്ച കലാസംവിധായകനെന്ന പേരെടുത്ത സ്വാമിക്കുട്ടി അസിസ്റ്റന്റ് ക്യാമറാമാനായാണ് സിനിമാലോകത്ത് തുടക്കം കുറിക്കുന്നത്. കലാസംവിധാനം എന്ന മേഖലയെ വളരെ പ്രാധാന്യമുള്ള ഒരു ജോലിയായി മാറ്റിയെടുക്കുവാൻ സ്വാമിക്കുട്ടിയുടെ വർക്കുകൾക്ക് കഴിഞ്ഞിരുന്നു. മലയാളത്തിൽ 500ൽപ്പരം സിനിമകൾക്ക് കലാസംവിധാനം ചെയ്തു.

ചിത്രകലയിൽ ഡിപ്ലോമ നേടിയ ശേഷം ഏഴുവർഷക്കാലം ചിത്രകലാ അധ്യാപകനായും അഞ്ചു വർഷക്കാലം ഒരു സ്റ്റുഡിയോയിലും പ്രവർത്തിച്ചിരുന്നു.1960തിലാണ് കലാസംവിധായകൻ ആവുകയെന്ന ലക്ഷ്യത്തോടെ ചെന്നൈയിലെത്തിപ്പെട്ടത്. കലാസംവിധായകനായി തുടക്കമിട്ടത് എ.വിൻസന്റ്-ബഷീർ കൂട്ടുകെട്ടിന്റെ ഭാർഗവീ നിലയത്തിലൂടെയായിരുന്നു. നിർമ്മാല്യം ഏറെ പ്രശസ്തി കൊന്നനാട്ടിനു നേടിക്കൊടുത്തു. മുറപ്പെണ്ണ്, നഗരമേ നന്ദി, കുഞ്ഞാലി മരയ്ക്കാര്‍, അലാവുദ്ദീനും അദ്ഭുത വിളക്കും, ചെമ്മീന്‍, പടയോട്ടം, പഞ്ചാഗ്‌നി, നഖക്ഷതങ്ങള്‍ തുടങ്ങിയവ അദ്ദേഹം കലാസംവിധാനം നിര്‍വഹിച്ച ചിത്രങ്ങളില്‍ ചിലതു മാത്രം. സുറുമയിട്ട കണ്ണുകള്‍ എന്ന ചിത്രം സംവിധാനം ചെയ്തു. 1991ൽ പുറത്തിറങ്ങിയ ആകാശക്കോട്ടയിലെ സുല്‍ത്താന്‍ എന്ന സിനിമയ്ക്കും എം.ടി. വാസുദേവന്‍ നായര്‍ സംവിധാനം ചെയ്ത നാലുകെട്ട് എന്ന ടെലിവിഷന്‍ സീരിയലിനും വേണ്ടിയാണ് ഒടുവില്‍ പ്രവര്‍ത്തിച്ചത്.

ഭാര്യ: കനകം. മക്കള്‍: ശ്രീകാന്ത്, വിചിത്ര. 2013 ജൂൺ 15ന് വാർദ്ധക്യസഹജമായ രോഗങ്ങളേത്തുടർന്ന് 88 വയസ്സിൽ ചെന്നൈയിലെ വസതിയിൽ വച്ച് അന്തരിച്ചു.

അവലംബം - മാതൃഭൂമി വാർത്ത