ശ്രീ ത്യാഗരാജ
1764 മെയ് 4 -ന് തിരുവാരൂരില്‍ 'മുരിഗുനാഡു' വിഭാഗത്തില്‍പ്പെട്ട രാമബ്രഹ്മത്തിന്റെയും സീതമ്മയുടേയും മൂന്നാമത്തെ പുത്രനായി ത്യാഗരാജ സ്വാമികൾ ജനിച്ചു.. അദ്ദേഹത്തിന്റെ ജ്യേഷ്ട സഹോദരങ്ങളായിരുന്നു ജല്‍പ്പേശനും രാമനാഥനും. അവരുടെ അമ്മ സീതമ്മ നല്ല സംഗീതജ്ഞ്യയായിരുന്നു. അച്ഛൻ രാമബ്രഹ്മം തഞ്ചാവൂര്‍ രാജകൊട്ടാരത്തിൽ രാമായണ ശ്ലോകങ്ങള്‍ ചൊല്ലി കിട്ടിയിരുന്ന ചെറിയ വരുമാനത്തിലായിരുന്നു കുടുംബം പുലർത്തിയിരുന്നത്.
ചെറുപ്രായത്തില്‍ തന്നെ ത്യാഗരാജ സ്വാമികൾ സംസ്കൃതം, തെലുങ്ക് എന്നീ ഭാഷകൾ അച്ചനില്‍ നിന്നും സംഗീതം അമ്മയില്‍ നിന്നും അഭ്യസിച്ചു. തഞ്ചാവൂര്‍ രാജാവിന്റെ കാരുണ്യം കൊണ്ട് ഒരു ചെറിയ വീടും കൃഷിഭൂമിയും തിരുവയ്യാറിൽ ദാനമായി കിട്ടിയതിനാൽ രാമബ്രഹ്മവും കുടുംബവും സ്വാമികൾക്ക് എട്ട് വയസുള്ളപ്പോള്‍ തിരുവയ്യാറിലേക്ക് താമസം മാറ്റി. തഞ്ചാവൂര്‍ രാജകൊട്ടാരം തിരുവയ്യാറില്‍ നിന്നും അധികം ദൂരത്തല്ലാത്തതിന്നാൽ രാമബ്രഹ്മം മകനേയും ഇടക്കിടക്ക് കൊട്ടാരത്തിൽ കൊണ്ടു പോകുമായിരുന്നു. ത്യാഗരാജ സ്വാമികൾക്ക് അക്ഷരസ്പുടതയോടു കൂടി രാമായണം വായിക്കാമെന്നായപ്പോള്‍ രാമബ്രഹ്മം മകനെ ആ ചുമതല ഏല്‍പിച്ചു. അങ്ങിനെ ഒരു ദിവസം നിറഞ്ഞ പണ്ഡിത സദസ്സില്‍ ആദ്യമായി സ്വാമികൾ രാമായണ ശ്ലോകങ്ങള്‍ ചൊല്ലുകയും രാമബ്രഹ്മം അവ വ്യാഖ്യാനിക്കുകയും ചെയ്തു. അവിടെ കൂടിയ പണ്ഡിതരെല്ലാം ഒന്നടങ്കം സ്വാമികളുടെ ഉച്ചാരണ നിപുണതയെ പുകഴ്ത്തി. പിന്നെ സ്വാമികൾ ശ്ലോകങ്ങള്‍ വായിക്കുക, രാമബ്രഹ്മം അര്‍ത്ഥം പറയുക എന്നത് കൊട്ടാരസദസ്സിലെ നിത്യസംഭവമായി.
കൊട്ടാരത്തിലെ ആസ്ഥാന വിദ്വാനും തന്റെ അയല്‍വാസിയുമായിരുന്ന സൊണ്ടി വെങ്കിടരമണയെന്ന സംഗീതജ്ഞന്റെ കീഴില്‍ രാമബ്രഹ്മം സ്വാമികളെ സംഗീതം പഠിപ്പിക്കാനായി ചേർത്തു. വളരെ കുറച്ചു കാലം കൊണ്ടുതന്നെ സ്വാമികൾ ഗുരുവിനറിയാവുന്നതെല്ലാം സ്വായത്തമാക്കി. സംഗീത ശാസ്ത്രത്തിൽ അന്നുവരെ ഉണ്ടായിരുന്ന സകല ഗ്രന്ഥങ്ങളും സ്വാമികൾ വായിച്ചു പഠിച്ചു. ത്യാഗരാജ സ്വാമികൾ പതിമൂന്നാമത്തെ വയസ്സിൽ പിള്ളാരിഗീതങ്ങള്‍ രചിച്ചിരുന്നു. 'നമോ നമോ രാഘവായ' എന്ന ഗാനം അദ്ദേഹത്തിന്റെ ആദ്യകാല കീര്‍ത്തനങ്ങളില്‍പ്പെട്ടതാണ്. സ്വാമികൾക്ക് പതിനെട്ട് വയസായപ്പോള്‍ പിതാവും താമസിയാതെ മാതാവും അന്തരിച്ചു. വിവാഹിതനായിരുന്ന സ്വാമികൾ സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണം രാമഭജനവും/ഭിക്ഷാടനം ഉപജീവനമാര്‍ഗ്ഗമായി സ്വീകരിച്ചിരുന്നു.
ഇങ്ങിനെ ജീവിതം മുന്നോട്ട് പോകുമ്പോൾ രാമകൃഷ്ണ യതീന്ദ്രനെന്ന യോഗീവര്യനുമായി സ്വാമികൾ സന്ധിക്കുകയും സ്വാമികളുടെ നിസ്സീമമായ രാമഭക്തിയില്‍ ആകൃഷ്ടനായ അദ്ദേഹം സ്വാമികൾക്ക് ശ്രീരാമമന്ത്രം ഉപദേശിക്കുകയും ആ മന്ത്രം തൊണ്ണൂറ്റിയാറ് കോടി പ്രാവശ്യം ജപിച്ച് സിദ്ധിവരുത്തുവാനും നിര്‍ദ്ദേശിച്ചു. അങ്ങിനെ തിരുവയാറിലെ ദക്ഷിണ കൈലാസക്ഷേത്ര തിരുനടയിൽ സ്വാമികൾ രാമമന്ത്രം ചൊല്ലുവാന്‍ തുടങ്ങി. ദിവസം തോറും ലക്ഷക്കണക്കിന് രാമമന്ത്രം ഉരുവിട്ട് ഏതാണ്ട് ഇരുപത്തൊന്നു വര്‍ഷംകൊണ്ട് സ്വാമികൾ തൊണ്ണൂറ്റിയാറ് കോടി പ്രാവശ്യം ജപിച്ച് സിദ്ധി നേടി എന്ന് പറയപ്പെടുന്നു.
ഇതേ തുടർന്ന് ശ്രീരാമന്‍, സീത, ലക്ഷ്മണൻ, ഭരതൻ, ഹനുമാൻ എന്നിവർ ത്യാഗരാജ സ്വാമികൾക്ക്ദ ര്‍ശനമരുളി എന്നാണ് ഐതിഹ്യം. ആ അനര്‍ഘ നിമിഷത്തെ മതിമറന്ന് അദ്ദേഹം 'ഏല നീ ദയര ദൂ' എന്ന ആഠണാ കീര്‍ത്തനം പാടി. ആ കീര്‍ത്തനമാണ് കര്‍ണ്ണാടക സംഗീതത്തിൽ സ്വാമികളുടെ ആദ്യത്തെ സംഭാവനയെന്നും വിശ്വസിക്കുന്നു.
തുടർന്ന് ത്യാഗരാജ സ്വാമികൾ ഭക്തിരസം തുളുമ്പുന്ന ഭാവാത്മകമായ ഒട്ടേറെ കീര്‍ത്തനങ്ങള്‍ രചിച്ചു പാടി. അദ്ദേഹത്തിന്റെ സംഗീതത്തില്‍ ആകൃഷ്ടരായി ആളുകൾ പലരും ദൂര സ്ഥലങ്ങളില്‍ നിന്നുപോലും വന്നിരുന്നു. അങ്ങിനെ വന്നിരുന്നവരില്‍ പലരും അദ്ദേഹത്തിന്റെ ശിഷ്യത്വം സ്വീകരിച്ച് സംഗീതമഭ്യസിച്ചു. കുറച്ചുകാലംകൊണ്ട് തന്നെ ആയിരക്കണക്കിന് ശിഷ്യന്മാർ അദ്ദേഹത്തിനുണ്ടായി. സംഗീതശാസ്ത്ര ഗ്രന്ഥങ്ങളിൽ പലതും സ്വാമികൾ പഠിച്ച് ഉല്‍പത്തി വരുത്തിയിരുന്നെങ്കിലും 'സ്വരാര്‍ണവം'/ 'സംഗ്രഹചുഢാമണി' തുടങ്ങിയ കൃതികൾ അദ്ദേഹത്തിന്റെ വ്യക്തിത്വത്തിന് മകുടോലങ്കാരമായി വര്‍ത്തിച്ചിരുന്നതെന്ന് കരുതപ്പെടുന്നു. സംഗീത രഹസ്യങ്ങളുടെ ഉള്ളറ കണ്ടറിയാന്‍ ആഗ്രഹിച്ചിരുന്ന ത്യാഗരാജന്‍ സംഗീത മുനിയായ നാരദനെ ഉപാസിച്ചു കൊണ്ടിരുന്നു. ഒരുദിവസം കാലത്ത് അദ്ദേഹത്തെ കാണുന്നതിനായി ഒരു സന്യാസിയുടെ വേഷത്തിൽ നാരദ മഹർഷി എത്തി സംഗീത രഹസ്യങ്ങളേക്കുറിച്ചുള്ള സ്വാമികളുടെ സംശയമെല്ലാം മാറ്റാനായി 'സ്വരാര്‍ണവം' എന്ന ഗ്രന്ഥം നൽകി എന്നാണ് വിശ്വസിക്കപ്പെടുന്നത്. ഈ സന്തോഷത്തില്‍ മതിമറന്ന് നാരദമുനിയെ സ്തുതിച്ചുകൊണ്ട് ശ്രീനാരദ.....(കാനഡ)/നാരദഗുരുസ്വാമി...(ദര്‍ബാര്‍)/ വരനാരദ....(വിജയശ്രീ) തുടങ്ങിയ കൃതികള്‍ അദ്ദേഹം രചിച്ചു.
അങ്ങിനെ സമുദ്ധരിച്ച രാഗങ്ങളില്‍ ഖരഹരപ്രിയ, ചാരുകേശി, കോകിലപ്രിയ, ചക്രവാകം തുടങ്ങിയവ പ്രചാരം നേടി. ഖരഹരപ്രിയയില്‍ അദ്ദേഹം ആറിലേറെ ഗാനങ്ങള്‍ രചിച്ചിട്ടുള്ളതില്‍ പക്കാലനിലബഡി/ രാമ നീ സമാന/ കോടിസേവിമ്പരാര എന്നിവ വളരെ പ്രസിദ്ധമാണ്. ഒരേരാഗത്തില്‍ പലകൃതികള്‍ രചിക്കുമ്പോള്‍ ഒരോന്നിലും വത്യസ്ഥമായരാഗഭാവം ഉള്‍ക്കൊള്ളിക്കാന്‍ സ്വാമികളുടെ സാമര്‍ത്ഥ്യം നിസ്സീമമാണ്. തോടിയുടേയും ദേവഗാന്ധാരിയുടേയും വിഭിന്നങ്ങളായ രാഗസഞ്ചാരങ്ങളും ഭാവങ്ങളും ആ രാഗങ്ങളിലുള്ള അദ്ദേഹത്തിന്റെ കൃതികളില്‍ പ്രതിഫലിച്ചു കാണാം. മുപ്പതില്‍പരം ഗാനങ്ങള്‍ 'തോടി'യില്‍ സ്വാമികളുടെതായി നമുക്കു ലഭിച്ചിട്ടുണ്ട്. ഇരുപതിലേറെ രാഗങ്ങള്‍ അദ്ദേഹം സ്വന്തമായി ആവിഷ്ക്കരിച്ചിട്ടുണ്ട്. ബിന്ദുമാലിനി/ ജയന്തശ്രീ/ കോകിലധ്വനി/ ആഭേരി/ പ്രവാളജ്യോതി/ നളിനകാന്തി എന്നിവ ഉദാഹരണങ്ങളായി ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ട്.
അദ്ദേഹത്തിന്റെ അര്‍പ്പണബോധമുള്ള ശിഷ്യസമൂഹം സ്വാമികളുടെ കൃതികള്‍ പ്രചാരം വരുത്തുവാന്‍ മുഖ്യ പങ്കുവഹിച്ചു. വീണകുപ്പയ്യര്‍/ മാനമ്പുചാവടി വെങ്കിടസുബ്ബയ്യര്‍/ വാലാജാപ്പേട്ടാ വെങ്കിടരമണ ഭാഗവതര്‍/ മകന്‍ കൃഷ്ണ ഭാഗവതര്‍/ ഉമയാല്‍പുരം കൃഷ്ണ ഭാഗവതര്‍/ തഞ്ചാവൂര്‍ രാമറാവു തുടങ്ങിയവര്‍ അദ്ദേഹത്തിന്റെ കൂടെ ജീവിതം നയിച്ച ശിഷ്യന്മാരാണ്. ഗായകന്‍ എന്ന നിലയിലും ഗാനരചയിതാവ് എന്ന നിലയിലും എറ്റവും സമുന്നതനായ ത്യാഗരാജ ശിഷ്യന്‍ വീണകുപ്പയ്യയായിരുന്നു. ത്യാഗരാജ കൃതികള്‍ പകര്‍ത്തിവച്ച് സംഗീതലോകത്തിന് സംഭാവന ചെയ്ത ശിഷ്യരില്‍ മുഖ്യന്‍ വലാജാപ്പേട്ട വെങ്കിടരമണ ഭാഗവതരാണ്. അദ്ദേഹവും മകനായ കൃഷ്ണ ഭാഗവതരും രചിച്ച ഗുരുചരിതം പില്‍ക്കാല ഗവേഷകര്‍ക്ക് താങ്ങും തണലുമായി. വാര്‍ദ്ധക്യത്തിന്റെ പ്രാരംഭത്തില്‍ ത്യാഗരാജന്‍ തീര്‍ത്ഥാടനത്തിന് പുറപ്പെട്ടു. കാഞ്ചിയിലുണ്ടായിരുന്ന ഉപനിഷദ് ബ്രഹ്മയോഗിയേയും, തിരുപ്പതി മുതലായ പുണ്യക്ഷേത്രങ്ങളും ലക്ഷ്യമാക്കിയായിരുന്നു യാത്ര. തിരുവൊട്ടിയൂര്‍/ കോവൂര്‍ മുതലായ സ്ഥലങ്ങള്‍ സന്ദര്‍ശിച്ച് അവിടത്തെ ദേവന്മാരെ സ്തുതിച്ച് അഞ്ച് കൃതികള്‍ വീതം രചിച്ചു. ആ കൃതികൾ തിരുവൊട്ടിയൂര്‍ പഞ്ചരത്നം/ കോവൂര്‍ പഞ്ചരത്നം എന്നീ നാമങ്ങളാല്‍ അറിയപ്പെടുന്നു. അദ്ദേഹത്തിന്റെ പ്രസിദ്ധമായ ഘനരാഗ പഞ്ചരത്നത്തിന് പുറമേയാണിവ. ഈ യാത്രാവേളയില്‍ പല അത്ഭുതകര്‍മ്മങ്ങളും അദ്ദേഹം ചെയ്തതായി ഐതീഹ്യത്തിൽ പറയുന്നുണ്ട്.
തിരുപ്പതിവെങ്കിടേശനെ വണങ്ങാനെത്തിയ സ്വാമികൾക്ക് ഭഗവാനെ മറച്ചിരുന്ന തിരശ്ശീലയാണ് കാണാന്‍കഴിഞ്ഞത്. ഭഗവാന്റെ ദര്‍ശനത്തിനെത്തിയ തനിക്ക് അതിനവസരമുണ്ടാക്കിത്തരാൻ ക്ഷേത്രഭാരവാഹികളോട് സ്വാമികള്‍ അപേക്ഷിച്ചെങ്കിലും ഫലമുണ്ടായില്ല. നിരാശനായ അദ്ദേഹം അവിടെ വെച്ച് 'തെരതീയഗ രാദാ' എന്ന കീര്‍ത്തനം രചിച്ചു പാടി. പാട്ടിന്റെ അവസാനം ബിംബത്തെ മറച്ചിരുന്ന പട്ട് താഴെവീണു എന്നാണ് പറയപ്പെടുന്നത്. അങ്ങിനെ ഭഗവാനെ ദര്‍ശിച്ച സന്തോഷത്താല്‍ വെങ്കിടേശനെ സ്തുതിച്ചുകോണ്ട് 'വെങ്കിടേശ നിന്നു സേവിപ്പു' എന്ന കീര്‍ത്തനം പാടുകയുണ്ടായി. വര്‍ഷങ്ങളോളം നീണ്ടുനിന്ന തന്റെ തീര്‍ത്ഥയാത്ര അവസാനിക്കുമ്പോള്‍ അവശനായ സ്വാമികൾ തിരുവയ്യാറില്‍ തിരിച്ചെത്തിയ ശേഷം 'നാദബ്രഹ്മാനന്ദ' എന്ന പേരിൽ സന്യാസം സ്വീകരിക്കുകയും പുഷ്യബഹുള പഞ്ചമിദിനത്തില്‍ ശിഷ്യന്മാരെയെല്ലാം ക്ഷണിച്ചുവരുത്തി അവരോട് കീര്‍ത്തനങ്ങള്‍ തുടരെ ആലപിക്കാനാവശ്യപ്പെട്ടു. കീര്‍ത്തനാലാപനം കേട്ട് കൊണ്ടിരുന്ന സ്വാമികൾ 1847 ജനുവരി 6 -ന് സമാധി പ്രാപിച്ചു.
ശ്രീ ത്യാഗരാജ സ്വാമികളുടെ നിരവധി കൃതികൾ ദക്ഷിണേന്ത്യൻ സിനിമകളിൽ ഗാനങ്ങളായി ഉപയോഗിച്ചിട്ടുണ്ട്. മലയാളസിനിമയിൽ 1962 -ൽ ഭാഗ്യജാതകം എന്ന ചിത്രത്തിൽ എം എസ് ബാബുരാജിന്റെ സംഗീതത്തിൽ യേശുദാസ്, പീറ്റർ എന്നീ ഗായകരുടെ ആലാപനത്തിൽ "വാസവാദി സുരപൂജി... എന്ന കീർത്തനമാണ് ത്യാഗരാജ സ്വാമികളുടേതായി ആദ്യമായി മലയാള സിനിമയിൽ വന്ന രചന. തുടർന്ന് നിരവധി മലയാള സിനിമകളിൽ ത്യാഗരാജ സ്വാമികളുടെ രചനകൾ അദ്ദേഹത്തിന്റെ സംഗീതത്തിലും മറ്റു സംഗീത സംവിധായകരുടേ സംഗീതത്തിലുമായി ഉൾപ്പെടുത്തിയിരുന്നു.


