സിബി മലയിൽ

Sibi Malayil

മലയാളചലച്ചിത്ര സംവിധായകന്‍ . നാല്‍പ്പതിലധികം സിനിമകൾ സംവിധാനം ചെയ്തിട്ടുണ്ട്. 1956 മെയ് 2 ന് കേരളത്തിലെ ആലപ്പുഴ ജില്ലയിലാണ് സിബി മലയിൽ ജനിച്ചത്. 1980 കളുടെ തുടക്കത്തിലാണ് സിനിമാമേഖലയിൽ പ്രവേശിക്കുന്നത്. ഫാസിൽ, പ്രിയദർശൻ, ജിജൊ തുടങ്ങിയ പ്രഗത്ഭ സംവിധായകരുടെ കീഴിൽ പ്രവർത്തിച്ചതിനുശേഷമാണ് സ്വതന്ത്ര സംവിധായകനാകുന്നത്. 1985 ൽ റിലീസ് ആയ മുത്താരംകുന്ന് പി ഒ  ആയിരുന്നു അദ്ദേഹം സ്വതന്ത്ര സംവിധായകനായ ആദ്യചിത്രം.

സിബി മലയിൽ ദൃശ്യഭാഷ്യം ഒരുക്കിയ തിരക്കഥകൾ കൂടുതലും ലോഹിതദാസിന്റേതായിരുന്നു. ലോഹിതദാസ് ‌- സിബിമലയിൽ കൂട്ടുകെട്ട് മലയാളസിനിമയ്ക്കു സമ്മാനിച്ചത് ക്ലാസിക്ക് എന്നുതന്നെ വിശേഷിപ്പിക്കാവുന്ന ഒരുപിടി മികച്ച ചലച്ചിത്ര കാവ്യങ്ങളാണ്. ലോഹിതദാസിന്റെ തിരക്കഥയിൽ തനിയാവർത്തനം, കിരീടം, ഹിസ് ഹൈനസ് അബ്ദുള്ള, കമലദളം, ഭരതം.. തുടങ്ങി പതിന്നാലു ചിത്രങ്ങൾ സിബി മലയിൽ സംവിധാനം ചെയ്തു. എം ടി വാസുദേവൻ നായരുടെ തിരക്കഥയിൽ അദ്ദേഹം സംവിധാനം ചെയ്ത 'സദയം'  മലയാളത്തിലെ ഒരു മികച്ച സൈക്കൊ മൂവിയാണ്. എന്റെവീട് അപ്പുവിന്റെയും  എന്ന സിനിമയ്ക്ക് മികച്ച സംവിധായകനുള്ള കേരള സ്റ്റേറ്റ് അവാർഡ് സിബി മലയിൽ നേടിയിട്ടുണ്ട്. നാൽപ്പത്തഞ്ചോളം ചിത്രങ്ങൾ അദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്. സിബി മലയിൽ 2010 -ൽ സംവിധാനംചെയ്ത ചിത്രമായ ‘അപൂര്‍വ്വരാഗം’  ഏറെ പ്രശംസ പിടിച്ചു പറ്റിയിരുന്നു.