പറയൂ നിൻ ഹംസഗാനം - M

പറയൂ നിന്‍ ഹംസഗാനം പാടി 
പോവുന്നതെങ്ങോ നീ
ഒടുവില്‍ പാഴ്‌മണ്ണില്‍ വീഴാന്‍ മാത്രം 
ഈ സ്നേഹബന്ധങ്ങൾ
മൃതി ചാര്‍ത്തും ചുംബനത്താല്‍ 
മൂകമാം നാദം
സ്മൃതി മീട്ടും മണ്‍‌വിപഞ്ചിയിൽ
ഇന്നുയിര്‍ക്കുന്നു

സാന്ധ്യസൗവ്വര്‍ണ്ണകാന്തി 
നീരാടുമീ ആഴില്‍
താന്തനായ് ദീനപാന്ഥനാം 
സൂര്യനും താണുവോ
കണ്ണീര്‍ വാര്‍ത്തുനില്‍ക്കും 
മണ്ണിന്‍ സ്നേഹതാപം
മഞ്ഞില്‍ കണ്ണുചിമ്മും 
മന്ദാരങ്ങളായ്
ഇരുളിന്‍ ഗുഹാമുഖത്തില്‍ 
ഇനിയും പ്രഭാതമെത്തും
ജനിയോ മൃതിയോ 
നേടുന്നാരൊടുവില്‍

യാത്രയോതുന്ന വാക്കൊരേ 
തേങ്ങലായ് മാഞ്ഞുവോ
താഴ്ത്തിടും ദീപനാളമായ് 
നേര്‍ത്തു വിണ്‍‌തിങ്കളും
കാറ്റോ തൊട്ടിലാട്ടും 
പാട്ടോ സ്നേഹലോലം
ഓമല്‍ത്തിങ്കളിന്നായ് 
പാടും പക്ഷിയേതോ
നിറയും നിലാക്കുടംപോല്‍ 
വളരൂ കുരുന്നുപൂവേ
ജനിയോ മൃതിയോ 
നേടുന്നിനിയൊടുവില്‍

പറയൂ നിന്‍ ഹംസഗാനം പാടി 
പോവുന്നതെങ്ങോ നീ
ഒടുവില്‍ പാഴ്‌മണ്ണില്‍ വീഴാന്‍ മാത്രം 
ഈ സ്നേഹബന്ധങ്ങൾ
മൃതി ചാര്‍ത്തും ചുംബനത്താല്‍ 
മൂകമാം നാദം
സ്മൃതി മീട്ടും മണ്‍‌വിപഞ്ചിയിൽ
ഇന്നുയിര്‍ക്കുന്നു

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Parayoo nin hamsaganam - M