വിജയ് യേശുദാസ്
ഗായകൻ.
1979 മാർച്ച് 23നു കെ ജെ യേശുദാസിന്റെയും പ്രഭാ യേശുദാസിന്റെയും മകനായി ജനിച്ച വിജയ് യേശുദാസ് പിതാവിന്റെ വഴിയിലൂടെ തന്നെ പ്രശസ്തിയിലേക്കുയർന്നു. 1987ൽ ‘ഇടനാഴിയിൽ ഒരു കാലൊച്ച‘ എന്ന സിനിമയ്ക്കു വേണ്ടി ദക്ഷിണാമൂർത്തി സ്വാമികളുടെ സംഗീതത്തിൽ രണ്ടു വരികൾ റെക്കോർഡ് ചെയ്തു. ‘കരാഗ്രെ വസതേ ലക്ഷ്മീ‘ പാടിയപ്പോൾ വിജയ് യേശുദാസിനു എട്ടു വയസ്സ്. നീണ്ട 13 വർഷത്തിനു ശേഷമാണു ആ ശബ്ദം മലയാളികൾ വീണ്ടും കേട്ടത്. 1999ൽ ‘മില്ലേനിയം സ്റ്റാർസ്‘ എന്ന ചിത്രത്തിനു വേണ്ടി വിദ്യാസാഗറിന്റെ സംഗീത സംവിധാനത്തിൽ യേശുദാസിനും ഹരിഹരനും ഒപ്പം ആയിരുന്നു ആ തിരിച്ചു വരവ്. 2000 ൽ ആണു ചിത്രം റിലീസ് ആയത്. ‘ശ്രാവൺ ഗംഗേ...സംഗീത ഗംഗേ‘, ‘ഓ മുംബൈ പ്യാരീ മുംബൈ‘ എന്നീ രണ്ടു പാട്ടുകൾ. ഒരു യുവഗായകനു ഇതിലും നല്ല ഒരു അരങ്ങേറ്റം കിട്ടാനില്ല. യേശുദാസിനു 60 വയസ്സ് തികഞ്ഞ ആ വർഷത്തിൽ, മകൻ ചെമ്പൈ സംഗീതോത്സവത്തിൽ പാടണം എന്ന് അദ്ദേഹം നിർദ്ദേശിച്ചു. യേശുദാസിന്റെ നിർദ്ദേശപ്രകാരം ചേർത്തല ഗോവിന്ദൻ കുട്ടി മാഷിന്റെ കീഴിൽ സംഗീത പഠനം തുടങ്ങി. വിജയ് പിന്നീട് തമിഴ് സിനിമകൾക്ക് വേണ്ടി പാടി.
പിന്നീട് മലയാളത്തിൽ ‘ഒരു ചിരി കണ്ടാൽ കണി കണ്ടാൽ അതു മതി,‘ ‘എന്തു പറഞ്ഞാലും നീ എന്റേതല്ലേ വാവേ‘ എന്നീ ഗാനങ്ങൾ പാടി ഹിറ്റ് ആക്കി. പിന്നീടാണു കേരളക്കരയാകെ കോലക്കുഴൽ വിളി കേൾപ്പിച്ചു കൊണ്ട് കണ്ണനും രാധയുമായി വിജയും ശ്വേതാമോഹനും എത്തിയത്. എം ജയചന്ദ്രൻ ഈണമിട്ട ഈ ഗാനം വിജയ് യേശുദാസിന്റെ കരിയർ മാറ്റി മറിച്ചു. വിജയ് - ശ്വേത ഹിറ്റ് ജോഡി ആയി. ആ വർഷത്തെ സംസ്ഥാന അവാർഡും ഈ പാട്ടിനു ലഭിച്ചതോടെ വിജയ്ക്ക് തിരക്കായിത്തുടങ്ങി.
ഭാര്യ : ദർശന
മകൾ : അമേയ
ഇതു വരെ പാടിയ ഭാഷകൾ : മലയാളം, ഹിന്ദി, തമിഴ്, കന്നഡ, തുളു, ബംഗാളി, തെലുങ്ക്
പ്രമുഖ അവാർഡുകൾ : 2007ൽ കേരള സർക്കാരിന്റെ അവാർഡ്, സത്യൻ സ്മാരക അവാർഡ്, ആന്ധ്രപ്രദേശ് സർക്കാരിന്റെ അവാർഡ്.
Website: http://www.vijayyesudas.com/