മധു ബാലകൃഷ്ണൻ

Madhu Balakrishnan
സംഗീതം നല്കിയ ഗാനങ്ങൾ: 1
ആലപിച്ച ഗാനങ്ങൾ: 234

മധു ബാലകൃഷ്ണൻ 1974 ജൂൺ മാസം 24 ന് ആലുവയ്ക്കടുത്തുള്ള വടക്കൻ പറവൂരിൽ ജനനം. ശ്രീ. ബാലകൃഷ്ണനും ശ്രീമതി ലീലാവതിയുമാണ് അച്ഛനമ്മമാർ. കർണ്ണാടക സംഗീതം ചെറുപ്പം മുതൽ അഭ്യസിക്കാൻ തുടങ്ങിയ അദ്ദേഹത്തിൻ്റെ പ്രഥമ അദ്ധ്യാപകരായിരുന്നു ശ്രീമതി ശ്രീദേവിയും ശ്രീ ചന്ദ്രമൺ നാരായണൻ നമ്പൂതിരിയും. മധു ആദ്യമായി പാടിയത് ഒരു ആൽബത്തിനു വേണ്ടി 1987 ൽ തന്റെ സ്കൂൾ അധ്യാപകനായിരുന്ന  പൗലോസ് മൂത്തേടൻ മാസ്റ്ററിൻ്റെ രചനയിലും സംഗീതത്തിലും രണ്ട് ക്രിസ്ത്യൻ ഡിവോഷണൽ ഗാനങ്ങൾ ആയിരുന്നു മധു ആദ്യമായി പാടിയത്. ചെന്നൈയിലെ അക്കാദമി ഓഫ് ഇൻഡ്യൻ മ്യൂസിക് ആൻഡ് ആർട്ട്സിൽ നിന്ന് സംഗീതത്തിൽ ബിരുദം നേടി. ശ്രീ റ്റി. വി. ഗോപാലകൃഷ്ണൻ, വേദവല്ലി, മണികൃഷ്ണസ്വാമി എന്നിവരുടെ അടുക്കലും സംഗീതം അഭ്യസിച്ചു. 1995 ൽ അക്കാഡമിയിൽ ട്രെയിനിംഗ് സമയത്താണ് തമിഴ് സംഗീത സംവിധായകൻ ഷാ (ബാബു ശങ്കർ) മധുവിനെ പാടാൻ വിളിക്കുന്നത്. ഉളവുതുറൈ എന്ന ചിത്രത്തിലെ “ഉള്ളത്തൈ തിരന്തു“ എന്ന ഗാനം കെ എസ് ചിത്രയോടൊപ്പം പാടാനായിരുന്നു അത്. അതിനു ശേഷം ചില ഭക്തി ഗാനങ്ങളും ആലപിച്ചു. 1998 ൽ ഉദയപുരം സുൽത്താനിലെ 'കനക സഭാതലം' എന്ന  ഗാനത്തിൽ തുടങ്ങി 2020 വരെയുള്ള  സിനിമകളിലൂടെ  വരെ നിരവധി ഹിറ്റു ഗാനങ്ങൾ  മധു ബാലകൃഷ്ണൻ മലയാളത്തിനു സമ്മാനിച്ചു. 

2002 ൽ ഇറങ്ങിയ വാൽക്കണ്ണാടി എന്ന ചിത്രത്തിലെ 'അമ്മേ അമ്മേ കണ്ണീര്‍ത്തെയ്യം തുള്ളും നെഞ്ചില്‍ തീയായ് നോവായ് ആടിത്തളര്' എന്ന എസ് രമേശൻ നായർ എഴുതി എം. ജയച്ചന്ദ്രൻ സംഗീതം നൽകിയ ഗാനത്തിന് കേരള സർക്കാരിൻ്റെ ആ വർഷത്തെ മികച്ച ഗായകനുള്ള പുരസ്കാരം അദ്ദേഹത്തെ തേടിയെത്തി. 2006 ൽ തമിഴ്നാട് സർക്കാരിൻ്റെ മികച്ച പിന്നണി ഗായകനുള്ള പുരസ്കാരവും 2007 ൽ തമിഴ്നാട് സർക്കാരിൻ്റെ കലൈമാമണി അവാർഡും അദ്ദേഹം നേടി. നിരവധി തവണ ഫിലിം ഫെയർ അവാർഡ്, ഏഷ്യാനെറ്റ് അവാർഡ്, ഫിലിം ക്രിട്ടിക്സ് അവാർഡ് എന്നിവ ലഭിക്കുകയുണ്ടായി.

“ഗണപതിക്കൊരു നാളികേരം അയ്യപ്പാ“ തുടങ്ങി അനവധി ഹിറ്റുകൾ ഹിന്ദു ഡിവോഷണൽ ആൽബങ്ങളിലായി അദ്ദേഹത്തിൻ്റേതായിട്ടുണ്ട്. ഇൻഡ്യയ്ക്കകത്തും പുരത്തും അനവധി ഗാനമേളകൾ നടത്തിയിട്ടുണ്ട്. മലയാളം, തമിഴ്, കന്നഡ, തെലുഗ് എന്നീ ഭാഷകളിലെ നിരവധി ചിത്രങ്ങളിൽ ഇദ്ദേഹം പാടിയിട്ടുണ്ട്. ഭാര്യ വിദിത, മക്കൾ മാധവ്, മഹാദേവ്.