പ്രദീപ് സോമസുന്ദരം

Pradip Somasundaram
Date of Birth: 
Thursday, 26 January, 1967
സംഗീതം നല്കിയ ഗാനങ്ങൾ: 1
ആലപിച്ച ഗാനങ്ങൾ: 18

1967 ജനുവരി 26നു തൃശ്ശൂരിലെ നെല്ലുവായിൽ ജനിച്ച പ്രദീപ് സോമസുന്ദരം , 1996 ഇൽ ‘മേരി ആവാസ് സുനോ’ എന്ന റിയാലിറ്റി ഷോയിലൂടെ  ഇന്ത്യയിലെ ഏറ്റവും നല്ല യുവഗായകൻ എന്ന പദവി നേടിയെടുത്തയാളാണ്. സംഗീതത്തിനംഗീകാരം കിട്ടുന്ന അക്കാലത്തെ റിയാലിറ്റി ഷോയിൽ,  നോർത്തിന്ത്യയിൽ നിന്നുള്ള ഗായകരെ തോൽ‌പ്പിച്ചാണ് പ്രദീ‍പ് ആ പദവിനേടിയെടുത്തത്. 12 ആം വയസ്സുമുതൽ കർണ്ണാടസംഗീതാഭ്യാസം നടത്തുന്ന പ്രദീപ്, തൃശ്ശൂർ വി ഗോപാലൻ മാസ്റ്ററുടെ ശിഷ്യനാണ്. ഒപ്പം, ആന്ധ്രാക്കാരനായ തിരുപ്പതി ശ്രീ രാ‍മാനുജ സൂരിയുടെയും ശിഷ്യനായ ഇദ്ദേഹം, 1993 ൽ എഴുത്തച്ഛൻ എന്ന മലയാളസിനിമയിൽ ‘ സമയം മനോഹരം ‘ എന്ന ഗാനത്തോടെ മലയാള സിനിമാരംഗത്തേക്ക് കടന്നുവന്നു. ഈസ്റ്റ് കോസ്റ്റ് വിജയന്റെ ആദ്യ സംരംഭമായ ‘നിനക്കായ്’ എന്ന ആൽബത്തിലെ ‘എണ്ണക്കറുപ്പിന്നേഴഴക് ..” എന്ന ഗാനം മലയാളികൾ ഒരിക്കലും മറക്കില്ല. കഴിഞ്ഞ കുറേവർഷങ്ങളായി സന്ദീപ്ചൌത്തയുടെ തെലുങ്കു സിനിമകളിൽ ഇദ്ദേഹം ഗാ‍യകനാണ്. പുതുതലമുറയുടെ സംഗീതകൂട്ടായ്മയായ ബ്ലോഗ്സ്വരയിലെ അംഗവുമാണ്.

പല ഗാനങ്ങൾക്കും സ്വതന്ത്രമായ സംഗീതസംവിധാനം ചെയ്തിട്ടുള്ള പ്രദീപിന്റെ ഒരു ആൽബം 2010 ഇൽ റീലീസാകുന്നു. 'ഓർക്കുക വല്ലപ്പോഴും’ എന്ന ചിത്രത്തിലെ ഗാനങ്ങൾ രചിച്ച സോഹൻലാലിന്റെ രചനയിൽ , ‘മഴനൃത്തം ‘ എന്ന പേരിൽ തയ്യാറാകുന്ന  ഈ ആൽബത്തിലെ ഗായകർ  ഗായത്രി, മനോജ് കെ ജയൻ, പ്രദീപ്, പുതുതലമുറയുടെ ഗസൽ ഗായകനായ ഷഹ്ബാസ് അമൻ എന്നിവരാണ്.  1991 ൽ ഓൾ ഇന്ത്യ റേഡിയോ നാഷണൽ ലെവലിൽ ലളിതസംഗീതത്തിനുള്ള സുവർണ്ണപുരസ്കാരം,  1996 ൽ മേരിആവാസ് സുനോയിൽ ലതാമങ്കേഷ്കർ പുരസ്കാരം , 1998 ൽ ബെസ്റ്റ് റ്റിവി പ്ലേ ബാക്ക് സിങ്ങർ , 2005 ൽ  സംഗീതത്തിലെ സംഭാവനകൾക്ക് ‘കലാരത്ന സ്റ്റേറ്റ്’ അവാർഡ്  എന്നിവ നേടീയ പ്രദീപ്, ഇപ്പോൾ പാലക്കാട് വടക്കഞ്ചേരിയിലെ ഗവണ്മെന്റ് കോളേജ് ഓഫ് അപ്ലൈഡ് സയൻസിന്റെ പ്രിൻസിപ്പലായി ജോലി ചെയ്യുന്നു.