ജോസ് പ്രകാശ്

Jose Prakash
Date of Death: 
Sat, 24/03/2012
ആലപിച്ച ഗാനങ്ങൾ: 12

അഭിനേതാവ്,ഗായകൻ എന്നീ നിലകളിൽ കഴിഞ്ഞ നാലു പതിറ്റാണ്ടായി മലയാള സിനിമയിലെ സാന്നിദ്ധ്യം. ഗായകനാവാൻ സിനിമയിൽ എത്തി ഒരു നല്ല നടനായി മാറുകയായിരുന്നു ജോസ് പ്രകാശ്. 70 കളിലെ ഒട്ടു മിക്ക മലയാള സിനിമകളിലും  വില്ലൻ വേഷങ്ങളിൽ ജോസ് പ്രകാശ് കൈയടി നേടി. 90 കളോടെ സ്വഭാവനടൻ എന്ന മുഖച്ഛായയിലേക്ക് മാറി. 

എട്ടു വർഷത്തോളം ബ്രിട്ടീഷ് ഇന്ത്യൻ ആർമിയിൽ സേവനം അനുഷ്ഠിച്ചശേഷം വിരമിച്ച ജോസ് പ്രകാശ് പിന്നീട് ചെറിയ ബിസിനസുകളുമായി കഴിഞ്ഞിരുന്ന കാലത്ത് കോട്ടയം ആസ്ഥാനമാക്കി കോട്ടയം ആർട്ട്സ് ക്ലബ്ബ് എന്നൊരു ചെറിയ ട്രൂപ്പ് ഉണ്ടാക്കുകയും അതിൽ പ്രധാനഗായകനായി പ്രശസ്തനാവുകയും ചെയ്തു. അദ്ദേഹത്തിന്റെ പാട്ടു കേൾക്കാനിടയായ തിക്കുറിശ്ശി സുകുമാരൻ‌നായർ ‘ശരിയോ തെറ്റോ’ എന്ന ചിത്രത്തിൽ പാടാൻ ക്ഷണിക്കുകായിരുന്നു. 1953 ൽ പുറത്തിറങ്ങിയ ആ ചിത്രത്തിൽ ‘പാടു പെട്ടു പാടങ്ങളിൽ’ എന്ന ഗാനം ഭക്ഷിണാമൂർത്തിയുടെ സംഗീതസംവിധാനത്തിൽ ജോസ് പ്രകാശ് പാടി. ആ ചിത്രത്തിൽ ഒരു ചെറിയ വേഷത്തിൽ അഭിനയിക്കുകയും ചെയ്തു. 

1961 ൽ പുറത്തിറങ്ങിയ ‘ഭക്തകുചേല’ എന്ന ചിത്രത്തിലാണ് ജോസ് പ്രകാശിനു ആദ്യമായി ശ്രദ്ധിക്കപ്പെട്ട ഒരു വേഷം ചെയ്യാൻ കഴിഞ്ഞത്. പക്ഷേ, 1969 ൽ ഇറങ്ങിയ ‘ഓളവും തീരവും’ എന്ന ചിത്രത്തിൽ ചെയ്ത വില്ലൻ വേഷത്തിലൂടെ മലയാള സിനിമയിൽ ഒരു പുതിയ താരോദയം ഉണ്ടായി. പിന്നീടങ്ങോട്ട് കുറേ വർഷക്കാലം മലയാളസിനിമയിലെ പ്രധാന പ്രതിനായകവേഷങ്ങളിൽ ജോസ് പ്രകാശിനു തിളങ്ങാ‍നായി. 

2003 ൽ അനാരോഗ്യം നിമിത്തം സജീവസിനിമയിൽ നിന്നകന്ന അദ്ദേഹത്തിന്റെ അവസാന മുഴുനീള വേഷം ‘എന്റെ വീട് അപ്പൂന്റേം’ എന്ന ചിത്രത്തിലായിരുന്നു. പിന്നീട് അദ്ദേഹത്തെ കാണുന്നത് 2011ൽ റിലീസ് ചെയ്ത “ട്രാഫിക്’ എന്ന ചിത്രത്തിൽ ഒരു അതിഥി വേഷം ചെയ്തുകൊണ്ടായിരുന്നു. 

കെ ജെ ജോസഫ് - ഏലിയാമ്മ ജോസഫ് ദമ്പതികളുടെ എട്ടു മക്കളിൽ മൂത്തവനായി കൊച്ചിയിലാണ് ജോസ് പ്രകാശ് ജനിച്ചത്. അദ്ദേഹത്തിന്റെ അനുജൻ പ്രേം പ്രകാശ് മലയാളസിനിമാരംഗത്ത് സജീവമാണ്. 

2012 ൽ ജെ സി ഡാനിയേൽ പുരസ്ക്കാരം നൽക്കി കേരള സർക്കാർ അദ്ദേഹത്തെ ആദരിച്ചു. പ്രായാധിക്യവും മറ്റ് ആരോഗ്യപ്രശ്നങ്ങളുമായും ചികിത്സയിലായിരുന്ന ജോസ്പ്രകാശ്,2012 മാർച്ച് 24ന് അന്തരിച്ചു.