സ്വർണ്ണലത

Swarnnalatha
Swarnnalatha -singer
Date of Death: 
Sunday, 12 September, 2010
ആലപിച്ച ഗാനങ്ങൾ: 53

Swarnalatha - Playback Singer

മലയാളിയായ സ്വർണ്ണലത തമിഴ്, മലയാളം, തെലുങ്ക്, ഹിന്ദി, ഉറുദു ഭാഷകളില്‍ ഒട്ടേറെ ഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട്. ഭാരതിരാജയുടെ 'കറുത്തമ്മ' എന്ന ചിത്രത്തിലെ പോരാലെ പൊന്നുത്തായേ എന്ന ഗാനത്തിലൂടെ മികച്ച ഗായികയ്ക്കുള്ള ദേശീയ അവാര്‍ഡ് ലഭിച്ചിട്ടുണ്ട്.

പ്രശസ്ത ഹാര്‍മോണിസ്റ്റായ കെ.സി ചെറൂക്കുട്ടിയുടെ മകളാണ്. തമിഴില്‍ ഇളയരാജയുടെയും എ.ആര്‍ റഹ്മാന്റെയും ഒട്ടേറെ ഹിറ്റ് ഗാനങ്ങള്‍ ആലപിച്ചത് സ്വര്‍ണലതയായിരുന്നു.

1989 മുതല്‍ പിന്നണി ഗാനരംഗത്ത് സജീവമായിരുന്നു. പാലക്കാട് സ്വദേശിനിയാണെങ്കിലും പഠിച്ചതും വളർന്നതുമൊക്കെ കർണ്ണാടകയിലും ചെന്നൈയിലുമായാണ് .ചെറുപ്പത്തിൽത്തന്നെ സംഗീതം അഭ്യസിച്ച സ്വർണ്ണലത കഴിഞ്ഞ 21 വര്‍ഷമായി ചെന്നൈയിലായിരുന്നു സ്ഥിരതാമസം.

പ്രശസ്ത സംഗീത സംവിധായകൻ എം എസ് വിശ്വനാഥനാണു ചലച്ചിത്രഗാന പിന്നണിഗായികയായി സ്വർണ്ണലതയെ വളർത്തിയെടുത്തത്. കണ്ണൂർ രാജന്റെ സംഗീത സംവിധാനത്തിലാണ് സ്വർണ്ണലത ആദ്യമായി മലയാളത്തിൽ പാടിയത്.

തമിഴിലാണു കൂടുതൽ അവസരങ്ങൾ ലഭിച്ചതെങ്കിലും ഇന്‍ഡിപെന്‍ഡന്‍സ്, ലങ്ക, വര്‍ണ്ണപ്പകിട്ട്, രാവണപ്രഭു, ഡ്രീംസ്, പഞ്ചാബി ഹൗസ്, തെങ്കാശിപ്പട്ടണം, നിര്‍ണയം, വണ്‍മാന്‍ഷോ,പുന്നാരം, കർമ്മ,ഏഴരക്കൂട്ടം തുടങ്ങിയ മലയാള സിനിമയിലും പാടിയിട്ടുണ്ട്.

മലയാളിയായിരുന്നെങ്കിലും മലയാളസിനിമാ ഗാനരംഗത്ത് അധികം പാട്ടുകൾ സ്വർണ്ണലതയുടേതായി ഉണ്ടാവുന്നതിനു മുൻപേ തന്നെ ലത ഈ ലോകത്തിൽ നിന്ന് യാത്രയാവുകയായിരുന്നു.മലയാളത്തില്‍ 'മോഹം' എന്ന ആല്‍ബത്തിലാണ് ഏറ്റവും ഒടുവില്‍ പാടിയത്. ശ്വാസകോശസംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചെന്നൈയിലെ സ്വകാര്യ ആസ്​പത്രിയില്‍ ചികിത്സയിലിരിക്കെ 2010 സെപ്റ്റംബർ 12 ഞായറാഴ്ച ഉച്ചയ്ക്കായിരുന്നു അന്ത്യം സംഭവിച്ചത്.