ഷിബു ചക്രവർത്തി

Shibu Chakravarthy
Date of Birth: 
Friday, 17 February, 1961
എഴുതിയ ഗാനങ്ങൾ: 210
കഥ: 5
സംഭാഷണം: 11
തിരക്കഥ: 11

പരേതനായ ശ്രീ കെ ജി ദാസിന്റേയും ശ്രീമതി ലീലട്ടീച്ചറുടേയും അഞ്ച് മക്കളിൽ ഒരേയൊരാൺതരിയായി 1961-ൽ ജനനം.ജനയുഗം എറണാകുളം കറസ്പോണ്ടന്റായിരുന്ന ശ്രീ ഏരൂർ വാസുദേവന്റെ മരുമകനുമാണ് ഷിബു ചക്രവർത്തി. എഴുത്തും വായനയും വീട്ടിലെ ജീവിതശൈലിയെന്ന പോലെ അടുത്ത് നിന്ന ഒരു മാധ്യമമായിരുന്നു സിനിമ. എറണാകുളത്തെ ആദ്യത്തെ ഔട്ട്ഡോർ പബ്ലിസിറ്റി സ്ഥാപനത്തിനുടമയായ ശ്രീ പ്രവദ സുകുമാരൻ പിതൃസഹോദരനായിരുന്നു. നാടകങ്ങളുടെ പബ്ലിസിറ്റിയ്ക്കായി തുടങ്ങിയ പ്രവദ കാലക്രമേണ സിനിമയുടേയും പബ്ലിസിറ്റിയിലേയ്ക്കു നിങ്ങി. ചലച്ചിത്രലോകവുമായി വല്യച്ഛനുള്ള അടുപ്പവും സിനിമാപോസ്റ്ററുകളും മറ്റുമായുള്ള നിരന്തരസമ്പർക്കവും മൂലം സാഹിത്യലോകം പോലെത്തന്നെ ചലച്ചിത്ര ലോകവും ഷിബുവിന് അപരിചിതമായ മായികലോകങ്ങളായിരുന്നില്ല.

ഇടപ്പള്ളിയിലെ സെയിന്റ് ജോർജ്ജ് സ്കൂളിലെ പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം മഹാരാജാസ് കോളേജിൽ നിന്ന് ഫിലോസഫിയിൽ ബിരുദാനന്തരബിരുദവും പിന്നീട് പത്രപ്രവർത്തനത്തിൽ ഡിപ്ലോമയും നേടിയ ഷിബു പഠനകാലത്തു തന്നെ ജോലിയും ചെയ്യാനാരംഭിച്ചിരുന്നു. പ്രീഡിഗ്രീ കഴിഞ്ഞപ്പോൾത്തന്നെ ഗായത്രി ആർട്ടിസ്റ്റ്സ് ആന്റ് ഡിസൈനേഴ്സ് എന്ന പരസ്യ സ്ഥാപനത്തിൽ ലെയൗട്ട് ആർട്ടിസ്റ്റായി പ്രവർത്തിക്കാൻ തുടങ്ങി. പരസ്യങ്ങളുടെ ലോകവുമായുള്ള ഈ ബന്ധത്തിൽ നിന്നുമാണ് ആദ്യമായി ജിംഗിളുകൾക്കായി വരികളെഴുതാൻ തുടങ്ങുന്നത്. മലയാളത്തിൽ പരസ്യലോകത്തിലെ ഒരു കാലത്തെ ശ്രദ്ധേയ ജിംഗിളുകളെല്ലാം തന്നെയെന്നു പറയാം, ഷിബുവിന്റെ വരികളാണെന്നത് ഇന്നും പലർക്കുമറിയില്ല. ആലൂക്കാസ് ജുവല്ലറി (മനസ്സിന്റെ തളിർമരത്തിൽ),  അൽ ബയാൻ വാട്ടർ ( മുത്തശ്ശി തൊടിയിലെ), ആലപ്പാട്ട് ജുവല്ലേഴ്സ്, കരിക്കിനേത്ത് , ഫെഡറൽ ബാങ്ക് എന്നീ സ്ഥാപനങ്ങൾക്കു വേണ്ടി ഷിബുവൊരുക്കിയ വരികൾ പ്രശസ്തമായെങ്കിലും അവയെഴുതിയ ആളെ പലർക്കും അറിയില്ലായിരുന്നു.

ജിംഗിളുകൾക്ക് സാഹിത്യമെഴുതി തുടങ്ങിയത് ചെറിയ തോതിൽ ആൽബങ്ങൾക്കും മറ്റുമായി വരികളെഴുതാൻ തുടങ്ങാൻ പ്രചോദനമായി. എന്നാൽ സിനിമയിലേയ്ക്ക് ഷിബു പ്രവേശിക്കുന്നത് ഗാനരചയിതാവായിട്ടല്ല. ‘നിറക്കൂട്ട്’ എന്ന ചിത്രത്തിന്റെ ഡിസൈനിംഗ് യൂണിറ്റിൽ സഹകരിച്ചുകൊണ്ട് സിനിമയിലേയ്ക്ക് രംഗപ്രവേശം നടത്തിയ ഷിബു ചക്രവർത്തി ജോസ് പ്രകാശിന്റെ സഹോദരൻ രാജൻ പ്രകാശിന്റെ നിർമ്മാണ സ്ഥാപനമായ പ്രകാശ് മൂവി ടോണിന്റെ ഉപഹാരം എന്ന ചിത്രത്തിൽ ആദ്യമായി ഗാനരചന നിർവ്വഹിച്ചു. ഉപഹാരം ബോക്സ് ഓഫീസിൽ ശ്രദ്ധിക്കപ്പെട്ടില്ല എങ്കിലും പിന്നീട് വന്ന “ശ്യാമ” യിലെ ചെമ്പരത്തിപ്പൂവേ ചൊല്ല് എന്ന ഗാനം ഷിബുവിനെ ജനപ്രിയനാക്കി. പിന്നീടങ്ങോട്ട് പാട്ടെഴുത്തിന്റെ പൂക്കാലമായിരുന്നു. ഷിബുവിന്റെ സുഹൃത്തായ ഡെന്നീസ് ജോസഫിനെ തിരക്കഥാകൃത്തായി മലയാള സിനിമാലോകത്ത് അവതരിപ്പിച്ച അതേ പ്രകാശ് മൂവീ ടോൺ തന്നെ ഏതോ നിയോഗം പോലെ തിരക്കഥാകൃത്ത് എന്ന നിലയിലെ ഷിബുവിന്റെ അരങ്ങേറ്റത്തിനും കാരണക്കാരാവുകയായിരുന്നു. അങ്ങിനെയാണ് ഡെന്നീസ് ജോസഫ് ആദ്യമായി സംവിധായകനാകുന്ന “മനു അങ്കിൾ” എന്ന ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കാൻ ഷിബു നിയുക്തനാകുന്നത്.

അഥർവ്വം, മനു അങ്കിൾ, ചുരം, ഏഴരക്കൂട്ടം, സാമ്രാജ്യം, ഓർക്കാപ്പുറത്ത്, അഭയം(1991), ഡോൺ ബോസ്കൊ, തുടങ്ങി പതിനെട്ട് ചിത്രങ്ങളുടെ തിരക്കഥ രചിച്ച ഷിബു ചക്രവർത്തി ഇപ്പോൾ അനൂപ് മേനോൻ ചിത്രത്തിന്റെ പണിപ്പുരയിലാണ്. തിരക്കഥാരംഗത്തും ഗാനരചനയിലും മാത്രം ഒതുങ്ങി നിൽക്കുന്നതായിരുന്നില്ല ഷിബുവിന്റെ സിനിമാപ്രവർത്തനങ്ങൾ. അറബ് ഐക്യനാടുകളുടെ സാംസ്കാരിക- ചരിത്ര പശ്ചാത്തലത്തെക്കുറിച്ച് അദ്ദേഹമെടുത്ത ഡോക്യുമെന്ററി ഇന്നും അവിടത്തെ ടൂറിസം പദ്ധതികളുടെ ഒരു ആധികാരിക സ്രോതസ്സായി ഔദ്യോഗികമായി അംഗീകരിക്കപ്പെട്ടിട്ടുണ്ട്.
ഇതുകൂടാതെ അദ്ദേഹം കൊച്ചി നഗരത്തെക്കുറിച്ച് ഒരു ചിത്രവും, മാതാ അമൃതാനന്ദമയിയെക്കുറിച്ച് രണ്ട് ചിത്രങ്ങളും എടുക്കുകയുണ്ടായി. ആനകളെക്കുറിച്ചും വനത്തിലെ അവയുടെ ആവാസവ്യവസ്ഥയെക്കുറിച്ചും അദ്ദേഹമെടുത്ത ചിത്രം ശ്രദ്ധേയമായിരുന്നു.

നടൻ മമ്മൂട്ടിയുടെ ക്ഷണത്തെത്തുടർന്നാണ് 2004-ൽ കൈരളി ടിവിയിൽ ചേരുന്നത്. അഞ്ച് വർഷത്തോളം കൈരളി ചാനലിന്റെ പ്രോഗ്രാം ഹെഡായിരുന്ന ഷിബു റിയാലിറ്റി ഷോകൾ ആദ്യമായി അവതരിപ്പിക്കുക തുടങ്ങി വിവിധ പരിപാടികളിലൂടെ കൈരളി ചാനലിനെ ഒരു പുതിയ തലത്തിലേയ്ക്കുയർത്തുകയുണ്ടായി. എന്നോ  മറവിയിലാഴ്ന്നു പോകുമായിരുന്ന കഥാപ്രസംഗം എന്ന കലാരൂപത്തെ ഒരു റിയാലിറ്റി ഷോ വഴി ജനമധ്യത്തിലേയ്ക്ക് വീണ്ടുമെത്തിക്കാൻ അദ്ദേഹത്തിനു കഴിഞ്ഞു. 2009 ഇൽ കൈരളി ടി വി യോടു വിട പറഞ്ഞ ഇദ്ദേഹം ഇപ്പോൾ അമൃത ടി വി യിൽ പ്രോഗ്രാംസ് ആന്റ് ഇവന്റ്സ് വിഭാഗത്തിന്റെ ജനറൽ മാനേജറാണ്.

ആനിമേഷൻ എന്ന മാധ്യമത്തിന്റെ വിപുലമായ സാധ്യതകളെക്കുറിച്ച് മനസ്സിലാക്കിയ ഷിബു “സൊസൈറ്റി ഓഫ് അനിമേറ്റേഴ്സ്” എന്ന പേരിൽ ഒരു സഹകരണ കൂട്ടായ്മയ്ക്ക് രൂപം കൊടുത്തിട്ടുണ്ട്. ഇവിടെ അനിമേഷൻ ലോകത്തേയ്ക്ക് കടന്നു വരാനാഗ്രഹിക്കുന്ന പുതിയ കലാകാരന്മാർക്ക് തങ്ങളുടെ കഴിവുകൾ വികസിപ്പിക്കാനും അഭ്യസിക്കാനുമുള്ള സാധ്യതകൾ ഏറെയാണ്. വിജ്ഞാന സാഗർ സ്കൂളിലെ പ്രധാന അധ്യാപികയായ ഷിജിയാണ് ഇദ്ദേഹത്തിന്റെ ഭാര്യ. മാളവിക, ശന്തനു എന്നിവർ മക്കളാണ്.