ഈസ്റ്റ് കോസ്റ്റ് വിജയൻ

East Coast Vijayan
East Coast Vijayan
എഴുതിയ ഗാനങ്ങൾ: 51
സംവിധാനം: 5
കഥ: 1
സംഭാഷണം: 3
തിരക്കഥ: 2

ചലച്ചിത്ര നിർമ്മാതാവ്, സംവിധായകൻ, ഗാനരചയിതാവ്. 1965 ൽ കരിക്കാട്ടിൽ വാസുദേവൻ പിള്ളയുടെയും ദേവകി അമ്മയുടെയും മകനായി കൊല്ലം ജില്ലയിലെ അഞ്ചലിനടുത്തുള്ള മലമേലിൽ ജനിച്ചു. കരിക്കാട്ടിൽ വാസുദേവൻ പിള്ള സുന്ദരൻപിള്ള എന്നതാണ് യഥാർത്ഥ നാമം. കെ വി എസ് പിള്ള എന്നൊരു പേരും വിജയനുണ്ട്.  അഞ്ചലിലെ സെന്റ് ജോൺസ് കോളേജിൽ നിന്ന് ഗണിതശാസ്ത്രത്തിൽ ബിരുദമെടുത്ത വിജയൻ അറ്റോമിക് എനർജി ഡിപ്പാർട്ട്മെന്റിന്റെ കീഴിലുള്ള സ്റ്റോക്ക് വെരിഫിക്കേഷൻ ടീമിൽ ജോലിയിൽ പ്രവേശിച്ചു. പിന്നീട് ദുബായിലുള്ള സഹോദരന്റെ ബിസിനസ്സിൽ സഹായിയായി പ്രവർത്തിച്ചെങ്കിലും വൈകാതെ സ്വന്തമായി സംരംഭങ്ങൾ തുടങ്ങി.

 യു.എ.ഇ.യുടെ കിഴക്കൻ തീരപ്രദേശമായ കൊർഫുക്കാനിൽ ഈസ്റ്റ് കോസ്റ്റ് റെന്റ് എ കാർ എന്ന സ്ഥാപനത്തിലൂടെ 1984ലാണ് വിജയൻ വ്യാപാരരംഗത്തേക്ക് പ്രവേശിക്കുന്നത്. അദ്ദേഹത്തിന്റെ ഔദ്യോഗിക നാമമായ കെ.വി.എസ്. പിള്ളയെ മറികടന്നുകൊണ്ട് ഈസ്റ്റ് കോസ്റ്റ് വിജയൻ എന്ന പേരിന് ഇതിലൂടെ പ്രചാരം സിദ്ധിക്കുകയായിരുന്നു.  1997 ൽ ഈസ്റ്റ് കോസ്റ്റ് വീഡിയോ എന്റർറ്റൈൻമെന്റ് എന്ന സ്ഥാപനത്തിലൂടെ അദ്ദേഹം കലാരംഗത്തേയ്ക്ക് കടന്നു. 1998 ൽ നിനക്കായ് എന്ന സംഗീത ആൽബം ഈസ്റ്റ്കോസ്റ്റിന്റെ ബാനറിൽ നിർമ്മിച്ചുകൊണ്ടാണ്  വിജയൻ തന്റെ കലാപ്രവർത്തനങ്ങൾക്കു തുടക്കുമിടുന്നത്. ബാല ഭാസ്ക്കറിന്റെ സംഗീതത്തിൽ വിജയൻ തന്നെ വരികൾ എഴുതിയ ആൽബത്തിലെ ഗാനങ്ങൾ വലിയതോതിൽ ജനപ്രീതി നേടി. തുടർന്ന് ആദ്യമായ്, ഓർമ്മയ്ക്കായ്.. എന്നു തുടങ്ങി ആറ് ആൽബങ്ങൾ മലയാളത്തിൽ അദ്ദേഹം നിർമ്മിച്ചു. കൂടാതെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും ഓരോ ആൽബങ്ങൾ ഈസ്റ്റ് കോസ്റ്റ് വിജയൻ നിർമ്മിച്ചിട്ടുണ്ട്.

ഈസ്റ്റ് കോസ്റ്റ് വിജയൻ 2008 ലാണ് സിനിമാ സംവിധാനരംഗത്തേയ്ക്ക് കടക്കുന്നത്. ജയറാമിനെ നായകനാക്കി നോവൽ എന്ന സിനിമയാണ് അദ്ദേഹം ആദ്യമായി സംവിധാനം ചെയ്തത്. 2011- ൽ മൊഹബത്ത്, 2019- ൽ ചില ന്യൂജൻ നാട്ടുവിശേഷങ്ങൾ എന്നീ സിനിമകൾ കൂടി അദ്ദേഹം സംവിധാനം ചെയ്തു. നോവൽ, മൊഹബത്ത് എന്നീ സിനിമകൾക്ക് തിരക്കഥ, സംഭാഷണം എന്നിവ രചിച്ചതും വിജയൻ തന്നെയായിരുന്നു. നോവൽ, മൈബോസ്, ജിലേബി, ചില ന്യൂജൻ നാട്ടുവിശേഷങ്ങൾ  എന്നീ സിനിമകളുടെ നിർമ്മാതാവും ഈസ്റ്റ് കോസ്റ്റ് വിജയനായിരുന്നു. ആൽബങ്ങളിലും സിനിമകളിലുമായി അൻപതിലധികം ഗാനങ്ങൾ ഈസ്റ്റ് കോസ്റ്റ് വിജയൻ രചിച്ചിട്ടുണ്ട്.