ശരത്ത്
ചെയ്ത ഗാനങ്ങളുടെ എണ്ണത്തില്‍ വളരെ കുറവെങ്കിലും വളരെ സവിശേഷമായ ഈണസഞ്ചാരം കൊണ്ടും നവീനമായ ഓര്‍ക്കസ്ട്ര അറേഞ്ച്മെന്‍റ് കൊണ്ടും വേറിട്ട് നില്‍ക്കുന്ന സംഗീത സംവിധായകന്‍ ആയിരുന്നു ശരത്ത്.
കൊല്ലം നഗരത്തിലെ ആനന്ദവല്ലീശ്വരത്ത് 1969 ഒക്ടോബർ 3നു വാസുദേവന്‍ ഇന്ദിരാദേവി എന്നിവരുടെ മകനായി ജനനം. വി എസ് സുജിത്ത് എന്നായിരുന്നു യഥാര്‍ത്ഥ പേര്. സംഗീതം അറിയാവുന്ന അമ്മയും അമ്മാവന്മാരും സംഗീത പ്രിയനായ അച്ഛനും എല്ലാം ചേര്‍ന്ന സംഗീതമയമായ കുടുംബാന്തരീക്ഷത്തില്‍ ആണ് സുജിത്ത് വളര്‍ന്നത്. ആദ്യം ഒരു അമ്മാവനില്‍ നിന്നും പിന്നെ അമ്മയില്‍ നിന്നും സംഗീതത്തിന്‍റെ ആദ്യ പാഠങ്ങള്‍.
ആറു വയസ്സ് മാത്രം ഉള്ളപ്പോള്‍ തന്നെ ഒരു ഗാനത്തിന് ഈണം ഒരുക്കിയിട്ടുണ്ട് അദ്ദേഹം. വരികള്‍ വായിക്കാന്‍ പോലും അറിയാത്ത പ്രായത്തില്‍ വരികള്‍ മന:പാഠം ആക്കി ആയിരുന്നു ഈണം ഇട്ടത് എന്നത് കൌതുകകരമാണ്. വീട്ടില്‍ എല്ലാവരും തന്നെ വിഖ്യാദ സംഗീതഞ്ജന്‍ ബാലമുരളീകൃഷ്ണയുടെ കടുത്ത ആരാധകര്‍ ആയിരുന്നതിനാല്‍ ചെറുപ്പം മുതലേ അദ്ദേഹത്തിന്‍റെ കച്ചേരികള്‍ ധാരാളം കേള്‍ക്കാന്‍ അവസരം കിട്ടിയിരുന്നു. ആറാം ക്ലാസില്‍ പഠിക്കുമ്പോള്‍ അമ്മാവനൊപ്പം കച്ചേരി കേള്‍ക്കാന്‍ പോയപ്പോള്‍ ബാലമുരളികൃഷ്ണയെ പരിചയപെടാനും ഒരു വര്‍ണ്ണം അദ്ദേഹത്തിന്റെ മുന്നില്‍ പാടാനും സുജിത്തിന് അവസരം കിട്ടി. പാടിയത് ഇഷ്ടപെട്ട അദ്ദേഹം താന്‍ ഇവനെ പഠിപ്പിക്കാം, മദ്രാസില്‍ കൊണ്ടുവരൂ എന്ന് പറഞ്ഞാണ് പിരിഞ്ഞത്. വളരെ സന്തോഷവാനായ സുജിത്ത് ക്രേവന്‍ എല്‍ എം എസ് ഹൈസ്കൂളില്‍ നിന്നും എസ് എസ് എല്‍ സി ജയിച്ച ശേഷം മദ്രാസില്‍ എത്തി. ബാലമുരളീകൃഷ്ണ ഈ സമയം ഹൈദ്രബാദില്‍ ആയിരുന്നതിനാല്‍ ആദ്യം സംഗീത സംവിധായകന്‍ ബി ഏ ചിദംബരനാഥിന്റെയും അടുക്കല്‍ നിന്നും പഠനം തുടങ്ങുകയും അരങ്ങേറ്റം നടത്തുകയും പിന്നാലെ ബാലമുരളീകൃഷ്ണയുടെ ശിഷ്യന്‍ ആവുകയും ചെയ്തു. പാശ്ചാത്യ സംഗീതവും അദ്ദേഹം അഭ്യസിച്ചിട്ടുണ്ട്.
16 വയസ്സ് മാത്രം ഉള്ളപ്പോള്‍ സംഗീത എന്നൊരു ക്യാസറ്റ് കമ്പനിയ്ക്ക് വേണ്ടി പാട്ടുകള്‍ ഒരുക്കുകയും സ്വന്തം ശബ്ദത്തിനൊപ്പം വാണി ജയറാം, സുനന്ദ എന്നിവരും പാടി പുറത്ത് വരികയും ചെയ്തു. ഗാനങ്ങള്‍ ശ്രദ്ധിച്ച തമിഴ് ഗാനരചയിതാവ് വൈരമുത്തു അറിയുകയും അത് എം എസ് വിശ്വനാഥന്‍ കേള്‍ക്കാന്‍ ഇടവരികയും ഇരുവരുടെയും ശിപാര്‍ശയില്‍ ഒരു സിനിമയ്ക്ക് സംഗീതം ചെയ്യാന്‍ അവസരം കൈവരികയും ചെയ്തു. പക്ഷെ ഗാനങ്ങളുടെ റെകോര്‍ഡിംഗിന് ശേഷം പടം നിന്നുപോയി. ഇതിനിടെ ഒന്നിങ്ങു വന്നെങ്കില്‍ (1985) എന്ന ചിത്രത്തില്‍ ശ്യാം സംവിധാനം ചെയ്ത "ഡും ഡും ഡും സ്വരമേളം ഒരുക്കുന്നു നീയെന്ന് മുന്നില്‍" എന്ന ഗാനം കെ എസ് ചിത്രയ്ക്കൊപ്പം പാടിക്കൊണ്ട് സുജിത്ത് വാസുദേവ് ആയി സിനിമാ രംഗത്തേക്ക് കടന്നു വന്നിരുന്നു അദ്ദേഹം.
ആദ്യ ക്യാസറ്റ് ഇതിനോടകം നവോദയ അപ്പച്ചന്റെ മകന്‍ ജിജോ പുന്നൂസ് കേള്‍ക്കുകയും നവോദയ നിര്‍മ്മിച്ച് ടി കെ രാജീവ്കുമാര്‍ സംവിധാനം ചെയ്യാന്‍ ഇരുന്ന ഗാന്ധര്‍വം എന്ന ചിത്രത്തിലേക്ക് പാട്ടുകള്‍ ഒരുക്കാന്‍ സുജിത്തിന് അവസരം നല്‍കുകയും ചെയ്തു. പക്ഷെ ആ സിനിമയും ഗാനലേഖനം കഴിഞ്ഞ് ഉപേക്ഷിക്കേണ്ടി വന്നു. എന്നാല്‍ രാജീവ് കുമാറിന്റെ തന്നെ സംവിധാനത്തില്‍ സെന്‍ട്രല്‍ പിചേര്‍സ് നിര്‍മ്മിച്ച ക്ഷണക്കത്ത് എന്ന ചിത്രത്തില്‍ ഗാന്ധര്‍വത്തിനു വേണ്ടി ഒരുക്കിയ അതെ ഈണങ്ങള്‍ തന്നെ ഉപയോഗിക്കുകയും ചിത്രം പുറത്ത് വരികയും ചെയ്തു. വളരെ വ്യത്യസ്തമായ ഈണങ്ങളും അതുവരെ കേള്‍ക്കാത്ത സൌണ്ടിങ്ങും ആയി ക്ഷണകത്ത് ശരത്ത് എന്ന പേര് സ്വീകരിച്ച സുജിത്തിന് വലിയ സ്വീകാര്യത നല്‍കി.
ക്ഷണക്കത്തിലെ ഗാനങ്ങള്‍ പക്ഷെ ഒരുപാട് അവസരങ്ങള്‍ ഒന്നും ശരത്തിന് നേടികൊടുത്തില്ല. പിന്നീട് ഒറ്റയാള്‍ പട്ടാളം, പവിത്രം, സാഗരം സാക്ഷി, രുദ്രാക്ഷം, സിന്ദൂരരേഖ എന്നീ ചിത്രങ്ങളിലെ ഗാനങ്ങള്‍ എല്ലാം അതിന്‍റെ ശൈലികള്‍ കൊണ്ട് വളരെയധികം ശ്രധിക്കപെട്ടു. കര്‍ണ്ണാടക രാഗങ്ങളുടെ വ്യത്യസ്തമായ പ്രയോഗങ്ങള്‍, അപൂര്‍വ താളങ്ങളുടെ പരീക്ഷണങ്ങള്‍, ഉപകരണ സംഗീത വിന്യാസത്തിലെ പുതുമയും ഗാംഭീര്യവും എല്ലാം ശരത്ത് എന്ന സംഗീത സംവിധായകനെ വേറിട്ട് നിര്‍ത്തി.
ചെയ്ത പാട്ടുകള്‍ മികച്ചു നിന്നപ്പോള്‍ തന്നെയും ഒരിക്കല്‍ പോലും വലിയ തിരക്കുള്ള ഒരു സിനിമാ സംഗീതസംവിധായകന്‍ ആവാനുള്ള ഭാഗ്യം ശരത്തിന് ലഭിച്ചിട്ടില്ല. ചില വര്‍ഷങ്ങളില്‍ ഒരു സിനിമപോലും ചെയ്യാന്‍ അവസരം ലഭിക്കാതെ വന്നു. 90കളുടെ അവസാനത്തോടെ പാട്ടുകള്‍ കുറയുകയും രവീന്ദ്രന്‍ അടക്കമുള്ള സംഗീത സംവിധായകരുടെ ഓര്‍ക്കസ്ട്ര അറേഞ്ചര്‍ ആയും പ്രോഗ്രമ്മാര്‍ ആയും ചില ചിത്രങ്ങള്‍ക്ക് പശ്ചാത്തല സംഗീതം ഒരുക്കിയും ഒക്കെ ഒതുങ്ങി വിസ്മൃതിയിലേക്ക് പോയ ശരത്ത് പിന്നീട് രണ്ടായിരങ്ങളുടെ രണ്ടാം പകുതിയില്‍ റിയാലിറ്റി ഷോ വിധികര്‍ത്താവ് എന്ന നിലയില്‍ ആണ് മലയാളിയ്ക്ക് മുന്‍പില്‍ എത്തിയത്. തന്‍റെ സംഗീത ജ്ഞാനം കൊണ്ടും നര്‍മ്മഭാഷണം കൊണ്ടും വളരെ പെട്ടെന്ന് തന്നെ ഒരു താരം ആയി മാറി ശരത്ത് എന്ന വിധികര്‍ത്താവ്. ഈ താരമൂല്യം രഞ്ജിത്ത് സംവിധാനം ചെയ്ത തിരകഥ എന്ന ചിത്രത്തിലൂടെ സംഗീത സംവിധാനത്തില്‍ ഒരു രണ്ടാം വരവിന് വഴിയൊരുക്കി. 2009ല്‍ സ്വന്തം സംഗീതത്തില്‍ മേഘതീര്‍ത്ഥം എന്ന ചിത്രത്തിലെ 'ഭാവയാമി..' എന്ന ഗാനത്തിന് മികച്ച ക്ലാസിക്കല്‍ സിങ്ങറിനുള്ള കേരള സംസ്ഥാന പുരസ്കാരവും 2011ല്‍ ഇവന്‍ മേഘരൂപന്‍ എന്ന ചിത്രത്തിലെ ഗാനങ്ങള്‍ക്ക് മികച്ച സംഗീത സംവിധാകനുള്ള കേരള സംസ്ഥാന പുരസ്കാരവും ലഭിച്ചു.
2005ല്‍ ജൂണ്‍ ആര്‍ എന്ന ചിത്രത്തിലൂടെ തമിഴിലും 2009ല്‍ കളവരമായെ മടിലോ എന്ന ചിത്രത്തിലൂടെ തെലുങ്കിലും അരങ്ങേറ്റം കുറിച്ച ശരത്ത് ഏതാനും ഹിന്ദി ചിത്രങ്ങള്‍ക്ക് പശ്ചാത്തല സംഗീതം ഒരുക്കിയിട്ടും ഉണ്ട്. ഒരുപാട് പരസ്യ ചിത്രങ്ങള്‍ക്ക് ജിങ്കിളുകള്‍ ഒരുക്കിയിട്ടും ഉണ്ട് ശരത്ത്. സ്വന്തം സംഗീതത്തില്‍ കൂടാതെ ശ്യാം, രവീന്ദ്രന്‍, ഇളയരാജ, ഔസേപ്പച്ചന്‍, ബിജിബാല്‍, എം ജയചന്ദ്രന്‍ തുടങ്ങി മറ്റ് സംഗീത സംവിധായകരുടെ സംഗീതത്തിലും ഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട് ശരത്ത്. കര്‍ണാടക സംഗീത കച്ചേരികളും ധാരാളം നടത്തുണ്ട് അദ്ദേഹം. ഗായിക കെ എസ് ചിത്രയുമായി സഹോദരതുല്യമായ ആത്മബന്ധം സൂക്ഷിക്കുന്ന ശരത്തിന്‍റെ പ്രവര്‍ത്തന ഇടം ചിത്രയുടെ റെക്കോര്‍ഡിംഗ് സ്റ്റുഡിയോ ആയ കൃഷ്ണ ഡിജിഡിസൈന്‍ ആണ്.
പ്രശസ്ത സംഗീത സംവിധായകന്‍ കണ്ണൂര്‍ രാജന്‍റെ മകള്‍ സീതയെ ആണ് ശരത്ത് വിവാഹം ചെയ്തത്. ദിയ ആണ് ഏകമകള്‍. ഏക സഹോദരന്‍ രഞ്ജിത്ത് വാസുദേവ് ഗായകന്‍, തബലിസ്റ്റ്, സിത്താറിസ്റ്റ്, കമ്പോസര്‍ എന്നീ നിലകളില്‍ സംഗീത വഴിയില്‍ തന്നെ ആണ്.
അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പേജിന്റെ ലിങ്ക്
അദ്ദേഹത്തിന്റെ യൂട്യൂബ് ചാനലിന്റെ ലിങ്ക്