രാജൻ പി ദേവ്

Rajan P Dev
Rajan P Dev-Actor
Date of Death: 
Wednesday, 29 July, 2009
സംവിധാനം: 3

1954 മെയ് 20നാണ് പ്രശസ്ത നാടകനടനായിരുന്ന സെബാസ്റ്റ്യൻ ജോസഫെന്ന എസ് ജെ ദേവിന്റെയും നാടകനടി ആ‍യിരുന്ന കുട്ടിയമ്മയുടേയും മകനായി രാജൻ പി ദേവ് ജനിക്കുന്നത്. ചേർത്തല ഗവണ്മെന്റ് ബോയ്സ് ഹൈസ്കൂൾ, ചേർത്തല സെന്റ് മൈക്കിൾസ് കോളേജ് എന്നിവിടങ്ങളിൽ പഠിച്ച ശേഷം നാടകത്തിലേക്ക് എത്തപ്പെട്ടു. പ്രശസ്ത രാജാപ്പാർട്ട് നടനും ഹാർമ്മോണിയം, ക്ളാർനറ്റ്, ഫിഡിൽ എന്നീ സംഗീതോപകരണങ്ങളിൽ വിദഗ്ധനുമായിരുന്ന ചേർത്തല എസ് ജെ ദേവ് എന്ന പിതാവിന്റെ പാതയാണ് രാജനും പിന്തുടർന്നത്. സന്മാർഗവിലാസം നാടകക്കമ്പനി, ഉദയകേരള നടനസമിതി,കലാനിലയം എന്നിവയിൽ പിതാവ് കെട്ടിയ വേഷങ്ങൾ മകനെ നാടകനടനാക്കാൻ പ്രചോദിപ്പിച്ചു.

മകനെ പോലീസോഫീസറാക്കാൻ അച്ഛനും ഡോക്ടറാക്കാൻ അമ്മയും ആഗ്രഹിച്ചിരുന്നുവെങ്കിലും അദ്ദേഹം പഠനം പാതിവഴിയിൽ ഉപേക്ഷിച്ച് ഒളശ്ശയിലേക്ക് വണ്ടികയറി. നാടകാചാര്യൻ എൻ എൻ പിള്ളയുടെ അനുഗ്രഹത്തോടെ “വിശ്വകേരള കലാസമിതിയിലെത്തി”. ഏകദേശം നാലു വർഷക്കാലം എൻ എൻ പിള്ളയുടെ കീഴിൽ നാടകപരിശീലനം നേടിയെടുത്തു.  ചിതാഭസ്മം എന്ന നാടകത്തിലെ ജാരസന്തതിയെ അവതരിപ്പിച്ചു കൊണ്ടാണ് അഭിനയരംഗത്ത് തുടക്കമിടുന്നത്. 'ചിതാഭസ്മ'ത്തിനുശേഷം 'സുപ്രീംകോർട്ട്', 'കാപാലിക', 'ഡൈനാമിറ്റ്', 'ഓര്‍ നോട്ട് ടു ബി' എന്നിങ്ങനെയുള്ള നാടകങ്ങള്‍ അവതരിപ്പിച്ചശേഷം 'രഥം' എന്ന നാടകം എഴുതി അവതരിപ്പിച്ചു. നാടകം സാമ്പത്തികമായി ഏറെ നഷ്ടങ്ങൾ ഉണ്ടാക്കിയിരുന്നുവെങ്കിലും ആ നാടകം കണ്ടിട്ടാണ് എസ്.എല്‍. പുരം സദാനന്ദന്‍ സൂര്യസോമയുടെ 'കാട്ടുകുതിര'യിലേക്ക് ഈ കലാകാരനെ ക്ഷണിച്ചത്. 'കാട്ടുകുതിര'യിലെ കൊച്ചുവാവയായി അരങ്ങിലെത്തിയതോടെ രാജന്‍ പി. ദേവ് മലയാള നാടകവേദിയുടെ അനിഷേധ്യ താരമായി വളരുകയായിരുന്നു. ഒഴിവില്ലാതെ ഏകദേശം മൂന്ന് വർഷക്കാലം കേരളം മുഴുവൻ “കാട്ടുകുതിരയിലെ” കൊച്ചുവാവയായി രാജൻ പി ദേവ് വേഷമിട്ടു, അതിപ്രശസ്തനായി മാറി. കാട്ടുകുതിര സിനിമയാക്കിയപ്പോൾ കൊച്ചുവാവയുടെ റോൾ തിലകനു പോയത് എസ് എൽ പുരവുമായി അകലാൻ കാരണമായി.

തുടർന്ന്  ഹരിശ്രീ തീയറ്റേഴ്സിന്റെ  'മുല്ലപ്പൂക്കള്‍ ചുവന്നപ്പോള്‍' എന്ന നാടകം സംവിധാനം ചെയ്ത് നാടക സംവിധാനവും തനിക്ക് വഴങ്ങുമെന്ന് തെളിയിച്ചു. ഈ നാടകത്തിലൂടെ മികച്ച നാടകനടനുള്ള സംസ്ഥാന അവാർഡും  ദേവിനെത്തേടിയെത്തി. പിന്നീട് ചേർത്തല ജൂബിലി തിയേറ്റേഴ്‌സ് എന്ന നാടക സമിതിയുണ്ടാക്കി 'ആദിത്യമംഗലം ആര്യവൈദ്യശാല' എന്ന നാടകം അവതരിപ്പിച്ചു. തുടർന്ന്  ബെന്നി പി. നായരമ്പലം എഴുതിയ 'അത്യുന്നതങ്ങളില്‍ ദൈവത്തിനു സ്തുതി'യിലൂടെയും രാജന്‍ പി. ദേവിനെത്തേടി മികച്ച നടനുള്ള സംസ്ഥാന അവാർഡെത്തി.

ഈ കാലഘട്ടത്തിൽത്തന്നെ സിനിമാരംഗത്തേക്കും രാജന്‍ പി. ദേവ് എത്തിയിരുന്നെങ്കിലും തമ്പി കണ്ണന്താനം സംവിധാനം ചെയ്ത 'ഇന്ദ്രജാല'ത്തിലെ കാർലോസിനെ അവതരിപ്പിച്ചതോടെയാണ് ശ്രദ്ധേയനായത്. പരുക്കന്‍ മുഖഭാവവും ശബ്ദവുമുള്ള ഒരു പ്രതിനായകനടനെ മലയാള സിനിമയ്ക്ക് ലഭിക്കുകയായിരുന്നു ആ ചിത്രത്തിലൂടെ. തുടർന്ന്  നാലു ഭാഷകളിലായി അഞ്ഞൂറിലേറെ ചിത്രങ്ങള്‍ പൂർത്തിയാക്കിയ ഈ പ്രതിഭ ഏറ്റവുമൊടുവില്‍ അഭിനയിച്ച് തിയേറ്ററിലെത്തിയ ചിത്രം 'ഈ പട്ടണത്തില്‍ ഭൂത'മാണ്. അഭിനേതാവായി തിളങ്ങുമ്പോള്‍ 'അച്ചാമ്മക്കുട്ടിയുടെ അച്ചായന്‍' എന്ന ചിത്രം സംവിധാനം ചെയ്തായിരുന്നു ദേവ് സംവിധായക ലോകത്തിലും ഇടം നേടിയത്. തുടർന്ന്  2003ൽ "അച്ഛന്റെ കൊച്ചുമോള്‍" എന്ന ചിത്രവും സംവിധാനം ചെയ്ത് പുറത്തിറക്കി. ചിങ്ങമാസം വന്നുചേർന്നാല്‍ എന്നീ ചിത്രം സംവിധാനം ചെയ്യാനുള്ള പ്രാരംഭ നടപടികൾ പൂർത്തിയാക്കിയിരുന്നുവെങ്കിലും ചിത്രം പുറത്തിറങ്ങിയില്ല.

പവിത്രന്റെ 'വസന്തകാല പറവൈ' എന്ന തമിഴ് ചിത്രത്തിലൂടെ തമിഴിലും 'ആദി' എന്ന തെലുങ്ക് ചിത്രത്തിലൂടെ തെലുങ്കിലും പ്രതിനായകന്റെ പുതിയ മുഖം നൽകാൻ കഴിഞ്ഞതോടെയാണ് അന്യഭാഷാ ചിത്രങ്ങളിലും ഈ പ്രതിഭ സ്വീകാര്യനായത്.  ഡയബറ്റിക് റെറ്റിനോപ്പതിക്ക് ഓപ്പറേഷൻ നടത്തിയിരുന്നെങ്കിലും അവസാന നാളുകളിൽ കണ്ണിന്റെ കാഴ്ച ശക്തി ക്ഷയിച്ച് വരികയായിരുന്നു. മായാബസാറിൽ മമ്മൂട്ടിയുടെ അച്ഛനായി അഭിനയിക്കുമ്പോൾ തീരെ കാഴ്ച കുറഞ്ഞ അവസ്ഥയിലെത്തിയിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ വച്ച് മരണമടയുമ്പോൾ രാജൻ പി ദേവിന് 55 വയസ്സായിരുന്നു.

ഭാര്യ: ശാന്ത  മക്കൾ : ആശമ്മ,  ജിബിൽ രാജ് , ജൂബിൽ രാജ്

കൗതുകങ്ങൾ
രാജൻ പി ദേവിന് തന്റെ നാടക ട്രൂപ്പായ ജൂബിലിയുടെ നാടകങ്ങളുടെ പേരുകള്‍ 'അ' എന്ന അക്ഷരത്തില്‍ തുടങ്ങുന്നതാവണമെന്ന നിർബന്ധമുണ്ടായിരുന്നു. ജൂബിലിയുടെ ആദ്യനാടകമായ ആദിത്യ മംഗലം ആര്യവൈദ്യശാല മുതല്‍ ഒടുവിലെത്തിയ അമ്മിണിപുരം ഗ്രാമപഞ്ചായത്ത് വരെ എല്ലാ നാടകങ്ങളിലും അ-കാരത്തിലുള്ള ഈ വിശ്വാസം കൃത്യമായി പാലിച്ചിരുന്നു. പേര് മാത്രമല്ല എല്ലാ നാടകങ്ങളുടെയും ആദ്യ ഡയലോഗിന്റെ ആദ്യാക്ഷരവും അ യില്‍ തന്നെ തുടങ്ങണമെന്ന വാശിക്കാരനായിരുന്നു രാജന്‍ പി ദേവ്.
(ആദിത്യ മംഗലം ആര്യവൈദ്യശാല, അത്യുന്നതങ്ങളില്‍ ദൈവത്തിന് സ്തുതി, അമ്പാട്ടുപറമ്പില്‍ അപ്പുണ്ണിമാമന്‍, അറബിക്കടലും അത്ഭുതവിളക്കും, അച്ചാമ്മക്കുട്ടിയുടെ അച്ചായന്‍, അമ്മിണി ട്രാവൽസ് പ്രൈവറ്റ് ലിമിറ്റഡ്, അറിയില്ലേ ഞാന്‍ നല്ല തണല്‍, അങ്ങാടിക്കരയിലെ അപ്പൂപ്പന്‍, അന്തോണിമെമ്മോറിയല്‍ ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍, അമ്മയുടെ വികൃതിക്കുട്ടന്‍, അത്ഭുതം അപ്പുക്കുട്ടന്‍ പിള്ള, ആലയം സ്‌നേഹാലയം, ആകാശഗംഗ, അഞ്ചു സഹോദരന്മാര്‍, അമ്മുക്കുട്ടിക്ക് സ്വയംവരം, ആ നീല വെളിച്ചം, അരനാഴികനേരം, ആനന്ദനടനം, അജയന്‍ ഐ.പി.എസ്, അമ്മയുടെ സ്വന്തം ചക്കി, അമ്മക്കിനാവ്, അച്ഛന്‍ അനിഴം നക്ഷത്രം, അന്തപ്പന്‍ പോലീസ് 54 വയസ്സ്, അന്നക്കുട്ടി ഐ.എസ്.എസ്. അമ്മിണിപുരം ഗ്രാമരഞ്ചായത്ത് തുടങ്ങിയവയായിരുന്നു ജൂബിലിയുടെ നാടകങ്ങള്‍. )

ഒമ്പത് റേഡിയോ നാടകങ്ങൾ രാജൻ പി ദേവ് രചിച്ചിട്ടുണ്ട്.

അവലംബം : മാതൃഭൂമി രാജൻ പി ദേവ് സ്പെഷ്യൽ പേജ്