പി ഉണ്ണികൃഷ്ണൻ

P Unnikrishnan
Date of Birth: 
Saturday, 9 July, 1966
ആലപിച്ച ഗാനങ്ങൾ: 21

കെ രാധാകൃഷ്ണന്റേയും ഡോക്റ്റർ ഹരിണിയുടേയും മകനായി പാലക്കാട് ജില്ലയിലെ താരേക്കാട് ജനിച്ചു. ഉണ്ണികൃഷ്ണന്റ മുത്തച്ഛൻ ഡോക്റ്റർ കെ എൻ കേസരി ചെന്നൈയിലെ ആയുർവേദ ഡോക്റ്ററും തെലുഗു ഭാഷയിലെ വനിതാ മാസികയായ ഗൃഹലക്ഷ്മിയുടെ പ്രമോട്ടറുമായിരുന്നു. അതിനാൽ ഉണ്ണികൃഷ്ണൻ പഠിച്ചതും വളർന്നതുമെല്ലാം ചെന്നൈയിലായിരുന്നു. പന്ത്രണ്ടാം വയസ്സിൽ സംഗീതം അഭ്യസിക്കാൻ തുടങ്ങിയ ഉണ്ണികൃഷ്ണന്റെ ഗുരുക്കന്മാർ വി എൽ ശേഷാദ്രി, സംഗീത കലാനിധി ഡോ. ആർ രാമനാഥൻ, സാവിത്രി സത്യമൂർത്തി എന്നിവരായിരുന്നു.

Personnel Management and Industrial Relations -ൽ പിജി കഴിഞ്ഞ ഉണ്ണികൃഷ്ണൻ കുറച്ചുവർഷങ്ങൾ Parry's Confectionery Ltd എന്ന കമ്പനിയിൽ കുറച്ചുവർഷങ്ങൾ ജോലി ചെയ്തു. സംഗീതരംഗത്ത് സജീവമായതോടെയാണ് അദ്ദേഹം ജോലി ഉപേക്ഷിച്ചത്. തമിഴ് സിനിമാഗാനങ്ങളിലൂടെയാണ് ഉണ്ണികൃഷ്ണൻ പ്രശസ്തനായത്. 1994 -ൽ എ ആർ റഹ്മാന്റെ സംഗീതത്തിൽ കാതലൻ എന്ന സിനിമയിലെ എന്നവളെ അടി എന്നവളെ... എന്ന ഗാനം പാടിക്കൊണ്ടാണ് പി.ഉണ്ണികൃഷ്ണൻ ചലച്ചിത്ര പിന്നണി ഗാനരംഗത്ത് അരങ്ങേറുന്നത്. ആദ്യ തമിഴ് ഗാനത്തിലൂടെത്തന്നെ മികച്ച ഗായകനുള്ള ദേശീയ ചലച്ചിത്ര പുരസ്കാരവും അദ്ദേഹം സ്വന്തമാക്കി. പിന്നീട് എ ആർ റഹ്മാൻ, ഇളയരാജ, ദേവ, കാർത്തിക്ക് രാജ, ഹാരിസ് ജയരാജ്... തുടങ്ങിയ സംഗീതസംവിധായകരുടെ സംഗീതത്തിൽ നിരവധി ഹിറ്റ് ഗാനങ്ങൾ അദ്ദേഹം ആലപിച്ചിട്ടുണ്ട്. ആയിരത്തിയഞ്ഞൂറിലധികം പാട്ടുകൾ പാടിയിട്ടുള്ള ഉണ്ണികൃഷ്ണന്റെ പാട്ടുകൾ കൂടുതലും തമിഴ് സിനിമകൾക്ക് വേണ്ടിയുള്ളതായിരുന്നു.കാതലൻ, കറുത്തമ്മ, ജീൻസ്, ഉന്നിടത്തിൽ എന്നെ കൊടുത്തേൻ, തുള്ളാത മനവും തുള്ളും, കാതൽ ദേശം, ഇരുവർ, സംഗമം, ആദവൻ... തുടങ്ങിയ ചിത്രങ്ങളിലെ സൂപ്പർ ഹിറ്റ്‌ ഗാനങ്ങൾ അവയിൽ ചിലതു മാത്രമാണ്.

1993 -ൽ ബന്ധുക്കൾ ശത്രുക്കൾ എന്ന സിനിമയിൽ "മരുകേലരാ ഓ രാഘവാ... എന്ന ത്യാഗരാജ കീർത്തനം ആലപിച്ചുകൊണ്ടാണ് ഉണ്ണികൃഷ്ണൻ മലയാള ചലച്ചിത്രഗാന രംഗത്തേയ്ക്കെത്തുന്നത്. തുടർന്ന് കുസൃതിക്കാറ്റ്ദേവരാഗംലേലം എന്നിവയുൾപ്പെടെ ഇരുപതോളം സിനിമകളിൽ ഗാനങ്ങൾ ആലപിച്ചു. തമിഴ്‌നാട് സർക്കാരിന്റെ കലെയ്മാമണി പുരസ്‌കാരവും. ഇശൈയ് പേരൊളി, യുവ കലാ ഭാരതി, നാദ ഭൂഷണം തുടങ്ങിയ പുരസ്‌കാരങ്ങളും പി ഉണ്ണികൃഷ്ണന് ലഭിച്ചിട്ടുണ്ട്.

പി ഉണ്ണികൃഷ്ണന്റെ ഭാര്യ പ്രിയ ഭരതനാട്യം, മോഹിനിയാട്ടം എന്നീ നൃത്തയിനങ്ങളിൽ പ്രാവീണ്യം നേടിയിട്ടുള്ള നർത്തകിയാണ്. അവർക്ക് രണ്ടുമക്കളാണുള്ളത്. വസുദേവ് ഉണ്ണികൃഷ്ണൻ, ഉത്തര ഉണ്ണികൃഷ്ണൻ. ക്രിക്കറ്ററായ വസുദേവ് തമിഴ്നാട് ക്രിക്കറ്റ് അസോസിയേഷനിൽ അംഗമാണ്. ഗായികയായ മകൾ ഉത്തര ഉണ്ണികൃഷ്ണൻ മികച്ച ഗായികയ്ക്കുള്ള ദേശീയ പുരസ്കാരം തന്റെ ആദ്യ ചലച്ചിത്രഗാനത്തിലൂടെത്തന്നെ കരസ്ഥമാക്കിയിരുന്നു.