നെയ്യാറ്റിൻ‌കര വാസുദേവൻ

Neyyatinkara Vasudevan
Date of Birth: 
തിങ്കൾ, 25 December, 1939
Date of Death: 
ചൊവ്വ, 13 May, 2008
ആലപിച്ച ഗാനങ്ങൾ: 7

തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിൻ‌കരയിൽ നാരായണന്റെയും ജാനകിയുടെയും മകനായി ജനിച്ചു. ശെമ്മാങ്കുടി ശ്രീനിവാസ അയ്യരുടെ ശിക്ഷണത്തിൽ, തിരുവനന്തപുരം സ്വാതി തിരുനാൾ സംഗീത കോളേജിൽ നിന്നും പിന്നീട് രാമനാട് കൃഷ്ണനിൽ നിന്നും വാസുദേവൻ സംഗീതം അഭ്യസിച്ചു. കെ.ജെ. യേശുദാസ്, എം.ജി. രാധാകൃഷ്ണൻ, തിരുവിഴ ജയശങ്കർ, രവീന്ദ്രൻ തുടങ്ങിയവർ അദ്ദേഹത്തിന്റെ സഹപാഠികളായിരുന്നു.

നെയ്യാറ്റിൻകര വാസുദേവന്റെ ആലാപന ശൈലിയിലെ പ്രത്യേകതയും മധുരമായ ശബ്ദവും അദ്ദേഹത്തെ കേൾവിക്കാരുടെ പ്രിയങ്കരനാക്കി. തൃപ്പൂണിത്തുറ ആർ‌.എൽ.വി സം‌ഗീത കോളജിൽ അസിസ്റ്റന്റ് പ്രൊഫസറായും‌, ആകാശവാണിയിൽ "എ" ഗ്രേഡ് ആർട്ടിസ്റ്റായും‌ സേവനമനുഷ്ഠിച്ചിട്ടുള്ള വാസുദേവന് അനേകം ശിഷ്യന്മാരുണ്ട്. ശ്രീവത്സൻ മേനോൻ, മുഖത്തല ശിവജി തുടങ്ങിയവർ അദ്ദേഹത്തിന്റെ ശിഷ്യരിൽ പ്രമുഖരാണ്. ലെനിൻ രാജേന്ദ്രൻ സംവിധാനം ചെയ്ത സ്വാതി തിരുനാൾ എന്ന ചിത്രത്തിൽ എം ബി ശ്രീനിവാസന്റെ സംഗീതത്തിൽ സ്വാതിതിരുനാൾ കൃതി ആലപിച്ചുകൊണ്ടാണ് നെയ്യാറ്റിൻകര വാസുദേവൻ ചലച്ചിത്ര ഗാനാലാപന രംഗത്തേക്ക് പ്രവേശിയ്ക്കുന്നത്. അതിനുശേഷം ചിത്രംവചനം, മഴ എന്നീ സിനിമകളിലും അദ്ദേഹം ഗാനങ്ങൾ ആലപിച്ചു. 

സ്വാതിതിരുനാൾ കൃതികൾക്ക് ഏറെ പ്രചാരം നൽകിയ നെയ്യാറ്റിൻ‌കര വാസുദേവനെ 2006 -ൽ കേരള സർക്കാർ സ്വാതി പുരസ്‌കാരം നൽകി ആദരിച്ചു. 2004 -ൽ രാഷ്ട്രം അദ്ദേഹത്തിന് പത്മശ്രീ നൽകി. 2008 മെയിൽ തിരുവനന്തപുരത്തെ സ്വവസതിയിൽ വച്ച് അദ്ദേഹം അന്തരിച്ചു.

പരേതയായ അമ്മുക്കുട്ടിയാണ് നെയ്യാറ്റിൻകര വാസുദേവന്റെ ഭാര്യ. ജയരാജ്, ബാബുരാജ് എന്നിവരാണ് മക്കൾ.