മഞ്ജു മേനോൻ

Manju Menon
Date of Birth: 
ചൊവ്വ, 30 September, 1975
ആലപിച്ച ഗാനങ്ങൾ: 12

ശങ്കരൻകുട്ടി മേനോന്റേയും ഇന്ദിര മേനോന്റേയും മകളായി പാലക്കാട് ജില്ലയിലെ പട്ടാമ്പിയിൽ ജനിച്ചു. അച്ഛൻ തൃശ്ശൂർ ഇറിഗേഷൻ ഡിപ്പാർട്ട്മെന്റിൽ ജോലി ചെയ്തിരുന്നതിനാൽ മഞ്ജു അമ്മയോടും സഹോദരിയോടുമൊപ്പം മുത്തച്ഛന്റെ കൂടെ എറണാകുളത്തായിരുന്നു പഠിച്ചതും വളർന്നതും. ശ്രീ കൊച്ചിൻ ഗുജറാത്തി വിദ്യാലയ, സെന്റ് മേരീസ് കോൺമെന്റ് എറണാകുളം എന്നീ സ്കൂളുകളിലായിരുന്നു മഞ്ജുവിന്റെ പ്രാഥമിക വിദ്യാഭ്യാസം. അതിനുശേഷം ചിറ്റൂർ ഗവണ്മെന്റ് കോളേജിൽ നിന്നും സംഗീതത്തിൽ ബിരുദവും ബിരുദാനന്തര ബിരുദവും നേടി. തുടർന്ന് കാലടി ശ്രീ ശങ്കര യൂണിവേഴ്സിറ്റിയിൽ നിന്നും സംഗീതത്തിൽ ഡോക്റ്ററേറ്റ് എടുത്തു. ശ്രീ രാമൻ കുട്ടി മേനോൻ. പാലക്കാട്‌ ശ്രീ M. B.മണി, പാലക്കാട്‌ ശ്രീ K S നാരായണ സ്വാമി, പുതുപ്പരിയാരം ശ്രീ ഉണ്ണികൃഷ്ണൻ എന്നിവരായിരുന്നു സംഗീത പഠനത്തിൽ മഞ്ജുവിന്റെ ഗുരുക്കന്മാർ.

ഏഴ്, എട്ട് വയസ്സുമുതൽ തന്നെ ചെറിയ ചെറിയ ഓർക്കസ്റ്റ്രകളിലൊക്കെ പാടിത്തുടങ്ങിയ മഞ്ജു പത്തു വയസ്സൊക്കെയായപ്പോഴേക്കും വലിയ പ്രോഗ്രാമുകളിലൊക്കെ പാടാൻ തുടങ്ങി. കോളേജ് വിദ്യാർത്ഥിനിയായിരുന്ന സമയത്ത് ഗായകൻ പി.ജയചന്ദ്രന്റെ ഗാനമേളകളിൽ പാടാനുള്ള അവസരം മഞ്ജുവിന് ലഭിച്ചു. ജയചന്ദ്രനോടൊപ്പം കലാപ്രേമിയായ മുല്ലശ്ശേരി രാജഗോപാലിനെ സന്ദർശിച്ചതാണ് ജീവിതത്തിൽ വഴിത്തിരിവായത്. മഞ്ജുവിന്റെ പാട്ട് ഇഷ്ടപ്പെട്ട രാജഗോപാൽ തന്റെ സുഹൃത്തായ സംവിധായകൻ ജയരാജിനോട് അദ്ദേഹത്തിന്റെ സിനിമയിൽ മഞ്ജുവിനെക്കൊണ്ട് പാടിക്കാൻ ആവശ്യപ്പെട്ടു. അതുപ്രകാരം ജയരാജ് സംവിധാനം ചെയ്ത സോപാനം എന്ന ചിത്രത്തിൽ യേശുദാസിനോടൊപ്പം ഒരു ഗാനം ആലപിച്ചുകൊണ്ട് മഞ്ജു മേനോൻ മലയാള സിനിമാസംഗീതത്തിൽ തുടക്കം കുറിച്ചു. അതിനുശേഷം ദേശാടനംആറാം തമ്പുരാൻ എന്നിവയുൾപ്പെടെ കുറച്ചു സിനിമകളിൽ മഞ്ജു മേനോൻ ഗാനങ്ങൾ ആലപിച്ചു.

സിനിമകൾ കൂടാതെ ആൽബം സോംഗുകൾ, നാടക ഗാനങ്ങൾ എന്നിവയും പാടിയിട്ടുണ്ട്. 2006 -ൽ നാടകങ്ങളിലെ മികച്ച ഗായികക്കുള്ള സംസ്ഥാന പുരസ്ക്കാരത്തിന് മഞ്ജു മേനോൻ അർഹയായി. 2021 -ൽ ലളിത ഗാന മേഖലയിലെ സംഭാവനക്കുള്ള കേരള സംഗീത നാടക അക്കാദമി പുരസ്ക്കാരവും ലഭിച്ചു.

മഞ്ജു മേനോന്റെ ഭർത്താവ് മുരളി മേനോൻ ഗായകനാണ്. മകൾ ഭദ്ര എം എസ് സി സൈക്കോളജി വിദ്യാർത്ഥിനി.

മഞ്ജു മേനോൻ - Gmail ,  Facebook ,  Instagram